ഇന്ന് ലോക വയോജനദിനം: അന്തസുള്ള വാര്‍ധക്യവും പരിചരണ സംവിധാനങ്ങളുടെ ശക്തീകരണവും
റവ.ഡോ. ജോസ് ആന്റണി പടിഞ്ഞാറേപ്പറമ്പിൽ സിഎം
Tuesday, October 1, 2024 12:30 AM IST
ചുണ്ണാമ്പിനായി വെന്തുനീറിയ കക്കാപോലെ, വിരുന്നൊരുക്കാൻ എരിഞ്ഞുകത്തിയ വിറകുപോലെ ഒരു മനുഷ്യായുസ് മുഴുവന്‍ അപരനും അവനവനുമായി ഓടിത്തളർന്ന് വാർധക്യത്തിന്റെ പടവുകൾക്കു മുമ്പിൽ കരകയറാനാകാതെ കിതച്ചുനില്‍ക്കുന്ന വയോജനങ്ങൾ. ലോകത്തെവിടെയും കൂടിവരുമ്പോൾ അതീവശ്രദ്ധയോടെ സമൂഹം നേരിടേണ്ടതും അവഗണിക്കാതെ ഏറ്റെടുക്കേണ്ടതുമായ വലിയ വെല്ലുവിളിയാണ് അവരുടെ വരുംകാല ജീവിതം. ‘അന്തസുള്ള വാർധക്യത്തിന്, പരിചരണ സംവിധാനങ്ങളുടെ ശക്തീകരണം’ എന്ന ഈ വർഷത്തെ ഐക്യരാഷ്ട്ര സംഘടനയുടെ വിഷയത്തോടു ചേർന്നു ചിന്തിക്കുമ്പോൾ വയോജനങ്ങളുടെ സങ്കീർണവും വിഷമകരമായതും ശ്രദ്ധാർഹമായ പരിചരണം ആവശ്യമുള്ളതുമായ ജീവിതം, അതീവ പ്രാധാന്യത്തോടെ നാം കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. 60 വയസിനുശേഷം വിവിധ തലങ്ങളിലുള്ള മാറ്റങ്ങൾക്ക് മനുഷ്യൻ വിധേയമാക്കപ്പെടുമ്പോൾ, സ്വന്തം ജീവിത-കുടുംബ സാഹചര്യങ്ങളിലെ അനുദിന ആവശ്യങ്ങൾ, ഭാവിജീവിതം എന്നീ തലങ്ങളിൽ നേരിടേണ്ടിവരുന്നത് നിരവധി വെല്ലുവിളികളും പ്രശ്നങ്ങളുമാണ്. ഇത് അവരുടെ ശാരീരിക, മാനസികാരോഗ്യ, സാമ്പത്തിക, സാമൂഹ്യമേഖലകളിൽ ഏറെ നിർണായകവുമാണ്.
നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 41ൽ മുതിർന്ന പൗരന്മാരുടെ ക്ഷേമം ലക്ഷ്യം വയ്ക്കുമ്പോൾ, രാജ്യം അതിന്റെ സാമ്പത്തികശേഷിയുടെയും വികസനപരിധിയുടെയും ഉള്ളിൽ നിന്നുകൊണ്ട് വാർധക്യത്തിലുള്ളവരുടെ ആവശ്യങ്ങളും അവകാശങ്ങളും ഉറപ്പുവരുത്തുന്നതിനുവേണ്ടി ഫലപ്രദമായ നിയമങ്ങളും വ്യവസ്ഥകളും ഉറപ്പാക്കണമെന്ന് സൂചിപ്പിക്കുന്നു. ഈ ലക്ഷ്യം മുന്‍നിർത്തി ഐക്യരാഷ്ട്ര സംഘടന ഓരോ വർഷവും ഒക്ടോബർ ഒന്ന് വയോജനദിനമായി ആചരിക്കുന്നു. 2050-ാം ആണ്ടോടുകൂടി ലോക ജനസംഖ്യ ആയിരം കോടിയോടടുക്കുമ്പോൾ160 കോടി ആളുകൾ 60 വയസിനു മുകളിലുള്ളവരായിരിക്കുമെന്ന് വിദഗ്ധ പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിൽ ലോകജനസംഖ്യയുടെ 15 ശതമാനം പേർ ഇന്ത്യയിലായിരിക്കുമത്രെ. ഇന്ത്യയിലെ പ്രായമായവരിൽ ഏറ്റവും കൂടുതൽ പേർ കേരളത്തിലാകുമെന്നും അതിലേറെപ്പേരും തനിയെ താമസിക്കേണ്ടിവരുമെന്നും പഠനങ്ങൾ പറയുന്നു.1950നേക്കാൾ ഇരട്ടിയാണ് ഇന്ന് മനുഷ്യന്റെ ശരാശരി ആയുസ്. 2030നുശേഷം യുവാക്കളുടെ എണ്ണത്തേക്കാൾ കൂടുതലാകും നമ്മുടെ വയോജന സംഖ്യ.
വയോജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ
ജോലി ചെയ്യാനാവാതെയും വരുമാനമില്ലാതെയും വയോജനങ്ങൾ ഇന്നേറെ പ്രയാസങ്ങൾ അനുഭവിക്കുന്നു. രോഗപീഡകൾ മൂലം സ്ഥിരംമരുന്നുകൾ വേണ്ട അവസ്ഥ, ശാരീരിക-മാനസിക പീഡനങ്ങൾ, ഒറ്റപ്പെടൽ, ഉത്കണ്ഠ, വിഷാദം, പാർപ്പിട പ്രശ്നങ്ങൾ, പരിചരണത്തിന്റെയും സാമീപ്യത്തിന്റെയും അഭാവം, പ്രായമായവരുടെ സ്വഭാവത്തിലെ പ്രത്യേകതകൾ, ചൂഷണങ്ങളും കബളിപ്പിക്കലും, അവഗണന, സാമ്പത്തിക വിഷമത എന്നിവ വാർധക്യത്തിലെത്തുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾതന്നെയാണ്. ഘടനാപരമായും അല്ലാതെയും മാറ്റങ്ങൾക്കു വിധേയമാക്കപ്പെടുന്ന ശാരീരിക, മാനസിക സ്ഥിതിയിലെ കുറവുകൾ ഇവരുടെ ആരോഗ്യത്തിലും മനോഭാവത്തിലും പെരുമാറ്റത്തിലും അനുദിന ഇടപെടലുകളിലും ദൃശ്യമാവുകയും അത് അവരവർക്കും സഹജീവികൾക്കും ഗുണകരമല്ലാതായിത്തീരുകയും ചെയ്യുന്നു.
ഇഷ്ടാനിഷ്ടങ്ങൾ ഹനിക്കപ്പെടുന്നതും ചൂഷണവുമുള്ള ജീവിതസാഹചര്യങ്ങൾ, സ്വതന്ത്രവും വയോജന സൗഹൃദവും ചലനാത്മകവുമല്ലാതായിത്തീരുമ്പോൾ അവരുടെ ജീവിതം അസമാധാനം നിറഞ്ഞതും സന്തോഷമില്ലാത്തതുമായി മാറുന്നു. ഇത് സ്ഥിരരോഗങ്ങൾക്ക് ഇടയാവുകയും കടുത്ത മാനസികവ്യഥയ്ക്ക് കാരണമാവുകയും ആയുസ് കുറയ്ക്കുകയും ചെയ്യുന്നു. പ്രായമായ സ്ത്രീകളുടെ പ്രശ്നങ്ങൾ ലിംഗാധിഷ്ഠിത വിവേചനത്താൽ കൂടുതൽ വഷളാക്കപ്പെടുന്നു. അവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് തൃപ്തികരമാക്കി മാറ്റുന്നതിനുള്ള ശേഷിയും അവർക്കു കുറവാണ്. മറ്റു സ്വാധീനങ്ങളും അവരെ അതിൽനിന്നും വിലക്കുന്നു.
പ്രായമായവർക്കുള്ള ശരിയായ വ്യായാമ സൗകര്യങ്ങളോ വിനോദോപാധികളോ അതിനുള്ള സാഹചര്യങ്ങളോ കാര്യക്ഷമമായി നമ്മുടെ നാട്ടിലില്ല. വീട്ടുകാരും ഇക്കാര്യത്തിൽ വേണ്ടത്ര ബോധവാന്മാരല്ല. കൃത്യമായ ആരോഗ്യ ക്ഷേമ സേവനങ്ങളും സർക്കാർ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള കാലതാമസവും ഉണ്ടാകുന്നു. ഇവരുടെ സംരക്ഷണമേഖലയിലുള്ള ഏറിയ ചെലവുകൾ, പരിചരണ കേന്ദ്രങ്ങളുടെയും കെയർടേക്കർമാരുടെയും അഭാവം എന്നിവയും ഇതര പ്രശ്നങ്ങളാണ്. അരങ്ങും ആരവവുമൊഴിഞ്ഞ് വിജനമായൊരിടംപോലെ സ്വന്തം ഭവനത്തിലോ വൃദ്ധസദനത്തിലോ ഒറ്റപ്പെട്ടവരായും കുട്ടികളോ ജീവിതപങ്കാളിയോ ഇല്ലാത്തവരായും പലരും മാറുന്നു. മക്കൾ വിദേശത്തോ ദൂരെയോ ആയിട്ടുള്ളവരും ഉപേക്ഷിക്കപ്പെട്ടവരും രോഗബാധിതരുമാണ് ഏറെ ബുദ്ധിമുട്ടേണ്ടിവരിക. ഡിമെൻഷ്യ പോലുള്ള രോഗബാധിതരുടെ ജീവിതസാഹചര്യം അതീവ ശോചനീയവുമാണ്.
വയോജന സംരക്ഷണത്തിലെ നാഴികക്കല്ല്
ത്രിതല പഞ്ചായത്ത്, ജനകീയ സംഘടനകൾ, സമുദായ പ്രസ്ഥാനങ്ങൾ, ഇവയുടെ കൂട്ടായ പ്രവർത്തനം തുടങ്ങിയവ ഇവരുടെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ടതാണ്. സായം-പ്രഭകേന്ദ്രം, പകൽവീട്, പാലിയേറ്റീവ് എന്നിവ ഏറെ ഗുണപ്രദമാണ്. എന്നാൽ, ഇവ വ്യാപകമല്ല. എല്ലാ സഹായങ്ങളും വാതിൽപ്പടി സേവനങ്ങളായി മാറ്റപ്പെടുകയും സ്വന്തം ഭവനത്തിൽതന്നെ വാർധക്യകാലം പൂർണമാക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുകയും ചെയ്യുന്നതാണ് വയോജന സംരക്ഷണത്തിലെ നാഴികക്കല്ല് എന്നു പറയാം. സ്ഥാപനപരമായ പരിചരണം അവസാന ആശ്രയമാകട്ടെ. പ്രായമായി എന്നതുകൊണ്ട് മാറ്റിനിർത്തപ്പെടാതെ അവരുടെ അറിവുകളും കഴിവുകളും ഉപയോഗപ്പെടുത്തിയാൽ അവരുടെ ആയുസും ആരോഗ്യവും അന്തസും മെച്ചപ്പെടുകയും സമൂഹത്തിന് അവർ മുതൽക്കൂട്ടാവുകയും ചെയ്യും.
സാമ്പത്തികമായി മെച്ചപ്പെട്ടതെന്നു സമൂഹവും അധികാരികളും വിലയിരുത്തുന്നതും ഒറ്റപ്പെട്ടു കഴിയുന്നതുമായ വയോജനങ്ങൾ ഇന്നേറെയാണ്. ആരും സഹായിക്കാനില്ലാത്തവരും സഹായസേവനങ്ങൾ സ്വാഭിമാനപ്രശ്നമായി സ്വീകരിക്കാത്തവരും ഇതിലുൾപ്പെടുന്നു. വയോജന ക്ഷേമ സ്ഥാപനങ്ങളുടെ നടത്തിപ്പ് സുഗമമാക്കാനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ചൂഷണങ്ങളിൽനിന്ന് സംരക്ഷിക്കാനും ഒറ്റപ്പെടലിൽനിന്നു മോചനം ലഭിക്കാനും ആവശ്യമായ നയപരമായ തീരുമാനങ്ങളെടുത്ത് നിയമനിർമാണത്തിലൂടെ നടപ്പിലാക്കുന്നതിനും അധികാരികളും ഭരണകർത്താക്കളും അടിയന്തരമായി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഓർമകളിലെ ഇനിയും തോരാത്ത സങ്കടമഴകളും വിഷാദസ്മരണകളും മൂലം ഉള്ളിലെ വിങ്ങുന്ന പ്രശ്നങ്ങളിൽ ഒരിറ്റു കണ്ണീർപോലും ഒലിച്ചിറങ്ങാനുള്ള ശക്തിയില്ലാതെ മരണത്തിനു കീഴടങ്ങുന്നതിനു മുമ്പുതന്നെ അവർക്കായി സസുഖം ആനന്ദത്തോടെ ജീവൻ വിട്ടുപിരിയാനിടയാകും വിധം പരിചരിക്കാനും വേണ്ടത് ചെയ്തുനൽകാനും സമൂഹത്തിന് സാധിക്കട്ടെ.
(സംസ്ഥാന വയോജന ക്ഷേമപ്രവർത്തനത്തിനുള്ള 2023ലെ അവാർഡ് ജേതാവും
കുമളി ‘വൊസാർഡ്’ ഡയറക്ടറുമാണ് ലേഖകൻ)