ലോകത്തെ തൊട്ടുണർത്തിയ അജപാലന യാത്ര
ഡോ. വറുഗീസ് പുളിമരം
Monday, September 23, 2024 12:55 AM IST
ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദീർഘമായ അജപാലന യാത്രയായിരുന്നു ഇക്കഴിഞ്ഞ രണ്ടാം തീയതി മുതൽ 13 വരെ നടത്തിയത്. ഇന്തോനേഷ്യ, പപ്പുവ-ന്യൂഗിനിയ, ഈസ്റ്റ് ടിമോർ, സിംഗപ്പുർ എന്നീ നാലു രാജ്യങ്ങളിലേക്കുള്ള യാത്രയായിരുന്നു അത്. ലോകത്തിൽ ഏറ്റവുമധികം ഇസ്ലാം മതവിശ്വാസികൾ ഉള്ള രാജ്യമാണ് ഇന്തോനേഷ്യ.
ഏഷ്യയിലെ ഏറ്റവും വലിയ മോസ്കും അവിടെയാണ്. ഈസ്റ്റ് ടിമോർ ഭൂരിപക്ഷം കത്തോലിക്കരുള്ള രാജ്യമാണ്. ഏതാണ്ട് 97 ശതമാനം. അവിടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തിയത് ആറുലക്ഷത്തിലേറെപ്പേരാണ്. അതായത് അവിടത്തെ ജനസംഖ്യയുടെ പകുതിയോളം. നാലു രാജ്യങ്ങളിലും പൊതുസമൂഹം അദ്ദേഹത്തെ സ്വീകരിച്ചത് വലിയ ആഹ്ലാദത്തോടെയാണ്. പരിപാടികൾ കഴിയുന്നത്ര ആർഭാടരഹിതമായിരിക്കണമെന്ന മാർപാപ്പയുടെ ആഗ്രഹം സഫലമാക്കാൻ സംഘാടകർ എല്ലായിടത്തും ഉത്സാഹിച്ചു.
മതാന്തര സംവാദം
ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ ഒരു ലക്ഷ്യം കത്തോലിക്കാസഭയും ഇസ്ലാം മതവും തമ്മിലുള്ള മതാന്തര സംവാദം ശക്തിപ്പെടുത്തുക എന്നതായിരുന്നു. ഫ്രാൻസിസ് മാർപാപ്പയും ജക്കാർത്തയിലെ ഗ്രാൻഡ് ഇമാം നസ്റുദീൻ ഉമറും തമ്മിലുള്ള കൂടിക്കാഴ്ചയും അവരുടെ വിടവാങ്ങലും ഹൃദ്യമായ മഹൂർത്തങ്ങളാണ് സമ്മാനിച്ചത്. അവരുടെ കൂടിക്കാഴ്ച നടന്ന ഇഷ്തിഖ്ലാൽ മോസ്ക്കും റോഡിന് അപ്പുറത്തുള്ള സ്വർഗാരോപിത മാതാവിന്റെ പേരിലുള്ള കത്തീഡ്രൽ പള്ളിയും തമ്മിൽ 2021 മുതൽ ഒരു സൗഹൃദതുരങ്കംകൊണ്ട് ബന്ധിതമാണെന്ന കാര്യവും ശ്രദ്ധേയമാണ്.
കഴിഞ്ഞ അഞ്ചിന് അവർ ഇരുവരും ചേർന്ന് ഒപ്പുവച്ച സംയുക്ത പ്രഖ്യാപനം ‘ഇഷ്തിഖ്ലാൽ 2024’ സുപ്രധാനമായ പല ആശയങ്ങളും മുന്നോട്ടുവച്ചു. മനുഷ്യവർഗത്തിന്റെ നന്മയ്ക്കുവേണ്ടി മതങ്ങളുടെ സഹവർത്തിത്വം ശക്തിപ്പെടുത്തണം എന്നതാണ് അതിലൊന്ന്. സമാധാനത്തിനുവേണ്ടിയും നിസംഗതയ്ക്കെതിരേയുമുള്ള പ്രവർത്തനം, മനുഷ്യമഹത്വത്തെ സംരക്ഷിക്കൽ, ദാരിദ്ര്യത്തിനെതിരായ യുദ്ധം, പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രയത്നങ്ങൾ എന്നിവയിൽ മതങ്ങൾക്ക് ഒന്നിച്ചു കൈകോർക്കാം. മനുഷ്യരെ തമ്മിൽ ഭിന്നപ്പിക്കുന്നതിന് മതത്തെ ഉപയോഗപ്പെടുത്തുന്നതിനെയും മതതീവ്രവാദം പ്രചരിപ്പിക്കുന്നതിനെയും അവർ കുറ്റപ്പെടുത്തുകയും ചെയ്തു.
ഇന്തോനേഷ്യ മതസഹിഷ്ണുത പുലർത്തുന്ന രാജ്യമായാണ് അറിയപ്പെടുന്നത്. സുഹാർത്തോയുടെ ഏകാധിപത്യം അവസാനിക്കുകയും ജനാധിപത്യം ആരംഭിക്കുകയും ചെയ്ത 1998 ഇന്തോനേഷ്യയുടെ ചരിത്രത്തിൽ പ്രധാന വർഷമാണ്. അതോടുകൂടി ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ ശക്തിപ്പെടുകയും ഇസ്ലാമിസ്റ്റുകളാണ് മുസ്ലിംകൾക്കെല്ലാംവേണ്ടി സംസാരിക്കുന്നതെന്ന അവസ്ഥയുണ്ടാകുകയും ചെയ്തു.
ഇതര മതവിശ്വാസികൾ പലതരത്തിലുള്ള വിവേചനങ്ങൾക്കു വിധേയരാകുന്നുണ്ട്. ജക്കാർത്ത ഗവർണറായിരുന്ന ബാസുകി യഹയ്യാ പൂർണമ (അഹോക്)യുടെ അനുഭവം ഉദാഹരണമാണ്. 2017ലെ തെരഞ്ഞെടുപ്പുകാലത്ത് ഇസ്ലാമിക മതഗ്രന്ഥത്തെ അവഹേളിച്ചു എന്ന കുറ്റം ചുമത്തി ഒരു ക്രൈസ്തവനായിരുന്ന അദ്ദേഹത്തെ ജയിലിലടയ്ക്കാൻ തത്പരകക്ഷികൾക്കു കഴിയുകയുണ്ടായി. മറ്റു മതസ്ഥരെ നിശബ്ദരാക്കാൻ മതത്തെ ദുരുപയോഗിക്കുന്നതിന്റെ അനേകം ഉദാഹരണങ്ങളിൽ ഒന്നാണിത്. അതുകൊണ്ടുതന്നെ മേൽപറഞ്ഞ പ്രഖ്യാപനം ജക്കാർത്തയിൽവച്ച് നടത്താൻ സാധിച്ചത് പ്രതീക്ഷയുണർത്തുന്നു.
സാമൂഹ്യസമാധാനം നിലനിർത്തുക
പപ്പുവ ന്യൂഗിനിയയിൽ സാമൂഹ്യസമാധാനം നിലനിർത്തുന്നതിനെപ്പറ്റിയാണ് പാപ്പാ കൂടുതൽ വാചാലനായത്. ഗോത്രങ്ങൾ തമ്മിലുള്ള കുടിപ്പക പ്രാദേശിക സമൂഹങ്ങളിൽ വിതയ്ക്കുന്ന അസമാധാനം നിരവധി മനുഷ്യജീവൻ ബലിയർപ്പിക്കുന്നതായും ഒന്നിച്ചുള്ള അതിജീവനം അസാധ്യമാകുന്നതായും വികസനം മുരടിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരേയൊരു ദ്വീപിൽത്തന്നെ 800ൽപരം ഗോത്രങ്ങൾ സ്വന്തം ഭാഷയും സംസ്കാരവും പുലർത്തി ജീവിക്കുന്നത് സാംസ്കാരിക സന്പന്നതയും പ്രശംസനീയവുമാണ്. ഈ ബഹുസ്വരത ഐക്യത്തിലേക്കുള്ള ക്ഷണമാണ്. പാപ്പുവ ന്യൂഗിനിയ ധാരാളം അസംസ്കൃത വസ്തുക്കളും ധാതുക്കളുമുള്ള സന്പന്നമായ ഒരു ഭൂവിഭാഗമാണ്. ഇവയുടെ അനിയന്ത്രിതമായ ചൂഷണം വന്പിച്ച പരിസ്ഥിതിനാശത്തിനും സംഘർഷങ്ങൾക്കും കാരണമാകുന്നുണ്ട്. പൊതുസമൂഹത്തിനു പൊതുവായിട്ടാണ് ഇവയുടെ പ്രയോജനം ലഭിക്കേണ്ടത്. തദ്ദേശീയ ജനതയെയും അവിടത്തെ തൊഴിലാളികളെയും മാറ്റിനിർത്തിക്കൊണ്ട് ബഹുരാഷ്ട്ര കുത്തകകളും കൂട്ടാളികളും നടത്തുന്ന ചൂഷണം ശരിയായവിധം മാർപാപ്പ പറഞ്ഞു.
പഴയ ശത്രുതകൾ ആളിക്കത്തിക്കരുത്
പാപ്പുവ ന്യൂഗിനിയയിൽനിന്നു സ്വാതന്ത്ര്യം മോഹിക്കുന്ന ബൂഗെയ്ൻവിൽ ദ്വീപിനെയും മാർപാപ്പ പരാമർശിച്ചു. പഴയ ശത്രുതകൾ ആളിക്കത്തിക്കരുതെന്ന് അദ്ദേഹം ഉപദേശിച്ചു. ബൂഗെയ്ൻവില്ലിലെ ചെന്പ് ഖനികളെ സംബന്ധിച്ച തർക്കമാണല്ലോ പന്ത്രണ്ടുവർഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിച്ചത്.
ദുർഗമമായ ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ജനങ്ങളോടു മാർപാപ്പ യേശുവിന്റെ യഥാർഥ അനുഗാമികളാകാൻ ആഹ്വാനം ചെയ്തു. വിശ്വാസത്തിന്റെ സൗന്ദര്യവും ദൈവത്തിന്റെ സ്നേഹവും ജീവിതത്തിലൂടെ പ്രസരിപ്പിക്കണം. യേശുവിനെ അനുഗമിക്കുന്നതുവഴി അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും തള്ളിക്കളയാൻ സാധിക്കും. അക്രമം, അവിശ്വസ്തത, ചൂഷണം, മദ്യാസക്തി, മയക്കുമരുന്ന് തുടങ്ങിയവയിൽനിന്നു മോചനം നേടാനും യേശുവിലുള്ള വിശ്വാസം സഹായിക്കും.
മന്ത്രവാദിനികളെ വേട്ടയാടുന്നതുൾപ്പെടെ സ്ത്രീകൾക്കെതിരായ നിരവധി അതിക്രമങ്ങൾ നടക്കുന്ന രാജ്യമാണ് പാപ്പുവ ന്യൂഗിനിയ. രാഷ്ട്രനേതാക്കന്മാരെ അഭിസംബോധന ചെയ്യവേ സ്ത്രീകൾ അർഹിക്കുന്ന ആദരവിനെപ്പറ്റി മാർപാപ്പ ഓർമിപ്പിച്ചു.
1975 മുതൽ 2002 വരെ നീണ്ടുനിന്ന ഈസ്റ്റ് ടിമോറിന്റെ ഇന്തോനേഷ്യൻ അടിമത്തം രക്തരൂഷിതമായ കാലഘട്ടമായിരുന്നു. അക്കാലത്ത് അവിടെ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ അതീവ ഗുരുതരമായിരുന്നു. മാർപാപ്പ ഈസ്റ്റ് ടിമോർ ജനതയെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എല്ലാവരോടും അനുരഞ്ജനപ്പെടാനും സമാധാനത്തിനുവേണ്ടി ഒന്നിച്ചു പ്രവർത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രീയപ്രവർത്തകർ ദാരിദ്ര്യത്തിനും വികസനമുരടിപ്പിനും തൊഴിലില്ലായ്മയ്ക്കുമെതിരേ പോരാടണം. ലാളിത്യത്തിന്റെ വക്താക്കളാകണം എന്ന് വൈദികരെ ഉപദേശിക്കാനും അദ്ദേഹം മറന്നില്ല. വൈദികർക്ക് ജനസാമാന്യത്തിന്റെ മേലുള്ള സ്വാധീനം അവിതർക്കിതമാണുതാനും. വൈദികർ അധികാരപ്രമത്തതയ്ക്കും ധാർഷ്ട്യത്തിനും വശംവദരാകരുത്. നീതിക്കുവേണ്ടിയും അഴിമതിക്കെതിരേയും അവർ രംഗത്തിറങ്ങണം.
സഹവർത്തിത്വവും സഹിഷ്ണുതയും നിലനിർത്തണം
മാർപാപ്പയുടെ യാത്രയുടെ അവസാനഘട്ടം സിംഗപ്പുരിലായിരുന്നു. ആദ്യത്തെ മൂന്നു രാജ്യങ്ങളേക്കാൾ വികസിതവും സാങ്കേതിക മികവുകൊണ്ട് സമൃദ്ധവുമാണ് സിംഗപ്പുർ. രാജ്യത്തിന്റെ സാന്പത്തികസുസ്ഥിതി പരമാർശിച്ച പാപ്പാ എല്ലാവർക്കും അതിന്റെ പ്രയോജനം തുല്യമായി ലഭ്യമാകേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി. ദരിദ്രർ, വയോജനങ്ങൾ, കുടിയേറ്റക്കാരായ തൊഴിലാളികൾ എന്നിവരെ ആദരപൂർവം പരിഗണിക്കണമെന്നു മാർപാപ്പ എടുത്തുപറഞ്ഞു.
ഡിജിറ്റൽ യുഗത്തിൽ മനുഷ്യബന്ധങ്ങൾ അവഗണിക്കപ്പെടാനുള്ള സാധ്യതയുണ്ട്. തെറ്റായതും അമൂർത്തവുമായ ഒരു അയഥാർഥ ലോകത്തിലേക്കു വഴുതിവീഴുന്പോൾ മനുഷ്യയാഥാർഥ്യം വിസ്മൃതമായേക്കാം. വിവിധ വംശീയതകളുള്ളവർ ഒരുമിച്ചു താമസിക്കുന്പോൾ പുലരേണ്ട സഹവർത്തിത്വവും സഹിഷ്ണുതയും നിലനിൽക്കുന്നതിന് പരസ്പരബഹുമാനവും സംവാദവും ആവശ്യമാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി. മതാന്തര സംഭാഷണങ്ങൾ തുടർന്നുകൊണ്ട് രാജ്യത്ത് സമാധാനം ഉറപ്പുവരുത്തുമെന്ന് രാഷ്ട്രീയനേതാക്കൾ വ്യക്തമാക്കുകയുണ്ടായി.
രാഷ്ട്രീയനേതാക്കളെ മാത്രമല്ല, നയതന്ത്രപ്രതിനിധികൾ, വിവിധ മതങ്ങളുടെ പ്രതിനിധികൾ, സഭാനേതാക്കൾ, വൈദികർ, സന്യാസിനികൾ, ഭിന്നശേഷിക്കാർ, യുവാക്കൾ, കുട്ടികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാവിഭാഗത്തിലുംപെട്ടവരുമായി സംവദിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും എൺപത്തെട്ടുകാരനായ ഫ്രാൻസിസ് പാപ്പാ സമയം കണ്ടെത്തി. സന്ദർശിച്ച നാലു രാജ്യങ്ങളിലെയും കത്തോലിക്കർക്കു മാത്രമല്ല വിവിധ മതസ്ഥർക്കും പ്രത്യാശയും ആഹ്ലാദവും പകരുന്നതായി മാർപാപ്പയുടെ സന്ദർശനം.