മലയോരവും കടലോരവും സംരക്ഷിക്കുന്നവർ
ഡോ. വി. സുഭാഷ് ചന്ദ്രബോസ്
Thursday, October 3, 2024 12:26 AM IST
കേരളത്തിലെ മലയോര കുടിയേറ്റത്തിന് കൃത്യമായ കാരണങ്ങളുണ്ട്. മലനാട് നശിപ്പിച്ചുകളയാമെന്ന് കരുതി ആരും മലകയറിയതല്ല. 1822 ഏപ്രിൽ 28ന് (1197 മേടം 15) തിരുവിതാംകൂർ റാണി ഗൗരി പാർവതി ഭായി പുറപ്പെടുവിച്ച തിട്ടൂരമനുസരിച്ചാണ് മലനിരകളിൽ ഏലം കൃഷി വ്യാപകമായത്. നാട്ടിലെ വരുമാനം കൂട്ടാനായി തമിഴ്നാട്ടിൽനിന്നു കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കൊണ്ടുവന്ന് ഏലം കൃഷി ചെയ്ത് മലനിരകളിലെ പാറകളിലിട്ട് ഉണക്കി ചങ്ങനാശേരിച്ചന്തയിലും ആലപ്പുഴ വഴി ബോട്ടുമാർഗം മറ്റിടങ്ങളിലേക്കും കൊടുത്തിരുന്നു. അതിനു മുൻപുതന്നെ ബ്രിട്ടീഷുകാർ തേയില, കാപ്പി എന്നിവയുടെ കൃഷിയും ആരംഭിച്ചു.
1920 മുതലാണ് സംഘടിതമായി തിരുവിതാംകൂറിൽനിന്നും മധ്യകേരളത്തിൽനിന്നും കൂടുതൽ പേർ മലബാറിലേക്കും മലനിരകളിലേക്കും പോയത്. നാട്ടിൽ പട്ടിണി, ദാരിദ്ര്യം എന്നിവ കൂടുതലായതിനാൽ കുടിയേറ്റം സർക്കാർതന്നെ പ്രോത്സാഹിപ്പിച്ചു. 1924ലെ പ്രളയത്തെത്തുടർന്ന് നദീതട മേഖലകളിൽപെട്ട കോട്ടയം, എറണാകുളം ജില്ലകളിലെ നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. പട്ടിണിയും ദാരിദ്ര്യവും സഹിക്കാനാവാതെ കുടിയേറ്റത്തിനു നിരവധി പേർ തയാറായി. 1926-1939 വരെ ഒന്നാംഘട്ട കുടിയേറ്റം നടന്നു.
രണ്ടാം ഘട്ടമായ 1939-1945 ആകുന്പോൾ ഭക്ഷ്യക്ഷാമം, പട്ടിണി എന്നിവ വീണ്ടും ഉയർന്നു. ആ ഘട്ടത്തിൽ ബർമയിൽനിന്ന് അരിയും മലേഷ്യയിൽനിന്ന് കപ്പയുമൊക്കെ കൊണ്ടുവന്നിരുന്നു. ആ സമയങ്ങളിൽ കൂട്ടപ്പലായനമാണ് ഉണ്ടായത്. 1936ൽ കണ്ണൂർ ജില്ലയിലെ ആലക്കോട് ഭാഗത്ത് 2,200 ഏക്കർ ഭൂമി പൂഞ്ഞാർ രാജകുടുംബം വാങ്ങി തോട്ടവിള കൃഷികളാരംഭിച്ചു. 1942-43 വർഷത്തിലും കൊടും ക്ഷാമമായിരുന്നു. 1939, 1961 വർഷങ്ങളിലെ പ്രളയകാലത്തും ധാരാളം പേർ കുടിയേറ്റക്കാരായി മാറി.
സർ സിപിയുടെ പീഡനവും ആളുകൾ വിട്ടുപോകുന്നതിന് കാരണമായി. 1945-1955 കാലഘട്ടത്തിൽ വ്യാപകമായ കുടിയേറ്റമുണ്ടായി. രണ്ടാം ലോകയുദ്ധത്തെത്തുടർന്ന് ബ്രിട്ടീഷുകാർ കോളനി രാജ്യങ്ങളിൽ ‘ഗ്രോ മോർ ഫുഡ്’ പദ്ധതിപ്രകാരം കൃഷി വ്യാപിപ്പിച്ചു. 1965 മുതൽ 1975-80 കാലം വരെയുള്ള മൂന്നാംഘട്ട കുടിയേറ്റത്തിലും കുറെ പേർ പങ്കെടുത്തു. പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ ഹൈറേഞ്ച് കോളനൈസേഷൻ സ്കീമും മുൻപ് നടപ്പിലാക്കിയിരുന്നു.1963 മുതൽ ഭൂപരിഷ്കരണത്തിന്റെ പ്രവർത്തനങ്ങൾ സജീവമാവുകയും 1969ൽ ജന്മിത്വം അവസാനിക്കുകയും ചെയ്തു. തുടർന്നിങ്ങോട്ട് പട്ടയ മേളകളൊക്കെ നിരവധി നടന്നുവെങ്കിലും ഇപ്പോഴും കേസുകളും പ്രശ്നങ്ങളുമായി തുടരുകയാണ്.
യഥാർഥ പ്രശ്നക്കാർ
രണ്ടാമതൊരു വിഭാഗംകൂടി മലയോരമേഖലകളിൽ കാണുന്നുണ്ട്. അവർ കൃഷിക്കും ഉപജീവനത്തിനുമായി കയറിയതല്ല. അവർ കൈയേറ്റമുൾപ്പെടെ ചെയ്യുന്നുണ്ട്. പലർക്കും പട്ടയമോ നന്പരോ ഇല്ല. അവർ അവിടെ താമസിക്കുന്നുമില്ല. നഗരങ്ങളിൽനിന്നും മറ്റും പോയി ശരിയായ പേരുകളിലും ബിനാമി പേരുകളിലും ധാരാളം വസ്തുക്കൾ കൈയേറുകയും അനധികൃത നിർമാണമുൾപ്പെടെ നടത്തുകയും ചെയ്യുന്നു. മലനിരകളിലെ ഇത്തരം കൈയേറ്റങ്ങളാണ് പരിസ്ഥിതിക്കും യഥാർഥ കർഷകർക്കും പ്രശ്നങ്ങളുണ്ടാക്കുന്നത്. നിയമവിധേയമല്ലാതെ അനിയന്ത്രിതമായി ധാരാളം ക്വാറികളും കെട്ടിടങ്ങളും ഉണ്ടെന്ന വിവരം പരിശോധിക്കേണ്ടതാണ്. ശാസ്ത്രീയവും സമഗ്രവുമായ രീതിയിൽ അനുവദനീയമായ ഇടങ്ങളിൽ മാത്രമാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കേണ്ടത്.
മലനിരകളിൽ കുടിയേറ്റക്കാരും കൈയേറ്റക്കാരുമുണ്ട്. കുടിയേറ്റ കർഷകർ നന്നായി കൃഷി ചെയ്താണ് ജീവിക്കുന്നത്. അവർ പരിസ്ഥിതിക്കും പ്രകൃതിക്കും ദോഷമൊന്നും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ മലനിരകൾ കർഷകർക്ക് വിട്ടുകൊടുക്കേണ്ടതാണ്. കർഷകരാണ് മലയോര പരിസ്ഥിതി നശിപ്പിക്കുന്നത് എന്ന വാദം ശരിയല്ല. മലയോര മേഖലയിൽ റീസർവേ നടത്തി എല്ലാ അനധികൃത കൈയേറ്റങ്ങളും ഒഴിവാക്കണം. പാട്ടക്കാലാവധി കഴിഞ്ഞ പ്ലാന്റേഷനുകൾ സർക്കാർ ഏറ്റെടുക്കണം. വനഭൂമി ആദിവാസികൾക്കും മലയോരം കർഷകർക്കും എന്നതാവണം ഭൂനയം.
പ്രശ്നസങ്കീർണമാകുന്ന തീരദേശം
മലയോരംപോലെ പ്രശ്നസങ്കീർണമാവുകയാണ് തീരദേശം. മണ്ണൊലിപ്പ്, കടലാക്രമണം, ചുഴലിക്കാറ്റുകൾ എന്നിവ കാരണം തീരവും അശാന്തമാവുകയാണ്. 1972ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ ‘പരിസ്ഥിതിയും മനുഷ്യവിഭവവും’ എന്ന വിഷയത്തിലെ സെമിനാറിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പൂർണസമയം പങ്കെടുത്തിരുന്നു. അതുകഴിഞ്ഞ് ഇന്ത്യയിലെത്തിയശേഷം പടിഞ്ഞാറൻ മലനിരകൾ സംരക്ഷിക്കാൻ പശ്ചിമഘട്ട വികസന പദ്ധതിയും കിഴക്കൻ മലകൾ സംരക്ഷിക്കാൻ ഹിൽ ഏരിയ ഡെവലപ്മെന്റ് പ്രോഗ്രാമും നടപ്പാക്കി.
1984 ഡിസംബർ രണ്ട്-മൂന്ന് തീയതികളിലാണ് ഭോപ്പാൽ വാതകദുരന്തമുണ്ടായത്. തുടർന്നാണ് 1986ൽ ഭരണഘടനയുടെ ആർട്ടിക്കിൾ 253നെ കണക്കാക്കി രാജ്യത്ത് പരിസ്ഥിതി സംരക്ഷണ നിയമം വന്നത്. 1990കളായപ്പോൾ ലോകമാകെ തീരദേശം സംരക്ഷിക്കണമെന്ന കാഴ്ചപ്പാടിന് വലിയ പ്രാധാന്യം ലഭിച്ചു. അങ്ങനെയാണ് 1991ൽ തീരദേശ നിയന്ത്രണ വിജ്ഞാപനം നിലവിൽവന്നത്. തീരദേശത്തുനിന്ന് 500 മീറ്റർ വരെയുള്ള വേലിയേറ്റ മേഖലയെ വിവിധ പ്രദേശങ്ങളായി തരംതരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തീരദേശ നിയന്ത്രണ മേഖല ഒന്നുമുതൽ നാലുവരെ തിരിച്ച് വ്യത്യസ്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നു.
2011ൽ ദേശീയ തീരദേശ പരിപാലന അഥോറിറ്റി, സംസ്ഥാന തീരദേശ അഥോറിറ്റി എന്നിവയും നിലവിൽവന്നു. 2006 മുതൽ പരിസ്ഥി ആഘാത നിർണയം വേണമെന്ന ചട്ടവും രാജ്യത്തു വന്നു. തീരദേശത്ത് പരിസ്ഥിതി ആഘാത നിർണയവും ശുചിത്വ പ്ലാനുമനുസരിച്ച് മാത്രമേ നിർമാണ പ്രവൃത്തികളാകാവൂ എന്ന നിയമവും നിലവിലായി.
തീരദേശവും സമുദ്രവും കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി വലിയ പ്രശ്നങ്ങൾ നേരിടുകയാണ്. 2050 ആകുന്പോൾ സമുദ്രങ്ങളിൽ 50 ശതമാനം പ്ലാസ്റ്റിക് നിറയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ക്രമാതീതമായ ചൂട് കാരണം, ചാള (മത്തി), മറ്റ് മത്സ്യങ്ങൾ എന്നിവയിൽ കുറവ് അനുഭവപ്പെട്ടുതുടങ്ങി. ചൂട് കൂടുന്നതനുസരിച്ച് മഴയുടെ രീതിയിൽ മാറ്റമുണ്ടാകുന്നു. മാനവരാശിക്കുൾപ്പെടെ 75 ശതമാനം ഓക്സിജനും നൽകുന്നത് കടൽ സസ്യവിഭാഗങ്ങളാണ്.
കടൽത്തീരവും കടലും മലിനമാകുന്നത് ഗുരുതരമായ വെല്ലുവിളിയാണ്. കേരളം സമർപ്പിച്ച കരട് തീരദേശ പരിപാലന പ്ലാനിംഗിന് ഡൽഹിയിൽ നടന്ന ദേശീയ തീരദേശ പരിപാലന അഥോറിറ്റി അംഗീകാരം നൽകുകയുണ്ടായി. അതനുസരിച്ച് വേലിയേറ്റ രേഖയിൽനിന്നുള്ള നിർമാണ പരിധി 200 മീറ്ററിൽനിന്നും 50 മീറ്ററാക്കി കുറച്ചു. ഫലത്തിൽ സമുദ്രതീരത്തെ വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ കഴിഞ്ഞാൽ നിർമാണ പ്രവൃത്തികളാകാം.
അതുപോലെ സ്വകാര്യ കണ്ടൽക്കാടുകൾ, പൊക്കാളിപ്പാടങ്ങൾ എന്നിവയുടെമേൽ ഉണ്ടായിരുന്ന നിയന്ത്രണവും ഒഴിവാക്കി. കണ്ടൽക്കാടുകളുടെ പരിസ്ഥിതി ധർമത്തിന് സ്വകാര്യം, പൊതു എന്നൊന്നുമില്ല. ഉപ്പുവെള്ളം കയറാതിരിക്കാനും കരയുടെ ഉറപ്പിനും കണ്ടൽക്കാട് പ്രധാനമാണ്. ഉടമസ്ഥത നോക്കാതെ പരമാവധി കണ്ടൽക്കാടുകൾ സംരക്ഷിക്കപ്പെടേണ്ടതാണ്. ഇപ്പോൾ നൽകിയിരിക്കുന്ന ഇളവുകൾ വ്യാപകമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. മാത്രമല്ല, ഈ ശിപാർശ നൽകിയത് ശാസ്ത്ര സാങ്കേതിക വിദഗ്ധരല്ലെന്ന ആക്ഷേപവുമുണ്ട്.
കടൽത്തീരം കടലിന്റെ മക്കൾക്കുള്ളതു തന്നെയാണ്. അവർക്ക് വള്ളവും വലയുമെല്ലാം തീരങ്ങളിൽതന്നെ സൂക്ഷിക്കുകയും വേണം. മാത്രമല്ല തീരദേശ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്ക് വീടും മറ്റ് സൗകര്യങ്ങളും തീർച്ചയായും വേണം. അവ പരമാവധി സുരക്ഷിതമായ തീരങ്ങളിൽ അനുവദിക്കണം. എന്നാൽ, തീരദേശ നിയന്ത്രണ ഇളവിന്റെ പേരിൽ പുറത്തുനിന്നുള്ളവരുടെ കൈയേറ്റം അനുവദിക്കാൻ പാടില്ല. തീരദേശം സുരക്ഷിതമായും ശുചിയായും സൂക്ഷിക്കേണ്ടതുണ്ട്. മത്സ്യബന്ധത്തിനും അവിടത്തെ ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണത്തിനും ഇതാവശ്യമാണ്. മറ്റൊന്നും അനുവദിക്കരുത്. ആ നിലയിൽ തീരദേശം സംരക്ഷിക്കപ്പെടണം.
മലനാട് കർഷകർക്കും തീരദേശം കടലമ്മയുടെ മക്കൾക്കും വിട്ടുകൊടുക്കുക. അവർ സാധാരണ മനുഷ്യരാണ്. മണ്ണിനോടും വെള്ളത്തോടും മല്ലടിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്ന ജനങ്ങൾ. അവർ അതിജീവനത്തിന്റെ വഴിയിലാണ്. അവരെ വെറുതെ വിടുക. മലയും കടലും അർഹരായവർക്കു മാത്രം.