നല്ലമ്മ, പൊന്നമ്മ...
ബിജോ ജോ തോമസ്
Saturday, September 21, 2024 2:14 AM IST
മലയാളസിനിമയിലെ ബ്ലാക്ക്ആൻഡ് വൈറ്റ് -കളർ യുഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണികൂടി അറ്റു. മലയാളത്തിന്റെ എക്കാലത്തെയും അമ്മ മനസായിരുന്ന കവിയൂർ പൊന്നമ്മയും ഓർമകളുടെ ഓരത്തേക്ക് മായുകയാണ്. ശരാരശി മലയാളിയുടെ അമ്മബോധത്തെ ഇത്രയധികം സ്വാധീനിച്ച ഒരു അഭിനേത്രി വേറെയുണ്ടാവില്ല. വേദനകൾ ഉള്ളിലൊതുക്കി സദാ പുഞ്ചിരിച്ച് മക്കളോട് മറുത്ത് ഒരക്ഷരം പറയാത്ത അമ്മ.
അങ്ങനെയൊരു അമ്മ ഇമേജ് മലയാളിയുടെ മനസിലേക്ക് കൊണ്ടുവന്നത് കവിയൂർ പൊന്നമ്മയായിരുന്നു. മുണ്ടും നേര്യതുമായിരുന്നു സിനിമകളിലെ അവരുടെ വേഷം. പക്ഷേ ഒരേ വേഷം മാത്രമിട്ട് ഏറെക്കുറെ ഒരേ ഭാവങ്ങളോടെ അരനൂറ്റാണ്ട് മലയാളസിനിമയിൽ നിറഞ്ഞു നില്ക്കാൻ കഴിഞ്ഞതാണ് പൊന്നമ്മയെ മറ്റ് അഭിനേത്രികളിൽനിന്ന് വ്യത്യസ്തയാക്കുന്നത്.
1964ൽ കുടുംബിനി എന്ന സിനിമയിൽ തുടങ്ങി 2021ലെ അവസാന ചിത്രം വരെ പൊന്നമ്മ പകർന്നു നല്കിയത് നല്ല അമ്മയുടെ ഭാവം മാത്രം. അതിനപ്പുറമുള്ള അവരുടെ വേഷപ്പകർച്ച പ്രേക്ഷകർ ഇഷ്ടപ്പെട്ടില്ല. ഒന്നോ രണ്ടോ സിനിമകളിൽ അവർ അല്പം വില്ലത്തി സ്വഭാവമുള്ള അമ്മ വേഷങ്ങളിൽ എത്തിയതിനോട് ഏറെ പ്രതികൂലമായാണ് പ്രേക്ഷകർ പ്രതികരിച്ചത്. ന്യൂജൻ സിനിമകളിൽ അമ്മമാരും അച്ഛൻമാരുമൊക്കെ പടിക്ക് പുറത്താകുന്നതുവരെ നല്ല അമ്മ ഇമേജിൽ അവർ ജീവൻ നല്കിയത് ആയിരത്തിലധികം കഥാപാത്രങ്ങൾക്ക്.
ഗായികയിൽനിന്ന് അഭിനേത്രിയിലേക്ക്
കവിയൂർ പൊന്നമ്മ എന്നാൽ അഭിനേത്രി മാത്രമാണ് സാധാരണ പ്രേക്ഷകർക്ക്. എന്നാൽ മികച്ചൊരു ഗായികയാണ് അവർ എന്നത് പലർക്കുമറിയില്ല. അച്ഛന് സംഗീതത്തിൽ ഏറെ കന്പമുണ്ടായിരുന്നതിനാൽ നന്നേ ചെറുപ്പത്തിലെ പൊന്നമ്മ സംഗീതമഭ്യസിച്ചു. അങ്ങനെ 12 വയസുള്ളപ്പോൾ കെപിഎസിയുടെ മൂലധനം എന്ന നാടകത്തിൽ തോപ്പിൽഭാസി പാടാൻ ക്ഷണിച്ചു. സാമൂഹിക ചുറ്റുപാടിൽ നാടകം സ്ത്രീകൾക്ക് നിഷിദ്ധമായിരുന്ന അന്നത്തെ കാലത്ത് കുടുംബത്തിൽനിന്നുതന്നെ ഒട്ടേറെ എതിർപ്പു നേരിട്ടാണ് പൊന്നമ്മ നാടകത്തിൽ എത്തിയത്.
അച്ഛനായിരുന്നു എല്ലാറ്റിനും പ്രോൽസാഹനം നല്കിയത്. മൂലധനം നാടകത്തിൽ നായികയെ കിട്ടാതെ വന്നപ്പോൾ തോപ്പിൽഭാസിയുടെ നിർബന്ധത്തിനുവഴങ്ങി ആദ്യമായി മുഖത്ത് ചായം തേച്ചു. അവിടെ കവിയൂർപൊന്നമ്മ എന്ന അഭിനേത്രി ജനിക്കുകയായിരുന്നു. തുടർന്നങ്ങോട്ട് പൊന്നമ്മയുടെ തട്ടകം നാടകവും പിന്നെ സിനിമയുമായി.
പ്രമുഖ നാടക ട്രൂപ്പുകളിലെ മികച്ച അഭിനേത്രിയായി തിളങ്ങുന്പോഴാണ് സിനിമയിലേക്ക് വഴിതുറന്നത്. മൂലധനം എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയുള്ള തുടക്കം ദീർഘകാല കരിയറിന്റെ തുടക്കമായി. സത്യനേക്കാൾ പത്തു വയസ് കുറവുള്ളപ്പോൾ സത്യന്റെ അമ്മയായി അഭിനയിച്ചതിന്റെ അനുഭവങ്ങൾ പിന്നീട് അവർ പല അഭിമുഖങ്ങളിലും പങ്കുവച്ചിട്ടുണ്ട്. തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ നസീർ, മധു എന്നിവരുടെ അമ്മയായി അഭിനയിച്ചപ്പോഴും അവരേക്കാൾ പൊന്നമ്മ്ക്ക് പ്രായം നന്നേ കുറവായിരുന്നു.
വൈവിധ്യങ്ങളില്ല, പക്ഷേ...
തന്റെ സമകാലീനരായ നടിമാരിൽ പലരും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചപ്പോൾ കവിയൂർ പൊന്നമ്മ വ്യത്യസ്ത വേഷങ്ങൾ ചെയ്തിട്ടില്ല എന്നത് അവരുടെ മൈനസ് പോയിന്റിനേക്കാളുപരി പ്ലസ് ആവുകയായിരുന്നു. ഒരുപക്ഷേ സ്റ്റീരിയോ ടൈപ്പ് എന്ന് വിമർശകർക്ക് പറയാമെങ്കിലും പൊന്നമ്മയുടെ ശക്തി അതായിരുന്നു. ആ ഇമേജിൽ നിന്ന് പുറത്തുകടക്കാൻ അവർ ശ്രമിച്ചെപ്പോഴെല്ലാം പ്രേക്ഷകരും സംവിധായകരും അത് പ്രോൽസാഹിപ്പിച്ചില്ല.
അറുപതുകളിലും എഴുപതുകളിലുമുണ്ടായ കുടുംബസിനിമകളിൽ കവിയൂർ പൊന്നമ്മയുടെ അമ്മവേഷം ഒഴിച്ചുകൂടാനാകാത്തതായിരുന്നു. തുടർന്ന് സിനിമകളുടെ ട്രെൻഡ് മാറിയപ്പോഴും പൊന്നമ്മയുടെ അമ്മമനസ് മാറിയില്ല. തൊണ്ണൂറുകളുടെ മധ്യത്തിൽ മലയാളസിനിമയുടെ വലിയൊരു ട്രെൻഡ് മാറ്റത്തിനു തുടക്കംകുറിച്ച റാംജിറാവ് സ്പീക്കിംഗിലും പ്രിയപ്പെട്ട അമ്മച്ചിയായി പൊന്നമ്മ മാറി. ആക്്ഷൻ, കോമഡി, ഫാമിലി സിനിമകളിലെല്ലാം നല്ല അമ്മയുടെ മുഖത്തിന് ഒരേയൊരു ഭാവമേയുണ്ടായിരുന്നുള്ളൂ- അത് കവിയൂർ പൊന്നമ്മയുടേതായിരുന്നു.
മോഹൻലാൽ- പൊന്നമ്മ കൂട്ടുകെട്ട്
മോഹൻലാലിന്റെ സിനിമകളിലെ അമ്മവേഷങ്ങളാണ് തൊണ്ണൂറുകളിൽ കവിയൂർപൊന്നമ്മയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. ഇരുവരും അമ്മയും മകനുമായി അഭിനയിച്ച ചിത്രങ്ങൾ അത്രമേൽ സ്വാധീനം ചെലുത്തി. കിരീടം, ചെങ്കോൽ, ഹിസ് ഹൈനസ് അബ്ദുള്ള, തേന്മാവിൻകൊന്പത്ത് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ഈ കൂട്ട്കെട്ട് ഹിറ്റായി. മമ്മൂട്ടിയോടൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച പൊന്നമ്മ ചിത്രങ്ങളും ഏറെയാണ്. മമ്മൂട്ടി അവതരിപ്പിച്ച മകൻ കഥാപാത്രത്തിന് വിഷം പുരട്ടി ചോറു നല്കുന്ന തനിയാവർത്തനത്തിലെ അമ്മയെ ചലച്ചിത്ര പ്രേമികൾക്ക് മറക്കാനാവില്ല.
പ്രതിസന്ധികളിലൂടെ ജീവിതം
അച്ഛന്റെ മരണത്തോടെ കുടുംബഭാരം ഏറ്റെടുത്ത പൊന്നമ്മയ്ക്ക് അഭിനയം തൊഴിലും ജീവിതമാർഗവുമായിരുന്നു. കുടുംബത്തിനുവേണ്ടിയായിരുന്നു പൊന്നമ്മയുടെ ജീവിതം. സിനിമാനിർമാതാവ് മണിസ്വാമിയെ പ്രണയിച്ച് വിവാഹം കഴിച്ച അവർക്ക് പക്ഷേ ഏറെനാൾ സന്തോഷകരമായ ദാന്പത്യജീവിതം നയിക്കാൻ കഴിഞ്ഞില്ല. മകൾ ബിന്ദുവിന്റെ ജനനത്തിനുശേഷം അധികം താമസിയാതെ മണിസ്വാമിയും പൊന്നമ്മയും വേർപിരിഞ്ഞു. പിന്നെ ഏക മകൾക്കും സഹോദരങ്ങൾക്കുമായാണ് പൊന്നമ്മ ജീവിച്ചത്. സെറ്റുകളിൽനിന്ന് സെറ്റുകളിലേക്കുള്ള ഓട്ടത്തിൽ മകളെ വേണ്ടവിധം പരിചരിക്കാനോ വളർത്താനോ തനിക്ക് സാധിച്ചിട്ടില്ലെന്ന് പിൽക്കാലത്ത് അവർ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. മകളെ സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നെല്ലാം മാറ്റി ഡോക്്ടറാക്കി.
ഭർത്താവ് മണിസ്വാമിയുമായി പിരിഞ്ഞെങ്കിലും വർഷങ്ങൾക്കുശേഷം മണിസ്വാമി രോഗാതുരനായി മാറിയപ്പോൾ അദ്ദേഹത്തെ പൊന്നമ്മ തന്റെ വസതിയിലേക്ക് കൊണ്ടുവരികയും ശുശ്രൂഷിക്കുകയും ചെയ്തു. പൊന്നമ്മയുടെ വീട്ടിൽവച്ചു തന്നെയാണ് മണിസ്വാമി മരിച്ചതും.
ചെന്നെയിൽനിന്ന് ആലുവയിലേക്ക്
മലയാളസിനിമ കേരളത്തിലേക്കു പറിച്ചുനട്ടപ്പോൾ ദീർഘകാലം ചെന്നൈവാസിയായിരുന്ന പൊന്നമ്മ കേരളത്തിലേക്ക് എത്തി. ആലുവാപ്പുഴയുടെ തീരത്ത് ഒരു വീട് അവരുടെ എക്കാലത്തേയും സ്വപ്നമായിരുന്നു. അങ്ങനെ ആലുവയിൽ വീട് പണിത് സഹോദരനും കുടുംബത്തോടുമൊപ്പം താമസിച്ചു. ആലുവയിൽ വന്നതിനുശേഷമുള്ള തന്റെ ജീവിതം സുഖകരം, സ്വച്ഛന്ദം എന്നാണ് അവർ വിശേഷിപ്പിച്ചിരുന്നത്. 2021വരെ അവർ സിനിമകളിൽ അഭിനയിച്ചു. പിന്നീട് വിശ്രമജീവിതത്തിലായിരുന്ന പൊന്നമ്മ അടുത്തിടെ കാൻസർ രോഗബാധിതയാകുന്നതുവരെ സിനിമാ ചടങ്ങുകളിൽ സജീവമായിരുന്നു.
“ഞാൻ ഒറ്റപ്പെട്ടിട്ടില്ല, സന്തോഷത്തോടെ ജീവിക്കുന്നു”
ഞാൻ ഒറ്റപ്പെട്ടിട്ടില്ല, ഇവിടെ ത്തന്നെയുണ്ട്. ഇളയ സഹോദരനും കുടുംബത്തിനുമൊപ്പം സന്തോഷ ജീവിതം നയിക്കുന്നു- കവിയൂർ പൊന്നമ്മയുടേതായി അവസാനം വന്ന അഭിമുഖങ്ങളിൽ അവർ പറഞ്ഞതാണിത്. കവിയൂർപൊന്നമ്മ ജീവിത സായാഹ്നത്തിൽ തനിച്ചാണെന്നും ഏകാന്ത ജീവിതമാണ് നയിക്കുന്നതെന്നുമൊക്കെയുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് അവർ മറുപടി നല്കി.
എന്റെ മകൾ വിദേശത്ത് ഡോക്്ടറാണ്. അവൾ ഇടയ്ക്ക് വരും. ഇളയസഹോദരനും കുടുംബവും എന്നെ പൊന്നുപോലെ നോക്കുന്നു. സോഷ്യൽ മീഡിയയിൽ പറയുന്നതൊന്നും വിശ്വസിക്കരുതെന്നും അവർ പറഞ്ഞു.