ഇഎസ്എ: സമ്മർദംവഴി നേടിയതും നേടേണ്ടതും
ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ
Monday, September 23, 2024 12:58 AM IST
പശ്ചിമഘട്ടത്തിലെ ഇഎസ്എ വിഷയത്തിൽ ആറാം പ്രാവശ്യവും കരട് വിജ്ഞാപനം വന്നിരിക്കുന്ന പശ്ചാത്തലത്തിൽ ഈ മേഖലയിലെ ജനങ്ങളുടെ ആശങ്ക വർധിക്കുകയാണ്. ഇതിനൊരു ശാശ്വത പരിഹാരത്തിന് കൂട്ടായ പരിശ്രമം ഇനിയും ഉണ്ടാകണം.
2006ൽ കേന്ദ്രസർക്കാർ പശ്ചിമ ഘട്ടം ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുനെസ്കോയുടെ കീഴിലുള്ള ലോക പൈതൃക കമ്മിറ്റിക്ക് അപേക്ഷ നൽകി. എന്നാൽ, ഈ മേഖലയിൽ വ്യാപകമായ മനുഷ്യവാസമുണ്ട്, കൃഷിയും തോട്ടങ്ങളുമുണ്ട്, ഡാമുകളുണ്ട്, ജനങ്ങളുടെ സമ്മതം നേടിയില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കപ്പെട്ടു. വീണ്ടും 2009ൽ അപേക്ഷ അവർത്തിച്ചെങ്കിലും യുനെസ്കോ ഈ മേഖലയ്ക്കുവേണ്ടി പ്രത്യേക മാനേജ്മെന്റ് പ്ലാൻ ആവശ്യപ്പെട്ടു. ഈ ആവശ്യം സാധിക്കുന്നതിനാണ് 2010 മാർച്ച് നാലിന് പ്രഫ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായി പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി നിയമിച്ചത്.
കസ്തൂരിരംഗൻ റിപ്പോർട്ട്
ഗാഡ്ഗിൽ കമ്മിറ്റി 2011 ഓഗസ്റ്റ് 30ന് റിപ്പോർട്ട് നൽകി. ഒരു വർഷത്തോളം പൊതുസമൂഹത്തിൽനിന്നു മറച്ചുവച്ച റിപ്പോർട്ട് പിന്നീട് വെളിച്ചത്തു വരുമ്പോൾ വ്യാപകമായ പ്രതിഷേധമുണ്ടായി. ഈ മേഖലയിലെ 25 കോടിയിലധികം വരുന്ന ജനങ്ങളെ നേരിട്ടും അതിനേക്കാൾ പതിന്മടങ്ങ് ആളുകളെ പരോക്ഷമായും ബാധിക്കും എന്നതിനാൽ ഉയർന്ന വലിയ ജനകീയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഡോ.കെ. കസ്തൂരിരംഗൻ അധ്യക്ഷനായി ഹൈ ലെവൽ വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു.
ഗാഡ്ഗിൽ റിപ്പോർട്ട് എങ്ങിനെ ഫലപ്രദമായി നടപ്പിലാക്കാം എന്നു പഠിച്ചു റിപ്പോർട്ട് നൽകുകയായിരുന്നു അവരുടെ നിയോഗം. എന്നാൽ, ഈ റിപ്പോർട്ട് അപ്രായോഗികവും അശാസ്ത്രീയവും ആയതിനാൽ നടപ്പിലാക്കാനാവില്ല എന്ന നിരീക്ഷണത്തോടെ ആ ഗ്രൂപ്പ് മറ്റൊരു റിപ്പോർട്ട് 2013 ഏപ്രിൽ അഞ്ചിന് സമർപ്പിച്ചു. എല്ലാ വിഭാഗങ്ങളോടും കൂടിയാലോചന നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില പ്രഹസനങ്ങൾ മാത്രം നടത്തിയാണ് റിപ്പോർട്ട് നൽകിയത്.
പശ്ചിമ ഘട്ടത്തിലാകെ 4,156 വില്ലേജുകളിലായി 52 ലക്ഷം ജനങ്ങളെ ഇഎസ്എയിൽ ഉൾപ്പെടുത്തിയായിരുന്നു ഈ റിപ്പോർട്ട്. ഇതിൽ 123 വില്ലേജുകളിലായി 22ലക്ഷം പേർ കേരളത്തിലായിരുന്നു. സ്വാഭാവികമായി പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും അത് അവഗണിച്ചു 2013 നവംബർ 13ന് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം സെക്ഷൻ അഞ്ച് പ്രകാരം ഇത് ഇഎസ്എ ആയി വിജ്ഞാപനം ചെയ്തു.
കരട് വിജ്ഞാപനങ്ങൾ
വലിയ പ്രക്ഷോഭങ്ങൾ കേരളത്തിൽ ആരംഭിച്ച് മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിച്ചു. ഇതിന്റെ ഫലമായാണ് യുഡിഎഫ് സർക്കാർ കേരളത്തിലെ ഇഎസ്എ പ്രദേശങ്ങളെപ്പറ്റി പഠിച്ചു റിപ്പോർട്ട് നൽകുന്നതിന് ഡോ. ഉമ്മൻ വി. ഉമ്മൻ അധ്യക്ഷനായ കമ്മിറ്റി രൂപവത്കരിച്ചത്. ഈ കമ്മിറ്റിയുടെ ശിപാർശകളുടെ വെളിച്ചത്തിൽ കേരളത്തിലെ ഇഎസ്എ ഏരിയയിൽ വലിയൊരു ഭാഗം ഒഴിവാക്കുന്നതിന് നിർദേശമുണ്ടായി. നവംബർ 13ന്റെ വിജ്ഞാപനത്തിൽ കേരളത്തിലെ ഇഎസ്എ 13,108 ചതുരശ്ര കിലോമീറ്ററായിരുന്നു. 9,107 ചതുരശ്ര കിലോമീറ്റർ വനമേഖലയായും 886.7 ചതുരശ്ര കിലോമീറ്റർ വനേതര ഇഎസ്എ ആയും പരിഗണിച്ചു 9,993.7 ചതുരശ്ര കിലോമീറ്ററാണ് ഉമ്മൻ കമ്മിറ്റി നിർദേശിച്ചത്. ഇത് ഉൾപ്പെടുത്തിയാണ് പ്രതിഷേധങ്ങളുടെ നടുവിൽ 2014 മാർച്ച് 10ന് ആദ്യത്തെ കരട് വിജ്ഞാപനം വന്നത്.
തുടർന്ന് ഉണ്ടായ അഞ്ചു കരട് വിജ്ഞാപനങ്ങളിലും വിസ്തൃതി മാറിയിട്ടില്ല. നവംബർ 13ലെ വിജ്ഞാപനത്തിൽനിന്ന് വിസ്തൃതി കുറയ്ക്കാൻ സാധിച്ച ഏക സംസ്ഥാനം കേരളമായിരുന്നു. അത് നമ്മുടെ സമ്മർദങ്ങളുടെ ഫലവുമായിരുന്നു.
ഇതിനിടയിൽ നമ്മുടെ പ്രതിഷേധങ്ങളും സമ്മർദങ്ങളും തുടർന്നുകൊണ്ടിരുന്നു. നിരവധി കത്തുകളും മെമ്മോറാണ്ടങ്ങളും പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. തുടർന്ന് സംസ്ഥാന സർക്കാരിനെക്കൊണ്ട് ജിയോ കോർഡിനേറ്റ്സ് ഉപയോഗിച്ച് അക്ഷാംശവും രേഖാംശവും രേഖപ്പെടുത്തി ജനവാസ മേഖലകളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പൂർണമായി ഒഴിവാക്കി ഇഎസ്എ പരിധി പുനർനിർണയിക്കുന്നതിന് ശ്രമങ്ങളുണ്ടായി. അങ്ങനെയാണ് 2018ൽ 8,656.46 ചതുരശ്ര കിലോമീറ്ററായി ഏരിയ കുറവ് ചെയ്യണമെന്ന് സംസ്ഥാന സർക്കാർ പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടുന്നത്. ഇതിൻപ്രകാരം 31 വില്ലേജുകൾ ഇഎസ്എയിൽനിന്ന് ഒഴിവായി.
2018 ജൂൺ 16ന് അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ എഴുതിയ കത്തിൽ വനമില്ലാത്ത വില്ലേജുകൾ ഒഴിവാക്കിയതിനാലാണ് ഇഎസ്എ വില്ലേജുകളുടെ എണ്ണം 92 ആയി കുറഞ്ഞത് എന്നു വിശദീകരിക്കുകയും ചെയ്തിരുന്നു.
ഇവിടെ ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമമനുസരിച്ച് പുറത്തിറക്കിയിട്ടുള്ള കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന ഏരിയയിൽനിന്ന് ഒട്ടും വർധിപ്പിക്കാൻ നിയമപരമായി പറ്റില്ല. എന്നാൽ, പരാതികളുടെ അടിസ്ഥാനത്തിൽ കുറയ്ക്കാൻ സാധിക്കും. ആയതിനാൽ ജിയോ കോർഡിനേറ്റ്സ് ഉപയോഗിച്ച് വനമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തിയ ഇഎസ്എ അതിന് പുറത്തുള്ള ജനവാസ മേഖലയിലേക്ക് വ്യാപിക്കുമ്പോൾ വിസ്തൃതി കൂടുമെന്നതിനാൽ അങ്ങിനെ ചെയ്യാൻ കഴിയില്ല. അതിനാൽ വില്ലേജുകൾ പൂർണമായി ഇഎസ്എ ആകുക എന്നത് നിയമപരമായി സാധ്യമാകില്ല. സംസ്ഥാനം കൊടുക്കുന്ന പ്രൊപ്പോസൽ അംഗീകരിക്കുക മാത്രമാണ് പരിസ്ഥിതി മന്ത്രാലയത്തിന് ചെയ്യാൻ കഴിയുന്നത്.
എന്നാൽ, ഏരിയ കുറച്ചതിനെപ്പറ്റിയും ആക്ഷേപങ്ങൾ ഉയർന്നു. പല ജനവാസ മേഖലകളും ഉൾപ്പെട്ടുവെന്നും ചില മേഖലകൾ ഒഴിവാക്കിയപ്പോൾ മറ്റു ചില പ്രദേശങ്ങൾ കൂട്ടിച്ചേർത്തു എന്നും പരാതി വന്നതിനാലാണ് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല പരിശോധന സമിതികൾ വീണ്ടും രൂപവത്കരിച്ചത്.
ഇഎസ്എ ആനുകൂല്യം
ഇതിനിടയിൽ കേരളത്തിന് മാത്രമായി കിട്ടിയ വലിയൊരു അനുകൂല്യമായിരുന്നു 2018 ഡിസംബർ മൂന്നിന് പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവ്. അതുവരെ കരട് വിജ്ഞാപനത്തിൽ ഏരിയ കുറവായിരുന്നെങ്കിലും ഇഎസ്എ നിയന്ത്രണങ്ങൾ 13,108 ചതുരശ്ര കിലോമീറ്ററിലും ബാധകമായിരുന്നു. മുന് എംപി അഡ്വ. ജോയിസ് ജോർജും ഹൈറേഞ്ച് സംരക്ഷണസമിതി നേതാക്കളും പരിസ്ഥിതി മന്ത്രി ഡോ. ഹർഷവർധനെ കണ്ടതിന്റെ തുടർച്ചയായിട്ടാണ് ആ ഉത്തരവുണ്ടായത്. പ്രസ്തുത ഉത്തരവ് വഴി കേരളത്തിലെ ഇഎസ്എ നിയന്ത്രണം 9,993.7 ചതുരശ്ര കിലോമീറ്ററിലേക്ക് പരിമിതപ്പെടുത്തിക്കിട്ടി. ഇടുക്കി മെഡിക്കൽ കോളജിന്റെ നിർമാണങ്ങൾ നടത്താൻ കഴിഞ്ഞത് ഇതിനൊരു ഉദാഹരണമാണ്.
ജില്ലാതല സമിതിയുടെ പഠനത്തിന്റെ ഫലമായി വീണ്ടും ഇഎസ്എ ഏരിയയിൽ അല്പം മാറ്റമുണ്ടായി. നിലവിൽ 8,711.98 ചതുരശ്ര കിലോമീറ്ററാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്. ഇത് 98 വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നു. ഇത് സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2024 ജൂലൈ 31ന് ഇറക്കിയ ആറാം കരട് വിജ്ഞാപനത്തിൽ 131 വില്ലേജുകൾ ഉണ്ട്. എന്നാൽ, ഏരിയ വ്യത്യാസം ഇല്ല. എണ്ണം കൂടിയത് ചില വില്ലേജുകൾ വിഭജിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലാണ്. കരട് വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സൈറ്റിലുണ്ട്. ആ സൈറ്റിൽ തന്നെ ഇടുന്നതിനു നിയമപരമായി തടസമുള്ളതിനാലാണ് സർക്കാർ പരിസ്ഥിതി വകുപ്പിന്റെ സൈറ്റിൽ ഇട്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ നിർദേശത്തെ സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കിൽ അത് സർക്കാരിനെ അറിയിക്കണം. കരട് വിജ്ഞാപനം സംബന്ധിച്ചാണെങ്കിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കണം.
ഇതുവരെ നടത്തിയ സമ്മർദങ്ങളൊന്നും പാഴായിട്ടില്ല. എന്നാൽ, അന്തിമ വിജ്ഞാപനം നീളുന്നുവെന്നത് ആശങ്കകൾ വർധിപ്പിക്കുന്നു. ആറാമത്തെ കരട് വിജ്ഞാപനത്തിന്റെ അവസാനം സംസ്ഥാന സർക്കാർ നൽകുന്ന പ്രൊപ്പോസലും, പ്രദേശവാസികളുടെ പരാതികളും പരിഗണിച്ചു മാത്രമേ അന്തിമ വിജ്ഞാപനം ഉണ്ടാകുകയുള്ളൂ എന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ജിയോ കോർഡിനേറ്റ്സ് ഉപയോഗിച്ച് മാപ്പ് തയാറാക്കി ഇഎസ്എ ഏരിയ നിർണയിച്ച് അതിന്റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം വരികയാണെങ്കിൽ വില്ലേജുകൾ പൂർണമായി ഇഎസ്എയിൽ ഉൾപ്പെടാതെ വേർതിരിച്ച ഭാഗം മാത്രമായി പരിമിതപ്പെടുത്താൻ കഴിയുമെന്ന് പരിസ്ഥിതി മന്ത്രാലയം പറയുന്നുണ്ട്.
സമ്മർദ സാധ്യതകൾ
കേന്ദ്രസർക്കാർ ഇഎസ്എ വിഷയത്തിൽ കർക്കശ നിലപാടുകാരല്ലായെന്നാണ് ഇതുവരെയുള്ള സമീപനങ്ങളിൽനിന്ന് മനസിലാകുന്നത്. അല്ലെങ്കിൽ പണ്ടേ അന്തിമ വിജ്ഞാപനം പ്രഖ്യാപിക്കാമായിരുന്നു. 2022 ഏപ്രിൽ 18ന് അഞ്ചംഗങ്ങൾ അടങ്ങിയ ഒരു പുതിയ വിദഗ്ധ സമിതിയെ വച്ചിട്ടുണ്ട്. അവർ ഇതിനകം സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഒൻപത് മീറ്റിംഗുകൾ നടത്തിയതിന്റെ രേഖകൾ ലഭ്യമാണ്. ഈ വിദഗ്ധസമിതിയെ അനുമതിയോടെ വ്യക്തികൾക്കും സംഘടനകൾക്കും കാണാൻ കഴിയും.
ജനപ്രതിനിധികൾക്കും സമ്മർദങ്ങൾ ചെലുത്താൻ കഴിയും. സംസ്ഥാന സർക്കാരും അവരുടെ പ്രഖ്യാപനങ്ങളിലും സമീപനങ്ങളിലും തുറന്ന സമീപനം പ്രകടിപ്പിച്ചിട്ടുണ്ട്. അത് കൂടുതൽ പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ ജനകീയ സമ്മർദങ്ങളാണ് പ്രശ്ന പരിഹാരത്തിനുള്ള ഏറ്റവും നല്ല വഴി. വിവാദങ്ങൾ ഒഴിവാക്കി ഒരു പൊതുതീരുമാനത്തോടെ സർക്കാരുകളിൽ സമ്മർദം ചെലുത്താമെന്നു കരുതുന്നു.
(ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനറാണ് ലേഖകൻ)