വഖഫ് ട്രൈബ്യൂണൽ മതകോടതിയോ?
ഫാ. ജോഷി മയ്യാറ്റിൽ
Thursday, October 3, 2024 12:23 AM IST
വഖഫ് ട്രൈബ്യൂണൽ മുസ്ലിം മത രാജ്യ കോടതിയല്ല, ഇത് ഇന്ത്യാ രാജ്യത്തെ ജുഡീഷറിയുടെ ഭാഗമായ കോടതിതന്നെയാണ് എന്ന വാദം വിശദമായി പരിശോധിക്കുന്നത് ഉചിതമായിരിക്കും. ഇത്തരം വാദമുയർത്തുന്നവർ ചൂണ്ടിക്കാണിക്കുന്നത് വഖഫ് ട്രൈബ്യൂണലായി പ്രവർത്തിക്കുന്ന മൂന്നംഗങ്ങൾ സംസ്ഥാന ജുഡീഷറിയിൽനിന്നുള്ള ജില്ലാ ജഡ്ജി, സംസ്ഥാന സർക്കാരിൽനിന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന് തുല്യറാങ്കുള്ള സർക്കാർ ഉദ്യോഗസ്ഥൻ, സർക്കാർ നിയമിക്കുന്ന മുസ്ലിം മതനിയമത്തിൽ പരിജ്ഞാനമുള്ള വ്യക്തി എന്നിവരാണ് എന്ന കാര്യമാണ്.
മുമ്പ് പല ജില്ലകളിലുണ്ടായിരുന്ന ജില്ലാക്കോടതിയിലെയും വഖഫ് കോടതികളിലെയും കേസുകൾ പുതിയ ഭേദഗതി മൂലം ഈ വഖഫ് ട്രൈബ്യൂണലാണ് പരിഗണിക്കുന്നത്. അതായത് അതിൽ മുസ്ലിം മതപണ്ഡിതർക്ക് യാതൊരു സ്വാധീനവും സാധ്യമല്ല. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന സർക്കാരിനാണ് ആ മൂന്നു പേരിൽ രണ്ട് പേരുടെ നിയമനത്തിൽ എന്തെങ്കിലും സ്വാധീനം സാധ്യമാവുക എന്നും ഇക്കൂട്ടർ വാദിക്കുന്നു.
യാഥാർഥ്യമെന്ത്
വഖഫ് ആക്ട് 1995ലെ 83/4 പ്രകാരം വഖഫ് ട്രൈബ്യൂണലിലെ ചെയർമാൻ ജില്ലാ ജഡ്ജിയുടെയെങ്കിലും നിലവാരത്തിലുള്ള ഒരു ന്യായാധിപനാണ്. അദ്ദേഹത്തോടുകൂടെ സംസ്ഥാന സിവിൽ സർവീസിൽനിന്ന് ഒരു ഉദ്യോഗസ്ഥനും മുസ്ലിം മതനിയമത്തിൽ പരിജ്ഞാനമുള്ള ഒരു വ്യക്തിയും അംഗങ്ങളായിരിക്കും. ഇത്രയും സത്യമാണ്. എന്നാൽ, മറ്റുവാദങ്ങൾ യാഥാർഥ്യങ്ങളല്ല.
വഖഫ് ആക്ട് 1995ലെ സെക്ഷൻ 83/5 പ്രകാരം വഖഫ് ട്രൈബ്യൂണലിന് ഒരു സിവിൽ കോടതിയുടെ അധികാരം നല്കിയിട്ടുണ്ട്. പക്ഷേ, ഇതിന് ഒരു ക്വാസി-ജുഡീഷൽ സ്വഭാവമാണുള്ളത്. അതായത്, കോടതിയുടെ പൊതുസ്വഭാവത്തിൽനിന്ന് അതു വ്യത്യസ്തമാണ്. പൊതുനിയമം അതിന് ബാധകമല്ല, അതിന്റെ സ്റ്റാറ്റ്യൂട്ട്സ് മാത്രമാണ് ബാധകം. കോൺഗ്രസ് സർക്കാർ ഉണ്ടാക്കിയ വഖഫ് ആക്ട് ഇപ്പോൾ വൻദുരന്തങ്ങൾ സൃഷ്ടിക്കുന്നതിന്റെ കാരണവും ആ സ്റ്റാറ്റ്യൂട്ട്സ് തന്നെയാണ്. മണ്ണധിനിവേശം (land grabbing) മനസിൽകണ്ട് അതിബുദ്ധിമാന്മാരായ നിയമവിദഗ്ധരെക്കൊണ്ട് അതിവിദഗ്ധമായി തയാറാക്കിയതാണ് വഖഫ് ആക്ട്. സാക്ഷാൽ ചെന്നായ് ആയിരിക്കുകയും വേണം, കുഞ്ഞാടെന്നു തോന്നിപ്പിക്കുകയും വേണം!
കൂടാതെ, വഖഫ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഒരു സിവിൽ കോടതിയുടെ ഡിക്രിക്കു തുല്യമായിരിക്കും. എന്നാൽ, അതിന്റെ വിധി അതിനു സ്വയം നടപ്പിലാക്കാനാവില്ല; അതു ചെയ്യേണ്ടത് സിവിൽ കോടതിയാണ്. കാരണം, ക്വാസി - ജുഡീഷൽ ബോഡിയായ ട്രൈബ്യൂണൽ യഥാർഥ കോടതിയല്ല എന്നതുതന്നെ. എന്നാൽ, വഖഫ് ട്രൈബ്യൂണലിന്റെ തീരുമാനത്തിനെതിരേ അപ്പീലുകള് നിലനിൽക്കില്ല. ഹൈക്കോടതിക്കുപോലും ട്രൈബ്യൂണലിന്റെ വിധിക്കെതിരേ പരിമിതമായ അധികാരങ്ങളാണുള്ളത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 300 എ അനുസരിച്ചുള്ള ഒരാളുടെ ഭൂമിയുടെ അവകാശം റദ്ദാക്കണമെങ്കിൽ കോടതിവിധിയിലൂടെയേ സാധിക്കൂ. എന്നാൽ വഖഫ് ബോർഡിനു വേണമെങ്കിൽ ഭൂമിയുടെ അവകാശം കരസ്ഥമാക്കാം.
ഒരിക്കൽ വഖഫ്, എന്നന്നേക്കും വഖഫ്!
സിവിൽ കോടതിയിൽ തീരുമാനങ്ങളെടുക്കുന്നത് സിവിൽ പ്രൊസീജർ കോഡിനെ ആശ്രയിച്ചാണെങ്കിൽ വഖഫ് ട്രൈബ്യൂണലിൽ അങ്ങനെയല്ല. സിവിൽ കോടതി ആയിരുന്നെങ്കിൽ വാദം തെളിയിക്കാനുള്ള ബാധ്യത ഉണ്ടാകുമായിരുന്നത് ക്ലെയിം ഉന്നയിച്ച ആൾക്കാണ്, അതായത് വഖഫ് ബോർഡിനാണ്. എന്നാൽ, വഖഫ് ട്രൈബ്യൂണലിൽ വഖഫ് ബോർഡിന് അവകാശവാദം ഉന്നയിച്ചാൽ മാത്രം മതി, മതിയായ ഒരു രേഖയും ഹാജരാക്കേണ്ടതില്ല.
ഇതാണ് ട്രൈബ്യൂണലിന്റെ പൊസീജർ! അതായത്, വാദപ്രതിവാദം തുടങ്ങുന്നതിനു മുന്നേ ഒരു പാർട്ടിക്ക് 50 ശതമാനം മാർക്ക് ട്രൈബ്യൂണൽ ഇട്ടുകൊടുത്തു കഴിഞ്ഞു! സിവിൽ കോടതിയിൽ ഈ ഏർപ്പാടുണ്ടോ?
ട്രൈബ്യൂണലിൽ രേഖകൾ തെളിവുകളായി ഹാജരാക്കാനുള്ള ബാധ്യത ഉടമസ്ഥന്റെമേലാണുള്ളത്. രേഖകളില്ലാതെ വഖഫ് ബോർഡ് അവകാശവാദമുന്നയിക്കുമ്പോൾ ആ അവകാശവാദത്തെ സ്വത്തിന്റെ ഉടമസ്ഥൻ രേഖകൾ അവതരിപ്പിച്ച് ഖണ്ഡിക്കാൻ ശ്രമിക്കണം. പക്ഷേ, സ്വന്തം റവന്യു രേഖകൾ കാണിച്ച് അതു തന്റെ വസ്തുവാണെന്നല്ല ആ ഉടമസ്ഥൻ തെളിയിക്കേണ്ടത്.
മറിച്ച്, വഖഫ് ബോർഡ് പറയുന്നതിനെ ഖണ്ഡിക്കാനുള്ള തെളിവുകളാണ് നൽകേണ്ടത്! ഉദാഹരണത്തിന്, 200 വർഷങ്ങൾക്കു മുമ്പ് ഈ സ്ഥലം വഖഫ് ചെയ്തതാണ് എന്ന് വഖഫ് ബോർഡ് പറയുമ്പോൾ ഉടമസ്ഥൻ തെളിയിക്കേണ്ടത് 200 വർഷങ്ങൾക്കു മുമ്പ് ഈ സ്ഥലം ആരും വഖഫ് ചെയ്തിട്ടില്ല എന്നാണ്! അതിനായി തെളിവുകൾ നിരത്തി ട്രൈബ്യൂണലിനെ ബോധ്യപ്പെടുത്തുക മനുഷ്യസാധ്യമാണോ? ഒരിക്കൽ വഖഫ്, എന്നന്നേക്കും വഖഫ്! എന്നതാണ് അവസ്ഥ.