വീണ്ടും പുകയുന്ന മണിപ്പുർ
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
Saturday, September 21, 2024 1:57 AM IST
അമേരിക്കയിൽ ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്കിലെത്തി. ഡെലവെയറിലെ മിൽമിംഗ്ടണിൽ ഇന്നു നടക്കുന്ന ക്വാഡ് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിലും നാളെ ഐക്യരാഷ്ട്ര പൊതുസഭയിലും പങ്കെടുക്കുന്നതിനാണു പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. 2014ൽ പ്രധാനമന്ത്രി ആയശേഷം മോദി ഏറ്റവും കൂടുതൽ യാത്ര ചെയ്ത വിദേശരാജ്യം അമേരിക്കയാണ്. ഒന്പതാം തവണയാണ് ഇന്നത്തെ യാത്ര. 2014 സെപ്റ്റംബറിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയോടെ തുടങ്ങിയ അമേരിക്കൻ യാത്രകളുടെ പുതിയ പതിപ്പിൽ പ്രസിഡന്റ് ജോ ബൈഡനുമായും ചർച്ചയുണ്ട്. പ്രധാനമന്ത്രി ആകുന്നതിനുമുന്പ് 1994ൽ മോദി അമേരിക്ക സന്ദർശിച്ചിരുന്നു.
പ്രധാനമന്ത്രിയെന്ന നിലയിൽ മോദി നടത്തുന്ന 80-ാമത് വിദേശയാത്രയാണ് ഇന്നത്തേത്. 2019 സെപ്റ്റംബറിൽ മോദി നടത്തിയ അമേരിക്കൻ യാത്രയ്ക്കു മാത്രം 23.27 കോടി രൂപ ചെലവായെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കിലുണ്ട്. 2014 സെപ്റ്റംബറിലെ അമേരിക്കൻ യാത്രയ്ക്ക് 20.35 കോടിയായിരുന്നു ഔദ്യോഗിക ചെലവ്. 2019 നവംബറിൽ ബ്രസീലിലേക്കു പോയതിന്റെ ചെലവ് 20.01 കോടി രൂപയാണ്. 2014 ജൂലൈയിലെ ബ്രസീൽ യാത്രയ്ക്കു ചെലവായ 20.35 കോടി രൂപയേക്കാൾ ചെറിയ കുറവ്. ഒരു നേരത്തെ അത്താഴത്തിനു വകയില്ലാത്ത കോടിക്കണക്കിനു ദരിദ്രനാരായണന്മാർ ഇപ്പോഴുമുള്ള രാജ്യമാണ് ഇന്ത്യ.
മണിപ്പുരിൽ പോകാത്തതു തെറ്റ്
ജനങ്ങളുടെ നികുതിപ്പണം ചെലവാക്കുന്ന വിദേശയാത്രയ്ക്കുള്ള മോദിയുടെ ഹരമല്ല മുഖ്യപ്രശ്നം. പ്രധാനമന്ത്രിയെന്ന നിലയിൽ വിദേശയാത്രകൾ പലതും അനിവാര്യവും രാജ്യത്തിനു ഗുണകരവുമാണ്. പക്ഷേ, ഒന്നര വർഷത്തോളമായി അക്രമം തുടരുന്ന സ്വന്തം രാജ്യത്തെ മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി വിസമ്മതിക്കുന്നതാണു ഞെട്ടിക്കുന്നത്. ജമ്മു-കാഷ്മീരിലെയും ഹരിയാനയിലെയും തെരഞ്ഞടുപ്പു പ്രചാരണങ്ങൾക്കിടയിലാണ് മോദിയുടെ അമേരിക്കൻ യാത്ര. ശ്രീനഗറിലെത്തി വ്യാഴാഴ്ചയും മോദി പ്രസംഗിച്ചിരുന്നു. ദോഷം പറയരുതല്ലോ, വയനാട് ദുരന്തമേഖല സന്ദർശിക്കാൻ മോദി കേരളത്തിലുമെത്തി.
മറ്റൊരു ആഗോളസന്ദർശനം നടത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണു മണിപ്പുരിലേക്കു പോകാത്തതെന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇന്നലെ ചോദിച്ചതിൽ രാഷ്ട്രീയമുണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനുപോലും മണിപ്പുരിലേക്കു പോകാൻ മോദി വിസമ്മതിച്ചതിൽ ഉത്തരങ്ങളേക്കാളേറെ, ചോദ്യങ്ങളും തെറ്റായ സന്ദേശവുമുണ്ട്. വിശദീകരിക്കാനാകാത്തതും ഒഴിച്ചുകൂടാനാകാത്തതും ആയിട്ടും മണിപ്പുർ സന്ദർശിക്കാത്തതു ഞെട്ടിക്കുന്നതാണെന്നു ജയ്റാം പറഞ്ഞതിൽ കാര്യമുണ്ട്. സാന്ത്വനത്തിനും സമാധാനത്തിനുമായി പ്രധാനമന്ത്രിയെ കാത്തുകഴിയുന്ന ഒരു സംസ്ഥാനത്തെ മാത്രം ജനത്തെ അവഗണിക്കരുത്.
കാലു മാറിക്കോളൂ, വാക്കു മാറരുത്
മണിപ്പുരിനെക്കുറിച്ചു കഴിഞ്ഞ ജൂലൈ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ പ്രതികരണം നടത്തിയത്. ഒരു വർഷത്തോളം നീണ്ട മൗനത്തിനു ശേഷമായിരുന്നു ഇത്. മണിപ്പുരിൽ അക്രമം കുറഞ്ഞുവരികയാണെന്നും സാധാരണ നില പുനഃസ്ഥാപിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നുമാണ് പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞത്. 11,000ത്തിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 500ലധികം പേരെ അറസ്റ്റ് ചെയ്തു. അക്രമസംഭവങ്ങളുടെ ആവൃത്തി കുറഞ്ഞുവരികയാണ്. സ്കൂളുകളും കോളജുകളും തുറന്നു. ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. സമാധാനം കൈവരുമെന്നു വലിയ പ്രതീക്ഷയുണ്ടെന്നും മോദി അവകാശപ്പെട്ടു.
പ്രതിപക്ഷ ഇന്ത്യ സഖ്യം എംപിമാർ വാക്കൗട്ട് നടത്തിയശേഷമാണു മണിപ്പുരിനെക്കുറിച്ചു മോദി പാർലമെന്റിൽ വാചാലനായത്. ഒരു കുക്കിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വിസമ്മതിച്ച മണിപ്പുർ സർക്കാരിനെ വിശ്വസിക്കാനാകില്ലെന്നു സുപ്രീംകോടതി നിശിത വിമർശനം നടത്തിയതിന്റെ പിറ്റേന്നായിരുന്നു ഇത്. രണ്ടു സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിച്ചു കൂട്ടബലാത്സംഗം നടത്തിയ സംഭവത്തെ അപലപിച്ച് 2023 ജൂലൈ 20ന് പാർലമെന്റിനു പുറത്തു പ്രധാനമന്ത്രി പ്രസ്താവന നടത്തിയിരുന്നു. പക്ഷേ, കലാപത്തെ അപലപിക്കാനോ, സമാധാനത്തിന് ആഹ്വാനം ചെയ്യാനോ മോദി തയാറായില്ല.
ചരിത്രത്തെ പഴിചാരി തലയൂരൽ
ബന്ധപ്പെട്ടവരെ ഒരു മേശയ്ക്കു ചുറ്റുമിരുത്തി സംസാരിച്ചു സമാധാനം പുനഃസ്ഥാപിക്കാൻ സംസ്ഥാനവും കേന്ദ്രവും പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പാർലമെന്റിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. മുൻ സർക്കാരുകൾ ഇതു ചെയ്തില്ലെന്നു കുറ്റപ്പെടുത്താനും മറന്നില്ല. മണിപ്പുരിൽ സമാധാനം കൈവരിക്കാൻ രാഷ്ട്രീയത്തിനതീതമായി എല്ലാവരും സഹകരിക്കണം. സമാധാനത്തിനായി ആരു സംഭാവന ചെയ്താലും സ്വാഗതം ചെയ്യും. പക്ഷേ, പാർലമെന്റിൽ പ്രധാനമന്ത്രി നേരിട്ടു നടത്തിയ ഈ വാഗ്ദാനങ്ങൾക്കും ആഹ്വാനത്തിനുമനുസരിച്ച് കേന്ദ്രസർക്കാരോ, മണിപ്പുരിലോ ബിജെപി സർക്കാരോ ഫലപ്രദമായതൊന്നും ചെയ്തില്ല. എരിതീയിൽ എണ്ണയൊഴിക്കുന്ന അക്രമികളെ മണിപ്പുരിലെ ജനത തള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞെങ്കിലും സംഭവിച്ചതു നല്ലതായില്ല.
മണിപ്പുരിന്റെ ചരിത്രമറിയുന്നവർക്ക്, അവിടെ സാമൂഹിക സംഘർഷങ്ങളുടെ നീണ്ട ചരിത്രമുണ്ടെന്ന് അറിയാമെന്ന് മോദി പാർലമെന്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാമൂഹിക സംഘട്ടനത്തിന്റെ വേരുകൾ വളരെ ആഴത്തിലുള്ളതാണ്. മുൻ സർക്കാരുകളുടെ കാലത്ത് മണിപ്പുരിൽ പത്തു തവണ രാഷ്ട്രപതിഭരണം ഏർപ്പെടുത്തേണ്ടിവന്നതു കോണ്ഗ്രസുകാർ മറക്കരുത്. ഇത്തരമൊരു ചെറിയ സംസ്ഥാനത്ത് അതിനൊരു കാരണം ഉണ്ടായിരിക്കണം. 1993ലും ഇത്തരം സംഭവം മണിപ്പുരിൽ നടന്നു. അഞ്ചു വർഷം അതു തുടർന്നു. ഫലത്തിൽ, ചരിത്രത്തെ പഴിചാരി തലയൂരാനാണു പാർലമെന്റിൽ മോദി ശ്രമിച്ചത്.
പ്രതിവർഷം 31,000 ബലാത്സംഗം
കുക്കി സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവം ഏതൊരു പരിഷ്കൃത സമൂഹത്തിനും ലജ്ജാകരമാണന്ന് 2023 ജൂലൈ 20ന് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയും മറക്കരുതല്ലോ. “മണിപ്പുരിലെ സംഭവത്തിൽ എന്റെ ഹൃദയത്തിൽ ദുഃഖവും രോഷവും നിറയുന്നു. ഈ പാപം ചെയ്ത അക്രമികൾ ആരായാലും 140 കോടി ജനം ലജ്ജിക്കുന്നു. മണിപ്പുരിലെ പെണ്മക്കൾക്കു സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല. തെറ്റുകാരിൽ ഒരാളും രക്ഷപ്പെടില്ലെന്ന് ഉറപ്പുനൽകുന്നു. നിയമം അതിന്റെ എല്ലാ ശക്തിയോടെയും നടപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കും”- മോദിയുടെ ഈ വാക്കുകൾ വെള്ളത്തിൽ വരച്ച രേഖ പോലെയായി.
രാജസ്ഥാനിലോ ഛത്തീസ്ഗഡിലോ മണിപ്പുരിലോ, ഇന്ത്യയുടെ ഏതു കോണിലായാലും ഏതു സംസ്ഥാന സർക്കാരിന്റെ കീഴിലായാലും രാഷ്ട്രീയ തർക്കങ്ങൾക്ക് അതീതമായി ഉയരുകയെന്നതും നിയമവാഴ്ചയുടെ പ്രാധാന്യവും സ്ത്രീകളോടുള്ള ബഹുമാനവും നിലനിർത്തുകയെന്നതും നിർണായകമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചിരുന്നു. പക്ഷേ, ഓരോ മിനിറ്റിലും ഇന്ത്യയിൽ 14 ബലാത്സംഗം നടക്കുന്നു എന്നാണ് ദേശീയ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്ക്. 2022ൽ മാത്രം രാജ്യത്തു സ്ത്രീകൾക്കെതിരായ 4,45,256 അതിക്രമങ്ങളുണ്ടായി. ഇതിൽ 31,000 പെണ്കുട്ടികളാണു ക്രൂര ബലാത്സംഗത്തിനിരയായത്.
ഉറക്കത്തിലും ഭയന്ന് ജനം
2023 മേയ് മൂന്നിനു തുടങ്ങിയ മണിപ്പുർ കലാപം 16 മാസത്തിനു ശേഷവും കത്തുകയാണ്. ഈ മാസമുണ്ടായ അക്രമങ്ങളിൽ ചുരുങ്ങിയത് 11 പേർ കൊല്ലപ്പെട്ടു. അര ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാന്പുകളിലുണ്ട്. കലാപത്തിൽ 250ലേറെ പേർ മരിച്ചെന്നാണു റിപ്പോർട്ടുകൾ. കൃത്യമായ കണക്ക് ഒരിക്കലും പുറത്തു വന്നേക്കില്ല. കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാൾ ഭയാനകമാണു മെയ്തെയ്-കുക്കി സമുദായങ്ങൾക്കിടയിലെ ആശങ്കകളും ഭീതിയും. ഏതു നിമിഷവും വീണ്ടും ശക്തമായ ആക്രമണം ഉണ്ടായേക്കുമെന്ന സ്ഥിതി ഉറക്കത്തിൽപ്പോലും ജനങ്ങളെ നടുക്കുന്നു. മന്ത്രിമാരും എംഎൽഎമാരും സുരക്ഷാ സൈനികരും പോലീസും പോലും സുരക്ഷിതരല്ല.
അത്യാധുനിക യന്ത്രത്തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും ബോംബുകളും തീവ്ര കലാപകാരികൾ ഉപയോഗിക്കുന്നു. നിരീക്ഷണത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. കൂട്ടമാനഭംഗങ്ങളും അതിക്രൂരമായ തലവെട്ടലുകളും അടക്കം മനുഷ്യത്വം മരവിപ്പിക്കുന്ന അക്രമപരന്പരകൾ നടുക്കുന്നതാണ്. യുദ്ധങ്ങളിൽപ്പോലും നടക്കാത്ത ക്രൂരതകളാണ് ആവർത്തിക്കുന്നത്.
ഒരു സംസ്ഥാനത്തെ രണ്ടു സമൂഹങ്ങൾ തമ്മിൽ വെറുപ്പും പകയും ശത്രുതയും വളർത്തിയെടുത്തതിന്റെ ബാക്കിപത്രമാണു മണിപ്പുരിലേത്. തികച്ചും സങ്കീർണമായ പ്രശ്നം. ഇതിൽ നേരിട്ടിടപെട്ടു സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കാൻ ഉത്തരവാദപ്പെട്ട കേന്ദ്രസർക്കാർ പാലിക്കുന്ന നിസംഗതയും പക്ഷപാത നടപടികളും പ്രശ്നം വഷളാക്കുകയാണ്. റോഡ്, ചരക്കുഗതാഗതം പോലും നേരെയായിട്ടില്ല. അരംബായ് തെങ്കോൾ അടക്കമുള്ള തീവ്ര മെയ്തെയ് ഗ്രൂപ്പുകളും സായുധ കുക്കി ഗ്രൂപ്പുകളും വൻതോതിൽ മാരകായുധങ്ങളുമായി അക്രമം തുടർന്നിട്ടും സർക്കാർ നോക്കുകുത്തിയാണ്.
ചേർത്തുപിടിക്കൂ
ഏതൊരു സർക്കാരിനും അപമാനമാണു മണിപ്പുരിലെ സ്ഥിതി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധാർമിക അടിത്തറ പോലും നഷ്ടമായി. മണിപ്പുരിലെ സ്ഥിതി പ്രായോഗികമായി നിയന്ത്രണാതീതമാണ്. ജനങ്ങൾക്ക് ഇപ്പോഴും സ്വൈരജീവിതവും സമാധാനവുമില്ല. എന്നിട്ടും, അക്രമം നിയന്ത്രിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ട എൻ. ബിരേൻ സിംഗ് മുഖ്യമന്ത്രിയായി തുടരുന്നു. മണിപ്പുരിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസ്വസ്ഥനായതും ഈയാഴ്ചയാണ്. സമാധാനം പുനഃസ്ഥാപിക്കാനായി കുക്കി, മെയ്തെയ് ഗ്രൂപ്പുകളുമായി കേന്ദ്രം ബന്ധപ്പെട്ടിട്ടുണ്ടെന്നു ഷാ പറഞ്ഞെങ്കിലും അതിൽ വലിയ കഴന്പില്ലെന്നു മണിപ്പുരിലെ ഇരുഗ്രൂപ്പുകളും പറയുന്നു.
മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി വിസമ്മതിക്കുകകൂടി ചെയ്യുന്നതു വലിയ തെറ്റാണ്. ഏതു നിമിഷവും വീണ്ടും അക്രമം പൊട്ടിപ്പുറപ്പെടാമെന്ന നിലയാണ്. സമാധാനം പുനഃസ്ഥാപിക്കാനും ഇരകൾക്കു നീതി ഉറപ്പാക്കാനും ബാധ്യതപ്പെട്ട ഭരണകൂടവും നേതാക്കളും ഇനിയെങ്കിലും ഉണർന്നേ മതിയാകൂ; മണിപ്പുരിനെ കൈവിടരുത്.