പിഴവുകൾ തിരുത്തണം; കാര്യക്ഷമമായി ഇടപെടണം
ഇഎസ്എ: വസ്തുതകളും ആശങ്കകളും -2 / റവ.ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
Sunday, September 29, 2024 1:01 AM IST
കേരളത്തിലെ ഇഎസ്എ വില്ലേജുകളുടെ കഡസ്ട്രൽ (അതിർത്തി അടയാളപ്പെടുത്തിയ) മാപ്പ് തയാറാക്കിയത് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിക്കുവേണ്ടിയാണ്. അത് പ്രസിദ്ധീകരിച്ചത് കേരള ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിലാണ്. നിലവിൽ അത് പൂർണമായ രീതിയിൽ ലഭ്യമല്ല. സംസ്ഥാന വിദൂരസംവേദന പരിസ്ഥിതി കേന്ദ്രം (Kerala State Remote Sensing and Environment Centre) ക്രോഡീകരിച്ചു നൽകുകയും അവരുടെതന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത പൂർണമായ കഡസ്ട്രൽ മാപ്പിന്റെ ലിങ്ക് ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത് പ്രവർത്തനരഹിതമാണ്. അതേസമയം, ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിലെ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായി കഡസ്ട്രൽ മാപ്പുകൾ ലഭ്യമാണ്. 2013-14നു ശേഷം ഇഎസ്എ വില്ലേജുകളുടെ കഡസ്ട്രൽ മാപ്പ് തയാറാക്കിയിട്ടില്ല എന്നാണ് ലഭ്യമായ വിവരം. 2018ൽ സംസ്ഥാന വിദൂരസംവേദന പരിസ്ഥിതി കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ് തയാറാക്കിയ മാപ്പ് ഫയലുകൾ ലഭ്യമാക്കിയിരിക്കുന്നത് അവരുടെതന്നെ വെബ്സൈറ്റിലാണ്.
ബയോഡൈവേഴ്സിറ്റി ബോർഡിൽനിന്നുള്ള വിശദീകരണപ്രകാരം, ഇഎസ്എ സംബന്ധിച്ച പഠനങ്ങൾ, റിപ്പോർട്ട് തയാറാക്കൽ തുടങ്ങിയവ വാസ്തവത്തിൽ ബയോഡൈവേഴ്സിറ്റി ബോർഡിന്റെ ഉത്തരവാദിത്വത്തിൽ പെടുന്നതല്ല. കുറെ കാലങ്ങളായി ആ ഡിപ്പാർട്ട്മെന്റിൽ ആർക്കും ഈ വിഷയവുമായി ബന്ധമോ സർക്കാരുമായി ഇക്കാര്യത്തിൽ ഏതെങ്കിലും വിധത്തിലുള്ള ആശയവിനിമയമോ ഇല്ല. ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നിയോഗിക്കപ്പെട്ടപ്പോൾ ഡോ. ഉമ്മൻ വി. ഉമ്മൻ സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ആയിരുന്നതിനാൽ അദ്ദേഹം ബോർഡിന്റെ സാങ്കേതിക സൗകര്യങ്ങൾ തന്റെ കമ്മിറ്റിയുടെ പഠനങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. അക്കാലത്ത് ഈ ആവശ്യത്തിനായി പ്രത്യേകമായി വകുപ്പോ വെബ്സൈറ്റോ ഇല്ലാതിരുന്നതിനാൽ ആദ്യഘട്ട ഡോക്യുമെന്റുകൾ ആ വെബ്സൈറ്റിൽ ലഭ്യമാക്കി. എന്നാൽ, പിന്നീട് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന (Department of Environment and Climate Change) വകുപ്പ് പ്രത്യേകമായി ആരംഭിച്ചപ്പോൾ ഇഎസ്എ സംബന്ധിച്ച ഉത്തരവാദിത്വങ്ങൾ അവരുടേതായി മാറുകയും വിജ്ഞാപനങ്ങളും ഡോക്യുമെന്റുകളും അവരുടെ വെബ്സൈറ്റിൽ ലഭ്യമാക്കുകയും ചെയ്തു. എന്നാൽ, ഈ മാറ്റം സംബന്ധിച്ച പൊതുവായ അറിയിപ്പ് കേരള സർക്കാരിൽനിന്ന് ഉണ്ടായിട്ടുള്ളതായി അറിവില്ല. കഡസ്ട്രൽ മാപ്പ്, അതിർത്തി വിശദാംശങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന മുൻ ഫയലുകളൊന്നും പരിസ്ഥിതി കാലാവസ്ഥാവ്യതിയാന വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യവുമല്ല.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ആറ് കരട് വിജ്ഞാപനങ്ങളിലും കേരളത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ അതിർത്തി വിവരങ്ങളും വിശദാംശങ്ങളും ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് എന്ന് ആവർത്തിക്കുന്നുണ്ട്. ആറാമത്തേതിലും വില്ലേജുകളുടെ അതിർത്തി വിവരങ്ങളും കഡസ്ട്രൽ മാപ്പും ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് എന്ന് പറഞ്ഞിരിക്കുന്നത് ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, ജിയോ കോർഡിനേറ്റ്സ് ഉൾപ്പെടുന്ന മാപ്പ് ഫയലുകൾ (kml/ kmz) ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് കരട് വിജ്ഞാപനത്തിൽ എടുത്തു പറഞ്ഞിട്ടില്ല. കഡസ്ട്രൽ മാപ്പും അതിർത്തി സംബന്ധിച്ച വിവരങ്ങളും കൃത്യമായ രീതിയിൽ ലഭ്യമാക്കാത്തതും ഇത് സംബന്ധിച്ച വിഷയങ്ങൾക്ക് സർക്കാർ വ്യക്തത നൽകാത്തതും നിയമപരമായി ചോദ്യം ചെയ്യപ്പെടാവുന്നതാണ്.
ജിയോ കോർഡിനേറ്റഡ് മാപ്പ് ഫയലുകൾ ലഭ്യമായിരിക്കുന്നത് kml, kmz (Keyhole Markup Language, Zipped Keyhole Markup Language) ഫയലുകളായിട്ടാണ് (ഗൂഗിൾ എർത്തിലേക്ക് ഈ ഫയലുകൾ ഇംപോർട്ട് ചെയ്താലേ ശരിയായ രീതിയിൽ അതിർത്തികൾ തിരിച്ചറിയാനാവൂ). രണ്ടു ഫയലുകളാണ് കേരളസർക്കാർ നിലവിൽ ലഭ്യമാക്കിയിരിക്കുന്നത്. ഒന്ന്, കസ്തൂരി രംഗൻ, ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ടുകളിൽ പറഞ്ഞിട്ടുള്ള 123 (ഇപ്പോൾ 131) വില്ലേജുകളുടെ മുഴുവൻ അതിർത്തി. രണ്ട്, കേരള സർക്കാർ 2018ൽ നൽകിയ റിപ്പോർട്ട് പ്രകാരമുള്ള പരിഷ്കരിച്ച ഇഎസ്എ പ്രപ്പോസൽ പ്രകാരമുള്ള അതിർത്തി. രണ്ടു മാപ്പുകളും നൽകിയിരിക്കുന്നത് ഒഴിവാക്കപ്പെട്ട മേഖലകൾ തിരിച്ചറിയാൻ ഉപകാരപ്രദമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട ഒന്നുള്ളത്, ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ട് പ്രകാരം വില്ലേജുകളിൽനിന്ന് ആദ്യഘട്ടത്തിൽ ഒഴിവാക്കിയതും നിലവിൽ കേന്ദ്ര മന്ത്രാലയം അംഗീകരിച്ചതുമായ ഇഎസ്എ പ്രദേശത്തിന്റെ അതിർത്തികൾ പ്രത്യേകമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതിനാൽതന്നെ ഇഎസ്എ കരട് വിജ്ഞാപനത്തിലെ വിവരങ്ങൾക്ക് അവലംബമായി ആ ഫയലുകൾ നിർദേശിക്കാനാവില്ല.
സംസ്ഥാന സർക്കാരിന്റെ പാളിച്ചകൾ
ഈ വിഷയത്തിലെ സർക്കാരിന്റെ നിലപാടും സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് 2018ൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിന്റെ നിലവിലെ അവസ്ഥയും വ്യക്തമായി വിശദീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല/ അതിന് തുനിഞ്ഞില്ല. രണ്ടു മാസം മുന്നിൽ ഉണ്ടായിരുന്നിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി അഭിപ്രായ രൂപീകരണം നടത്താനുള്ള നടപടിക്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കരട് വിജ്ഞാപനവും സംസ്ഥാന സർക്കാരിന്റെ പ്രൊപ്പോസലുകളും ഇഎസ്എ മാപ്പും ഒത്തുനോക്കാനുള്ള ക്രമീകരണവും സർക്കാർ ഒരുക്കിയില്ല. ഇത് ഗുരുതരമായ വീഴ്ചയാണ്.
സംസ്ഥാന സർക്കാരിന്റെ ഈ വിഷയവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്കിടയിലുള്ള ഏകോപനമോ ആശയവിനിമയമോ പോലും ഈ കാലയളവിൽ നടന്നിട്ടില്ല. ഇഎസ്എ കരട് വിജ്ഞാപനത്തിൽ ഇഎസ്എ വില്ലേജുകളുടെ കഡസ്ട്രൽ മാപ്പും മറ്റു വിശദാംശങ്ങളും ലഭ്യമാക്കിയിരിക്കുന്നതായി പറയുന്ന ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റ് അപ്ഡേറ്റഡ് അല്ല എന്ന് മാത്രമല്ല, ഈ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ബയോഡൈവേഴ്സിറ്റി ബോർഡിന് യാതൊരുവിധ നിർദേശങ്ങളും നൽകിയിട്ടുമില്ല. ഇഎസ്എ വില്ലേജുകളുടെ കഡസ്ട്രൽ മാപ്പുകൾ തയാറാക്കുകയും അപ്ഡേഷനുകൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നല്കിവരുകയും ചെയ്യുന്ന സംസ്ഥാന വിദൂരസംവേദന പരിസ്ഥിതി കേന്ദ്രം അധികൃതർക്കും ഇക്കാര്യവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലഭിച്ചിട്ടില്ല.
ലഭ്യമായ വിശദീകരണങ്ങൾ പ്രകാരം ഇഎസ്എ സംബന്ധമായ നടപടിക്രമങ്ങളുടെയെല്ലാം ചുമതല നിക്ഷിപ്തമായിരിക്കുന്നത് സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ ഓഫീസിലാണ്. പ്രസ്തുത ഓഫീസ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇഎസ്എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പൊതു അറിയിപ്പുകൾ നൽകുകയോ വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലുള്ള പരിസ്ഥിതി, ആസൂത്രണ-സാമ്പത്തികകാര്യ മന്ത്രാലയങ്ങൾക്ക് കീഴിൽവരുന്ന ഓഫീസുകളാണ് മേല്പറഞ്ഞവ മൂന്നും. ഇവയ്ക്കിടയിലോ പൊതുവിലോ യാതൊരുവിധ ഏകോപനവും കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല എന്നുള്ളതാണ് വാസ്തവം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നീക്കങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അക്കാരണത്താൽ ഇതുവരെയുള്ള സംസ്ഥാന സർക്കാരിന്റെ ഈ വിഷയത്തിലുള്ള ഇടപെടലുകളുടെ നിലവിലുള്ള സ്ഥിതിയും ഭാവിയും അവ്യക്തമാണ്.
ഗോവ സർക്കാർ പലപ്പോഴായി നൽകിയിട്ടുള്ള പ്രൊപ്പോസലുകൾ പരിഗണിച്ച് 2021-24 കാലയളവിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവുകൾ ഇറക്കിയിട്ടുള്ളതിന് തെളിവുകളുണ്ട്. കേരളം നൽകിയിട്ടുള്ള നിർദേശങ്ങൾക്ക് അത്തരത്തിൽ കേന്ദ്ര മന്ത്രാലയത്തിൽനിന്നുള്ള പ്രതികരണമോ അനുബന്ധ ഉത്തരവുകളോ ലഭിച്ചിട്ടുണ്ടോ എന്നുള്ളത് വ്യക്തമല്ല. അതിനാൽ, കേരളത്തിന്റെ നിർദേശങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം യുക്തമായ രീതിയിൽ പരിഗണിച്ചോ/പരിഗണിക്കുമോ എന്നതിന് സ്ഥിരീകരണം സംസ്ഥാന സർക്കാർ ലഭ്യമാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഈ വിഷയത്തിലെ ആശയക്കുഴപ്പങ്ങളും ആശങ്കകളും നിലനിൽക്കും.
പരിഗണിക്കപ്പെടേണ്ട വിഷയങ്ങൾ
സംസ്ഥാന സർക്കാർ സമർപ്പിച്ചിരിക്കുന്ന പ്രൊപ്പോസലുകൾ കേന്ദ്രം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ മാത്രമല്ല ഈ വിഷയത്തിലുള്ളത്. 2018ൽ സംസ്ഥാന സർക്കാർ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിലെ മാപ്പും പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്. അന്ന് സമർപ്പിച്ച പ്രൊപ്പോസലിൽ വ്യക്തമാക്കുന്നതുപ്രകാരം ജനവാസമേഖലകളെ പൂർണമായി ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, അനുബന്ധമായി തയാറാക്കപ്പെട്ട മാപ്പിൽ ഇനിയും ജനവാസമേഖലകളുണ്ട്. അത്തരം വിശദാംശങ്ങൾ വ്യക്തമായി മനസിലാക്കാനും പരാതി നൽകാനും പ്രദേശവാസികൾക്ക് കഴിഞ്ഞിട്ടില്ല. അതുപോലെതന്നെ, ഇഎസ്എ മേഖലകൾ ഇടകലർന്നുവരുന്ന ഭൂപ്രദേശങ്ങളിലെ റോഡ്, പാലം തുടങ്ങിയ അവശ്യ നിർമിതികളെ ഇഎസ്എ നിയന്ത്രണങ്ങൾ ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതും പ്രധാനപ്പെട്ട മറ്റൊരു ആവശ്യമാണ്.
കേരളത്തിലെ ജനങ്ങളെ ആശയക്കുഴപ്പത്തിൽ അകപ്പെടുത്തുന്ന വിധത്തിൽ, കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ നടപടികളോ അറിയിപ്പുകളോ ഉണ്ടാകാത്ത സാഹചര്യവും ജിയോ കോ-ഓർഡിനേറ്റുകൾ ഉൾപ്പെട്ട മാപ്പ് സംബന്ധിച്ച വ്യക്തത ജനങ്ങൾക്ക് ലഭിക്കാത്തതിനാലും എല്ലാ ജനങ്ങൾക്കും മനസിലാകുന്ന രീതിയിൽ കരട് വിജ്ഞാപനം മലയാളത്തിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാത്തതിനാലും കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നതുപ്രകാരം വിശദാംശങ്ങൾ കൃത്യമായ രീതിയിൽ വെബ്സൈറ്റിൽ ലഭ്യമല്ലാത്തതിനാലും തിരുത്തലുകൾ വരുത്തി രണ്ടാമതൊരു നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതിനോ പ്രതികരണങ്ങൾ അറിയിക്കുന്നതിനുള്ള സമയപരിധി നീട്ടി ലഭിക്കുന്നതിനോ നിർദേശിക്കാൻ കൂടുതൽ സംഘടനകളും വ്യക്തികളും നിയമനടപടികൾക്ക് മുന്നിട്ടിറങ്ങുന്നത് ഗുണകരമായിരിക്കും.
2018ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന മാപ്പിലും പ്രൊപ്പോസലുകളിലും പിഴവുകൾ കടന്നുകൂടിയിരിക്കുന്നതായുള്ള ആക്ഷേപങ്ങളുമുണ്ട്. അപ്രകാരം സംഭവിച്ചാൽ 2018ലെ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിലെ നിർദേശങ്ങൾ പൂർണമായി അവഗണിക്കപ്പെടാൻ അത് വഴിയൊരുക്കിയേക്കാം. സംസ്ഥാന സർക്കാർ ഇനിയെങ്കിലും ആത്മാർഥവും കാര്യക്ഷമവുമായ ഇടപെടലുകൾ നടത്താൻ തയാറാവുകയാണ് അവിടെ ആവശ്യം.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇഎസ്എ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേരള സർക്കാർ ഇടപെടലുകൾ അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്. അതേസമയം, പൂർണമായ പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യക്ഷമതയോടെ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുകയും പൊതുജനങ്ങൾക്ക് ശരിയായ രീതിയിലുള്ള മാർഗനിർദേശങ്ങളും വിശദീകരണങ്ങളും നൽകുകയും ചെയ്യേണ്ടിയിരുന്നു. എങ്കിലും, ഈ വൈകിയ വേളയിലും പരിഹാരം അന്യമല്ല. കോടതിയുടെ ഇടപെടലുകൾക്കൊപ്പം, ജനപ്രതിനിധികളുടെ ഇടപെടലുകളും ഇവിടെ ഗുണം ചെയ്തേക്കും. ജാഗ്രതയോടെ നിലപാട് സ്വീകരിക്കാത്ത പക്ഷം ഇനിയൊരു അവസരം ഇക്കാര്യത്തിൽ കേരളത്തിന് ലഭിച്ചുകൊള്ളണമെന്നില്ല.
(അവസാനിച്ചു)