ഇഎസ്എ: വസ്തുതകളും ആശങ്കകളും
റവ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
Saturday, September 28, 2024 12:32 AM IST
2024 ജൂലൈ 31ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയ പരിസ്ഥിതിദുർബല പ്രദേശങ്ങളുമായി (ഇഎസ്എ) ബന്ധപ്പെട്ട കരട് വിജ്ഞാപനം സംബന്ധിച്ച അഭിപ്രായങ്ങളും പരാതികളും സമർപ്പിക്കാനുള്ള സമയപരിധി ഇന്നുവരെയാണ്. എന്നാൽ, ‘കിഫ’ എന്ന സംഘടനയുടെ ഹർജിയെത്തുടർന്ന് കേരളവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒക്ടോബർ നാലുവരെ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സത്യവാങ്മൂലങ്ങൾ ലഭിച്ചതിനുശേഷം കോടതി വാദം കേൾക്കും. ആദ്യ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ച് പത്തുവർഷങ്ങൾക്കുശേഷമാണ് ഇപ്പോഴത്തെ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൊതുവെയുള്ള വിലയിരുത്തലുകൾ പ്രകാരം, വിജ്ഞാപനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് പത്തു വർഷങ്ങൾ പിന്നിട്ടിരിക്കുന്നതിനാൽ ഇനിയൊരു കരടു വിജ്ഞാപനംകൂടി ഉണ്ടായിരിക്കാനുള്ള സാധ്യത വിരളമാണ്, അന്തിമവിജ്ഞാപനം മാസങ്ങൾക്കുള്ളിൽ പ്രതീക്ഷിക്കാം. അതേസമയം, കേരളത്തെ സംബന്ധിച്ച് ഏറെ ആശങ്കകളും ആശയക്കുഴപ്പങ്ങളും തുടരുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് 2013 മുതലുള്ള വലത്, ഇടത് സർക്കാരുകൾ നിർണായകമായ പല ഇടപെടലുകളും നടത്തിയിട്ടുള്ളത് അംഗീകരിക്കുമ്പോഴും ഇഎസ്എ വില്ലേജുകളിൽ ജീവിക്കുന്ന ജനങ്ങളുടെ ഇപ്പോഴും തുടരുന്ന ആശങ്കകൾ പരിഹരിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ടെന്ന് ഓർമിപ്പിക്കാതിരിക്കാനാകില്ല.
2018ൽ സംസ്ഥാന സർക്കാർ വിശദമായ പഠനങ്ങളെത്തുടർന്ന് തയാറാക്കിയ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ വിശദാംശങ്ങളും ജിയോ കോ-ഓർഡിനേറ്റ്സ് ഉൾപ്പെട്ട മാപ്പ് ഫയലുകളും നിർദേശങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും അടങ്ങിയ റിപ്പോർട്ടും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നുവെങ്കിലും അതുസംബന്ധിച്ച ഉത്തരവുകളോ സ്ഥിരീകരണങ്ങളോ കേന്ദ്ര മന്ത്രാലയത്തിൽനിന്ന് ഉണ്ടായിട്ടുള്ളതായി അറിവില്ല.
പുതിയ കരട് വിജ്ഞാപനം സംബന്ധിച്ച പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ ലഭിച്ച അറുപത് ദിവസ കാലയളവിനുള്ളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ മാർഗനിർദേശങ്ങളോ വിശദീകരണങ്ങളോ പ്രദേശവാസികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ലഭിച്ചിരുന്നില്ല. ശരിയായ വിധത്തിൽ കേന്ദ്രമന്ത്രാലയത്തിനു മുന്നിൽ അഭിപ്രായങ്ങൾ സമർപ്പിക്കാനുള്ള ജനങ്ങളുടെ അവസരം നഷ്ടപ്പെടുത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്തിട്ടുള്ളത്. സർക്കാർ തലത്തിലുള്ള ഏകോപനമില്ലായ്മയും അലംഭാവവും ഗുരുതരമായ വീഴ്ചതന്നെയാണ്.
സംസ്ഥാന സർക്കാർ 2018ൽ സമർപ്പിച്ചിട്ടുള്ള പ്രൊപ്പോസലുകൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കാത്തപക്ഷം 2013-14 കാലയളവിൽ തയാറാക്കപ്പെട്ട ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള ഇഎസ്എ വില്ലേജ് ഭൂപ്രദേശങ്ങൾ അന്തിമവിജ്ഞാപനത്തിൽ ഉൾപ്പെട്ടാൽ, 2018ൽ കേരളസർക്കാർ സമർപ്പിച്ച പ്രൊപ്പോസലിൽ ഒഴിവാക്കപ്പെട്ട ജനവാസ മേഖലകളും ഇഎസ്എ ആയിമാറും. അത് അനേകം പൗരന്മാരുടെ മൗലികാവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റത്തിനും ജനവാസ മേഖലകളിലെ വികസനമുരടിപ്പിനും വഴിയൊരുക്കും.
സംക്ഷിപ്ത ചരിത്രം
2012-2013ൽ ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ചചെയ്യപ്പെട്ടു തുടങ്ങിയപ്പോൾ മുതലാണ് പശ്ചിമഘട്ട മലയോര മേഖലകൾ പരിസ്ഥിതിദുർബല പ്രദേശങ്ങൾ എന്ന നിലയിൽ വലിയ പ്രതിസസന്ധികൾ ഭാവിയിൽ അഭിമുഖീകരിക്കേണ്ടിവരുമെന്ന ആശങ്ക പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരളത്തിലെ ജില്ലകളിൽ അധിവസിക്കുന്നവർക്ക് രൂപപ്പെട്ടുതുടങ്ങിയത്.
ആദ്യം പ്രഫ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ ഗാഡ്ഗിൽ കമ്മിറ്റിയും പിന്നീട്, ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗൻ അധ്യക്ഷനായ ഹൈലെവൽ വർക്കിംഗ് ഗ്രൂപ്പും തുടർന്ന്, ഹൈലെവൽ വർക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോർട്ട് പഠിച്ച് കേരളത്തിന്റെ പശ്ചാത്തലത്തിൽ നിർദേശങ്ങൾ സമർപ്പിക്കാൻ കേരള ബയോഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ആയിരുന്ന ഡോ. ഉമ്മൻ വി. ഉമ്മൻ കൺവീനറായ മൂന്നംഗ എക്സ്പേർട്ട് കമ്മിറ്റിയും നിയോഗിക്കപ്പെട്ടിരുന്നു. ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടാണ് ഈ വിഷയത്തിലെ കേരള സർക്കാർ നിലപാടുകൾക്കും കേന്ദ്ര മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനങ്ങൾക്കും ആധാരം.
123 വില്ലേജുകളിൽ പ്രത്യേകം കമ്മിറ്റികൾ രൂപീകരിച്ചു പഠനം നടത്തിയ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി 123 വില്ലേജുകളിലെ 9,993.70 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പരിമിതപ്പെടുത്തി പുനർനിർണയിച്ചു. അതിൽ 886.70 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശങ്ങളും ബാക്കി 9,107 ചതുരശ്ര കിലോമീറ്റർ റിസർവ് വനമേഖലയുമായി നിശ്ചയിച്ചത് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ സംഭവിച്ച പിഴവാണെന്ന് വിലയിരുത്തപ്പെടുന്നു. തുടർന്ന്, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ആദ്യ ഇഎസ്എ കരട് വിജ്ഞാപനം 2014ൽ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ഉൾപ്പെടുത്തപ്പെട്ടിരുന്ന ഇഎസ്എ പ്രദേശം ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നിർദേശപ്രകാരമുള്ള 9,993.7 ചതുരശ്ര കിലോമീറ്റർ ആയിരുന്നു. പിന്നീട്, 2015, 2017, 2018, 2022, 2024 വർഷങ്ങളിലായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അഞ്ച് കരട് വിജ്ഞാപനങ്ങൾകൂടി പ്രസിദ്ധീകരിച്ചു. അവയിലും കേരളത്തിന്റെ പരിസ്ഥിതി ദുർബല പ്രദേശമായി പറഞ്ഞിരിക്കുന്നത് 9,993.70 ചതുരശ്ര കിലോമീറ്റർ തന്നെയാണ്.
ഇതിൽ ആറാമത്തേതും അവസാനത്തേതുമായ 2024 ജൂലൈ 31ന് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിൽ മാത്രമാണ് കേരളത്തിന്റെ ഇഎസ്എ വില്ലേജുകളുടെ വിശദാംശങ്ങൾ ഉള്ളത്. ബാക്കി അഞ്ച് വിജ്ഞാപനങ്ങളിലും ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളം സമർപ്പിച്ചിരിക്കുന്ന ഭേദഗതികൾ പൂർണമായി അംഗീകരിച്ചിരിക്കുന്നതിനാൽ കേരളത്തെ കരട് വിജ്ഞാപനത്തിൽ ഒഴിവാക്കിയിരിക്കുന്നു എന്ന വിശദീകരണമാണുള്ളത്.
കേരളത്തിന്റെ ഇഎസ്എ പ്രദേശത്തിന്റെ ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശ പ്രകാരമുള്ള ആകെ അളവ് ആരംഭത്തിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും തുടർന്നുള്ള ഭാഗങ്ങളിൽ, സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടെ കേരളത്തെക്കുറിച്ചുള്ള പരാമർശങ്ങളില്ല. വിശദാംശങ്ങൾ കേരള ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് എന്ന സൂചന മാത്രം ആദ്യ അഞ്ച് കരട് വിജ്ഞാപനങ്ങളിലും ആദ്യഭാഗത്ത് കാണാം.
സംസ്ഥാന സർക്കാരിന്റെ 2018ലെ പ്രൊപ്പോസലുകൾ
ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് തയാറാക്കപ്പെടുകയും ആദ്യ കരട് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തുകയും ചെയ്ത് നാലു വർഷങ്ങൾക്കു ശേഷം 2018ലാണ് ജിയോ കോർഡിനേറ്റുകൾ ഉൾപ്പെട്ട മാപ്പ് ഫയലുകളും ഇഎസ്എ വിശദാംശങ്ങളും വ്യക്തമായ പ്രൊപ്പോസലുകളും സംസ്ഥാന സർക്കാർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കുന്നത് (No.271/A2/20 17/Envt.). അതിനു മുമ്പ് 2018 ഏപ്രിൽ 18ന് ഡൽഹിയിൽ നടന്ന ഇഎസ്എ ചർച്ചയിൽ കേരളത്തിന്റെ പ്രതിനിധികൾ പങ്കെടുക്കുകയും പുതിയ പഠനങ്ങളുടെ വെളിച്ചത്തിൽ ചില ഭേദഗതികൾ ഉണ്ടെന്നും മന്ത്രിസഭയുടെ അനുമതി ലഭിച്ചതിനു ശേഷം കേന്ദ്ര മന്ത്രാലയത്തിന് സമർപ്പിക്കുമെന്നും അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2018 ജൂൺ 16നാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. തുടർന്ന് 2019 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഇഎസ്എ മീറ്റിങ്ങിൽ കേരളത്തിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുകയും കേരളം സമർപ്പിച്ച നിർദേശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
2018 ജൂണിൽ കേരളം സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നിശ്ചയിച്ച ഇഎസ്എ പ്രദേശങ്ങളുടെ വിസ്തൃതിയിൽ കാര്യമായ വ്യത്യാസങ്ങൾ വരുത്തി, 8,656.46 ചതുരശ്ര കിലോമീറ്റർ ഇഎസ്എയാണ് നിശ്ചയിച്ചിരുന്നത്. ഇഎസ്എ വില്ലേജുകൾ 123ൽനിന്ന് 92 ആയി ചുരുക്കുകയുമുണ്ടായി (എങ്കിലും 123 വില്ലേജുകളുടെയും വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തപ്പെട്ടിരുന്നു). ഇക്കാര്യങ്ങൾ 2019ൽ തന്നെ കേന്ദ്ര മീറ്റിങ്ങിൽ ചർച്ച ചെയ്യപ്പെട്ടിട്ടും 2022ൽ പ്രസിദ്ധീകരിച്ച അഞ്ചാം കരട് വിജ്ഞാപനത്തിലും കേരളത്തിന്റെ ഇഎസ്എ വില്ലേജ് വിശദാംശങ്ങൾ ഉൾപ്പെടുത്തപ്പെട്ടില്ല എന്നുള്ളത് ഗൗരവമായി കാണേണ്ടതുണ്ട്.
ആറാം കരട് വിജ്ഞാപനം
2024 ജൂലൈ 31ന് പ്രസിദ്ധീകരിക്കപ്പെട്ട കരട് വിജ്ഞാപനത്തിൽ ആദ്യമായി കേരളത്തിന്റെ ഇഎസ്എ വില്ലേജ് വിശദാംശങ്ങൾ ഉൾപ്പെടുത്തപ്പെട്ടപ്പോൾ അതിലെ വില്ലേജുകളുടെ എണ്ണം 131 ആണ് (123 + 8 Bifurcated villages). 2018ൽ കേരളം സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ ചർച്ചയിൽ പരിഗണിച്ചെങ്കിലും കരട് വിജ്ഞാപനത്തിൽ വന്നിട്ടില്ല എന്നുള്ളതാണ് ഇപ്പോഴുള്ള പ്രധാന ആശങ്കകൾക്ക് അടിസ്ഥാനം. സംസ്ഥാന സർക്കാർ 2018ൽ പ്രൊപ്പോസലുകൾ സമർപ്പിച്ചിട്ടും കരട് വിജ്ഞാപനത്തിൽ അത് ഉൾപ്പെടാത്തത് സർക്കാരിന്റെ അവകാശവാദങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാനിടയാക്കി.
കേരളമൊഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളുടെയും ഇഎസ്എ വില്ലേജുകളുടെ വിശദാംശങ്ങൾ കസ്തൂരി രംഗൻ റിപ്പോർട്ട് പ്രകാരമുള്ളവയാണ്. എന്നാൽ, 2013ലെ ഒന്നാം കരട് വിജ്ഞാപനപ്രകാരം, കേരളത്തിലെ ഇഎസ്എ വില്ലേജുകളുടെ വിസ്തൃതിയായി കാണിച്ചിരിക്കുന്നത് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നിശ്ചയിച്ചതുതന്നെയാണ്. എല്ലാ സംസ്ഥാനങ്ങളിലും ആദ്യ കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന ആകെ വിസ്തൃതിയും ഇഎസ്എ വിശദാംശങ്ങളും തന്നെയാണ് പിന്നീടുള്ള ആറു കരട് വിജ്ഞാപനങ്ങളിലും ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത്.
ആദ്യ കരട് വിജ്ഞാപനം തയാറാക്കുമ്പോൾ നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും കാര്യത്തിൽ എന്നതുപോലെ കേരളത്തിന്റെ കാര്യത്തിലും ഇപ്പോഴും തുടരുകയാണ്. കാതലായ മാറ്റങ്ങൾ അന്തിമവിജ്ഞാപനത്തിലേ ഉൾപ്പെടുത്തപ്പെടുകയുള്ളൂ എന്നാണ് ഇതേക്കുറിച്ച് ലഭിക്കുന്ന വിശദീകരണം.
മറ്റു സംസ്ഥാനങ്ങളും ഈ കാലയളവിൽ ഇഎസ്എ വിസ്തൃതിയിൽ മാറ്റം വരുത്താനുള്ള പഠനങ്ങൾ നടത്തുകയും റിപ്പോർട്ടുകൾ നൽകുകയും ചെയ്തിട്ടുള്ളതാണ്. കേരളത്തെ സംബന്ധിച്ച്, 2018ൽ ജനവാസ മേഖലകളെയൊക്കെ ഒഴിവാക്കി സംസ്ഥാന സർക്കാർ നൽകിയ പ്രൊപ്പോസലുകൾ കേന്ദ്രം അംഗീകരിക്കുമോ എന്ന കാര്യത്തിലുള്ള അവ്യക്തതയാണ് ആശങ്കകൾക്ക് അടിസ്ഥാനമായി നിൽക്കുന്നത്.
(സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ)
(തുടരും)