എൽഡിഎഫ്: അപസ്വരവും കരുനീക്കങ്ങളും
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Tuesday, October 1, 2024 12:34 AM IST
പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധത, പാർട്ടി അച്ചടക്കം, പ്രതിബദ്ധതയുള്ള കേഡർമാർ എന്നിവയ്ക്കു പേരുകേട്ട സിപിഎം, വിവിധ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പാർട്ടിയുടെയും നേതൃത്വത്തിന്റെയും പരിതാപകരമായ അവസ്ഥയെക്കുറിച്ച് അതിന്റെ അംഗങ്ങളിൽനിന്നും അനുഭാവികളിൽനിന്നും വിമതസ്വരങ്ങളും വിയോജിപ്പുകളും നേരിടുന്നു.
സിപിഎമ്മിന്റെ ശക്തിക്കും ജനകീയ അടിത്തറയ്ക്കും പേരുകേട്ട കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഈ വിയോജിപ്പുകൾ ഉയരുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തുടർച്ചയായ രണ്ടാം തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം പാർട്ടിയിലെ ഒരു വിഭാഗത്തിൽ ഉണ്ടായിരിക്കുന്ന പുതിയ വിയോജിപ്പുകളിൽ കേഡർമാർ ആശങ്കാകുലരാണ്. പാർട്ടി നേതാക്കൾ വെല്ലുവിളികളെ എങ്ങനെ നേരിടുമെന്ന് അവർ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നു.
മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്ന സ്വാധീനവും അടിത്തറയും, നാമമാത്രമായിരുന്നെങ്കിലും നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിൽ പിടിച്ചുനിൽക്കുക എന്നത് നിസംശയമായും പാർട്ടി നേതൃത്വത്തിന്റെ പ്രധാന ഉത്തരവാദിത്വമാണ്. കേരളത്തിനകത്ത് അവഗണിക്കാൻ കഴിയാത്ത രീതിയിൽ ഭാരതീയ ജനതാ പാർട്ടിയെപ്പോലുള്ള പുതിയ രാഷ്ട്രീയ ശക്തികളും സംസ്ഥാനത്തുടനീളം വ്യാപിച്ചുകിടക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘവും (ആർഎസ്എസ്) സംസ്ഥാന നിയമസഭയിൽ മികച്ച പ്രാതിനിധ്യം നേടുന്നതിന് സജീവമായിക്കൊണ്ടിരിക്കുകയാണ്. സംഘപരിവാർ കേഡറിന് പുറത്തുള്ള ആളുകളുടെ പിന്തുണയോടെ ഒരു ബിജെപി നേതാവ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
സിപിഐയെ ചൊടിപ്പിച്ചത്
സിപിഎം-ബിജെപി ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും തൃശൂർ പൂരം ആഘോഷങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ഉന്നതതലത്തിലുള്ള ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നതുമടക്കമുള്ള ആരോപണങ്ങളും തൃശൂർ പാർലമെന്റ് തെരഞ്ഞെടുപ്പിലെ സുരേഷ് ഗോപിയുടെ വിജയവുമെല്ലാം സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്.
പ്രത്യയശാസ്ത്രപരമായ കാരണങ്ങളാലും എൽഡിഎഫിന്റെ ജനകീയ അടിത്തറ ദുർബലമാക്കുമെന്നതിനാലും ഇത്തരം നീക്കങ്ങളിൽ ശക്തമായ എതിർപ്പ് ഉയർത്തുകയാണ് എൽഡിഎഫിന്റെ ഘടകകക്ഷിയായ സിപിഐ. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഇത്തരമൊരു ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിന്റെ ജനകീയ അടിത്തറ ഏതാനും ലോക്സഭാ തെരഞ്ഞെടുപ്പുകളിലൂടെ കെട്ടിപ്പടുത്തതിനാൽ, പ്രേരണകൾക്കിടയിലും വിശ്വസ്തത മാറ്റാൻ തയാറാവാതെ വോട്ടർമാർ ഉറച്ചുനിന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് എൽഡിഎഫ് സ്ഥാനാർഥികൾ ചിലയിടങ്ങളിൽ കൂടുതൽ വോട്ട് നേടിയെങ്കിലും, ചില റിപ്പോർട്ടുകൾ അനുസരിച്ച്, മറ്റ് ചില മണ്ഡലങ്ങളിലും ഈ പരീക്ഷണം നടന്നു. പക്ഷേ, തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ല.
കാവിശക്തികളുമായി ഏതെങ്കിലും തരത്തിൽ ബന്ധം പുലർത്തുന്നതിനെ സിപിഎം കേന്ദ്ര നേതൃത്വം ശക്തമായി എതിർക്കുന്നുണ്ടെങ്കിലും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പോലുള്ള രാഷ്ട്രീയ പാർട്ടികളും ശക്തമായ സമുദായാഭിമുഖ്യമുള്ള പ്രാദേശിക പാർട്ടികളും ജാതി-മത വോട്ടർമാരും വരുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽനിന്ന് അകന്നുപോകാനാണ് ആലോചിക്കുന്നത്.
തന്ത്രപരമായ നീക്കങ്ങളും ക്രമീകരണങ്ങളും നടത്തി ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കുക എന്ന തന്ത്രവുമായി മലബാർ മേഖലയിലേക്ക് ഈയിടെ കടന്നുകയറാൻ ലക്ഷ്യമിടുന്ന സിപിഎമ്മിന്റെ പദ്ധതികളിൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ ജനകീയരായ ചില നേതാക്കൾ പാർട്ടിക്കുള്ളിലും എതിർപ്പ് മറച്ചുവയ്ക്കുന്നില്ല. സിപിഎമ്മിനോട് കൂറ് പുലർത്തുന്ന നിലമ്പൂർ എംഎൽഎ പി.വി. അൻവർ അടുത്തിടെ നടത്തിയ നീക്കങ്ങളിൽ ഇതു വ്യക്തമായി.
അന്വറിന്റെ സമ്മേളനം
കമ്യൂണിസ്റ്റുകാരും കോൺഗ്രസ് അംഗങ്ങളും ചില പ്രദേശങ്ങളിൽ സിപിഎം-ബിജെപി ബാന്ധവത്തെ എതിർക്കുന്ന മറ്റ് രാഷ്ട്രീയ പാർട്ടികളുടെ വിശ്വസ്തരും പങ്കെടുത്ത മികച്ച ഒരു രാഷ്ട്രീയ സമ്മേളനം അൻവർ സംഘടിപ്പിച്ചു. നിലമ്പൂർ യോഗത്തിൽ എൽഡിഎഫിൽനിന്ന് പുറത്താക്കപ്പെട്ട അൻവർ പിണറായിയെ തനിക്ക് പിതൃതുല്യനാണെന്ന് വിശേഷിപ്പിച്ച് കാര്യങ്ങൾ ഉറക്കെ പറഞ്ഞു.
കേരളത്തെ ഒന്നിപ്പിക്കാനും വർഗീയതയ്ക്കെതിരേ നിലകൊള്ളാനും കഴിയുന്ന നേതാവായി പിണറായി വിജയനെ താൻ വിശ്വസിച്ചു. താൻ പലതവണ പാർട്ടിയെ പ്രതിരോധിച്ചു, പക്ഷേ ഇപ്പോഴത്തെ അഴിമതിയുടെ കാര്യത്തിൽ തനിക്ക് മിണ്ടാൻ കഴിയില്ല. ഒരിക്കൽ താൻ പിന്തുണച്ചവരെയും മുൻകാലങ്ങളിൽ ശബ്ദമുയർത്തി സംരക്ഷിച്ചവരെയും തുറന്നുകാട്ടേണ്ടിവരുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും അൻവർ പറഞ്ഞു.
അഴിമതിക്കും പോലീസ് വകുപ്പിലെ വീഴ്ചകൾക്കും വർഗീയ ശക്തികൾക്കുമെതിരേ അൻവർ ശബ്ദമുയർത്തുമെന്ന് വ്യക്തമാണ്. ഉടൻതന്നെ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ അദ്ദേഹത്തിന് പദ്ധതിയില്ല. എന്നാൽ, അഴിമതിക്കും ഭരണപരാജയത്തിനുമെതിരേയും, അഴിമതിയിൽ ഏർപ്പെട്ടവരെ ശിക്ഷിക്കുന്നതിനും ജനങ്ങളെ അണിനിരത്തുക എന്നതാണ് അദ്ദേഹത്തിന്റെ ആശയം. ചില കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ അഴിമതിയാരോപണങ്ങൾ ഉയർത്തിയെങ്കിലും ഉയർന്ന സ്ഥാനങ്ങളിലുള്ളവർ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടു. നിലവിലെ സംസ്ഥാന സർക്കാരിന്റെ തെറ്റായ പ്രവർത്തനങ്ങളെ എതിർക്കുന്നവരെ ഒന്നിപ്പിച്ച് അദ്ദേഹം ഒരു ബഹുജന സംഘടന കെട്ടിപ്പടുത്തേക്കാം.
രാഷ്ട്രീയ സാധ്യതകൾ
അൻവറിനെതിരേ കുറ്റങ്ങൾ ചുമത്താൻ സാധ്യതയുണ്ട്. കോട്ടയം കറുകച്ചാലിന് സമീപം നെടുംകുന്നം സ്വദേശിയായ തോമസ് കെ. പീലിയാനിക്കൽ എന്നയാളുടെ പരാതിയിൽ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ കോളുകൾ ചോർത്തുന്നതിന് അൻവറിനെതിരേ കേസെടുത്തിട്ടുണ്ട്. തന്നെ ആരും സ്വാധീനിച്ചിട്ടില്ലെന്നാണ് തോമസ് പറയുന്നത്.
ആരോപണങ്ങൾ നേരിടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അൻവർ. സർക്കാർ നടപടിയെടുക്കാത്ത മറ്റു കേസുകളുമായി അദ്ദേഹം മുന്നോട്ടുവരാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ തെറ്റായ പ്രവൃത്തികൾ തുറന്നുകാട്ടാനും സമൂഹത്തെ ശുദ്ധീകരിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും അദ്ദേഹത്തോടൊപ്പം അണിനിരക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനും അൻവർ പൊതുയോഗങ്ങളിൽ പ്രസംഗിക്കുമെന്ന് പ്രതീക്ഷിക്കാം.
2021ൽ എൽഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിച്ച ഒരു പ്രഭാവമാണ് പിണറായി വിജയനുണ്ടായിരുന്നതെന്ന് അൻവർ പറയുന്നു. ആ പ്രഭാവലയം ഇല്ലാതായി, ഗ്രാഫ് പൂജ്യത്തിലേക്കു പോയി, ഇപ്പോൾ ആളുകൾ താങ്കളെ വെറുക്കുന്നുവെന്നും അദ്ദേഹം പിണറായി വിജയനോടു പറയുന്നു.
തെരഞ്ഞെടുത്ത ചില വിഷയങ്ങളിൽ എൽഡിഎഫ് സർക്കാരിനെ തുറന്നുകാട്ടാനും കേരള സർക്കാരിനെതിരായ വർധിച്ചുവരുന്ന എതിർപ്പ് മുതലെടുക്കാനും അൻവർ പദ്ധതിയിടുന്നതായാണ് ദൃശ്യമാകുന്നത്. ഉചിതമായ സമയത്ത് ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിക്കാനും പൊതുജനങ്ങളുടെ മനോഭാവം മുതലെടുത്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാടാനുമുള്ള നീക്കങ്ങൾ നടത്തുകയായിരിക്കും ലക്ഷ്യം. ഇപ്പോൾ ഫലം പ്രവചിക്കുന്നത് വളരെ നേരത്തെയായിപ്പോകും. പക്ഷേ, അദ്ദേഹത്തിന്റെ ലക്ഷ്യം ഒരു മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ സർക്കാർ രൂപപ്പെടുത്തുക എന്നതാണ്. വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനനുസരിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ സാധ്യതകൾ വെളിപ്പെടും.