ജയരാജന്റെ പുസ്തകങ്ങൾ
അനന്തപുരി /ദ്വിജൻ
Sunday, September 22, 2024 2:19 AM IST
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സാധാരണക്കാർ പ്രകടിപ്പിച്ച ജനവികാരം ഇടതുമുന്നണിയിൽ പ്രത്യേകിച്ചും സിപിഎമ്മിൽ സൂര്യനുദിക്കുവാൻ കാരണമാക്കിയിട്ടുണ്ട് എന്നതിന്റെ അടയാളങ്ങളാണ് പ്രമുഖ ഇടതുപക്ഷ നേതാവും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ജയരാജൻ ഒക്ടോബറിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ‘കേരളം - മുസ്ലിം രാഷ്ട്രീയവും പൊളിറ്റിക്കൽ ഇസ്ലാമും’, ‘ഗുരുവിനെ മറന്ന കേരളം’ എന്നീ രണ്ടു പുസ്തകങ്ങൾ.
സംഘപരിവാർ ബന്ധത്തിന് ഇടതുമുന്നണി കണ്വീനർ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ഇ.പി. ജയരാജൻ പ്രഖ്യാപിച്ചിരിക്കുന്ന ആത്മകഥയെ ഭയന്നു പാർട്ടിയിൽ ഇ.പി. പടർത്തിയ നവലിബറലിസത്തിന്റെ ശത്രുവായ പി.ജെ. പുസ്തകമെഴുതുന്നുവെന്ന് ചിത്രീകരിക്കുന്നത് തെറ്റാകാനാണു സാധ്യത. പല അപ്രിയ സത്യങ്ങളും തുറന്നുപറഞ്ഞ പി.ജെക്ക് പകൽ സഖാക്കളും രാത്രി എസ്ഡിപിഐക്കാരുമായ സിപിഎം നേതാക്കളെക്കുറിച്ച് തുറന്നുപറഞ്ഞ ആലപ്പുഴയിലെ ജി. സുധാകരന്റെ ഗതി വരുമോ എന്നാണു കണ്ടറിയേണ്ടത്.
ജയരാജന്മാരുടെ പുസ്തകങ്ങൾ
സിപിഎമ്മിനെ ഉറക്കം കെടുത്തുന്ന പ്രഖ്യാപനങ്ങളായിട്ടുണ്ട് പുസ്തകങ്ങളെക്കുറിച്ച് ജയരാജന്മാരുടെ വെളിപ്പെടുത്തലുകൾ. ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും സാന്റിയാഗോ മാർട്ടിനിൽനിന്നും ചാക്ക് രാധാകൃഷ്ണനിൽനിന്നും കിട്ടിയ പണത്തെക്കുറിച്ചുമടക്കം ഇ.പി. ജയരാജൻ തനിക്കറിയുന്ന സത്യങ്ങൾ തുറന്നെഴുതിയാൽ സിപിഎമ്മിൽ പലർക്കും ഉറക്കം കെടും. നാണം കെട്ടവന് ആസനത്തിൽ ആലു കിളിർത്താൽ എന്തു നാണക്കേട് എന്ന മട്ടായിട്ടുണ്ട് അവിടെ പലരും. സ്വപ്ന സുരേഷ് എഴുതിയ ആത്മകഥയുടെ ഒന്നാം ഭാഗത്തിൽ നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകളേക്കാൾ കൂടുതൽ ഉപദ്രവം അവയ്ക്കു ചെയ്യാനാകില്ലല്ലോ എന്നാണു പലരുടെയും ധൈര്യം. സ്വപ്നയുടെ ആത്മകഥയിൽ പറയുന്ന മിക്കവാറും സൂചനകളും വെളിപ്പെടുത്തലുകളും പിന്നീടുള്ള സംഭവങ്ങളിലൂടെ സത്യമെന്നു തെളിയിക്കപ്പെട്ടിട്ടും എന്തുണ്ടാകുന്നുവെന്ന ചോദ്യമുണ്ട്.
എന്നാൽ, പി. ജയരാജന്റെ പുസ്തകങ്ങൾ പ്രത്യേകിച്ചും ‘കേരളം - മുസ്ലിം രാഷ്ട്രീയവും പൊളിറ്റിക്കൽ ഇസ്ലാമും’ അറിയിപ്പു വന്നപ്പോൾത്തന്നെ വിവാദമായി. വലിയ ചർച്ചാവിഷയമായി. കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാം ഇല്ലെന്നു സമർഥിക്കാൻ വലിയ ആവേശത്തോടെ അവരുടെ തലയിൽ മുണ്ടിട്ട വക്താക്കൾ എത്തി. ഒറ്റ ദിവസംകൊണ്ടു ജയരാജന് പല നിലപാടുകളിൽനിന്നും പിന്നാക്കം പോകേണ്ടിവന്നു. ഇതാണു പോക്കെങ്കിൽ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുമോ? പ്രസിദ്ധീകരിച്ചാൽ അഭിമുഖത്തിൽ പറഞ്ഞ പലതും ഇല്ലാത്ത ഒന്നാകില്ലേ പുറത്തുവരിക തുടങ്ങിയ സംശയങ്ങൾ ഉയരുന്നു.
വിവാദ അഭിമുഖം
സ്വകാര്യ ന്യൂസ് ചാനലുമായി നടത്തിയ അഭിമുഖത്തിൽ, തന്റെ വരാനിരിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും അവയുടെ ഇതിവൃത്തത്തെക്കുറിച്ചും തുറന്നുപറയുന്ന ജയരാജൻ “കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള റിക്രൂട്ട്മെന്റ് വ്യാപകമായി. ഇവിടെയുള്ള മതനിരപേക്ഷ ചട്ടക്കൂടിനകത്ത് ജീവിക്കാൻ പറ്റില്ല. മതരാഷ്ട്രത്തിൽ മാത്രമേ തങ്ങൾക്കു ജീവിക്കാൻ പറ്റൂ എന്നുള്ള അപകടകരമായ സന്ദേശത്താൽ സ്വാധീനിക്കപ്പെട്ടവരാണ് വഴിതെറ്റിയവർ. അതു ഗൗരവത്തിൽ കാണണം. മുസ്ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും തമ്മിൽ വ്യത്യാസമുണ്ട്.
ലോകാടിസ്ഥാനത്തിൽ പൊളിറ്റിക്കൽ ഇസ്ലാം വലിയ പ്രശ്നമായി വരികയാണ്. കേരളത്തിലടക്കം ചില ചെറുപ്പക്കാർ വഴിതെറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നു. സിറിയയിലും അഫ്ഗാനിസ്ഥാനിലുമൊക്കെ പോയി എന്നൊക്കെ നമ്മൾ കേട്ടു. അതിശയോക്തിപരമായി കാണേണ്ട. ഐഎസിനെതിരേ സുന്നി സംഘടനകൾ ഉൾപ്പെടെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ, സലഫിസത്തിന്റെ ഭാഗമായി ഒരു ആശയതലം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമെക്കെ സൃഷ്ടിക്കുന്ന അപകടകരമായ ആശയം ചർച്ച ചെയ്യപ്പെടണം’’ എന്നു വ്യക്തമാക്കി.
ലോകത്താകെ ഇസ്ലാമിക തീവ്രവാദം വർധിക്കുന്നതായി പുസ്തകത്തിൽ ജയരാജൻ ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിൽനിന്നും കാസർഗോട്ടുനിന്നുമാണ് കൂടുതൽ യുവാക്കൾ പോകുന്നത്. ഇതിനെ ഗൗരവമായി കാണണം. കണക്കുകൾ നിരത്തിയാണ് ജയരാജൻ പുസ്തകത്തിൽ സമർഥിക്കുന്നത് എന്നാണ് അഭിമുഖത്തിൽ പറയുന്നത്. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും മതരാഷ്ട്രവാദികളാണെന്ന് അദ്ദേഹം മറകൂടാതെ പറയുന്നു.
കാഷ്മീരിൽ കുപ്വാര ജില്ലയിലെ ലോലബ് താഴ്വരയിൽ ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടി മരിച്ച നാലു യുവാക്കളുടെ കാര്യം ജയരാജൻ ഓർമിപ്പിക്കുന്നു. അവരിൽ രണ്ടുപേർ മുഹമ്മദ് ഫയസും അബ്ദുൾ ഫയസും കണ്ണൂരുകാരായിരുന്നു. കൊച്ചിയിൽനിന്നുള്ള മുഹമ്മദ് യാസിറും മലപ്പുറത്തുനിന്നുള്ള അബ്ദുൾ റഹിമും അവരിൽ ഉണ്ടായിരുന്നു.
തിരിച്ചടിയാണു കാരണം
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത്-വലത് മുന്നണികളുടെ അതിരുവിട്ട മുസ്ലിം പ്രീണനത്തിനെതിരേ ജനം നൽകിയ മുന്നറിയിപ്പുകൾ ബിജെപിയുടെ തൃശൂരിലെ വിജയത്തിൽ മാത്രമാണു കലാശിച്ചതെങ്കിലും മറ്റു പല മണ്ഡലങ്ങളിലും ശക്തമായ അടിയൊഴുക്ക് ഉണ്ടാക്കിയിട്ടുണ്ടെന്നു വ്യക്തമാണ്. “അവലും മലരും കരുതിക്കോ, കുന്തിരിക്കം കരുതിക്കോ” എന്ന് ഒരു കൊച്ചുകുഞ്ഞിനെക്കൊണ്ടു വിളിപ്പിച്ച ആലപ്പുഴയിൽ, ശോഭാ സുരേന്ദ്രൻ എങ്ങനെ അട്ടിമറിനേട്ടം കൈവരിച്ചു എന്നതടക്കം അടയാളങ്ങൾ പലതുണ്ട്. തിരുവനന്തപുരത്തുപോലും കോണ്ഗ്രസ്-സിപിഎം കേന്ദ്രങ്ങളിൽ ശക്തമായ അടിയൊഴുക്കുകൾ ഉണ്ടായിരുന്നു.
വടക്കേ ഇന്ത്യയിലെല്ലാം ബിജെപിക്കാർ ക്രൈസ്തവരെ പീഡിപ്പിക്കുകയാണ് എന്ന സത്യം അറിയുന്പോഴും ഇവിടെ ഇടത്-വലത് മുന്നണികളെ തിരുത്തിക്കാൻ വേറെ എന്തു വഴി എന്ന ചോദ്യത്തിന്, എങ്ങും തൊടാതെ മതേതരത്വവും വർഗീയവിരുദ്ധതയും സംസാരിക്കുന്ന വക്താക്കൾക്കു കഴിയുന്നില്ല.
കോണ്ഗ്രസിന്റെ മുസ്ലിം പ്രീണനം
കേരളത്തിൽ ശക്തമാകുന്ന കമ്യൂണിസത്തെ നേരിടാൻ മുസ്ലിം സഹായം ഇല്ലാതെ പറ്റില്ലെന്ന് 1957ൽത്തന്നെ കോണ്ഗ്രസ് മനസിലാക്കി. വിമോചനസമര നായകനായ പി.ടി. ചാക്കോയായിരുന്നു അതിനു നിമിത്തമായത്. അന്ന് മലബാറിലെ കോണ്ഗ്രസുകാരുടെ എതിർപ്പു മറികടന്ന് തെക്കൻ കേരളത്തിലെ കോണ്ഗ്രസുകാരാണ്, ശങ്കറും ചാക്കോയുമാണ്, ലീഗ് ചങ്ങാത്തം ആരംഭിച്ചത്. അന്ന് മുസ്ലിം ലീഗിന് ഇന്നത്തെയത്ര വിലപേശൽ ശക്തിയുണ്ടായിരുന്നില്ല.
1960ൽ മുന്നണിഭരണത്തിൽ ലീഗിനു കിട്ടിയ നിയമസഭാ സ്പീക്കർസ്ഥാനം സ്വീകരിക്കുന്നതിന് ലീഗിലെ അംഗത്വം രാജിവയ്ക്കണമെന്ന് കോണ്ഗ്രസ് ഉപാധി വച്ച് അംഗീകരിപ്പിച്ചു. കോണ്ഗ്രസ് മുന്നണിയിലെ മൈനർ പാർട്ണറായിരുന്നു ലീഗ്. 1967ൽ ഇഎംഎസിന്റെ സപ്തകക്ഷി ഭരണമാണു ലീഗിനെ വില പേശാനാകുന്ന ഘടകകക്ഷിയാക്കിയത്.
തൊപ്പി ഊരാതെ അവർ മന്ത്രിമാരായി. ഒന്നല്ല രണ്ടു മന്ത്രിമാർ. ഈ ഭരണകാലത്ത് മലപ്പുറം ജില്ലയും മലപ്പുറം ജില്ലയിലെ കോഴിക്കോട് യൂണിവേഴ്സിറ്റിയും അവർ നേടി. പിന്നീട് ഇന്നുവരെ ലീഗ് അടിവച്ചടിവച്ചു കയറി ഓരോ ഭരണംകൊണ്ടും സമുദായത്തെ വളർത്തി.
കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന 1982ൽ ഭാരത സർക്കാർ അനഭിമതർ എന്നു പ്രഖ്യാപിച്ച കുവൈറ്റികളെ സംസ്ഥാന അതിഥികളായി സ്വീകരിച്ച സംഭവം വരെ ഉണ്ടായി. 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ലീഗ് മന്ത്രിമാരുടെ എണ്ണം അഞ്ചായി. ഓരോ ചുവടിലും കോണ്ഗ്രസ് പിടിച്ചുനിർത്തിയാണു കയറ്റിയത്. 2016ൽ പിണറായി ഭരണം വന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണി 18 സീറ്റിലും ജയിച്ചു.
2021ൽ യുഡിഎഫ് തിരിച്ചുവരുമെന്ന ധാരണ പടർന്നു. ലോക്സഭാംഗമായിരുന്ന കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരിച്ചുവന്നു. മുഖ്യമന്ത്രിക്കസേരയാകും ലക്ഷ്യമെന്ന് പലരും സംശയിച്ചു. ആ സംശയം 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കാര്യമായി പ്രതിഫലിച്ചു. ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തി. ഇപ്പോൾ ആ ജനം സംശയിക്കുന്നു വല്ലാത്ത മുസ്ലിം പ്രീണനമല്ലേ നടക്കുന്നതെന്ന്.
പിണറായിക്കളികൾ
കേരളത്തിൽ മുസ്ലിം വോട്ടില്ലാതെ അധികാരത്തിലെത്തുക ദുഷ്കരമാണെന്ന ബോധ്യത്തിൽനിന്നുമാണ് പിണറായിയുടെ മുസ്ലിം പ്രീണനം ആരംഭിക്കുന്നത്. കേരള സമൂഹത്തിലെ ജനസംഖ്യയിൽ 30 ശതമനത്തോളമായി മുസ്ലിം പ്രാതിനിധ്യം.
ഹിന്ദു വോട്ടുകൾ കോണ്ഗ്രസിനും സിപിഎമ്മിനും ബിജെപിക്കുമായി ഭിന്നിക്കുന്പോൾ മുസ്ലിം വോട്ടർമാർ മിക്കവാറും സാമുദായികമായി തന്നെ നിലപാടെടുക്കുന്നു. ഈ സമൂഹത്തിൽപ്പെട്ടവർ മറ്റു പാർട്ടികളിലും ഉണ്ടെങ്കിലും അവർക്കു ജയിക്കാനാകും എന്നതിനപ്പുറം സമുദായത്തിന്റെ വോട്ട് പാർട്ടിക്കു നേടാൻ ഈ നേതാക്കൾക്കാകില്ല. മുസ്ലിംകളിൽ നല്ല പങ്ക് ലീഗിനൊപ്പം യുഡിഎഫിൽ പോകുന്നതുകൊണ്ട് മലബാറിലെ പല മണ്ഡലങ്ങളും അനായാസം നഷ്ടപ്പെടുന്ന രാഷ്ട്രീയ സാഹചര്യത്തെ പ്രായോഗികമായി നേരിടാൻ പിണറായി കണ്ടുപിടിച്ച തന്ത്രമാണ് മുസ്ലിം പ്രീണനം.
കളി മനസിലാകുന്ന ജനം
ചിലർക്ക് അധികാരത്തോടുള്ള ആർത്തി ശരിക്കും പ്രയോജനപ്പെടുത്തി ശക്തമാകുന്ന പൊളിറ്റിക്കൽ ഇസ്ലാമിന്റെ കരുത്ത് കാണുന്ന ജനം അതിനെതിരേ പ്രതികരിച്ചുതുടങ്ങി. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എന്താകും സംഭവിക്കുകയെന്ന് പലരും ഭയപ്പെടുന്നു.
പ്രാദേശിക വികാരങ്ങൾ മനസിലാക്കി സ്വതന്ത്രരെ നിർത്തി കളിച്ച് മണ്ഡലങ്ങൾ പിടിക്കുന്ന രീതി സിപിഎം എല്ലാക്കാലത്തും പഞ്ചായത്തുകളിൽ പരീക്ഷിച്ചു ജയിച്ചിട്ടുണ്ട്. അതിലൂടെ ചില നേട്ടങ്ങൾ ഉണ്ടാക്കാമെങ്കിലും നിയമസഭയിൽ അതു സാധിക്കില്ല. ഹിന്ദു, ക്രൈസ്തവ സമൂഹങ്ങളിൽ ശക്തമായി വരുന്ന വികാരത്തെ നേരിടണമെന്ന ചിന്ത സിപിഎമ്മിൽ ഉണ്ടായിട്ടുണ്ട് എന്നതിന്റെ സൂചനതന്നെയാണു ജയരാജന്റെ വിവാദ പുസ്തകം.
ഞങ്ങൾ എല്ലാവർക്കുംവേണ്ടി നിൽക്കുന്നവരാണെന്നും ഈഴവ സമൂഹം ഭയപ്പെടുന്ന വിധത്തിൽ മുസ്ലിം പ്രീണനം ഇല്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ അപകടമാണെന്ന് സിപിഎം മനസിലാക്കിയെന്നും കൃത്യമായി വിളിച്ചുപറയുകയാണ് ആ പുസ്തകങ്ങൾ.
ഇഎംഎസും വിഎസും
ന്യൂനപക്ഷ വർഗീയത വളർത്തി ഭൂരിപക്ഷ വർഗീയതയെ നേരിടാനാകില്ലെന്ന് 1967ലെ അനുഭവത്തിലൂടെ ഇഎംഎസ് മനസിലാക്കി. സിപിമ്മിൽനിന്നു കിട്ടാവുന്നതെല്ലാം തട്ടിയെടുത്ത ലീഗ് 1969ൽ ഇഎംഎസിനെ വലിച്ചിട്ട് കോണ്ഗ്രസ് പിന്തുണയോടെ അധികാരം പിടിച്ചു.
ആ ദുരന്തമാണു പിണറായിയും അനുഭവിക്കുന്നത്. ലീഗിനെ കിട്ടാതെവന്നപ്പോൾ, ഇന്ദുലേഖയില്ലെങ്കിൽ തോഴിയായാലും മതി എന്ന മട്ടിൽ മദനിയെയും കാന്തപുരത്തെയും, വലത് രാഷ്ട്രീയത്തിൽ പച്ചപിടിക്കാതിരുന്ന പി.വി. അൻവറിനെയും കെ.ടി. ജലീലിനെയും കാരാട്ട് റസാക്ക് പോലുള്ളവരെയും കൂട്ടി അധികാരം പിടിച്ചു.
കൂടെനിന്നു പലതും നേടുകയും മനസിലാക്കുകയും ചെയ്തതോടെ അവരുടെ തനിനിറം വ്യക്തമാകുകയായി. ഒന്നാം പിണറായി മന്ത്രിസഭയിൽ ജലീൽ എടുത്ത തീരുമാനങ്ങൾ മറ്റു സമൂഹങ്ങളിൽ അസ്വസ്ഥതയുണ്ടാക്കി. സിപിഎമ്മിൽപോലും തലവേദനയുണ്ടായി. ന്യൂനപക്ഷ ആനുകൂല്യങ്ങൾ 80:20 അനുപാതത്തിൽ വിതരണം ചെയ്യുന്നു, സർക്കാർ ചെലവിൽ ഖുറാൻ വിതരണം തുടങ്ങിയ പല കാര്യങ്ങളുമുണ്ടായി.
വാരിയൻകുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര ഭടനാക്കുന്നതടക്കം പലതും സിപിഎമ്മിനു സമ്മതിക്കേണ്ടിവന്നു. ഭാരതത്തിന്റെ ഭാഗമായുള്ള കാഷ്മീരിനെ ഇന്ത്യൻ അധിനിവേശ കാഷ്മീർ എന്നും പാക്കിസ്ഥാൻ കീഴടക്കിയ കാഷ്മീരിനെ ആസാദ് കാഷ്മീർ എന്നും വരെ ചിത്രീകരിക്കുന്നിടം വരെയെത്തി കെ.ടി. ജലീൽ.
ഇപ്പോൾ സർക്കാരിനെ വെള്ളം കുടിപ്പിക്കുകയാണ് അൻവർ. ഇതെല്ലാം മനസിലാക്കിയാണ് ന്യൂനപക്ഷ വർഗീയത വളർത്തി ഭൂരിപക്ഷ വർഗീയതയെ നേരിടാനാകില്ലെന്ന് 1980കളിൽ സാക്ഷാൽ ഇഎംഎസ് ഉപദേശിച്ചത്.