കുട്ടനാട്ടിലെ ആധുനിക വള്ളംകളിയുടെ ശില്പികള്
ആന്റണി ആറില്‍ച്ചിറ ചമ്പക്കുളം
Friday, September 27, 2024 12:31 AM IST
അഞ്ച് നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് കേരളക്കരയിലെ, പ്രത്യേകിച്ച് കുട്ടനാട്ടിലെ വള്ളംകളിക്ക്.എന്നാല്‍, ഒരു നൂറ്റാണ്ട് മാത്രമാണ് ഇന്നു കാണുന്ന ആവേശക്കളികള്ക്ക് പഴക്കം. ഓളപ്പരപ്പിലെ ഒളിന്പിക്സ് എന്നറിയപ്പെടുന്ന ആലപ്പുഴ പുന്നമട കായലിലെ നെഹ്റു ട്രോഫി വള്ളംകളി ലോക കായിക ഭൂപടത്തില്‍ ഇന്ന് അഭിമാനാര്‍ഹമായ സ്ഥാനം നേടിയിരിക്കുന്നു.
ആധുനിക സൗകര്യങ്ങളോ സാങ്കേതിക വിദ്യകളോ ലഭ്യമല്ലാതിരുന്ന ഒരു കാലത്തുനിന്ന് നവീന സൗകര്യങ്ങളോടെ കുറ്റമറ്റ രീതിയില്‍ വള്ളംകളി നടത്താന്‍ ഇന്നു സാധിക്കുമ്പോള്‍ ഇതിനു പിന്നില്‍ അക്ഷീണം യത്നിച്ച നിരവധി ആളുകളുണ്ട്. കാരിരുമ്പിന്റെ കരുത്തുള്ള യുവാക്കന്മാര് കൈക്കരുത്തും മെയ്ക്കരുത്തും നയമ്പില് ആവാഹിച്ച് നെട്ടായത്തില്‍ തീപ്പൊരി പാറിക്കുമ്പോള്‍ കുട്ടനാട്ടുകാര്‍ക്കും ആലപ്പുഴക്കാര്‍ക്കും ലോകമെമ്പാടുമുള്ളവര്‍ക്കും ആവേശം കൊടുമുടി കയറും.
പതിനഞ്ചാം നൂറ്റാണ്ടിൽ ചമ്പക്കുളത്താറ്റില്‍ തുടക്കം കുറിച്ച മൂലം വള്ളംകളി (മൂലക്കാഴ്ച) യാണ് ചുണ്ടന്‍വള്ളങ്ങളുടെ കേരളത്തിലെ ആദ്യത്തെ മത്സര വള്ളംകളി. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മൂലം വള്ളംകളിയുടെ നടത്തിപ്പില്‍ ആര്‍ക്കും താത്പര്യം ഇല്ലാതെ വന്നു. ചെമ്പകശേരി രാജവംശത്തിന്റെ പതനത്തോടെ പാരമ്പര്യമായി നടന്നുവന്നിരുന്ന മൂലം (മൂലക്കാഴ്ച) ആഘോഷങ്ങളോട് തിരുവിതാംകൂര്‍ ഭരണാധികാരികള്‍ക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല.
1926ല്‍ ഐ.സി. ചാക്കോ കുട്ടനാട്ടിലെ വിവിധ കരക്കാരെ ഒന്നിച്ചുകൂട്ടി മൂലം വള്ളംകളി പൂര്‍വാധികം ഭംഗിയായി നടത്താന്‍ ധാരണയായി. വിവിധ കരക്കാര് അവരവരുടെ വള്ളങ്ങളില്‍ മൂലം ജലോത്സവത്തിന് എത്താമെന്നറിയിച്ചു.
കുട്ടനാട്ടിലെ പുന്നക്കുന്നത്തുശേരിക്കാരനായ ഐ.സി. ചാക്കോയുടെ നാട്ടുകാര്‍ക്ക് പങ്കെടുക്കാന്‍ അന്നു സ്വന്തമായി ചുണ്ടന്വള്ളമില്ലായിരുന്നു. ഈ കുറവ് നികത്താന്‍ സ്വന്തമായി ഗിയര്‍ഗോസ് എന്ന ചുണ്ടന്‍വള്ളം വാങ്ങി അദ്ദേഹം നാട്ടുകാര്‍ക്ക് നല്കി. മറ്റു കരക്കാരെപ്പോലെതന്നെ പുന്നക്കുന്നത്തുശേരിക്കാരും അങ്ങനെ സ്വന്തം വള്ളത്തില്‍ മൂലം വള്ളംകളിയില്‍ പങ്കെടുത്തു.
1963ല്‍ യുബിസി കൈനകരി ഈ ചുണ്ടന്‍വള്ളത്തില്‍ തുഴഞ്ഞ് നെഹ്റു ട്രോഫി നേടുകയും ചെയ്തു. ഗിയര്‍ഗോസ് ചുണ്ടന് പില്ക്കാലത്ത് ഐ.സി. ചാക്കോയോടുള്ള ബഹുമാന സൂചകമായി ‘ഐസി വള്ളം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ നാമാവശേഷമാകേണ്ടിയിരുന്ന ഒരു കായിക ഇനമായിരുന്ന ചുണ്ടന്വള്ളംകളിയെ തിരികെ കൊണ്ടുവരുന്നതില്‍ ഷെവ. ഐ.സി. ചാക്കോയുടെ പങ്ക് വളരെ വലുതായിരുന്നു.
1952ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കേരള സന്ദര്‍ശനത്തില്‍ ആലപ്പുഴ സ്ഥാനം പിടിച്ചിരുന്നില്ല. എന്നാല്‍, പ്രധാനമന്ത്രിയെ കോട്ടയത്ത് കുമരകത്തുനിന്ന് മുരിക്കന്റെ കായല്‍നിലം വഴി വേമ്പനാട്ടു കായലിലൂടെ ആലപ്പുഴയില്‍ എത്തിച്ചതിന് ചുക്കാന്‍ പിടിച്ചതില്‍ പ്രധാനി ഒരു കുട്ടനാട്ടുകാരനായിരുന്നു. തിരുക്കൊച്ചി പട്ടം താണുപിള്ള മന്ത്രിസഭയില്‍ ഭക്ഷ്യ-കൃഷി വകുപ്പ് കൈകാര്യം ചെയ്തിരുന്നതും പിന്നീട് വന്ന സി. കേശവന് മന്ത്രിസഭയില്‍ ഭക്ഷ്യവകുപ്പും ധനകാര്യവും കൈകാര്യം ചെയ്തിരുന്നതുമായ മാമ്പുഴക്കരി കരിവേലിത്തറ കുടുംബത്തിലെ കെ.എം. കോര എന്ന മികച്ച സംഘാടകനും ദേശസ്നേഹിയും ആയിരുന്നു അതിന് സാഹചര്യം ഒരുക്കിയത്.
കോട്ടയത്തിനു സമീപമുള്ള കുമരകത്തുനിന്നു മുരിക്കന്‍ കുത്തിപ്പൊക്കിയ കായലുകള്‍ കാട്ടി, കര്‍ഷകരുടെ നിവേദനം കര്‍ഷകരെക്കൊണ്ട് പ്രധാനമന്ത്രിക്ക് നല്‍കാനും അതിനു തുടര്‍ച്ചയായി അദ്ദേഹത്തിന് ഒരു ചുണ്ടന്വള്ളംകളിവിരുന്ന് ഒരുക്കാനുമാണ് കെ.എം. കോര നിര്‍ദേശം നല്‍കിയത്. അങ്ങനെ പ്രധാനമന്ത്രി കുടുംബസമേതം ആലപ്പുഴ വഴി വന്നു. തന്റെ സുഹൃത്തും പ്രമുഖ കര്‍ഷകനും പൊതുപ്രവര്‍ത്തകനുമായ പൂപ്പള്ളി കുട്ടിച്ചന്റെയും മറ്റു ചില സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ ആലപ്പുഴ വേമ്പനാട്ടു കായലില്‍ വള്ളംകളി സംഘടിപ്പിച്ചത് അദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു. ഒരു വെടിക്ക് മൂന്നു പക്ഷി എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന മുരിക്കന്‍ കായലുകള്‍ പണ്ഡിറ്റ്ജിയെ കാണിക്കുക, കര്‍ഷകരുടെ പരാതി കര്‍ഷകരെക്കൊണ്ട് തന്നെ പ്രധാനമന്ത്രിക്ക് കൊടുപ്പിക്കുക, അതോടൊപ്പം കുട്ടനാട്ടില്‍ അല്ലാതെ ലോകത്തൊരിടത്തും അന്നു നിലവിലില്ലാത്ത ചുണ്ടന് വള്ളംകളി എന്ന മനോഹരക്കാഴ്ച്ച ജവഹര്‍ലാല്‍ നെഹ്റുവിനും കുടുംബത്തിനും മുന്നില്‍ അവതരിപ്പിക്കുക എന്നീ വ്യത്യസ്ത ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് കെ.എം. കോര പ്രധാനമന്ത്രിയുടെ യാത്ര ആലപ്പുഴ വഴിയാക്കിയത്.
വള്ളംകളി തയാറാക്കിയതോടൊപ്പം വിജയികള്‍ക്ക് നല്‍കാനായി അന്ന് 1,000 രൂപ ചെലവില്‍ ആലപ്പുഴയിലെ ഒരു ആഭരണശാലയില്‍നിന്ന് ചുണ്ടന്റെ മാതൃകയില്‍ ഒരു ട്രോഫിയും പണി തീര്‍ത്തു. പിന്നീട്, അത് ഡല്‍ഹിയിലേക്ക് അയച്ചാണ് നെഹ്റുവിന്റെ കൈയൊപ്പ് വാങ്ങിയത്.
പ്രധാനമന്ത്രിയും കുടുംബവും ആവേശത്തോടെ വിജയിയായ നടുഭാഗം വള്ളത്തില്‍ ചാടിക്കയറി മണ്റോതുരുത്തില്നിന്ന് പുന്നമടവരെ യാത്ര ചെയ്യാന്‍ ഇടയായ സാഹചര്യം ഉണ്ടായതിലും അതിന് സുരക്ഷ ഒരുക്കുന്നതിലും കെ.എം. കോരയുടെ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. വിജയികള്‍ക്കും മറ്റുള്ളവര്‍ക്കും പ്രധാനമന്ത്രിയെക്കൊണ്ട് സമ്മാനം വിതരണം ചെയ്യിച്ച് വള്ളംകളിയില്‍ പങ്കെടുത്തവര്‍ക്കും അത് ഒരു അമൂല്യ നിമിഷമാക്കി മാറ്റാന്‍ അദ്ദേഹത്തിന്റെ സംഘാടകശേഷിക്ക് സാധിച്ചു. അങ്ങനെയാണ് ഇന്ന് കാണുന്ന നെഹ്റു ട്രോഫി എന്ന ജലമാമാങ്കത്തിന് തുടക്കമിട്ടത്.
കുട്ടനാടിനെ ഹൃദയത്തിലേറ്റിയ നേതാവായിരുന്നു കെ.എം. കോര. പേരെടുത്ത സ്വാതന്ത്ര്യസമര സേനാനിയും സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളില്‍ ഒരാളുമായിരുന്ന അദ്ദേഹം 1948ലും 1952ലും ചങ്ങനാശേരിയില്‍നിന്നും 1954ല്‍ മണിമലയില്നിന്നുമാണ് നിയമസഭയിലെത്തിയത്. പനമ്പള്ളി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവായിരുന്നു അദ്ദേഹം. സംസ്ഥാനപുനഃസംഘടനാ വേളയില്‍ ദക്ഷിണ തിരുവിതാംകൂര്‍ തമിഴ്നാടിന് വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേധിച്ച് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ നിലപാടുകള്‍ ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു.
പുളിങ്കുന്ന് പുന്നക്കുന്നത്തുശേരി ഇല്ലിപ്പറമ്പിൽ കോര-അന്ന ദമ്പതികളുടെ മകനായി ജനിച്ച ഐ.സി. ചാക്കോ കവി, പത്രാധിപര്‍, ശാസ്ത്ര ഗവേഷകന്, എഴുത്തുകാരന് എന്നീ നിലകളില്‍ തന്റെ കഴിവുകള്‍ പ്രകടമാക്കി. അദ്ദേഹത്തിന്റെ മരണത്തോടനുബന്ധിച്ച് ദീപികയില്‍ വന്ന മുഖപ്രസംഗത്തിന്റെ വരികള്‍ ഇപ്രകാരമയിരുന്നു: “പണ്ഡിതന്മാരുടെ പണ്ഡിതനും നേതാക്കന്മാരുടെ നേതാവും സമുദായത്തിന്റെ ബുദ്ധിനിക്ഷേപവുമായ ഷെവലിയാര്‍ ഐ.സി. ചാക്കോയെപ്പോലെ നാനാവിധ സിദ്ധികളാല്‍ അനുഗൃഹീതരായ മഹാപുരുഷന്മാര് ഏത് സമുദായത്തിലും അപൂര്‍വമായേ ഉണ്ടാവാറുള്ളൂ.”
ഈ വള്ളംകളിക്കാലത്ത് കുട്ടനാട്ടുകാര്‍ ആവര്‍ത്തിച്ചു പറയും, കുട്ടനാട്ടില്‍ ചുണ്ടന് വള്ളംകളിയെ നിലനിര്‍ത്തിയത് ഐ.സി. ചാക്കോയും നെഹ്റു ട്രോഫിയുടെ കാരണക്കാരന്‍ കെ.എം. കോരയുമാണെന്ന്. ആരൊക്കെ മറന്നാലും അവഗണിച്ചാലും കൂടുതല്‍ തെളിമയോടെ ഈ പേരുകള്‍ വള്ളംകളിയുടെ യഥാര്‍ഥ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്.