കേരള മനഃസാക്ഷിയോടു വിതുമ്പുന്ന മുനമ്പം!
Friday, September 20, 2024 2:11 AM IST
സിജോ പൈനാടത്ത്
നിങ്ങളുടെ ഭൂമിയുടെ അവകാശികള്‍ നിങ്ങളല്ല..!
കൊച്ചി മുനമ്പം തീരദേശത്തെ അറുനൂറിലേറെ കുടുംബങ്ങളോട്, വല്ലാത്തൊരു നിയമത്തിന്റെ തലപ്പാവണിഞ്ഞു ചിലര്‍ വിളിച്ചുപറയുന്നത് ഇങ്ങനെയാണ്. കടലില്‍ കഠിനാധ്വാനം ചെയ്തു കിട്ടിയ തുച്ഛമായ തുക സ്വരുക്കൂട്ടിവച്ച് കാരണവന്മാര് വിലകൊടുത്തു വാങ്ങിയ ഭൂമിക്കാണ്, വഖഫ് നിയമങ്ങളുടെ മറവില്‍ പുതിയ അവകാശവാദങ്ങള്‍ ഉയരുന്നത്.
പള്ളിപ്പുറം പഞ്ചായത്തിലെ മുനമ്പം, ചെറായി, പള്ളിപ്പുറം പ്രദേശങ്ങളില്‍ താമസിക്കുന്ന അറുനൂറിലേറെ കുടുംബങ്ങളാണ് വഖഫ് ബോര്‍ഡിന്റെ ഭൂമിഅവകാശ തര്‍ക്കത്തില്‍ പ്രതിസന്ധിയിലായത്. തങ്ങള്‍ നേരിട്ടും പൂര്‍വികരായും വില നല്കി വാങ്ങിയ ഭൂമിയുടെ പേരിലാണ് വഖഫ് ബോര്‍ഡ് 2022 മുതല്‍ അവകാശവാദം ഉന്നയിക്കുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായുള്ള കേവലം വഖഫ് അവകാശവാദത്തില്‍ തീരുന്നതല്ല പ്രദേശവാസികള്‍ അഭിമുഖീകരിക്കുന്ന വിഷയത്തിന്റെ വ്യാപ്തി. കോടതി കയറിയ വിഷയത്തിന്റെ പേരില്‍ ഇവര്‍ക്കു തങ്ങളുടെ ഭൂമി വില്‍ക്കാനോ മക്കള്‍ക്കു കൈമാറാനോ ഈടുവച്ച് ബാങ്കുകളില്‍നിന്നു വായ്പയെടുക്കാനോ സാധിക്കാത്ത ഗുരുതരമായ സ്ഥിതി. രേഖകളില്‍ ഭൂവുടമകളെങ്കിലും ഫലത്തില്‍ അങ്ങനെയല്ലെന്നു പറയേണ്ടിവരുന്നൊരു ദുരവസ്ഥ.
വില കൊടുത്തു വാങ്ങിയ ഭൂമി
ഫാറൂഖ് കോളജ് അധികൃതരില്‍നിന്ന് ആവര് ആവശ്യപ്പെട്ട വില നല്‍കിയാണ് ഇപ്പോള്‍ വഖഫ് അവകാശവാദം ഉന്നയിക്കുന്ന ഭൂമി തങ്ങള്‍ വാങ്ങിയതെന്നു പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. 1987ല്‍ അന്നു പ്രദേശത്തെ കുടികിടപ്പുകാരായിരുന്ന ആളുകള്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന ഭൂമി, കോളജ് മാനേജ്മെന്റിന് കൂടിയ വിലനല്‍കി വാങ്ങി.
സെന്റിന് 250 രൂപ പ്രകാരമായിരുന്നു ഭൂമി കൈമാറിയത്. സമീപപ്രദേശങ്ങളില്‍ സെന്റിനു നൂറു രൂപയോ അതില്‍ താഴെയോ വിലയുണ്ടായിരുന്ന ഘട്ടത്തിലാണ് അധികവില നല്കി തങ്ങള്‍ ഭൂമി വാങ്ങിയതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ ഉപജീവനമാര്‍ഗമായ മത്സ്യബന്ധനത്തില്‍ നിലനില്ക്കാനും ജീവിച്ച മണ്ണ് നിലനിര്‍ത്താനുമായാണ് അധികവില നല്കി അവര്‍ ഭൂമി സ്വന്തമാക്കിയത്. ഇത്തരത്തില്‍ വാങ്ങിയ 280 ഓളം ആധാരങ്ങളില്‍ ഫാറൂഖ് കോളജിന്റെ മാനേജിംഗ് കൗണ്‍സില്‍ സെക്രട്ടറി ഹസന്‍കുട്ടി ഒപ്പിട്ടതാണ്. 1989-1993 കാലഘട്ടത്തിലാണ് ഈ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്.
ചരിത്രം പറയുന്നത് .
1902ല്‍ ഗുജറാത്തില്‍നിന്ന് എത്തിയ അബ്ദുള്‍ സത്താര്‍ മൂസ ഹാജി സേഠ് തിരുവിതാംകൂര്‍ രാജാവില്‍നിന്നു 404 ഏക്കര്‍ ഭൂമി പാട്ടത്തിനു വാങ്ങിയിരുന്നു. ഈ കാലയളവില്‍ കടല്‍ത്തീരത്തോടു ചേര്‍ന്നു നിരവധി മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവരുടെ സ്ഥലം ഒഴിച്ചിട്ടതിനു ശേഷമാണ് 404.76 ഏക്കര്‍ ഭൂമി പാട്ടത്തിനു കൊടുത്തതെന്നതിനു രേഖകളുണ്ട്.
അദ്ദേഹത്തിന്റെ പിന്തുടര്ച്ചാവകാശിയായ മുഹമ്മദ് സിദ്ദിഖ് 1948ല്‍ ഈ ഭൂമി ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്നു രജിസ്റ്റര്‍ ചെയ്തു വാങ്ങി. 1934ലുണ്ടായ ശക്തമായ കാലവര്‍ഷവും കടലേറ്റവും മൂലം ഈ ഭൂമിയിലുള്‍പ്പെട്ട പണ്ടാര കടപ്പുറം എന്നറിയപ്പെട്ട ഭാഗം പൂര്‍ണമായും കടലെടുത്തു.
കടല്‍കയറി 114 ഏക്കര്‍ ഭൂമിയും 60 ഏക്കര്‍ വെള്ളവും മാത്രമായി ഈ സ്ഥലം ചുരുങ്ങി. മഹാരാജാവ് സേഠിനു പാട്ടത്തിനു നല്‍കിയിരുന്ന ഭൂമിയില്‍ നല്ലൊരു ശതമാനവും കടലെടുത്തവയില് ഉണ്ടായിരുന്നു. എങ്കിലും പിന്തുടര്ച്ചാവകാശി രജിസ്റ്റര്‍ ചെയ്തു വാങ്ങിയ ഭൂമിയില്‍, പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പുരയിടങ്ങളും ഉള്‍പ്പെട്ടു.
മുഹമ്മദ് സിദ്ദിഖ് തന്റെ പേരിലാക്കിയ ഭൂമി 1950 നവംബര്‍ ഒന്നിന് ഫാറൂഖ് കോളജ് മാനേജ്മെന്റിനു നല്കി. കോളജിന്റെ നിര്‍മാണത്തിനും അനുബന്ധ വികസനത്തിനുമാണു സ്ഥലം നല്‍കിയത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഈ ഭൂമി ഉപയോഗിക്കരുതെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. അങ്ങനെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കൈമാറിയ ഭൂമി വഖഫ് (ദൈവത്തിനു ദാനമായി നല്‍കുന്നത്) ആകില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 1951ല്‍ ഫറൂഖ് കോളജ് പറവൂര്‍ താലൂക്കില്‍നിന്നു പട്ടയം വാങ്ങി ഉടമസ്ഥാവകാശം ഉറപ്പിച്ചു.
നിയമപോരാട്ടം 1953 മുതല്‍
1953 മുതലേ ഫറൂഖ് കോളജും മത്സ്യത്തൊഴിലാളികളും തമ്മിലുള്ള വിവിധ തര്‍ക്കങ്ങളുടെ പേരില്‍ അഡീഷണല്‍ ജില്ലാ കോടതിയിലും പറവൂര്‍ സബ് കോടതിയിലും കേരള ഹൈക്കോടതിയിലും വിവിധ കേസുകള്‍ നല്കി.
1975ല്‍ മുനമ്പത്തെ ഭൂമി ഫറൂഖ് കോളജിന് ദാനമായി കിട്ടിയതാണെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിച്ചു. തുടര്‍ന്ന് 1989 മുതല്‍ ഫറൂഖ് കോളജ് പറഞ്ഞ തുക കൊടുത്ത് താമസക്കാരായ മത്സ്യത്തൊഴിലാളികള്‍ ഭൂമി വാങ്ങി ആധാരം ചെയ്തു. ഇങ്ങനെ വില നല്കി വാങ്ങിയ ഭൂമിയിലാണ് ഇപ്പോള്‍ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിക്കുന്നത്.
2022ലെ നികുതിവിഷയം
2022 ജനുവരിയില്‍ ഭൂമിയുടെ നികുതിയടയ്ക്കാന്‍ പ്രദേശവാസിയായ ഒരാള്‍ വില്ലേജ് ഓഫീസിലെത്തിയതോടെയാണ് വഖഫ് അവകാശത്തെക്കുറിച്ച് ജനങ്ങള്‍ ആദ്യമറിയുന്നത്. നികുതി വാങ്ങാന്‍ വില്ലേജ് അധികൃതര്‍ അന്നു തയാറായില്ല. ഇയാളുടെ പേരിലുള്ള ഭൂമി വഖഫ് ഭൂമിയാണെന്ന് തഹസില്‍ദാരില്‍ നിന്നുള്ള ഉത്തരവുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നികുതിയടയ്ക്കുന്നത് അനുവദിക്കാതിരുന്നത്.
2019ല്‍ തന്നെ വഖഫ് ഭൂമിയാണെന്ന അവകാശവാദവും അതിന്മേലുള്ള നടപടികളും വഖഫ് ബോര്‍ഡ് ആരംഭിച്ചിരുന്നതായി പിന്നീടുള്ള അന്വേഷണത്തില്‍ ബോധ്യമായി. ഇതുസംബന്ധിച്ചു ഭൂവുടമകള്‍ക്കു നോട്ടീസ് അയച്ചില്ലെന്നതും രഹസ്യനീക്കങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്നതായിരുന്നു.
ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയതും സര്‍ക്കാര്‍ ഇടപെടലും ഉണ്ടായതോടെയാണ് റവന്യു അധികാരികള്‍ നികുതി സ്വീകരിക്കാന്‍ തയാറായത്. ഇതിനെതിരേ വഖഫ് ബോര്‍ഡ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചതോടെ നികുതി സ്വീകരിക്കാനുള്ള ഉത്തരവിന് സ്റ്റേയായി. നിലവില്‍ വിഷയത്തില്‍ അഞ്ചു കേസുകള്‍ നിലവിലുണ്ട്.
►ആറു സെന്റില്‍ ആശങ്കയോടെ ജോളി
മൂത്ത മകള്‍ മീനുവിന്റെ വിവാഹത്തിന് വീടിന്റെ ആധാരം ബാങ്കില്‍ പണയം വച്ചു വായ്പയെടുത്തതാണ്. കടലില്‍ പണിക്കുപോയി കിട്ടിയതെല്ലാം കൂട്ടിവച്ചു പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തിരിച്ചടച്ചു.
ഇളയ മകള്‍ കന്യാസ്ത്രീയാണ്. മക്കള്‍ക്ക് അവകാശപ്പെട്ടത് ഇനിയും കൊടുക്കാനുണ്ട്., വീടൊന്നു പുതുക്കിപ്പണിയണം... ആകെയുള്ളത് ആറു സെന്റ് സ്ഥലവും വീടുമാണ്. അതിന്റെ ആധാരംവച്ചു വായ്പയെടുക്കാന്‍ പറ്റാത്ത സ്ഥിതി! മൂത്ത മകളുടെ കല്യാണസമയത്ത് വായ്പ കിട്ടിയ ആധാരം വച്ചാല്‍ ഇപ്പോള്‍ ബാങ്കുകാര് ഒന്നും തരുന്നില്ല. ഞങ്ങള്‍ പാവങ്ങളോട് എന്തിനാണിങ്ങനെ...!
കടലില്‍ പോകാന്‍ തീരത്തു വലയൊരുക്കിക്കൊണ്ടിരുന്ന മുനമ്പം സ്വദേശി ജോളി കുരിശുങ്കലിന്റെ വാക്കുകളില്‍ സങ്കടവും അധികാരികളോടുള്ള ദേഷ്യവും എല്ലാം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
63കാരനായ ജോളിക്ക് പഴയതുപോലെ അധികസമയം മത്സ്യബന്ധനത്തിനു പോകാനാവുന്നില്ല. ആരോഗ്യപ്രശ്നങ്ങളും ജീവിതത്തിന്റെ പ്രാരാബ്ധങ്ങളുമെല്ലാം അലട്ടുന്നതിനിടയിലാണു തങ്ങളുടെ കിടപ്പാടം വഖഫ് ഭൂമിയാണെന്ന അവകാശവാദത്തിന്റെ കാര്‍മേഘങ്ങള്‍ ഇദ്ദേഹത്തിന്റെ തലയ്ക്കു മീതെയെത്തിയത്. ആകെയുള്ള ആറു സെന്റും കടലിലെ പണിയും... ജോളിക്കും ഭാര്യ റോസിക്കും അതാണു ജീവിതം. അതുകൂടി നഷ്ടമാകുമോ എന്ന ആശങ്ക ഈ കുടുംബത്തെ വല്ലാതെ അലട്ടുന്നുണ്ട്.
►സര്‍ക്കാര്‍ ഇടപെടണം
ജോസഫ് റോക്കി മുനമ്പം ഭൂസംരക്ഷണ സമിതി ചെയര്മാന്
മുനമ്പത്തെ കടപ്പുറം വേളാങ്കണ്ണിമാതാ ദേവാലയവും വൈദികമന്ദിരവും സെമിത്തേരിയും കോണ്‍വെന്റും ഈ പ്രദേശത്തെ 610 കുടുംബങ്ങളും ഉള്‍പ്പെടുന്നതാണ് വഖഫ് അവകാശം ഉന്നയിക്കപ്പെട്ട പ്രദേശം. ജനങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.
►അവകാശവാദം അന്യായം
ജോസഫ് ബെന്നി പൊതുപ്രവര്ത്തകന്
1989 മുതല്‍ ഇവിടത്തെ താമസക്കാര്‍ ഫറൂഖ് കോളജില്‍നിന്നു വിലകൊടുത്തു ഭൂമി തീറുവാങ്ങി ആധാരം പോക്കുവരവ് ചെയ്ത് താമസിച്ചുവരികയായിരുന്നു. 35 വര്‍ഷത്തിനു ശേഷമാണ് വഖഫ് ബോര്‍ഡ് ഈ സ്ഥലത്തിന് അന്യായമായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഈ പ്രദേശത്തെ നാനാജാതി മതസ്ഥരായ പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള റവന്യു അവകാശങ്ങളാണ് ഇപ്പോള്‍ നിഷേധിക്കപ്പെടുന്നത്. ഭൂമിക്കുള്ള കരമടച്ച് ഈ കുടുംബങ്ങള്‍ കൈവശം വച്ചുപോന്ന സ്വത്താണിത്.
►ആടുകളെ വിറ്റ് വാങ്ങിയ ഭൂമിയാണ്; ഇറക്കിവിടരുത്
വീടുപണി പൂര്‍ത്തിയായില്ല. അതിനായി പഞ്ചായത്ത് അനുവദിച്ച ഒരു ലക്ഷം രൂപ ഇനിയും കിട്ടാനുണ്ട്. അപ്പോഴാണ് വഖഫിന്റെ പേരു പറഞ്ഞുള്ള പുതിയ പ്രശ്നം.
ഉള്ള സ്ഥലത്തുനിന്നു കുടിയിറങ്ങേണ്ടിവന്നാല് രോഗിയായ ഭര്‍ത്താവിനെയുംകൊണ്ട് ഞാന്‍ എവിടേക്കു പോകും? പടിഞ്ഞാറ് കടലുണ്ട്. അവിടേക്കു പോവുകയാണ് മുന്നിലുള്ള മാര്‍ഗം..! ആത്മഹത്യയില്‍ അഭയം തേടാന്‍ കാത്തിരിക്കുന്നവര്‍ എന്നെപ്പോലെ ഇവിടെ എത്രയോ പേര്...! എന്തിനാണു വഖഫിന്റെ പേരു പറഞ്ഞ് പാവങ്ങളായ ഞങ്ങളോട് ഈ ക്രൂരത..?
വീടുകളില്‍ പണിക്കുപോയി ജീവിതം പുലര്‍ത്തുന്ന രതി അംബുജാക്ഷന്റേതാണു വാക്കുകള്‍.
എന്നെ വിവാഹം കഴിച്ചു കൊണ്ടുവന്നതിനു പിന്നാലെ 34 വര്‍ഷം മുമ്പു പണം നല്കിയ ഭൂമിയിലാണ് ഇപ്പോള്‍ വഖഫിന്റെ പേരില്‍ അവകാശത്തര്‍ക്കം. ആടിനെ വിറ്റു കിട്ടിയ പണമുപയോഗിച്ചാണു സ്ഥലം വാങ്ങിയത്. അവിടന്നാണ് ഇപ്പോള്‍ ഇറങ്ങിപ്പോകാന്‍ പറയാന്‍ ചിലര്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ക്കു പോകാന്‍ വേറെ ഇടമില്ല. രതിയുടെ വാക്കുകളില്‍ സങ്കടവും പ്രതിഷേധവും.
►മുടങ്ങിയത് മകന്റെ പഠനം!
വിദേശത്ത് ഉപരിപഠനത്തിനു പോകണമെന്നത് യേശുദാസിന്റെ വലിയ സ്വപ്നമായിരുന്നു. തീരജീവിതത്തിന്റെ ആകുലതകളില്‍നിന്ന് മാതാപിതാക്കള്‍ക്കും തനിക്കും സന്തോഷകരമായ പുതുജീവിതം ഉണ്ടാകണമെന്ന ആഗ്രഹം തന്നെയായിരുന്നു ആ സ്വപ്നങ്ങള്‍ക്കു വിത്തുപാകിയത്.
എന്‍ജിനിയറിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയയുടന്‍ ഉപരിപഠനത്തിനു വായ്പ തേടി ബാങ്കിനെ സമീപിച്ചു. വീടും സ്ഥലവും ഈടു നല്‍കിയാണു വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചത്. വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിട്ടുള്ള ഭൂമി ഈടുവച്ചു വായ്പ നല്‍കാനാവില്ലെന്ന നിലപാടിലാണ് യേശുദാസിന്റെ വിദേശപഠനസ്വപ്നം നിലച്ചത്.
മകന്റെ പഠനം മുടങ്ങിയതിനെക്കുറിച്ചു പറയുമ്പോള്‍ അമ്മ പ്രിന്‍സിയുടെ കണ്ണുകള്‍ നനഞ്ഞു.
മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി സ്വന്തം കിടപ്പാടം പണയം വയ്ക്കാന്‍ പോലും പറ്റാതാക്കിയവരോടു ദൈവം പോലും പൊറുക്കില്ല... സങ്കടത്തോടെ പ്രിന്‍സി പറയുന്നു. മൂത്ത മകളെ വിവാഹം കഴിച്ചയച്ചതിന്റെ സാമ്പത്തിക ബാധ്യതയും ബാക്കിയാണ്. ഇതിനെല്ലാം പരിഹാരം കാണണമെങ്കില്‍ ബാങ്ക് വായ്പ മാത്രമാണ് പരിഹാരം.
കടലില്‍ പണിക്കു പോകുന്നവര്‍ക്ക് അന്നന്നത്തെ ആഹാരത്തിനു വകയാണ് ചിലപ്പോഴെങ്കിലും കിട്ടുക. വിവാഹം, പഠനം, വീടുനിര്‍മാണം പോലുള്ള ആവശ്യങ്ങള്‍ക്ക് ബാങ്ക് വായ്പകളെ ആശ്രയിക്കാതെ മാര്‍ഗമില്ല. വഖഫ് വിഷയം നിലനില്‍ക്കുന്നതിനാല്‍ അതിനാവുന്നില്ല. സര്‍ക്കാര്‍ ഞങ്ങളുടെ സങ്കടം കാണണം. - പ്രിന്‍സി പറയുന്നു.
►‘സ്ഥലം വില്‍ക്കാനായെങ്കില്‍ കടം വീട്ടാമായിരുന്നു’
ചോര്‍ന്നൊലിക്കുന്ന വീട് ഉള്‍പ്പെടെ സ്വന്തം പേരിലുള്ളതു മൂന്നു സെന്റ് ഭൂമി. ചികിത്സയ്ക്കും മറ്റുമായി പലരില്‍നിന്നായി വാങ്ങിയ കടങ്ങള്‍ തിരിച്ചുകൊടുക്കാനുണ്ട്. വൃക്കരോഗം ബാധിച്ചു ഭാര്യ ആനി മരിച്ചു. രണ്ടു മക്കളില്‍ ഒരാളെയും രോഗം അലട്ടുന്നുണ്ട്. ആകെയുള്ള ഭൂമിയൊന്നു വില്‍ക്കാനായെങ്കില്‍, കടം വീട്ടി വല്ല അനാഥനാശാലയിലേക്കും പോകാമായിരുന്നു..!
സങ്കടമടക്കാന്‍ വിഷമിക്കുന്ന മാത്യുവിന്റെ വാക്കുകള്‍ ആരു കേള്‍ക്കും ? അതു കേള്‍ക്കേണ്ട അധികാരികള്‍ കേള്‍ക്കുന്നുണ്ടോ? മുനമ്പത്തെ കോഴിവില്പനക്കടയില് തൊഴിലെടുക്കുന്ന പുന്നക്കപ്പറമ്പില്‍ മാത്യുവിനെപ്പോലെ, എത്രയോ പേരാണ് ജീവിതം നിലച്ചുപോകുന്നതിനു സമം ഇവിടെ കഴിയുന്നത്.
സ്വന്തം കിടപ്പാടത്തിന്റെ അവകാശത്തിനായി അധികാരികള്‍ക്കു മുന്നില്‍ സങ്കടത്തോടെ കൈനീട്ടുന്നുവര്..!
►വായ്പയെടുക്കാനാകാതെ വിഷമവൃത്തത്തില്‍ ചാക്കോ
മത്സ്യത്തൊഴിലാളി മാത്രമായിരുന്നില്ല ചാക്കോ; മുനമ്പത്ത് മത്സ്യമേഖലയില്‍ ലക്ഷങ്ങളുടെ ബിസിനസ് നടത്തിക്കൊണ്ടിരുന്ന നല്ല കച്ചവടക്കാരന് കൂടിയായിരുന്നു. ജില്ലയിലും പുറത്തും മത്സ്യം വലിയതോതില്‍ ശേഖരിച്ച് ഉണക്കി പൊടിയാക്കുന്ന കമ്പനികളിലേക്ക് ആവശ്യമായ ചരക്കെത്തിക്കുന്ന കച്ചടവടത്തിലൂടെ ചാക്കോ പടമാട്ടുമ്മേല്‍ ഈ രംഗത്ത് മികവും മുന്നേറ്റവും തെളിയിച്ചു.
നിനച്ചിരിക്കാത്ത നേരത്താണു കുടുംബത്തിന് ആഘാതമായി വലിയൊരു സാമ്പത്തികബാധ്യത നേരിടേണ്ടിവന്നത്. പ്രതിസന്ധി നേരിടാൻ ഭൂമി പണയത്തിനുവച്ചു ബാങ്ക് വായ്പയെടുത്തു ചാക്കോ അതിജീവിച്ചിട്ടുമുണ്ട്. മുനമ്പത്തെ ഭൂമിയില്‍ വഖഫ് പ്രശ്നം ഉരുണ്ടുകൂടിയതോടെ, വായ്പയെടുക്കാനുള്ള ചാക്കോയുടെ ശ്രമങ്ങളില്കൂടിയാണു കരിനിഴല്‍ വീണത്.
ഈ പ്രശ്നം ഈ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയെ മാത്രമല്ല, ചാക്കോയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചു. സമ്മര്‍ദങ്ങള്‍ താങ്ങാനാവാതെ, ചാക്കോയ്ക്കു ഹൃദ്രോഗവും പക്ഷാഘാതവും വന്നു. നീണ്ട ചികിത്സകള്‍ക്കുശേഷം ജോലികള്‍ക്കൊന്നും വയ്യാതായി.
35 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത ഇപ്പോഴും വലിയ ചോദ്യചിഹ്നമായി ചാക്കോയുടെ കുടുംബത്തെ അലട്ടുന്നു. അതിജീവനത്തിനു തനിക്കാവുന്ന പരിഹാരം 19 സെന്റ് പറമ്പും വീടും പണയം വയ്ക്കുകയാണെന്ന് ചാക്കോ പറയുമ്പോഴും, ഇപ്പോഴത്തെ സ്ഥിതിയില്‍ നിയമത്തിന്റെ നൂലാമാലകളുടെ പേരില്‍ ബാങ്കുകളൊന്നും അതിനോടു സഹകരിക്കുന്നുമില്ല.
►മുനമ്പം നിവാസികളുടെ വാദം
1. മുനമ്പത്ത് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്ന സ്ഥലം, ഫാറൂഖ് കോളജിന് ദാനമായി ലഭിച്ച ഭൂമിയെന്നു കോടതി വിധിയുള്ളതാണ്. അത്തരമൊരു ഭൂമി വഖഫ് ആയി പരിഗണിക്കാനാവില്ല.
2. വഖഫ് ആയി നല്കുന്ന ഭൂമിക്ക് നല്കുന്നയാള് എന്തെങ്കിലും നിബന്ധനകള്‍ വയ്ക്കില്ല. കോളജിന് രജിസ്റ്റര്‍ ചെയ്തു നല്കിയ ഭൂമിയില്‍ സേഠ് നിബന്ധനകള്‍ വച്ചിരുന്നു. അതുകൊണ്ടുതന്നെ വഖഫ് അവകാശവാദം നിലനില്‍ക്കുന്നതല്ല.
3. തങ്ങളുടെ ഭൂമിയില്‍ വഖഫ് അവകാശമുന്നയിച്ചിട്ടുള്ള വിഷയം അധികാരികള്‍ പ്രദേശവാസികളായ ഭൂവുടമകളില്‍നിന്നു മറച്ചുവച്ചു. 2022ല്‍ ഒരാള്‍ നികുതിയടയ്ക്കാനെത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ഇതു ചട്ടവിരുദ്ധമാണ്.
►വഖഫ് ബോര്‍ഡ് പറയുന്നത്
എം.കെ. സക്കീര്‍ ഹുസൈന് ചെയര്മാന്, കേരള വഖഫ് ബോര്‍ഡ്
നിയമപരമായ വഴികളിലൂടെയാണ് മുനമ്പം-ചെറായി മേഖലയിലെ ഭൂമി സംബന്ധിച്ച വിഷയത്തില്‍ വഖഫ് ബോര്‍ഡ് ഇടപെടുന്നത്. കോടതിയുടെ തീരുമാനങ്ങളും വഖഫ് നിയമവും അനുസരിച്ചു ബോര്‍ഡ് നിലപാടെടുക്കും.
നിലവില്‍ അവിടെയുള്ളവരെ കുടിയൊഴിപ്പിക്കാനോ മറ്റേന്തെങ്കിലും നടപടികള്‍ക്കോ വഖഫ് ബോര്‍ഡ് ശ്രമിക്കില്ല. കോടതികളുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ അവിടെനിന്നുള്ള ഉത്തരവിനായാണു കാത്തിരിക്കുന്നത്.