അതിഷിയുടെ ലക്ഷ്യം
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Tuesday, September 24, 2024 1:29 AM IST
സുഷമ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം രാജ്യതലസ്ഥാനത്തെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി, അതിഷി സിംഗ് അല്ലെങ്കിൽ അതിഷി മർലേന അല്ലെങ്കിൽ ഏകനാമത്തിൽ അതിഷി എന്നും അറിയപ്പെടുന്ന പുതിയ ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന സിംഗ് (43) ഡൽഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ്.
തന്റെ രാഷ്ട്രീയ ഗുരുവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെ സാക്ഷിയാക്കി അവർ ശനിയാഴ്ച ഡൽഹിയുടെ 17-ാമത് മുഖ്യമന്ത്രിയായി. ഡൽഹി മുഖ്യമന്ത്രിയായി കേജരിവാൾ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.
പുതിയ സ്ഥാനത്തെത്തിയപ്പോൾ അതിഷി പറഞ്ഞു: “ഡൽഹിയിലെ ജനങ്ങളെ നോക്കാനുള്ള ഉത്തരവാദിത്വം എന്നെ ഏല്പിച്ചതിന് എന്റെ ജ്യേഷ്ഠനും രാഷ്ട്രീയ ഗുരുവുമായ അരവിന്ദ് കേജരിവാളിന് ഞാൻ നന്ദി പറയുന്നു. ദശലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി രൂപപ്പെടുത്തിയതും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകിയതും ജനങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകിയതും സൗജന്യ ചികിത്സ നൽകിയതും ആളുകൾക്ക് അവരുടെ വീട് പണയപ്പെടുത്തേണ്ട ആവശ്യമില്ലാതാക്കിയതും അദ്ദേഹമാണ്....”
മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം, മുഖ്യമന്ത്രിയായിരിക്കെ കേജരിവാൾ ഇരുന്ന കസേര ഒഴിച്ചിട്ട അതിഷി മറ്റൊരു കസേരയിലാണ് ഇരുന്നത്. ബിജെപിയുടെയും ലഫ്. ഗവർണറുടെയും ഗൂഢാലോചനയിൽ മുടങ്ങിക്കിടക്കുന്ന പണി പൂർത്തിയാക്കുക മാത്രമായിരിക്കും ഇനി മുതൽ നിയമസഭാ തെരഞ്ഞെടുപ്പ് വരെ അവരുടെ ജോലി. നേതൃത്വത്തിന്റെയും ജനങ്ങളുടെയും താത്പര്യങ്ങൾക്കുവേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്ന് അവർ വ്യക്തമാക്കി.
അർഹതയ്ക്കുള്ള അംഗീകാരം
2025 ഫെബ്രുവരിയിൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ നാലുമാസത്തേക്കാണ് അതിഷിയുടെ ഇപ്പോഴത്തെ സ്ഥാനം. ഡൽഹിയിലെ ജനങ്ങൾ സത്യസന്ധതയുടെ സർട്ടിഫിക്കറ്റ് നൽകി അദ്ദേഹത്തെ വീണ്ടും അധികാരത്തിലെത്തിക്കുന്നതുവരെ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കരുതെന്ന തരത്തിലുള്ള സുപ്രീംകോടതി വിധിക്കു ശേഷം, സെപ്റ്റംബർ 17ന് കേജരിവാൾ രാജിവച്ചതിനെത്തുടർന്നാണ് അതിഷി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
വാസ്തവത്തിൽ, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള അദ്ദേഹത്തിന്റെ മിക്ക ജനപ്രിയ നയങ്ങളും നടപ്പിലാക്കുന്നതിൽ അതിഷിക്ക് ഒരു പ്രധാന പങ്കുണ്ട് എന്നത് പാർട്ടി അംഗീകരിച്ചാണ് കേജരിവാൾ അവരെ തെരഞ്ഞെടുത്തത്. എപ്പോൾ തെരഞ്ഞെടുപ്പു നടന്നാലും ജനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിന് ഡൽഹി മുഖ്യമന്ത്രി എന്ന നിലയിൽ അവർക്ക് ചുമതല നൽകാം.
ഡൽഹി യൂണിവേഴ്സിറ്റി പ്രഫസർമാരായ വിജയ് സിംഗിന്റെയും ത്രിപ്ത വാഹിയുടെയും മകളായി രജപുത്ര-പഞ്ചാബി കുടുംബപശ്ചാത്തലത്തിൽ ജനിച്ച അതിഷി ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദം നേടി.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ചെവനിംഗ് സ്കോളർഷിപ്പിൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് റോഡ്സ് സ്കോളറായി ഓക്സ്ഫഡിലെ മഗ്ഡലൻ കോളജിൽ പഠിച്ചു. മാതാപിതാക്കൾ നൽകിയ മർലേന എന്ന മധ്യനാമം മാർക്സിന്റെയും ലെനിന്റെയും ഓർമയ്ക്കായിരുന്നു.
ദേശീയ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2018ൽ അതിഷി തന്റെ കുടുംബപ്പേര് ഉപേക്ഷിക്കാൻ തീരുമാനിച്ചു. കൂടാതെ, വംശപരമ്പരയേക്കാൾ ആളുകൾ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആഗ്രഹിച്ചതിനാൽ അതിഷി എന്നതു മാത്രം തന്റെ പേരായി ഉപയോഗിക്കാൻ തീരുമാനിക്കുകയും അത് പാർട്ടിയെ അറിയിക്കുകയും ചെയ്തു.
തോൽവിയിൽ തുടങ്ങി
2013ൽ എഎപിയുടെ നയരൂപീകരണത്തിൽ ഉൾപ്പെട്ടതു മുതലാണ് അവരുടെ രാഷ്ട്രീയജീവിതം ആരംഭിച്ചത്. 2015ൽ മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിൽ നടന്ന ജല സത്യഗ്രഹത്തിൽ എഎപി നേതാവും പ്രവർത്തകനുമായ അലോക് അഗർവാളിന് പിന്തുണ നൽകി. തുടർന്ന് അവരെ ഗോവയിലെ ആം ആദ്മി പാർട്ടിയുടെ ചുമതലക്കാരിയാക്കി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കിഴക്കൻ ഡൽഹിയിൽനിന്ന് ബിജെപിയുടെ ഗൗതം ഗംഭീറിനെതിരേ മത്സരിച്ച അതിഷി 4.77 ലക്ഷം വോട്ടുകൾക്കു പരാജയപ്പെട്ട്, മൂന്നാം സ്ഥാനത്തായി.
എന്നാൽ 2020ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിലെ കൽക്കാജി നിയോജക മണ്ഡലത്തിൽനിന്നു മത്സരിച്ച് 11,422 വോട്ടുകൾക്ക് ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥി ധരംബീർ സിംഗിനെ പരാജയപ്പെടുത്തി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ എന്നിവരുടെ രാജിക്കുശേഷം സൗരവ് ഭരദ്വാജിനൊപ്പം അതിഷി ഡൽഹിയിൽ കാബിനറ്റ് മന്ത്രിയായി.
2024 സെപ്റ്റംബർ 21ന് 43-ാം വയസിൽ അവർ ഡൽഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. നേരത്തെ അരവിന്ദ് കേജരിവാളിന്റെ വസതിയിൽവച്ച് എഎപി എംഎൽഎമാർ അവരെ നേതാവായി തെരഞ്ഞെടുത്തിരുന്നു.
ഗവേഷകനും അധ്യാപകനുമായ പ്രവീൺ സിംഗാണ് അതിഷിയുടെ ഭർത്താവ്. നിരവധി സാമൂഹിക പരീക്ഷണങ്ങളിൽ അദ്ദേഹം ഏർപ്പെട്ടിട്ടുണ്ട്. ഡൽഹി ഐഐടിയിൽനിന്നും അഹമ്മദാബാദിലെ ഐഐഎമ്മിൽനിന്നും ബിരുദം നേടി. ഇവർക്ക് കുട്ടികളില്ല, പൊതുസേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഇതെന്നാണ് റിപ്പോർട്ട്.
ചെയ്യാനേറെ...
മുഖ്യമന്ത്രിയെന്ന നിലയിൽ അതിഷിക്ക് നിരവധി ക്ഷേമനടപടികൾ ആരംഭിക്കാനും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ വികസനം ആസൂത്രണം ചെയ്യാനും കഴിയും. സ്ത്രീകൾക്കും കുട്ടികൾക്കും മെച്ചപ്പെട്ട അവസരങ്ങൾക്കായി സംരംഭങ്ങൾ ഉണ്ടാക്കാം. ഭവനനിർമാണത്തിനും തൊഴിലവസരങ്ങൾക്കും നിരവധി നടപടികൾ സ്വീകരിക്കാം.
അവരുടെ നടപടികൾ ആം ആദ്മി പാർട്ടിക്ക് ജനങ്ങൾക്കിടയിൽ സ്വാധീനം മെച്ചപ്പെടുത്താനും പാർട്ടിക്ക് വീണ്ടും അധികാരത്തിൽ വരാനുമുള്ള സാധ്യതകൾ തുറക്കാനും സഹായിക്കും എന്ന് പറഞ്ഞാൽ മതിയാകും. അതുവഴി അധികാരം നിലനിർത്തുകയും കേജരിവാൾ വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്താൽ ആരും അതിശയിക്കേണ്ടതില്ല - അതിഷിയുടെ അറിയപ്പെടുന്ന ലക്ഷ്യവും ഇപ്പോൾ അതുതന്നെ.
സാമൂഹ്യപരിഷ്കരണങ്ങൾ പുരോഗതിക്കായി പുതിയ തലങ്ങളിലേക്കും പുതിയ വഴികളിലേക്കും കടന്നേക്കാം. രാഷ്ട്രീയരംഗത്ത് പലതുമുള്ളതിനാൽ, പുതിയ സാഹചര്യം വീക്ഷിക്കുകയും കാത്തിരിക്കുകയും വേണം. സാമൂഹിക പരിഷ്കർത്താക്കളുടെ കൈകളിലെ ഭരണം താത്പര്യമുണർത്തുന്നതായിരിക്കും.