അഴിമതിക്കാരെ സംരക്ഷിക്കുന്നതിന്റെ വില
പൂര്‍ണചന്ദ്ര തേജസ്വി
Wednesday, September 25, 2024 1:48 AM IST
ആര്‍ജി കര് ആശുപത്രിയില്‍ രണ്ടാംവര്‍ഷ എംഡിക്കു പഠിച്ചിരുന്ന ‘അഭയ’ എന്ന് ഇന്നു പേരിട്ടുവിളിക്കുന്ന നിര്ഭാഗ്യവതിയായ വിദ്യാര്‍ഥി ഓഗസ്റ്റ് ഒന്‍പതിന് പന്ത്രണ്ട് മണിക്കൂറിലെ സേവനത്തിനുശേഷം മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ ഒരിറ്റു വിശ്രമത്തിനായി കയറിച്ചെന്നു. അവിടെയിരുന്ന് അവള് തന്റെ ഡയറിയില്‍ എഴുതി: “നന്നായി പഠിക്കണം. സ്വര്‍ണമെഡല്‍ വാങ്ങിച്ച് ഒന്നാമതായി വിജയിക്കണം. തയ്യല്‍ ചെയ്ത് എന്നെ പഠിപ്പിക്കുന്ന അച്ഛനമ്മമാരുടെ വലിയ ലക്ഷ്യത്തിനു ജീവിതം സമ്മാനമായി നല്‍കണം.” ഡയറി അടച്ച് കണ്പോളകള് താനേ അടഞ്ഞ് നിദ്രയിലേക്കു വഴുതിവീണു. അനീതിക്കെതിരേ പോരാടിയ ആ നിര്‍ഭയയെ നിഷ്ഠുരമായി ആ രാത്രി കാമാര്‍ത്തരായ കാപാലികര്‍ പിച്ചിച്ചീന്തി.
തുടര്‍ന്നുള്ള സംഭവങ്ങള്‍ ആശുപത്രി ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും മാതാപിതാക്കളെയുമൊക്കെ വിവരണമനുസരിച്ച് വിഭിന്നമാണ്. കൃത്യമായ രൂപരേഖ ഒന്നുംതന്നെയില്ല. രാവിലെ 9.30ന് മറ്റൊരു മെഡിക്കല്‍ വിദ്യാര്‍ഥി മൃതശരീരം കണ്ടെത്തിയെന്നും 10.03ന് പോലീസിനെ അറിയിച്ചെന്നും 10.30ന് അവര്‍ ആശുപത്രിയിലെത്തിയെന്നും രേഖകളില്‍ കാണുന്നു. ഈ സമയത്താണ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് വിളിച്ച് മാതാപിതാക്കളെ അറിയിച്ചത്, മകള്‍ക്ക് വളരെ സീരിയസാണെന്നും, മിനിട്ടുകള്‍ക്കുള്ളില്‍ അവള് ആത്മഹത്യ ചെയ്തുവെന്നും. അധികം താമസിയാതെ ഭയവിഹ്വലരായി ആശുപത്രിയിലെത്തിയ മാതാപിതാക്കളെ മൃതദേഹം കാണിച്ചില്ല. കുറെയേറെ കാത്തിരുന്നതിനു ശേഷമാണ് അവരെ മകളുടെ വികൃതമാക്കപ്പെട്ട മൃതദേഹം കാണിച്ചത്. അവരാകട്ടെ ഹൃദയം തകര്‍ന്ന് ഇന്നലെയും സംസാരിച്ച മകള്‍ക്ക് ഇത്ര പെട്ടെന്ന് എന്തു സംഭവിച്ചുവെന്നറിയാതെ വിങ്ങിപ്പൊട്ടി.
തള പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ അഭിജിത് മോണ്ടോള്‍ എഫ്ഐആര്‍ ഇടാന്‍ തയാറായില്ല. ബലാത്സംഗം, കൊലപാതകം തുടങ്ങിയവ ചുമത്താതെ ‘കാരണമറിയാത്ത’ മരണമായി ലഘൂകരിച്ച് ക്രൂരമായ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ രക്ഷപ്പെടുത്താനാവശ്യമായ പഴുതുകളിട്ട് രേഖകള്‍ ചമച്ചു. പോലീസും മെഡിക്കല്‍ കോളജ് അധികൃതരും സഹകരിച്ച് കൊലപാതകം നടന്ന സ്ഥലത്തെ ആശുപത്രിയില്‍വച്ച് പോസ്റ്റ്മോര്‍ട്ടം നടത്തരുതെന്ന നിബന്ധന ലംഘിച്ച്, “ആത്മഹത്യയാകാം” എന്നെഴുതി കടമ നിര്‍വഹിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ ജനമിളകി.
കോളജ് വിദ്യാര്‍ഥികള്‍ പ്രത്യക്ഷസമരത്തിലേക്കു നീങ്ങുമെന്നായപ്പോള്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് തനിക്കിവള്‍ മകളെപ്പോലെയാണ്, അതുകൊണ്ട് താന്‍ സ്ഥാനം രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. നാലു മണിക്കൂറിനുശേഷം സന്ദീപ് ഘോഷിനെ ഇതിലും മുന്തിയ നാഷണല്‍ മെഡിക്കല്‍ കോളജിന്റെയും ആശുപത്രിയുടെയും മേധാവിയാക്കി നിയമിച്ചു. ഇതൊക്കെ സൂചിപ്പിക്കുന്നത് സന്ദീപ് ഘോഷിന് സംസ്ഥാന സർക്കാരിലുള്ള ഉന്നത പിടിപാടാണ്. കാര്യങ്ങള്‍ കൈമറിഞ്ഞ് തങ്ങളുടെ സഹപാഠിക്കു നീതി ലഭിക്കില്ലെന്നു കണ്ടപ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സമരം കടുപ്പിക്കാൻ തീരുമാനിച്ചു.
സിസിടിവി ദൃശ്യങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ വച്ച് സംഭവസ്ഥലത്തുനിന്നു ലഭിച്ച ബ്ലൂടൂത്തിനുടമയായ പോലീസ് സഹായി സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിന്റെയും കൊലപാതകത്തിന്റെയും എല്ലാം ഉത്തരവാദിത്വം അയാള്‍ ഏറ്റെടുത്തു. ആരെയൊക്കെയോ രക്ഷിക്കാനായി ഇയാള്‍ പരിശ്രമിക്കുകയാണെന്ന ധാരണ പരന്നതും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ട തെളിവുകളനുസരിച്ച് ഒന്നില്‍ കൂടുതല്‍ പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം നടത്തി പ്രതികാരവാഞ്ഛയോടെ നടത്തിയ കൊലപാതകമാണെന്ന സൂചനകളും ഡോക്ടര്‍മാരുടെ സമരത്തിന് ആക്കംകൂട്ടി. ആദ്യമേതന്നെ ഇതൊരു കൊലപാതകമോ ആത്മഹത്യയോ ആക്കിത്തീര്‍ക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് സംശയങ്ങള്‍ക്കു ബലം നല്കി.
2021ല്‍ ആര്‍ജി കര് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായി എത്തിയ സന്ദീപ് ഘോഷിനെ 2023ല്‍ അന്വേഷണവിധേയനായി സ്ഥലം മാറ്റിയിരുന്നു. പക്ഷേ, ഉന്നത പിടിപാടുമൂലം അധികം താമസിയാതെ വീണ്ടും പഴയ പദവിയിലേക്ക് ഘോഷ് തിരിച്ചെത്തി പൂര്‍വാധികം ശക്തിയോടെ അഴിമതികളില്‍ വ്യാപരിക്കാന്‍ തുടങ്ങി.
അഴിമതിക്കറ പുരണ്ട ഘോഷ്
ഘോഷിന്റെ സഹായിയും അംഗരക്ഷകനുമാണ് അസഫര്‍ അലിഖാന്. അയാളുടെ ഭാര്യ നര്‍ഗീസ് ഖാത്തൂണ്‍ നടത്തുന്ന എഷാന്‍ കഫെയ്ക്ക് ആശുപത്രിക്കുള്ളില്‍ അവസരം കൊടുത്തു. നാലുപേര്‍ കൊടുത്ത ക്വട്ടേഷനില്‍ എഷാന്‍ കഫെയ്ക്ക് വഴിവിട്ട സഹായം നല്‍കിയാണ് ആശുപത്രിക്കുള്ളില്‍ സജ്ജീകരിച്ചത്. മാത്രവുമല്ല, അലിഖാന് മുന്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തുകയും ഘോഷിന്റെ ഗുണ്ടയെപ്പോലെ പെരുമാറുകയും ചെയ്യുന്നതായി പരാതിയുണ്ട്. ഈ ഭീഷണി ആരോ വീഡിയോയിലെടുത്തത് വൈറലായി സംഭവം കോളജിലാകെ പരന്നു. ബിപ്ലവ് സിംഹ, സുമന്ഹ, പ്രസൂന്‍ ചതോപാധ്യായ, ചന്ദന്‍ ലൗഹ എന്നീ സഹായികള്‍ക്കായി മാതാരാ ട്രേഡേഴ്സ്, ഹസ്ര മെഡിക്കല്‍സ്, നിഷ എന്റര്‍പ്രൈസസ് തുടങ്ങിയ സംരംഭങ്ങളും ആശുപത്രിക്കുള്ളില്‍ നടത്താന്‍ ഘോഷ് അവസരമൊരുക്കിക്കൊടുത്തു. ആശുപത്രിയിലെ ജൈവമാലിന്യങ്ങള്‍ കത്തിച്ചുകളയേണ്ടതിനു പകരം അത് ബംഗ്ലാദേശിലേക്ക് ഒളിച്ചുകടത്തുന്നതിനും ഘോഷ് തന്റെ പിണിയാളുകളെ സഹായിച്ചു. മാത്രവുമല്ല, ആരോരുമില്ലാതെ മരണമടയുന്നവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്കുള്ള മരുന്നുകളും മറിച്ചുവിറ്റ് ഘോഷ് സാമ്പത്തികലാഭമുണ്ടാക്കുന്നതായി പരാതിയുണ്ട്. ഘോഷിന്റെ ഭാര്യയായ ഡോ. സംഗീതയുടെ പേരില്‍ കോൽക്കത്തയില്‍ മൂന്നു ഫ്ളാറ്റുകളും രണ്ടു വീടുകളും ഒരു ഫാം ഹൗസും മൂര്‍ഷിദാബാദില്‍ മറ്റൊരു ഫ്ളാറ്റും ഉള്ളതായി പരാതിയുണ്ട്.
ഇതിനിടെ, കല്‍ക്കട്ട ഹൈക്കോടതി കേസന്വേഷണത്തിന്റെ ചുമതല സിബിഐയെ ഏല്പിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഘോഷിനെയും തള പോലീസ് ഇന്‍സ്പെക്ടര്‍ മോണ്ടാലിനെയും ഘോഷിന്റെ അനുയായികളെയും സിബിഐ അറസ്റ്റ് ചെയ്യുകയും തെളിവെടുപ്പു നടത്തി ലോക്കപ്പിലാക്കുകയും ചെയ്തു. മാത്രമല്ല, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവര്‍ സംയുക്തമായി ഘോഷിന്റെ വീടുകളും ഫ്ളാറ്റുകളും പരിശോധിക്കുകയും ഒട്ടേറെ രേഖകള്‍ കണ്ടെടുക്കുകയും ചെയ്തു. 730ഓളം ക്വട്ടേഷന്‍ രേഖകളും ഘോഷിനെതിരേയുള്ള 200ല്‍പരം പരാതികളുമാണ് കണ്ടെടുത്തത്. തനിക്കെതിരേയുള്ള പരാതികളിൽ ഘോഷ് തന്നെ തീര്‍പ്പു കല്പിക്കുന്ന ആശ്ചര്യകരമായ സാഹചര്യവും വെളിച്ചത്തു വന്നു.
യഥാര്‍ഥത്തില്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും വേണ്ട ജോലികളുടെ ക്വട്ടേഷന്‍ ഉറപ്പിക്കേണ്ടത് ആരോഗ്യവകുപ്പാണ്. പക്ഷേ, ഘോഷിന്റെ പിടിപാടുമൂലം എല്ലാം ഘോഷ് തന്നെയാണ് തീര്‍പ്പാക്കുന്നത്. മാത്രവുമല്ല ആരോഗ്യവകുപ്പില്‍ ഒരു നോര്‍ത്ത് ബംഗാള്‍ ലോബിയുമുണ്ടത്രെ. നോര്‍ത്ത് ബംഗാളുകാരനായ ഒരു ഡോക്ടറുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ ഗൂഢസംഘമാണ് ആരോഗ്യവകുപ്പ് ഭരിക്കുന്നതത്രേ. തന്മൂലമാണ് എല്ലാറ്റിന്റെയും നിയന്ത്രണം ഘോഷില്തന്നെ വന്നുചേരുന്നത്. മാത്രവുമല്ല, എല്ലാ ക്വട്ടേഷനുകള്‍ക്കും ഇരുപതു ശതമാനം കമ്മീഷൻ ഘോഷിനു ലഭിക്കുമായിരുന്നുവെന്നും പറയപ്പെടുന്നു. നാര്‍ക്കോ ടെസ്റ്റും ബ്രെയിന്‍ മാപ്പിംഗുമൊക്കെ നടത്തി ആരോഗ്യവകുപ്പിലെ അഴിമതിശൃംഖലയെ വലവിരിച്ചു പിടിക്കാന്‍ സിബിഐ ശ്രമിക്കുന്നുവെന്നും പറയപ്പെടുന്നു.
മമതയെന്ന ദീദിയും ഡോക്ടര്‍മാരും
അതിനിടെ, 2022ൽ സന്ദീപ് ഘോഷിന്റെ ജന്മദിനത്തിനു മുഖ്യമന്ത്രി മമത ബാനർജി അയച്ച കത്ത് പുറത്തായത് ഘോഷും മമതയും തമ്മിലുള്ള ബന്ധത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടു. മാത്രവുമല്ല, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ അടിച്ചുപൊട്ടിച്ചതായി അറിയിച്ച് കാലിൽ പ്ലാസ്റ്ററുമായി തെരഞ്ഞെടുപ്പുയോഗങ്ങളിൽ ചക്രക്കസേരയില്‍ നീങ്ങിയ മമത അഭൂതപൂര്‍വമായ വിജയലക്ഷ്യം നേടി. കാലിലെ പ്ലാസ്റ്റര്‍ മമതയ്ക്കു സഹാനുഭൂതി നേടിക്കൊടുത്തു. അണിയറയില്‍ രഹസ്യമായി പ്രചരിക്കുന്നത് അന്നത്തെ പ്ലാസ്റ്റര്‍ ഇട്ടതും അതിനു പ്രേരണ നല്കിയതും ഘോഷായിരുന്നുവെന്നാണ്. തന്മൂലം ഘോഷും നോര്‍ത്ത് ബംഗാള്‍ ലോബിയും മമതയ്ക്കു വേണ്ടപ്പെട്ടവരായിരുന്നു. തന്മൂലം ‘അഭയ’യുടെ കൊലപാതകത്തിൽ ദീദി വേണ്ടത്ര ഗൗരവത്തിൽ ഇടപെട്ടില്ലെന്ന വിമർശനവും ശക്തമായി.
അതേസമയം, രാഷ്ട്രീയ എതിരാളികൾ പ്രതിഷേധമെല്ലാം മമതയ്ക്കു നേരേ തിരിച്ചുവിടുന്നതിൽ വിജയിച്ചു. സുപ്രീംകോടതിയുടെ വിധി നേടി മെഡിക്കല്‍ വിദ്യാര്‍ഥികളെ രോഗീപരിശീലനത്തിന് അയയ്ക്കാനുള്ള സര്‍വമാര്‍ഗങ്ങളും മമത പയറ്റിയെങ്കിലും അതൊന്നും നടപ്പാടില്ല. സുപ്രീംകോടതിയുടെ ശക്തമായ തീരുമാനമുണ്ടായെങ്കിലും വിദ്യാര്‍ഥികള്‍ അതു കാറ്റില്‍പ്പറത്തി, തങ്ങളുടെ സഹപാഠിക്കു നീതിയും തങ്ങള്‍ക്കു സുരക്ഷയും ലഭിക്കാതെ മെഡിക്കല്‍ കോളജിലേക്കും ആശുപത്രിയിലേക്കും നീങ്ങില്ലെന്നു പ്രഖ്യാപിച്ച് സമരം തുടര്‍ന്നു. ഭീഷണിയും സമ്മര്‍ദവും മമത ആവോളം ചെലുത്തിയെങ്കിലും അതിനൊന്നും വിദ്യാര്‍ഥികള്‍ വില കല്പിച്ചില്ല. വിദ്യാര്‍ഥികളെ കാണാനായി രണ്ടുമൂന്നു പ്രാവശ്യം സമയം നല്‍കിയെങ്കിലും വിദ്യാര്‍ഥികള്‍ അതിനു മുതിര്‍ന്നില്ല. കാളിഘട്ടിലെ മുഖ്യമന്ത്രിയുടെ കവാടത്തില്‍ ചെന്ന വിദ്യാര്‍ഥികളോടു നടത്തിയ പത്തുമിനിട്ട് സംഭാഷണത്തില്‍ 76 പ്രാവശ്യം ദീദിയെന്ന വാക്ക് മമത ഉപയോഗിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒടുവിൽ ചീഫ് സെക്രട്ടറി മനോജ് പന്തിന്റെ സാമര്‍ഥ്യംമൂലം, സമരം തുടങ്ങി 36-ാം ദിവസം മുഖ്യമന്ത്രിയും സമരക്കാരും തമ്മിലുള്ള ആദ്യത്തെ കണ്ടുമുട്ടല്‍ നടന്നെങ്കിലും ആശാവഹമായിരുന്നില്ല. തുടർന്ന് എന്തു വിലകൊടുത്തും സമരം ഒത്തുതീര്‍പ്പിലെത്തിക്കാൻ മമത കിണഞ്ഞു പരിശ്രമിച്ചു. അതിനിടെ ഈ മാസം മൂന്നിന് നിയമസഭ ഒന്നുചേര്‍ന്ന് പാസാക്കിയ ‘അപരാജിത ബില്‍’ സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രത്യേക കോടതിയും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും ശക്തമായ ശിക്ഷാനടപടികളും പ്രഖ്യാപിച്ചു. അതുകൊണ്ടും വിദ്യാര്‍ഥികൾ തൃപ്തിപ്പെട്ടില്ല. തുടർന്നാണ് 16ന് 30 ഡോക്ടര്‍മാരെ കാളിഘട്ടിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിച്ച് ചർച്ച നടത്തിയത്. കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍, ആരോഗ്യ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരെ മാറ്റാന്‍ മമത സമ്മതിച്ചു. കോല്‍ക്കത്ത ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അഭിഷേക് ഗുപ്തയെയും മാറ്റി. വിദ്യാര്‍ഥികളുടെ 99 ശതമാനം ഡിമാന്‍ഡുകളും താന്‍ സമ്മതിച്ചതായും തന്മൂലം വിദ്യാര്‍ഥികള്‍ രോഗീപരിചരണത്തിന് ആശുപത്രികളിലേക്ക് നീങ്ങണമെന്നും മമത അഭ്യര്‍ഥിച്ചു. സമരം ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു നിയമനടപടികളും ഉണ്ടാവില്ലെന്ന് മമത ഉറപ്പുനല്‍കി.
അഞ്ച് ഡിമാന്‍ഡുകളില്‍ മൂന്നെണ്ണവും അംഗീകരിച്ചെന്നും സുപ്രീംകോടതിയുടെ പരിധിയിലായതിനാല്‍ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്നും മമത അറിയിച്ചു. പിറ്റേന്ന് തീരുമാനങ്ങൾ നടപ്പാക്കി.
സ്വാസ്ഥ്യാഭവനില്നിന്ന് 20ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സിബിഐ ഓഫീസിലേക്കു പ്രകടനമായി നീങ്ങി തങ്ങളുടെ സമരം അവസാനിപ്പിച്ചതായും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഇനിയുമുണ്ടായാല്‍ സമരത്തിനു മുതിരുമെന്നും അറിയിച്ചു. പിറ്റേന്നുതന്നെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ബംഗാളിലെ ഉള്‍നാടുകളിലേക്കു നീങ്ങിയ ഡോക്ടര്‍മാര്‍ ‘അഭയ ക്ലിനിക്കുകള്‍’ ആരംഭിച്ചു. ചീഫ് സെക്രട്ടറി മനോജ് പന്ത് പത്തു കര്മപരിപാടികളടങ്ങിയ മാര്‍ഗദര്‍ശന ഉത്തരവ് പൊതുജനാരോഗ്യ പരിപാലനത്തിനായി പുറത്തിറക്കി. വിശ്രമമുറികള്‍, സെക്യൂരിറ്റി ഓഡിറ്റ്, സിസിടിവി കാമറകള്‍ തുടങ്ങിയ ഡോക്ടർമാരുടെ ആവശ്യങ്ങള്‍ ചീഫ് സെക്രട്ടറി ഇറക്കിയ മാര്‍ഗനിര്‍ദേശത്തിലുണ്ട്. ഡോക്ടർമാരുടെ 42 ദിവസത്തെ സമരത്തിന്റെ സമാപനസന്ദേശം അവർ ഫേസ്ബുക്കില്‍ ഇങ്ങനെയെഴുതി: “ഞങ്ങളുടെ സമരംമൂലം അട്ടിമറിക്കപ്പെടുമായിരുന്ന ഒരു നിഷ്ഠുര കൊലപാതകവും ബലാത്സംഗവും നിയമപരമായ അന്വേഷണപാതയിലെത്തി. പെരുവഴിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഞങ്ങള്‍ പോരാടി. ‘അഭയ’യ്ക്കു നീതി ലഭിക്കുന്നതുവരെ ഈ പോരാട്ടം തുടരും. എങ്കിലും ഞങ്ങളുടെ സമരത്തിന് അന്ത്യമെത്തിയില്ല. ‘അഭയ’യെ പിച്ചിച്ചീന്തിയ അവസാന നരാധമനെയും പിടികൂടി ശിക്ഷിക്കുന്നതുവരെ ഞങ്ങള്‍ ജാഗരൂകരായിരിക്കും.”