ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
Monday, September 30, 2024 12:20 AM IST
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശരിയായ ദിശാബോധത്തിലൂടെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ലോകരാജ്യങ്ങൾക്ക് മാതൃക നൽകുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഏറുകയാണ്.
സാമൂഹികമായും സാന്പത്തികമായും സാങ്കേതികമായും ഇന്ത്യ കൈവരിച്ച നേട്ടങ്ങളിൽ നമ്മൾ അഭിമാനിക്കുന്പോൾ അവ എത്രമാത്രം പൊതുപങ്കാളിത്തത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും മാനവസുരക്ഷയ്ക്കും മനുഷ്യവികാസത്തിനും അവകാശസംരക്ഷണത്തിനും ഉപയുക്തമായിട്ടുണ്ട് എന്നത് പരിശോധനാവിഷയമാക്കേണ്ടതാണ്. നീതിനിഷ്ഠവും തുല്യബോധമുള്ളതും മനുഷ്യമഹത്വത്തിന് പ്രാധാന്യം നൽകുന്നതുമായ നവലോക നിർമിതി എത്രമാത്രം നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ ഉണ്ടായിട്ടുണ്ടെന്നത് വിലയിരുത്തപ്പെടേണ്ടിയുമിരിക്കുന്നു.
“യജമാനൻ പറയുന്നതു മാത്രം പുലന്പുന്ന കൂട്ടിലടയ്ക്കപ്പെട്ട തത്തയാവരുത് രാജ്യത്തെ ഏറ്റവും പ്രധാന അന്വേഷണ ഏജൻസി” എന്ന് സിബിഐയെ സുപ്രീം കോടതി വീണ്ടും ഓർമപ്പെടുത്തി. 2013 മേയിൽ രണ്ടാം യുപിഎ ഭരണ കാലത്ത് കൽക്കരിപ്പാടം അഴിമതിക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ ഓർമപ്പെടുത്തൽ. മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഇത്തരമൊരു പരാമർശം വീണ്ടും പരമോന്നത നീതിപീഠം നടത്തിയത്. “തോന്നുംപടി അറസ്റ്റ് പാടില്ലെന്നും പക്ഷപാത രഹിതമായിരിക്കണം അന്വേഷണങ്ങളും നീതിനിർവഹണവും” എന്നും വിധിന്യായത്തിൽ എടുത്തുപറയുന്നു. നീതിനിർവഹണത്തിലും വ്യക്തിയവകാശ സംരക്ഷണത്തിലുമുള്ള രാഷ്ട്രീയ ഇടപെടലുകൾക്കുള്ള താക്കീതാണിത്. മുകൾത്തട്ടു മുതൽ സകലയിടങ്ങളിലും അപചയം നേരിടുന്ന ജനാധിപത്യ ഇന്ത്യയുടെ ശോച്യാവസ്ഥ! ഭരണഘടന ഉറപ്പു നൽകുന്ന ജനാധിപത്യമൂല്യങ്ങൾ തകർക്കപ്പെടുന്ന സാഹചര്യങ്ങൾ ഏറിവരുന്പോൾ ഇന്ത്യയുടെ സമഗ്രതയെപ്പറ്റിയുള്ള വിചാരങ്ങൾ അത്യന്താപേക്ഷിതമാണ്.
“സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉറപ്പുവരുത്തുന്ന ഒരു ജീവിതശൈലിയാണ് ജനാധിപത്യം” എന്ന് ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞിട്ടുണ്ട്. വ്യക്തിമഹത്വവും രാഷ്ട്രത്തിന്റെ അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ടാവണം സാഹോദര്യം പുലർത്തേണ്ടതെന്ന് ഭരണഘടന വ്യക്തമാക്കുന്നു. വൈവിധ്യങ്ങൾക്കതീതമായി ഭാരതജനതയ്ക്കിടയിൽ ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ടത് ഓരോ പൗരന്റെയും കടമയും ഉത്തരവാദിത്വവുമാണെന്ന് (ആർട്ടിക്കിൾ 51എ) അടിവരയിടുന്നു. എന്നാൽ, വർഗീയതയും പ്രത്യയശാസ്ത്രങ്ങളും വിഭാഗീയ ചിന്തകളും ആധിപത്യങ്ങളും അധികാരപ്രമത്തതയും സാഹോദര്യത്തിന്റെ നന്മയും പാരസ്പര്യവും ഇല്ലാതാക്കുന്നുവെന്നതാണ് ഇന്നത്തെ സ്ഥിതിവിശേഷം. സാധാരണക്കാരനു നിലനിൽപ്പില്ലാത്തവിധം കോർപറേറ്റുകളും സ്മാർട്ട് സംവിധാനങ്ങളും വായ പിളർന്നു നിൽക്കുന്ന ഭീകരാന്തരീക്ഷം ഭാരതത്തിന്റെ സാമൂഹിക സുസ്ഥിതിക്ക് ഭീഷണിയായി മാറിയിട്ടുണ്ട്.
ജുഡീഷറിയുടെ ഉത്തരവാദിത്വം
നീതിയുടെ അടിത്തറയിൽ അല്ലാതെ ഒരു ജനാധിപത്യ സംവിധാനവും പടുത്തുയർത്തുക സാധ്യമല്ല. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നത് സാമൂഹിക, സാന്പത്തിക, രാഷ്ട്രീയനീതിയാണ്. 1917ലെ റഷ്യൻ വിപ്ലവത്തിൽനിന്ന് ഉരുത്തിരിഞ്ഞ ഈ ത്രിമാനതല നീതിബോധം രാജ്യത്തെ ഓരോ പൗരനും നൽകുന്നത് ക്ഷേമവും സുസ്ഥിതിയുമാണ്. ഇതു നിഷേധിക്കുകയോ നടപ്പിലാക്കാൻ കാലതാമസം വരുത്തുകയോ ചെയ്യുന്നത് അനീതിതന്നെയാണ്. നീതിന്യായ വ്യവസ്ഥയെ വസ്തുതാപരമായി, വെള്ളം ചേർക്കാതെ നടപ്പിലാക്കുക എന്നതാണ് ജുഡീഷറിയുടെ ഉത്തരവാദിത്വം.
മതത്തിന്റെയോ ജാതിയുടെയോ വർണ-വർഗ-ലിംഗ ഭേദങ്ങളുടെയോ അടിസ്ഥാനത്തിലുള്ള വേർതിരിവുകൾ ഇല്ലാതെ എല്ലാ പൗരന്മാരെയും തുല്യരായി പരിഗണിക്കുക എന്നതാണ് സാമൂഹികനീതികൊണ്ട് ഉദ്ദേശിക്കുന്നത്. സാമൂഹിക സാഹചര്യങ്ങളോ വികസനസാധ്യതകളോ ഒരു പൗരനും നഷ്ടമാകാൻ ഇടയാവരുത്. സന്പത്തിന്റെ പേരിൽ വിവേചനങ്ങൾ ഇല്ലാതെ ഏവർക്കും തുല്യത നൽകുക എന്നതാണ് സാന്പത്തികനീതി. ദേശീയ സന്പത്തും വിഭവങ്ങളും എല്ലാവർക്കും അവകാശപ്പെട്ടതാണെന്നുള്ള സാമൂഹികാവബോധം വളരെ പ്രധാനപ്പെട്ടതാണ്.
കോർപറേറ്റ് ആധിപത്യങ്ങളും സ്മാർട്ട് വികസന പദ്ധതികളും എത്രമാത്രം ഇവിടത്തെ സാധാരണക്കാർക്കും ദരിദ്രർക്കും ഉപയുക്തമാകുന്നുവെന്നതും പരിശോധിക്കേണ്ടതാണ്. വികസനം എപ്പോഴും മനുഷ്യജീവന് ഉതകുന്നതും പൊതുനന്മയെ ഹനിക്കാത്തതും അവകാശങ്ങളെ അടിച്ചമർത്താത്തതുമായിരിക്കണം.
എല്ലാ പൗരന്മാർക്കും തുല്യ അവകാശം
രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ അവകാശമുണ്ടെന്നത് രാഷ്ട്രീയ നീതിയുടെ കാതലാണ്. സ്വാധീനങ്ങളും പ്രീണനങ്ങളും പ്രബലമായ രാഷ്ട്രീയ അനീതികളാണ്. സ്വേച്ഛാധിപത്യവും അടിച്ചമർത്തൽ പ്രവണതകളും ഇല്ലാത്ത ഒരു സാമൂഹിക പശ്ചാത്തലം അനിവാര്യ ഘടകമാണ്. രാജ്യത്തിന്റെ നിയമങ്ങളെല്ലാം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരുപോലെ ബാധകവുമായിരിക്കണം. ആദർശധീരതയും രാഷ്ട്രസേവനസന്നദ്ധതയും അർപ്പണബോധവും പരസ്പരാദരവും ഈ നീതിബോധത്തിന്റെ ഭാഗമാണ്.
ആർക്കും പ്രത്യേക പരിഗണനകൾ ഇല്ലാതെ, എല്ലാവർക്കും തുല്യപരിഗണന നൽകുന്നതാണ് ഭാരതത്തിന്റെ സമത്വഭാവം. നിയമത്തിനു മുന്നിലും മത-വർഗ-ലിംഗ-ജാതി അടിസ്ഥാനത്തിലും ആരോടും വിവേചനമില്ലാത്ത വ്യവസ്ഥിതിയാണ് ഇന്ത്യൻ ഭരണഘടനയുടെ 14 മുതൽ 18 വരെയുള്ള അനുച്ഛേദത്തിൽ പ്രതിപാദിക്കുന്നത്. മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ ലിംഗത്തിന്റെയോ പേരിൽ ഒരാൾക്കുപോലും വോട്ടവകാശം നിഷേധിക്കാൻ പാടില്ലെന്ന് ആർട്ടിക്കിൾ 325ൽ പറയുന്നു. പ്രായപൂർത്തി മാത്രമാണ് അതിന്റെ അടിസ്ഥാനം. ജാതിയുടെയും മതത്തിന്റെയും പേരിൽ ഇന്നും ആക്ഷേപങ്ങളും നിന്ദകളും ഇകഴ്ത്തലുകളും അപമാനങ്ങളും വേർതിരിവുകളും ഏൽക്കേണ്ടിവരുന്ന സ്ഥിതിവിശേഷങ്ങൾ ഒട്ടും വിരളമല്ല എന്നത് നമ്മുടെ ജനാധിപത്യ സ്വത്വത്തിനു കളങ്കമാണ്.
ഏതെങ്കിലും ഒരു മതത്തെ ഉയർത്തിക്കാട്ടാതെ എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യം ഉറപ്പാക്കുന്ന മതേതരരാജ്യമാണ് ഇന്ത്യ. മതപരമായ വിശ്വാസങ്ങളുടെയോ അനുഷ്ഠാനങ്ങളുടെയോ പേരിൽ ഒരു മതത്തിനും മുൻഗണനയോ തത്തുല്യമായ ആനുകൂല്യങ്ങളോ നൽകുന്നതല്ല മതേതര ഇന്ത്യയുടെ സ്വഭാവം (ആർട്ടിക്കിൾ 25). മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ഒരു പൗരനോടും വിവേചനം കാട്ടുന്നതല്ല (അനുച്ഛേദം 15) അതിന്റെ ഭരണ സംവിധാനം. ഇത്രയും വ്യക്തമായി ഭാരതത്തിന്റെ ജനാധിപത്യ വിചാരങ്ങളെ വിവരിക്കുന്പോൾ അതിനു വിരുദ്ധമായി ഏതെങ്കിലും ഒരു മതവിഭാഗത്തിനു മാത്രം പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത് തികഞ്ഞ ഭരണഘടനാവിരുദ്ധപ്രവർത്തനവും വിവേചനവും അസമത്വവും അനീതിയുമല്ലേ?
ഭൂരിപക്ഷ പ്രീണനം
മതേതര ഇന്ത്യയുടെ മനസാക്ഷിയെ കീറിമുറിക്കുന്ന മത-രാഷ്ട്രീയ പ്രവണതകൾക്കാണ് രാജ്യം ഇന്ന് അടിമയായിക്കൊണ്ടിരിക്കുന്നത്. സത്യത്തെ അവഗണിച്ചും ചരിത്രത്തെ തിരുത്തി എഴുതിയും ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയപാർട്ടികൾ വളർത്തുന്നത് മതഭീകരതയും വർഗീയവിഷം ചീറ്റലുമാണെന്നു മറക്കരുത്. ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്താതെ രാഷ്ട്രീയനിലനിൽപ്പില്ലെന്നു കരുതുകയും അതിനുവേണ്ടി നീതിയും സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവും തുണ്ടം തുണ്ടമാക്കുകയും ചെയ്യുന്ന നിലവാരത്തകർച്ചയ്ക്കും രാഷ്ട്രീയ അടവുനയങ്ങൾക്കും ആരു പരിഹാരം കാണും?
ചിന്തയിലും ആവിഷ്കാരത്തിലും മത-വിശ്വാസ-ആരാധന കാര്യങ്ങളിലും ഭാരതം ഓരോ പൗരനും സ്വാതന്ത്ര്യം നൽകുന്നുണ്ട്. അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്ര്യം അല്ല ഇതെന്നുള്ളത് വ്യക്തമാണ്. കടിഞ്ഞാണുകൾ ഇടാതിരിക്കുന്ന അവസ്ഥ മാത്രമല്ല സ്വാതന്ത്ര്യം. ഓരോ വ്യക്തിക്കും അവന്റെ വികസനത്തിന് ആവശ്യമായ അവസരങ്ങളും അനുകൂല സ്ഥിതിവിശേഷങ്ങളും നൽകിക്കൊണ്ടാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യചിന്ത ജനാധിപത്യത്തിൽ വേരുറപ്പിച്ചിരിക്കുന്നത്.
ബഹുസ്വരങ്ങളെയും എതിർസ്വരങ്ങളെയും അടിച്ചമർത്താനും ഇല്ലാതാക്കാനുമുള്ള ആധിപത്യ പ്രവണതകൾ വർധിച്ചുകൊണ്ടേയിരിക്കുന്നു. അഭിപ്രായപ്രകടനത്തിനും ആവിഷ്കാരത്തിനും അധികാരം കൈയാളുന്നവർക്കു മാത്രമല്ല അവകാശമെന്നു തിരിച്ചറിയേണ്ടത് സാമൂഹികസുസ്ഥിതിക്ക് അനിവാര്യമാണ്. ഭൂരിപക്ഷത്തിന്റെപോലെതന്നെ പ്രധാനപ്പെട്ടതാണ് ന്യൂനപക്ഷത്തിന്റെ സ്വരവും. പാർലമെന്ററി ജനാധിപത്യം കൊളോണിയൽ പ്രവണതകൾക്ക് അടിമപ്പെടുന്നത് ജനാധിപത്യത്തിന്റെ അധഃപതനത്തെയാണ് കാണിക്കുന്നത്. വ്യക്തിയവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ജനാധിപത്യ ഭാവവും രീതിയുമാണ്.
ചർച്ചകളും സംവാദങ്ങളും
കാര്യമാത്രപ്രസക്തമായ ചർച്ചകളും സംവാദങ്ങളും ജനാധിപത്യത്തിന്റെ വളർച്ചയ്ക്ക് സുപ്രധാന ഘടകങ്ങളാണ്. ജനസംബന്ധിയായ വിഷയങ്ങളിൽനിന്നു വ്യതിചലിച്ചും വ്യതിചലിപ്പിച്ചും അപ്രസക്തവും വൈകാരികവുമായ കാര്യങ്ങളിൽ മാത്രം ഇടപെടലുകളും വാഗ്വാദങ്ങളും നടത്തുന്നത് ജനാധിപത്യത്തിന്റെ നിലവാരത്തകർച്ചയുടെ അടയാളങ്ങളാണ്.
ജനക്ഷേമവിഷയങ്ങളെ ബോധപൂർവം തഴഞ്ഞുകൊണ്ട് പൊതുജനശ്രദ്ധ തിരിക്കുന്ന ചാനലുകളും മാധ്യമങ്ങളും ജനസേവനമല്ല ചെയ്യുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണായി വർത്തിക്കേണ്ട മാധ്യമങ്ങൾ എത്രമാത്രം സമൂഹോന്നമന വിഷയങ്ങളെ ഭരണത്തിന്റെയും പൊതുജനത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുന്ന ഉത്തരവാദിത്വം നിർവഹിക്കുന്നു എന്നതും ചിന്തിക്കേണ്ട വിഷയമാണ്.
ഏറ്റവും വലിയ ജനാധിപത്യസംവിധാനം അതിന്റെ മൂല്യങ്ങളെയും സംഹിതകളെയും എത്രത്തോളം ജീവിതശൈലിയുടെ ഭാഗമാക്കിയിട്ടുണ്ടെന്നത് വിചിന്തനവിഷയമാണ്. ഭരണഘടനയിലൂന്നി ജനാധിപത്യമൂല്യങ്ങൾ വേണ്ട വിധത്തിൽ നടപ്പിലാക്കിയാൽ അതായിരിക്കും ലോകരാഷ്ട്രങ്ങൾക്കു മുൻപിലുള്ള ഭാരതത്തിന്റെ പേരും പെരുമയും.
ജനാധിപത്യത്തിന്റെ ആധികാരികത പങ്കാളിത്തത്തിലാണെന്നും ഒരുമിച്ചായിരിക്കുക എന്നതാണ് അതിന്റെ മൂല്യമെന്നും ഫ്രാൻസിസ് മാർപാപ്പ (ജനാധിപത്യത്തിന്റെ ഹൃദയത്തിലേക്ക്) പറയുന്നു. തുല്യനീതിയും സാഹോദര്യവും സമത്വവും സമന്വയിക്കുന്ന ജനാധിപത്യസംവിധാനത്തിലേ ജനപങ്കാളിത്തം സാധ്യമാകൂ.
ഭാഷയുടെയും പ്രാദേശികതയുടെയും വൈവിധ്യങ്ങളുടെയും മേൽ ‘നമ്മൾ’ എന്നൊരു പൊതുവിചാരം ബോധപൂർവം ഓരോ പൗരനും നിർമിച്ചെടുക്കേണ്ടതാണ്. ഭരണഘടനയായിരിക്കണം ഈ നമ്മൾവിചാരത്തിന്റെ മാനദണ്ഡം. അതു നൽകുന്ന സ്വാതന്ത്ര്യവും ഉത്തരവാദിത്വബോധവും പ്രവൃത്തിപഥത്തിൽ എത്തിച്ചെങ്കിൽ മാത്രമേ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ജനാധിപത്യം സാർഥകമാകൂ.
2024ലെ സ്വാതന്ത്ര്യദിനപ്രമേയം ‘വികസിതഭാരതം 2047’ എന്നതാണ്. ഭൗതികവികസനങ്ങൾക്കൊപ്പം സ്വാതന്ത്ര്യവിചാരങ്ങൾക്കും സഹവർത്തിത്വത്തിനും സഹോദരക്ഷേമത്തിനും പൊതുനീതിക്കും പ്രാധാന്യം കൊടുത്തെങ്കിൽ മാത്രമേ ഈ സ്വപ്നം അതിന്റെ പൂർണതയിൽ സാക്ഷാത്കരിക്കാനാവൂ. മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചും പ്രോത്സാഹിപ്പിച്ചും അഭിപ്രായസ്വാതന്ത്ര്യവും നിയമസംരക്ഷണവും ഉറപ്പാക്കിയും നമ്മുടെ ജനാധിപത്യസംവിധാനത്തെ ശക്തിപ്പെടുത്താം.