യുഗപ്രഭാവനായ പ്ലാസിഡച്ചന്
റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍
Thursday, October 3, 2024 12:29 AM IST
“ചിലര്‍ മഹാന്മാരായി ജനിക്കുന്നു; ചിലര്‍ മഹത്വമാര്‍ജിക്കുന്നു. എന്നാല്‍, മറ്റുചിലര്‍ക്കാകട്ടെ മഹത്വം ചാര്‍ത്തിക്കൊടുക്കുന്നു.” വില്യം ഷേക്സ്പിയറിന്റെ വാക്കുകളാണിവ. ജന്മംകൊണ്ടും കര്‍മംകൊണ്ടും സര്വാദൃതനും മഹാനുമായ വൈദികശ്രേഷ്ഠനായ വന്ദ്യ പ്ലാസിഡ് പൊടിപാറയച്ചന്റെ ജന്മശതോത്തര രജത ജൂബിലിയാണ് ഇന്ന്.
ജീവിതരേഖ
1899 ഒക്ടോബര്‍ മൂന്നാംതീയതി മാന്നാനത്തിനടുത്തുള്ള ആര്‍പ്പൂക്കരയില്‍ ജനിച്ച അദ്ദേഹം പുരാതനപ്രസിദ്ധമായ കുടമാളൂര്‍ ഇടവകയുടെ ശ്രേഷ്ഠ സന്തതികളിലൊരാളാണ്. ഭാരതത്തിന്റെ പുണ്യസൂനമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വേദപുസ്തക തർജമകൊണ്ട് വിശ്രൂതനായ ആണ്ടുമാലിൽ മാണിക്കത്തനാരുടെയും മാതൃ ഇടവകയാണല്ലോ കുടമാളൂര്‍. വിശുദ്ധ ചാവറയച്ചന്റെ കര്മവേദിയായ മാന്നാനത്ത് സെന്റ് എഫ്രേംസ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൊച്ചൗസേപ്പച്ചന് എന്നു വിളിച്ചിരുന്ന കഥാപുരുഷന് 1918ല്‍ കര്‍മലീത്താ സഭയില്‍ ചേര്‍ന്ന് മാര്‍ യൗസേപ്പിന്റെ പ്ലാസിഡ് എന്ന പേരു സ്വീകരിച്ച് 1919 സെപ്റ്റംബര്‍ 15ന് പ്രഥമ സന്ന്യാസ വ്രതവാഗ്ദാനം നടത്തി.
തൃശൂര്‍ അമ്പഴക്കാട്ട് സന്യാസപരിശീലനവും മംഗലാപുരത്ത് ജെസ്യൂട്ട് വൈദികരുടെ ശിക്ഷണത്തില്‍ വൈദികപരിശീലനവും പൂര്‍ത്തിയാക്കിയ സ്മര്യപുരുഷന് 1927 ഡിസംബര്‍ മൂന്നിന് വൈദികപട്ടം സ്വീകരിച്ചു. തൊട്ടടുത്ത വര്‍ഷംതന്നെ ധിഷണാശാലിയായ ആ യുവവൈദികനെ ഉപരിപഠനത്തിനായി റോമിലേക്കയച്ചു. കേവലം രണ്ടരവര്‍ഷംകൊണ്ട് അദ്ദേഹം തത്വശാസ്ത്രം, ദൈവശാസ്ത്രം, കാനന്‍ നിയമം എന്നിവയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.
1930 മുതല്‍ ഏതാണ്ട് കാല് നൂറ്റാണ്ടുകാലം ചെത്തിപ്പുഴയില്‍ മേജര്‍ സെമിനാരി അധ്യാപകനായും ചങ്ങനാശേരി അതിരൂപതാ കച്ചേരിയിലും വിവിധ അതിരൂപതാ ആലോചനാസമിതികളിലും അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇക്കാലയളവില്‍തന്നെ സഭാചരിത്രം, ദൈവശാസ്ത്രം, ആരാധനാക്രമം, കത്തോലിക്കാ വിശ്വാസ സമര്‍ഥനം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ഗവേഷണലേഖനങ്ങളും ഗ്രന്ഥങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിച്ചു. ചെത്തിപ്പുഴ കേന്ദ്രീകരിച്ച് യുവജന കൂട്ടായ്മകളും സഭാപഠനക്കളരികളും സേവന ഉടമ്പടികളും അദ്ദേഹം ആരംഭിച്ചു.
സഭൈക്യത്തിന്റെ വക്താവ്
കേരളത്തിലെ സുറിയാനിസഭകളുടെ ഐക്യത്തിന്റെ മുഖ്യ പ്രവാചകനായിരുന്നു പ്ലാസിഡച്ചന്. 1930ല്‍ കത്തോലിക്കാ ഐക്യത്തിലേക്കു പ്രവേശിച്ച മാര്‍ ഈവാനിയോസിന്റെയും മാര്‍ തെയോഫിലിസ്, മാര്‍ സെവേറിയോസ് തുടങ്ങിയ പിതാക്കന്മാരുടെയും വൈദികരുടെയും ഉപദേഷ്ടാവായിരുന്നു അദ്ദേഹം. മാര്‍ ഈവാനിയോസിന്റെ അഭ്യര്‍ഥനപ്രകാരം മലങ്കരസഭയുടെ കാനോനിക നിയമങ്ങളുടെ ഉറവിടങ്ങള്‍ 1937ലും 1940ലും രണ്ട് ബ്രഹൃദ്ഗ്രന്ഥങ്ങളായി അദ്ദേഹം ലത്തീനില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 1953-56 കാലഘട്ടത്തില്‍ ബഥനി സന്യാസസമൂഹങ്ങളുടെ വിസിറ്റര്‍ അപ്പസ്തോലിക്ക എന്ന നിലയില്‍ ആ സമൂഹങ്ങളുടെ പുനര്സംയോജനത്തിലും അദ്ദേഹം നിര്‍ണായക പങ്കു വഹിക്കുകയുണ്ടായി.
സീറോമലബാര്‍ സഭയുടെ മാഗ്നാ കാര്‍ട്ടാ
പൗരസ്ത്യസഭകളുടെ കാനന്‍ നിയമങ്ങള്‍ ക്രോഡീകരിക്കാന്‍ 1934ല്‍ റോമില്‍ സ്ഥാപിതമായ പൊന്തിഫിക്കല്‍ കമ്മീഷനില്‍ പ്ലാസിഡച്ചന് അംഗമായിത്തീര്ന്നതുവഴി സീറോമലബാര്‍ സഭയുടെ വളര്‍ച്ചയ്ക്കു നിര്‍ണായക സംഭാവനകൾ ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചു. 1952ല്‍ പൗരസ്ത്യ തിരുസംഘത്തിന്റെ ആലോചനക്കാരനായി നിയമിക്കപ്പെട്ട അദ്ദേഹമാണ് 1953ല്‍ കര്‍ദിനാള്‍ തിസറാങ്ങ് കേരളം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായി നിയോഗിതനായത്.
പ്ലാസിഡച്ചന്റെ പാണ്ഡിത്യവും സഭാസ്നേഹവും കേരള ക്രൈസ്തവരുടെ വിശ്വാസതീക്ഷ്ണതയുമെല്ലാം കണ്ടറിഞ്ഞു സന്തുഷ്ടനായ കര്‍ദിനാള്‍ തിസറാങ്ങിന്റെ മുമ്പില്‍ അദ്ദേഹം സീറോമലബാര്‍ സഭയെക്കുറിച്ച് അവതരിപ്പിച്ച ഭാവി പ്രവര്‍ത്തന രൂപരേഖ സഭയുടെ ഉയിര്ത്തെഴുന്നേല്പിനു കാരണമായ ഒരു ‘മാഗ്നാ കാര്‍ട്ടാ’ ആയി പരിണമിച്ചു എന്നതാണു വാസ്തവം. വൈദേശിക വാഴ്ചയില്‍ പമ്പയ്ക്കും ഭാരതപ്പുഴയ്ക്കും ഇടയ്ക്ക് ഒതുക്കപ്പെട്ടുപോയ സീറോമലബാര്‍ സഭയുടെ അതിര്‍ത്തി വ്യാപനം, കുടിയേറ്റ ജനതകളുടെ അജപാലനാധികാരം, ഭാരതം മുഴുവനും പ്രേഷിത പ്രവര്‍ത്തനം നടത്താനുള്ള അവകാശമനുസരിച്ച് മിഷന് പ്രദേശങ്ങളില്‍ രൂപതകള്‍, സ്വപൈതൃകത്തിലുള്ള മേജര്‍ സെമിനാരി, സീറോ മലബാര്‍ ആരാധനക്രമത്തിന്റെ പുനരുദ്ധാരണം തുടങ്ങി അദ്ദേഹമുന്നയിച്ച കാര്യങ്ങളെല്ലാംതന്നെ പില്ക്കാലത്ത് സഫലമായി എന്നതു ചരിത്രം.
റോമില്‍ കേരളസഭയുടെ അംബാസഡര്‍
1954ല്‍ വന്ദ്യ പ്ലാസിഡച്ചന് റോമിലേക്കു ക്ഷണിക്കപ്പെട്ടു. പൗരസ്ത്യ തിരുസംഘത്തിന്റെ ആലോചനക്കാരന്, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഉര്‍ബാനിയന്‍ യൂണിവേഴ്സിറ്റിയിലും പ്രഫസര്‍, മലബാര്‍ കോളജിന്റെ റെക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കാലത്തുതന്നെ 37 ഗവേഷണഗ്രന്ഥങ്ങളും 85 പ്രൗഢലേഖനങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി.
ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ് വർത്തമാന പുസ്തകത്തിന്റെ ഇംഗ്ലീഷ് ഭാഷാന്തരം. അദ്ദേഹത്തിന്റെ കഴിവും വിശുദ്ധിയും പ്രാഗത്ഭ്യവും അംഗീകരിച്ചുകൊണ്ട് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ഒരുക്കമായുള്ള കമ്മീഷന്റെ ആലോചനക്കാരനും കൗണ്‍സിലിന്റെ വിദഗ്ധോപദേശകനുമായി നിയുക്തനായി. ലോകോത്തര ദൈവശാസ്ത്രജ്ഞന്മാരായ കാള്‍ റാനര്‍, ഈവ് കൊംഗാര്‍, പില്ക്കാലത്ത് മാര്പാപ്പമാരായിത്തീര്ന്ന ജോണ്‍ പോള്‍ രണ്ടാമന് (കരോള്‍ വോയ്റ്റീവ), ബെനഡിക്ട് പതിനാറാമന്‍ (ജോസഫ് റാറ്റ്സിംഗര്‍) എന്നിവരുടെ നിരയില്‍ പ്രവര്‍ത്തിച്ചയാളാണ് പ്ലാസിഡച്ചന് എന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ തലപ്പൊക്കം എത്രമാത്രമായിരുന്നുവെന്നു നാം വിലമതിക്കുന്നത്.
സഭാതലത്തില്‍ പൗരസ്ത്യസഭകള്‍ അതിന്റെ വ്യക്തിത്വം വീണ്ടെടുക്കുന്നതിനും ഈ സഭകളുടെ പ്രേഷിത പ്രവര്‍ത്തനാവകാശം ഉറപ്പുവരുത്തുന്നതിനും സഹായകമായ കൗണ്‍സില്‍ രേഖകള്‍ പുറപ്പെടുവിക്കുന്നതില്‍ പ്ലാസിഡച്ചന്റെ നിര്‍ണായക സ്വാധീനം ഉണ്ടായിരുന്നു. ആഗോളസഭയുടെ വിദഗ്ധോപദേശകനായി പ്രവര്‍ത്തിക്കുമ്പോഴും മാതൃസഭയുടെ വത്തിക്കാനിലെ ഒരു അംബാസഡറായി അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. പൗരസ്ത്യ ആരാധനക്രമവും ആധ്യാത്മികതയും ശിക്ഷണവും വളര്‍ത്തിയെടുത്ത് ആധികാരികതയുള്ള ഒരു ആധുനിക സഭയായി തന്റെ മാതൃസഭ വളര്ന്നുകാണാനാഗ്രഹിച്ചുകൊണ്ടുള്ള നിരവധി ഇടപെടലുകളും സ്വാധീനവും അദ്ദേഹം എല്ലാ മേഖലകളിലും ചെലുത്തി എന്നതാണു വസ്തുത. അദ്ദേഹം പഠിപ്പിച്ചവരും പരിശീലിപ്പിച്ചവരുമായ ശക്തമായ ഒരു ശിഷ്യസമൂഹത്തെ വളര്‍ത്തിയെടുക്കാനും അതുവഴി സഭയുടെ വളര്‍ച്ച ഉറപ്പുവരുത്താനും ആ ക്രാന്തദര്‍ശിയായ പുരോഹിതശ്രേഷ്ഠന് ഇടയായി.
സഭയുടെ ‘മുറിവേറ്റ കാവല്ഭടന്’
1960ല്‍ റോമില്‍വച്ച് ഒരു സൈക്കിള്‍ യാത്രക്കാരന് ഇടിച്ച് അദ്ദേഹം കുറേക്കാലം ചികിത്സയിലായിരുന്നു. പിന്നീടുള്ള കാലം നടക്കുന്നതില്‍ ഏറെ ക്ലേശം നേരിട്ടു. 1980ല്‍ റോമില്‍നിന്നു തിരിച്ചെത്തിയ അദ്ദേഹത്തിന് താന്‍ വിഭാവനംചെയ്തു സ്ഥാപിച്ച വടവാതൂര്‍ സെമിനാരിയില്‍ ഒരു സ്വീകരണമൊരുക്കി.
ഒരു വീല്‍ചെയറിൽ എടുത്തുകൊണ്ടുവന്ന അദ്ദേഹത്തെ വടവാതൂർ സെമിനാരി റെക്ടറായിരുന്ന ജോസഫ് കോയിക്കക്കുടിയച്ചന് വിശേഷിപ്പിച്ചത് സഭയുടെ മുറിവേറ്റ ഭടന് (Wounded Soldier) എന്നാണ്. തന്നെ ഇടിച്ചിട്ട സൈക്കിള്‍ യാത്രക്കാരനെതിരേ കേസെടുക്കരുതെന്ന് ആവശ്യപ്പെട്ട അതേ മനോഭാവമായിരുന്നു സഭയ്ക്കുവേണ്ടി നിലകൊണ്ടതിനാൽ തന്നെ വിമര്‍ശിക്കുന്നവരോടും അദ്ദേഹത്തിനുണ്ടായിരുന്നത്. നിത്യതയിലിരുന്ന് ജന്മ ശതോത്തര രജതജൂബിലി കൊണ്ടാടുന്ന സഭയുടെ ഈ അഭിമാനതാരകത്തിന്റെ അതുല്യശോഭ സഭാനഭസില് ഇനിയും ഉജ്ജ്വലഭാസോടെ വിളങ്ങട്ടെ എന്ന് ആശംസിക്കാം.