അനന്തസാധ്യതകളുള്ള ടൂറിസം മേഖല
വർഗീസ് പുന്നന്‍
Friday, September 27, 2024 12:23 AM IST
അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലും ക്രിയാത്മക ചര്‍ച്ചയിലൂടെ ഈ മേഖലകളിലെ പ്രതിസന്ധികളും സാധ്യതകളും വിലയിരുത്തി സേവന ദാതാക്കളെ പ്രോത്സാഹിപ്പിക്കണമെന്നും അതിലൂടെ വ്യവസായി സഹവര്‍ത്തിത്വത്തിലൂടെ മുന്നേറാന്‍ കഴിയണമെന്നുമാണ് ടൂറിസം ദിനം നൽകുന്ന സന്ദേശം.
ഈ വര്‍ഷത്തെ ചിന്താവിഷയം ‘ടൂറിസം: നീതിയും സമാധാനവും’ എന്നതാണ്. ലോകമെന്പാടും ടൂറിസത്തിന്റെ നൂതന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ രാജ്യങ്ങൾ വെന്പൽ കൊള്ളുകയാണ്. എന്നാൽ, പലയിടത്തും നിലനിൽക്കുന്ന അസമാധാനവും അശാന്തിയും ടൂറിസത്തിന്റെ ഭാവിക്കും ദോഷകരമായിട്ടുണ്ട്. ഇതു മുന്നിൽകണ്ടാണ് ടൂറിസം: ‘നീതിയും സമാധാനവും’ എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്നത്.
സഞ്ചാരികളിൽ ആത്മവിശ്വാസമാണ് ഉണ്ടാകേണ്ടത്. കാലാവസ്ഥാ വ്യതിയാനം പലയിടത്തും ടൂറിസത്തിനു വിലങ്ങുതടിയായി മാറിയിട്ടുണ്ട്. അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരിക്കണം. മനസിനു കുളിർമ തേടിയെത്തുന്നവരാണ് സഞ്ചാരികൾ. ഇവരെ അസ്വസ്ഥരാക്കുന്ന സമീപനങ്ങൾ ഉണ്ടാകരുത്. അടിസ്ഥാനസൗകര്യ വികസനമാണ് ഇതിൽ പ്രധാനം.
കോവിഡനന്തര കാലഘട്ടത്തിൽ ടൂറിസം മേഖല നേരിട്ട വെല്ലുവിളി വളരെ വലുതായിരുന്നു. അതിനുശേഷം പുതിയ ഒരു ഘട്ടത്തിലേക്കാണ് നാം മാറിയത്. ടൂറിസം മേഖലയിലും ഇതിനനുസൃതമായ മാറ്റങ്ങൾ കണ്ടു. പക്ഷേ, മുന്‍പുണ്ടായ കുതിച്ചുചാട്ടം ഈ മേഖലയ്ക്കു ലഭിച്ചില്ല. ആഗോള ടൂറിസം മേഖലയിലുണ്ടായ മാറ്റങ്ങൾ ആഭ്യന്തര ടൂറിസത്തിന്റെയും ഗ്രാമീണ ടൂറിസത്തിന്റെയും സാധ്യതകൾ തേടുന്നതായിരുന്നു.
കേരള ടൂറിസം മേഖലയിലും കാലാനുസൃതമായ മാറ്റങ്ങൾ വന്നുകൊണ്ടേയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്ത് ഒരു പകരക്കാരനായി സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ ടൂറിസത്തിന്റെ പങ്ക് ചെറുതല്ല. കൂടുതല്‍ വരുമാനവും തൊഴിലും നേടിത്തരുന്ന ഒരു മേഖലയെന്ന നിലയില്‍ ഇതിന്റെ ഉത്തരവാദിത്വവും വലുതാണ്. പ്രകൃതിയുടെ തനിമയാര്‍ന്ന ഭംഗി പ്രയോജനപ്പെടുത്തുന്ന ചെറുപദ്ധതികള്‍ ഗ്രാമങ്ങളില്‍ വരണം. പഴമയുടെ പൊരുള്‍ തിരിച്ചറിഞ്ഞ ആധുനികസമൂഹം ഗ്രാമീണ ടൂറിസത്തിലൂടെ ഗ്രാമവികസനം ആഗ്രഹിക്കുന്നു.
പരിസ്ഥിതി നാട്ടറിവുകള്‍, പ്രകൃതിദൃശ്യങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, നാടന്‍ ഭക്ഷണം, ഉത്സവങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും അതിലൂടെ സമ്പദ്ഘടന വികസിപ്പിക്കാനും കഴിയും. ലോക ടൂറിസത്തിന്റെ പുതിയ കാഴ്ചപ്പാടും ഈ വഴിക്കു തന്നെയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗ്രാമീണ ടൂറിസം പാക്കേജ് നടപ്പാക്കണം. സഞ്ചാരയോഗ്യമായ നദികളും കനാലുകളും മറ്റുജലപാതകളുമായി ബന്ധപ്പെടുത്തേണ്ടതു കേരളത്തിന്റെ ടൂറിസം വികസനത്തിന് അത്യന്താപേക്ഷിതമാണ്. ടൂറിസത്തെക്കുറിച്ചുളള മനോഭാവവും കാഴ്ചപ്പാടും മാറുന്നതിന് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആതിഥേയ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ പരിശീലന പരിപാടിക്ക് രൂപം നല്‍കുകയും വേണം.
ഉത്തരവാദിത്വ ടൂറിസം നയമായി സ്വീകരിച്ച് കൃത്യമായ ആസൂത്രണത്തിലൂടെയും വകുപ്പുകളുടെ ഏകോപനത്തോടെയും നടപ്പാക്കിയാല്‍ ഈ രംഗത്ത് ശുഭപ്രതീക്ഷയുണ്ടാകും. നിലവിലെ സൗകര്യങ്ങൾ നിലവാരമുള്ളതാക്കി മാറ്റുകയെന്നതാണ് ടൂറിസം വികസനത്തിന്റെ അടിസ്ഥാന ആവശ്യം. പാക്കേജുകളും ടൂർ ഓപ്പറേഷനുകളും പ്രഖ്യാപിക്കുന്പോൾ പുതുതലമുറ ഓരോ സംരംഭകന്റെയും നിലവാരം ചോദിച്ചറിയാറുണ്ട്.
വിരൽത്തുന്പിലൂടെ ഇടങ്ങൾ തേടി ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്ഥലം കണ്ടെത്തി എത്തുന്നവരുടെ എണ്ണം കൂടിവരുന്നു. സ്ഥലപരിചയമോ, പാതകളെ സംബന്ധിച്ച നിശ്ചയമോ ഇല്ലാതെ ഗ്രാമീണ മേഖലയിലേക്കു വരുന്നവരിൽ പലരും അപകടങ്ങളിൽ പെടുന്നുണ്ട്. ഗൂഗിൾ മുഖേനയുള്ള തെരച്ചിലിൽ വഴിതെറ്റി നദിയിലോ തോട്ടിലോ ഒക്കെ വീണ് അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കൃത്യമായ ഏകോപനമോ സഞ്ചാരികളുടെ വിവരശേഖരണത്തിനു സംവിധാനമോ ഇല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങളിലേക്കു വഴിതെളിക്കുന്നത്.
കണ്ടക്ടഡ് ടൂർ പ്രോഗ്രാമുകൾ
കേരളത്തിൽ സമീപകാലത്ത് ഏറെ ശ്രദ്ധേയമായ മാറ്റം കണ്ടുതുടങ്ങിയത് കണ്ടക്ടഡ് ടൂർ പ്രോഗ്രാമുകളിലാണ്. നമ്മുടെ കെഎസ്ആർടിസി നടപ്പാക്കിവരുന്ന യാത്രാപരിപാടികൾ നേടിയ വിജയം കണ്ടില്ലെന്നു നടിക്കാനാകില്ല. ടൂറിസം കേന്ദ്രങ്ങളിലൂടെ മാത്രമല്ല, തീർഥാടനവുമായി ബന്ധപ്പെടുത്തിയും കെഎസ്ആർടിസി ഈ രംഗത്ത് വൻ നേട്ടമുണ്ടാക്കി വരികയാണ്. ഇതൊരു മാതൃകാ പദ്ധതിയാണ്. പല സ്വകാര്യ സംരംഭകരും ഈ മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഗ്രാമീണ ടൂറിസം പദ്ധതികൾ തയാറാക്കി അന്തർജില്ലാ കണ്ടക്ടഡ് ടൂർ പ്രോഗ്രാമുകൾ സംഘടിപ്പിക്കാന്‍ സർക്കാർ ടൂറിസം വകുപ്പിനും ഡിടിപിസിക്കുമൊക്കെ മുൻകൈയെടുക്കാനാകും. ടൂറിസം സൊസൈറ്റികൾ, ഹോം സ്റ്റേ, ടൂർ ഓപ്പറേറ്റർമാർ എന്നിവരുടെ സഹകരണവും ഇതിനായി തേടാവുന്നതാണ്. കൂടാതെ, താത്പര്യമുള്ള ഓപ്പറേറ്റർമാരുടെയും പ്രവാസികളുടെയും സഹകരണത്തിൽ പദ്ധതി വ്യാപിപ്പിക്കാനാകും. സ്വകാര്യ സംരംഭകരെ ഗ്രാമീണ ടൂറിസം മേഖലയിലേക്ക് കൊണ്ടുവരാനാകണം.
താമസസൗകര്യം
മെച്ചപ്പെട്ട താമസസൗകര്യങ്ങൾ ഗ്രാമീണ മേഖലകളിലുണ്ടാകണം. നാട്ടുവഴികളും നാട്ടുചോലകളും അരുവികളുമൊക്കെ നൽകുന്ന ടൂറിസം സാധ്യത പ്രയോജനപ്പെടണമെങ്കിൽ ആളുകൾക്ക് ഇത് ആസ്വദിക്കാനും ഗ്രാമീണ ഭക്ഷണം നിലവാരത്തോടെ ലഭ്യമാക്കാനും കഴിയണം. പിഡബ്ല്യുഡി, ടൂറിസം വകുപ്പുകളുടെ ഗസ്റ്റ് ഹൗസുകളും റസ്റ്റ് ഹൗസുകളും മെച്ചപ്പെട്ടിട്ടുണ്ട്. ഇതു കുറേക്കൂടി മെച്ചപ്പെടുത്തി ഹട്ടുകളും മറ്റും സ്ഥാപിച്ച് താമസസൗകര്യം വർധിപ്പിക്കണം. കുടുംബശ്രീ പോലെയുള്ള സംരംഭങ്ങളെ ഉപയോഗപ്പെടുത്തി നാടൻ ഭക്ഷണം രുചികരമായ രീതിയിൽ ലഭ്യമാക്കണം.
കലാ, സാംസ്കാരിക പരിപാടികൾക്ക് സ്ഥിരം വേദികൾ
പൈതൃക കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അന്യംനിന്നു പോകുന്ന കലാരൂപങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനുമായി ടൂറിസം ഉത്സവപരിപാടികൾ നടത്തുന്നത് ടൂറിസം സാധ്യത വർധിപ്പിക്കാനുപകരിക്കും. കേരളത്തിന്റെ പ്രധാനപ്പെട്ട ഉത്സവകാലയളവായ ഓണം സീസണാണ് പരമാവധി പ്രയോജനപ്പെടുത്തേണ്ടത്.
ടൂറിസം ദിനമായ സെപ്റ്റംബർ 27 ഓണത്തോടനുബന്ധിച്ച് ആരംഭിക്കുന്ന ടൂറിസം മാസത്തിൽ തന്നെ വരുന്നത് ഉചിതമാണ്. ഓണാഘോഷം പ്രൗഢി നഷ്ടപ്പെടാതെതന്നെ നടത്താനാകണം. കേരളത്തിന്റെ തനതായ സാംസ്കാരിക ആഘോഷങ്ങൾ ഉപേക്ഷിക്കുന്നത് ടൂറിസം മേഖലയ്ക്കു തിരിച്ചടിയാണ്.
ടൂറിസം ഉത്സവ പരിപാടികളും കലാരൂപങ്ങളുടെ അവതരണവും ടൂറിസം കേന്ദ്രങ്ങളിൽ തുടർച്ചയായി അവതരിപ്പിക്കാൻ വേദികളുണ്ടാകണം. ഇത് സാംസ്കാരിക വിനിമയ സാധ്യതകൾ വർധിപ്പിക്കാൻ ഉപകരിക്കും. വിപണന സാധ്യതകൾ ലക്ഷ്യംവച്ച് ഓരോ ജില്ലയുടെയും പൈതൃകങ്ങളും സാംസ്കാരിക കേന്ദ്രങ്ങളുടെ പ്രത്യേകതകളും വ്യക്തമാക്കുന്ന ലഘുചിത്രീകരണങ്ങൾ തയാറാക്കി പരമാവധി പ്രചാരണം നൽകണം. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സ്ക്രീനുകൾ സ്ഥാപിച്ച് ഇവ പ്രദർശിപ്പിക്കുന്നതും ഉചിതമാണ്.