കേരളത്തിൽ ‘രാഷ്ട്രീയ ഇസ്ലാ’മിനെ ചർച്ചയാക്കാമോ?
ഫാ. വർഗീസ് വള്ളിക്കാട്ട്
Saturday, September 21, 2024 2:00 AM IST
‘കേരളം: ഇസ്ലാമിക രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും’ എന്ന തലക്കെട്ടിൽ, ഒക്ടോബറിൽ പ്രസിദ്ധീകരിക്കാനിരിക്കുന്ന തന്റെ പുസ്തകത്തെപ്പറ്റി സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി. ജയരാജൻ ഒരു പ്രാദേശിക ചാനലിനു നൽകിയ അഭിമുഖവും അതുയർത്തിവിട്ട ചർച്ചകളും രാഷ്ട്രീയവൃത്തങ്ങളിൽ മാത്രമല്ല സമൂഹത്തിൽ പൊതുവെയും ചലനമുണ്ടാക്കിയിട്ടുണ്ട്.
ശക്തമായ ഒരു മുഖപ്രസംഗത്തിലൂടെ ദീപിക പത്രമാണ് ജയരാജൻ ഉയർത്തിയ ‘രാഷ്ട്രീയ ഇസ്ലാം’ എന്ന വിഷയത്തെ സമൂഹത്തിന്റെ മുഖ്യധാരയിൽ ചർച്ചയാക്കിയത്. കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയ മുന്നണികൾ നാളിതുവരെ പൊതിഞ്ഞുപിടിക്കുകയും രാഷ്ട്രീയനേട്ടത്തിനായി പിന്നണിയിൽ ധാരണകളും കൂട്ടുകെട്ടുകളുമുണ്ടാക്കുകയും ചെയ്തുവന്ന തീവ്രസ്വഭാവമുള്ള ഇസ്ലാമിസ്റ്റ് സംഘടനകളുടെ രാഷ്ട്രീയത്തെ ‘രാഷ്ട്രീയ ഇസ്ലാം’ എന്ന ലേബലിൽ ഒരു പുസ്തകത്തിലൂടെ, പൊതുസമൂഹത്തിൽ ചർച്ചയാക്കാൻ തയാറായി എന്നതിനെ പിന്തുണച്ചുകൊണ്ടാണ് ദീപിക മുഖപ്രസംഗമെഴുതിയത്.
ജയരാജൻ പറയാൻ ശ്രമിക്കുന്നത്
വിഷയം ചർച്ചയാക്കിയതിൽ ദീപികയെ അനുകൂലിച്ചും, എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാൽ പുസ്തകത്തിലെന്താണ് ഉള്ളതെന്നു പൂർണമായി വെളിപ്പെടുന്നതുവരെ ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സമ്പൂർണമായി തന്റെ നിലപാടിനെ അടിസ്ഥാനമാക്കിയാണെന്നു പറയാൻ കഴിയില്ലെന്നും, ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പി. ജയരാജൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
അദ്ദേഹം വ്യക്തമാക്കുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്: ഒന്നാമതായി, സിപിഎമ്മും ഇടതുപക്ഷവും ഒരുകാലത്തും തീവ്ര ഇസ്ലാമിക രാഷ്ട്രീയവുമായോ രാഷ്ട്രീയ ഇസ്ലാമിന്റെ പ്രസ്ഥാനങ്ങളുമായോ യാതൊരുവിധ കൂട്ടുകെട്ടിനും തയാറായിട്ടില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ ‘മുഖ്യശത്രു’വായ ഹിന്ദു വർഗീയതയോടൊപ്പം എല്ലാവിധ ന്യൂനപക്ഷ വർഗീയതയെയും തുല്യനിലയിൽ എതിർക്കുന്നു.
രണ്ടാമതായി; കേരളത്തിൽ മുസ്ലിം ലീഗിന്റെ രാഷ്ടീയം ചില അവസരങ്ങളിൽ തീവ്ര നിലപാടുകളിലേക്കു വഴിമാറി സഞ്ചരിച്ചിട്ടുണ്ടെന്നും മതേതര മൂല്യങ്ങൾക്കു നിരക്കാത്ത നിലപാടുകൾ ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും, ഹാഗിയാ സോഫിയാ വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടി ജയരാജൻ വ്യക്തമാക്കുന്നു.
മൂന്നാമതായി; ഇസ്ലാമിക ഭീകരതയാണ് ലോകസമാധാനത്തിനുള്ള മുഖ്യഭീഷണിയെന്ന ദീപികയുടെ നിരീക്ഷണത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കുകയും അമേരിക്കൻ സാമ്രാജ്യത്വമാണ് ലോകസമാധാനത്തിനുള്ള മുഖ്യഭീഷണിയെന്ന കമ്യൂണിസ്റ്റ് ലൈൻ ഉയർത്തിപ്പിടിക്കുകയും ചെയ്തിരിക്കുന്നു! അമേരിക്ക പലപ്പോഴും ഇസ്ലാമിസ്റ്റ് ഭീകരപ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ച ചരിത്രമുണ്ടെന്നു ചൂണ്ടിക്കാണിക്കാനും അദ്ദേഹം മറന്നിട്ടില്ല.
നാലാമതായി; പലസ്തീൻ വിഷയത്തിൽ, ഇസ്രയേൽ ഗാസയിൽ നടത്തുന്ന വംശഹത്യയും നശീകരണവും ദീപിക വ്യക്തമായും കൃത്യമായും കാണുന്നില്ല എന്ന ആരോപണവും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്. കൂടാതെ, അസർബൈജാനിലെ നാഗാർണോ-കരാബാക്കിലും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലും ഇസ്ലാമിസ്റ്റുകൾ നടത്തുന്ന ക്രിസ്ത്യൻ വംശഹത്യയെപ്പറ്റി ദീപിക ഉയർത്തിയിട്ടുള്ള ഉത്കണ്ഠകൾ അടിസ്ഥാനരഹിതമാണെന്നും അവയ്ക്കു പിന്നിലുള്ള യഥാർഥ കാരണങ്ങൾ മതേതരവും വംശീയവുമാണെന്നും സോവ്യറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം മധ്യേഷ്യയിലും മറ്റും തീവ്രവാദ പ്രസ്ഥാനങ്ങൾ വളർന്നുകൊണ്ടിരിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിനു കാരണമെന്നുമാണ് ജയരാജൻ പറയുന്നത്! എന്നാൽ, ഈ തീവ്രവാദ പ്രസ്ഥാനങ്ങൾ ഏതൊക്കെയാണെന്നും അവയെ നയിക്കുന്ന പ്രത്യയശാസ്ത്രമെന്തെന്നും അവയുടെ പൊതുസ്വഭാവമെന്തെന്നും ജയരാജൻ പറയുന്നില്ല.
അഞ്ചാമതായി, ജയരാജൻ ഒരു കാര്യംകൂടി വ്യക്തമായി പറഞ്ഞിട്ടുണ്ട്: 2019നു ശേഷം ഒരു സംഘടന പ്രചരിപ്പിക്കുന്ന മുസ്ലിം വിരോധത്തിന്റെ സ്വാധീനം ക്രിസ്ത്യാനികൾക്കിടയിൽ വർധിച്ചുവരുന്നുണ്ട്. ഇക്കാര്യത്തിൽ, അവർ ഉന്നയിച്ച വിഷയങ്ങളിലെ വസ്തുതാപരമായ തെറ്റ് എന്തൊക്കെയാണെന്നു മനസിലാക്കാൻ വരാനിരിക്കുന്ന പുസ്തകംതന്നെ വായിച്ചു നോക്കേണ്ടിയിരിക്കുന്നു!
ജയരാജൻ കാണാത്തതും പറയാത്തതും
ഇവിടെ, പ്രധാന പ്രശ്നം ‘പൊളിറ്റിക്കൽ ഇസ്ലാം’ അഥവാ ‘രാഷ്ട്രീയ ഇസ്ലാം’ എന്നാൽ എന്തെന്നോ അതിന്റെ ആശയലോകവും പ്രത്യയശാസ്ത്ര നിലപാടുകളും എന്തൊക്കെയെന്നോ, അതു ജനാധിപത്യത്തിനും മതേതര രാഷ്ട്രീയത്തിനും നിയമാവഴ്ചയ്ക്കുംനേരേ ഉയർത്തുന്ന വെല്ലുവിളി എന്തെന്നോ കേരളസമൂഹത്തിൽ രാഷ്ട്രീയ ഇസ്ലാമിന്റെ പ്രത്യയശാസ്ത്രവും പരിപാടികളും നടപ്പിലാക്കാനുള്ള പരിശ്രമം നടത്തുന്നത് ആരൊക്കെയെന്നോ, അതു പൊതുസമൂഹത്തിലും മുസ്ലിം സമുദായത്തിലും ലീഗിന്റേത് ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനങ്ങളിലും എങ്ങനെ സ്വാധീനം ചെലുത്തുന്നുണ്ടോ എന്നതൊക്കെ സംബന്ധിച്ചു ജയരാജൻ ഒന്നും പറയുന്നില്ല എന്നതാണ്.
യഥാർഥത്തിൽ, ആഗോളതലത്തിൽ ശക്തമായിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക ഭീകരതയേക്കാൾ, അമേരിക്കയുടെ ‘ലോക പോലീസിംഗ്’ ആണു ലോകസമാധാനത്തിനു തുരങ്കം വയ്ക്കുന്നതെന്ന ജയരാജന്റെ നിലപാടിൽ പുതുതായി ഒന്നുമില്ല. ഒരു നൂറ്റാണ്ടായി കമ്യൂണിസ്റ്റുകൾ പറഞ്ഞുവന്ന പല്ലവിയാണത്. അതുതന്നെ ആവർത്തിക്കാൻ പ്രത്യേകിച്ച് പഠനമോ വിശകലനമോ പുസ്തകമോ ആവശ്യമുണ്ടെന്നു കരുതുന്നില്ല. പൊളിറ്റിക്കൽ ഇസ്ലാമിനെപ്പറ്റിയുള്ള ചർച്ചയിൽ ഒഴിവാക്കാനാകാത്ത ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടാം.
എന്താണു പൊളിറ്റിക്കൽ ഇസ്ലാം അഥവാ ഇസ്ലാമിക മതരാഷ്ട്രവാദം?
19, 20 നൂറ്റാണ്ടുകളിൽ ഇസ്ലാമികലോകത്തു നിലനിന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുടെയും സ്വത്വ പ്രതിസന്ധികളുടെയും പാശ്ചാത്യവിദ്യാഭ്യാസം കൊണ്ടുവന്ന വൈജ്ഞാനിക ഉണർവിന്റെയും പശ്ചാത്തലത്തിൽ, ഉരുത്തിരിഞ്ഞുവന്ന ചിന്താപദ്ധതികളുടെയും പൊളിറ്റിക്കൽ ആക്ടിവിസത്തിന്റെയും ആകെത്തുകയാണ് ‘പൊളിറ്റിക്കൽ ഇസ്ലാം’ അഥവാ ‘ഇസ്ലാമിക മതരാഷ്ട്രവാദം’ എന്നു പറയാം.
കേവലം മതാനുഷ്ഠാനങ്ങൾക്കും ആധുനിക ദേശരാഷ്ട്രങ്ങൾക്കും ദേശീയതയ്ക്കും മതേതര സങ്കല്പങ്ങൾക്കും അതീതമായ ഒരു ഇസ്ലാമിക ഐക്യവും രാഷ്ട്രീയ യാഥാർഥ്യവും രൂപപ്പെടുത്തുക, അതോടൊപ്പം, മനുഷ്യനിർമിത നിയമങ്ങൾക്കുപരി ‘ശരിഅ’ അഥവാ ഇസ്ലാമിക നിയമത്തിന്റെ പരമാധികാരവും ഇസ്ലാമിക ഭരണക്രമവും (ഇസ്ലാമിക് സ്റ്റേറ്റ്/ ഖാലിഫേറ്റ്) പുനഃസ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്നുവന്ന ഇസ്ലാമിക പുനരുജ്ജീവന ചിന്തയിൽനിന്നാണ് പൊളിറ്റിക്കൽ ഇസ്ലാം അഥവാ രാഷ്ട്രീയ ഇസ്ലാം രൂപംകൊള്ളുന്നത്. ഇതിനു നേതൃത്വം കൊടുത്തവരിൽ പ്രമുഖർ ജമാലുദ്ദീൻ അൽ അഫ്ഖാനി (1838 -1897), മുഹമ്മദ് അബ്ദു (1849 -1905), മുഹമ്മദ് റഷീദ് റീദ്ദ (1865 -1932), ഹസൻ അൽ ബന്ന (1906-1949), അബുൽ ആല മൗദൂദി (1903-1979), സയ്യിദ് ഖുത്തൂബ് (1906-1966), അബ്ദുള്ള യൂസുഫ് അസമ് (1941-1989) എന്നിവരാണ്.
ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി കേന്ദ്രമായി വളർന്ന നവീന സലഫി ചിന്താപദ്ധതിയാണ്, ഇസ്ലാമിക് മോഡേണിസത്തിൽ തുടങ്ങി ആഗോള ജിഹാദിൽ എത്തിനിൽക്കുന്ന ആധുനിക സലാഫിയ പ്രസ്ഥാനങ്ങൾക്കും അവയെ നയിക്കുന്ന പ്രത്യയശാസ്ത്ര നിലപാടുകൾക്കും രൂപം നൽകിയത്. ഈ പ്രത്യയശാസ്ത്രങ്ങൾ സമകാലിക ഇസ്ലാമിക ലോകത്തിന്റെ ചരിത്രഗതിയിൽ നിർണായക സ്ഥാനമാണു വഹിക്കുന്നത്. ഈ പ്രത്യയശാസ്ത്ര അടിത്തറയിൽ നിന്നുകൊണ്ടല്ലാതെ, കേരളത്തിലേതെന്നല്ല, ലോകത്തെങ്ങുമുള്ള രാഷ്ട്രീയ ഇസ്ലാമിന്റെ സംഘടനാരൂപങ്ങളെയോ അവയുടെ പ്രവർത്തനശൈലിയെയോ മനസിലാക്കാനാകില്ല.
പ്രമുഖ ഇസ്ലാമിസ്റ്റ് ചിന്തകരും അവർ മുന്നോട്ടുവച്ച രാഷ്ട്രീയവും
ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിസ്റ്റ് ചിന്തകർക്ക് ‘ഇസ്ലാമിക രാഷ്ട്രം’ അഥവാ ‘ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന ലക്ഷ്യത്തോടുകൂടിയ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്ര നിർമിതിക്ക് പ്രചോദനം നൽകിയവരിൽ പ്രമുഖനായിരുന്നു മുഹമ്മദ് റഷീദ് റീദ്ദ. ‘തഫ്സീർ അൽ മനാർ’ എന്ന 12 വാല്യങ്ങളുള്ള ഖുർആൻ ഭാഷ്യം രചിച്ചുകൊണ്ട് അദ്ദേഹം ഇസ്ലാമികഭരണം ദൈവികനിയമത്തിനു (ശരിഅ) വിധേയമായിരിക്കണമെന്നു വാദിച്ചു. കൊളോണിയൽ ആധിപത്യത്തിന്റെ ഫലമായ പാശ്ചാത്യസംസ്കാരത്തിന്റെ കടന്നുകയറ്റത്തെ ചെറുക്കുന്നതിനും സമൂഹത്തിന്റെ ‘ഇസ്ലാമിക സ്വത്വം’ നിലനിർത്തുന്നതിനും ഭരണാധികാരികൾക്കുള്ള കടമ അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, ‘ശരിഅ’ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരാധനാജീവിതത്തെ മാത്രമല്ല, സാമൂഹിക-സാമ്പത്തിക ഇടപാടുകളെയും ഉൾക്കൊള്ളുന്നതിനാൽ, ഖുർആനും ഹദീസുകളും നൽകുന്ന അനുശാസനങ്ങൾക്കനുസൃതമായിരിക്കണം ഇസ്ലാമികജീവിതത്തിന്റെ എല്ലാ തലങ്ങളും മേഖലകളുമെന്ന് അദ്ദേഹം സമർഥിച്ചു.
(തുടരും)