കുട്ടികളുടെ ഫോണ്‍ അഡിക്ഷൻ
സുരേഷ് രാമനാട്ടുകര
Monday, September 30, 2024 12:16 AM IST
ഇന്ത്യയിൽ ആറിനും പതിനെട്ടിനും ഇടയ്ക്ക് പ്രായത്തിലുള്ള കുട്ടികളിൽ 60 ശതമാനവും ഫോണ്‍ അമിതമായി ഉപയോഗിക്കുന്നുണ്ട്. ഈ പ്രായത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ 85 ശതമാനവും മക്കളുടെ ഫോണ്‍ ഉപയോഗത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. കുട്ടികളുടെ ഫോണ്‍ അഡിക്ഷനു പരിഹാരം തേടി കൗണ്‍സലിംഗ് ക്ലിനിക്കുകളിലും മനോരോഗചികിത്സാ കേന്ദ്രങ്ങളിലും എത്തുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്.
പഠനത്തിൽ താത്പര്യം കുറയുന്നു, ദേഷ്യം വല്ലാതെ കൂടുന്നു, ആക്രമണസ്വഭാവം കാണിക്കുന്നു, എന്നൊക്കെ പരാതിപ്പെട്ടുകൊണ്ടാണ് ഒന്‍പതാം ക്ലാസുകാരനായ രഞ്ജിത്തിനെയും (പേര് യഥാർഥമല്ല) കൊണ്ട് രക്ഷിതാക്കൾ എന്റെ അടുത്തെത്തിയത്. നിരവധി കാരണങ്ങൾകൊണ്ട് ഈ ലക്ഷണങ്ങൾ ഉണ്ടാവാം. കൗമാരക്കാരുടെ സ്വാഭാവികമായ പെരുമാറ്റം, പഠനവൈകല്യം, ഹൈപ്പർ ആക്റ്റിവിറ്റി, വൈകാരിക സമ്മർദം, മയക്കുമരുന്ന് ഉപയോഗം ഇവയൊക്കെയാവാം കാരണങ്ങൾ. രഞ്ജിത് മൊബൈൽ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നു എന്ന് കൗണ്‍സലിംഗിന്റെ ഒരു ഘട്ടത്തിൽ മനസിലായി. നേരത്തേ പറഞ്ഞ കാരണങ്ങൾകൊണ്ടൊന്നുമല്ല രഞ്ജിത്തിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ.
നോമോ ഫോബിയ
ലോകത്ത് 700 കോടിയിലധികം പേർ സ്മാർട്ട്ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. അതിൽ 63 ശതമാനം, അതായത് 44 കോടിയോളം ആളുകൾ മൊബൈൽ ഫോണിന് അഡിക്റ്റ് ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നോമോ ഫോബിയ എന്നാണ് മനഃശാസ്ത്രജ്ഞർ ഈ അവസ്ഥയെ വിളിക്കുന്നത്. ഫോണ്‍ കേടുവരുകയോ നഷ്ടപ്പെടുകയോ കണക്ഷൻ ഇല്ലാതാവുകയോ ഏന്തെങ്കിലും കാരണത്താൽ കുറച്ചധികം നേരത്തേക്ക് ഉപയോഗിക്കാൻ പറ്റാതെ പോവുകയോ ചെയ്താൽ വ്യക്തിയുടെ പെരുമാറ്റത്തിൽ ഭീതിതമായ മാറ്റങ്ങൾ ഉണ്ടാവുന്ന അവസ്ഥയാണ് നോമോ ഫോബിയ.
രഞ്ജിത്തിന്റെ രക്ഷിതാക്കൾ പറഞ്ഞ കാര്യങ്ങൾ മാത്രമല്ല, പ്രിയപ്പെട്ടവരിൽനിന്ന് അകന്നുനിൽക്കുക, രാത്രി ഇടയ്ക്കിടയ്ക്ക് ഫോണ്‍ എടുത്തുനോക്കുക, തനിച്ചാവുന്പോൾ ഫോണ്‍ കൂടിയേ തീരൂ എന്ന അവസ്ഥ, ഫാന്റം വൈബ്രേഷൻ, അതായത്, ഫോണ്‍ റിംഗ് ചെയ്യാത്തപ്പോഴും റിംഗ് ചെയ്യുന്നതായി തോന്നുക, ആരുടെയെങ്കിലും ഫോണ്‍ റിംഗ് ചെയ്താൽ തന്റേതാണെന്നു കരുതി എടുത്തുനോക്കുക, കുറച്ചുനേരത്തേക്ക് മെസേജിന്റെയോ നോട്ടിഫിക്കേഷന്റെയോ ശബ്ദം കേട്ടില്ലെങ്കിൽ ഫോണ്‍ ഓഫായോ എന്നു പരിശോധിക്കുക ഈ സ്വഭാവങ്ങളൊക്കെ രഞ്ജിത്തിന് ഉണ്ടെന്നു മനസിലായി.
രഞ്ജിത്തിന് ഫോണ്‍ അഡിക്ഷൻ ആയിട്ടുണ്ടെന്ന് അവനെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്താൻ അല്പം പ്രയാസപ്പെട്ടു. ഇത് വ്യക്തിയുടെ പെരുമാറ്റത്തെയും സ്വഭാവത്തെയും വല്ലാതെ സ്വാധീനിക്കും. ഉറക്കം കുറയുക, മാനസിക പിരിമുറുക്കം, ഒറ്റപ്പെട്ടതുപോലെ തോന്നുക, നേരത്തേയുള്ള സർഗാത്മക കഴിവുകൾ കുറയുക, അരക്ഷിതാവസ്ഥ തോന്നുക, ബന്ധങ്ങളിലും സൗഹ്യദങ്ങളിലും വിള്ളൽ വീഴുക, മാനസിക വൈകല്യം, പഠനത്തിൽ പിന്നാക്കം പോവുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം രഞ്ജിത്തിനും ഉണ്ടായിരുന്നു. അതെല്ലാം ഫോണ്‍ അഡിക്ഷന്റെ ഫലമാണെന്ന് അവനെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തി.
ചികിത്സ, നിയന്ത്രണം
ഇതേ അവസ്ഥ തുടർന്നാൽ, മദ്യാസക്തി, മയക്കുമരുന്നിനോടുള്ള ആസക്തി എന്നിവയെല്ലാം പോലെ മരുന്നു ചികിത്സ നൽകിയാലേ രക്ഷപ്പെടുത്താൻ സാധിക്കൂ. മൊബൈൽ ഫോണ്‍ പിടിച്ചുവാങ്ങുക, ബലപ്രയോഗം നടത്തുക എന്നിവയൊന്നും പരിഹാരമാവില്ല. അത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്യും.
ഇത്തരം കാര്യങ്ങൾ രഞ്ജിത്തിനെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തി. ഇതെങ്ങനെ നിയന്ത്രിക്കാം എന്ന് വിശദമായി ചർച്ചചെയ്തു. നിശ്ചിത സമയം മാത്രമേ ഫോണ്‍ ഉപയോഗിക്കൂ എന്ന് തീരുമാനമെടുത്തു. അത് പഠനാവശ്യത്തിന്, വിനോദത്തിന്, സൗഹ്യദത്തിന് അങ്ങനെ എന്തിനെല്ലാം എന്ന് തീരുമാനിച്ചു. അത് പാലിക്കുന്നു എന്നുറപ്പുവരുത്താൻ രക്ഷിതാക്കളെ ചുമതലപ്പെടുത്തി. രഞ്ജിത്തിന്റെ കാര്യത്തിൽ ചർച്ച ഇങ്ങനെ പുരോഗമിക്കാൻ കാരണം കൗണ്‍സലിംഗിന്റെ ആദ്യഘട്ടത്തിൽ അവനുമായി അടുപ്പം സ്ഥാപിക്കാൻ കഴിഞ്ഞതിനാലാണ്. അത് സാധിക്കാത്ത സന്ദർഭങ്ങൾ നിരവധിയാണ്.
കുട്ടികൾക്ക് രസകരവും ഉപകാരപ്രദവുമായ മറ്റുകാര്യങ്ങൾ കണ്ടെത്തി അതിലേക്ക് അവരെ എത്തിക്കാൻ ശ്രമിക്കണം. ഡാൻസ്, പാട്ട്, സംഗീതോപകരണങ്ങൾ, സ്പോർട്സ്, കായികമത്സരങ്ങൾ, നീന്തൽ, കളികൾ, യോഗ, ചിത്രരചന, അരുമ മൃഗങ്ങളെ/പക്ഷികളെ വളർത്തൽ, പാചകം, പൂന്തോട്ട നിർമാണം തുടങ്ങി പല കാര്യങ്ങളും ചെയ്തുനോക്കണം. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഏതെങ്കിലും ചിലതൊക്കെ തുടരാൻ ശ്രമിക്കണം. ഉറങ്ങുമ്പോൾ നിർബന്ധമായും ഫോണ്‍ മാറ്റിവയ്ക്കണം. കുട്ടികളുമായി മുഖാമുഖം ഇടപഴകാൻ രക്ഷിതാക്കൾ സമയം കണ്ടെത്തണം. ഒന്നിച്ച് യാത്ര ചെയ്യാനും ഭക്ഷണം കഴിക്കാനും സമയം കണ്ടെത്തണം. അത്തരം അവസരത്തിൽ ഫോണ്‍ കഴിയുന്നതും ഉപയോഗിക്കരുത്.
രക്ഷിതാക്കൾ ഒപ്പം നിൽക്കണം
പഠനം ആസ്വാദ്യകരമാക്കാൻ രക്ഷിതാക്കൾ കൂടെ ചേരണം. ഉദാഹരണത്തിന്, പഠനവുമായി ബന്ധപ്പെട്ടയാത്രകൾ, സന്ദർശനങ്ങൾ, അധികവായന, പഠനവുമായ ബന്ധപ്പെട്ട ഡോക്യുമെന്ററികളോ സിനിമകളോ കാണൽ, പ്രോജക്ട്, അസൈൻമെന്റ് എന്നിവ തയാറാക്കുന്പോൾ സഹായങ്ങൾ നൽകുക എന്നിങ്ങനെയൊക്കെ ചെയ്ത് അവരോടെപ്പം നിൽക്കുക.
ഫോണിന്റെ കാര്യത്തിൽ മാത്രമല്ല വായന, പഠനം, സ്വീകാര്യമായ പെരുമാറ്റം, വ്യായാമം തുടങ്ങിയ കാര്യങ്ങളിലെല്ലാം രക്ഷിതാക്കൾ കുട്ടികൾക്ക് മാതൃകയാവണം. ഇന്റർനെറ്റ് ഉപയോഗപ്പെടുത്തി തന്നെ പലകാര്യങ്ങളും പഠിക്കാൻ സാധിക്കും. സൗജന്യമായും ചെറിയ ഫീസ് മാത്രം നൽകിയും ആധികാരികമായി, യൂണിവേഴ്സിറ്റികളും സർക്കാർ അംഗീകൃത സ്ഥാപനങ്ങളും വിദേശത്തെ സ്ഥാപനങ്ങളുമൊക്കെ നടത്തുന്ന നിരവധി കോഴ്സുകൾ ലഭ്യമാണ്.
സ്കൂൾ പഠനത്തിന് തടസമാകാതെതന്നെ ചെയ്യാവുന്ന നിരവധി കോഴ്സുകൾ ഉണ്ട്. അതിലേതെങ്കിലും കോഴ്സിന് ചേർന്നാൽ ഫോണ്‍ അല്ലെങ്കിൽ ഓണ്‍ലൈനിൽ ഇരിക്കുകയുമാവാം ഒരു പഠനപ്രവർത്തനവും ആയി. മൊബൈൽ ഫോണ്‍ അഡിക്ഷൻ എന്നത് ഒരു ദിവസം കുട്ടി കരുതിക്കൂട്ടി ഉണ്ടാക്കിയതല്ല എന്നും അതിന്റെ പരിഹാരം എളുപ്പത്തിൽ സാധിക്കില്ല എന്നും തിരിച്ചറിയണം.
രക്ഷിതാക്കളുടെ നിയന്ത്രണത്തിൽ നിൽക്കില്ല എന്നു തോന്നിയാലും പെരുമാറ്റ പ്രശ്നങ്ങളുടെ കാരണം മനസിലാകാതിരുന്നാലും കൗണ്‍സലറുടെ സഹായം തേടണം. രഞ്ജിത്തിന്റെ കാര്യത്തിൽ രക്ഷിതാക്കൾക്കോ അവനുതന്നെയൊ സ്വഭാവമാറ്റത്തിന്റെ കാരണം മനസിലായിരുന്നില്ല. അത് തിരിച്ചറിഞ്ഞു എന്നതും കുടുംബം ഒന്നിച്ച് ഒരു മാറ്റത്തിനു തയാറായി എന്നതുമാണ് വരാനിരിക്കുന്ന ഒരു ദുരന്തത്തിൽനിന്ന് രക്ഷിച്ചത്.
(കോഴിക്കോട് രാമനാട്ടുകര ഒഡീജിയ ലേണിംഗ് സൊലൂഷൻസിൽ
കൗണ്‍സലിംഗ് സൈക്കോളജിസ്റ്റാണ് ലേഖകൻ)