നിയമപരിരക്ഷയുള്ള കൊള്ളസംഘംതന്നെ
ഫാ. ജോഷി മയ്യാറ്റിൽ
Friday, September 20, 2024 1:46 AM IST
നബിദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ ഒരു മുസ്ലിം പണ്ഡിതൻ വഖഫ് നിയമം സംബന്ധിച്ച് ദീപികയിൽ എഴുതിയ ലേഖനത്തെ വിമർശിച്ചതായി കണ്ടു. എന്തായാലും മതേതര ഇന്ത്യ ഉച്ചത്തിൽ ചർച്ച ചെയ്യേണ്ട ഏറെ ഗൗരവമുള്ള ഒരു വിഷയമാണ് വഖഫ് ആക്ട്. അതിലൂടെ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും ഭീമമാണ്.
അതിനാൽത്തന്നെ ഈ വിഷയം പരാമർശിക്കാൻ അദ്ദേഹം തയാറായതു നന്നായി. എന്നാൽ അദ്ദേഹം പറഞ്ഞതിന്റെ ഉള്ളടക്കം ആകെ അസത്യമായിപ്പോയി എന്നതാണ് യാഥാർഥ്യം. വഖഫ് ബോർഡിനെ സംബന്ധിച്ചു നടക്കുന്ന ചർച്ചകളെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യവുമായി പുലബന്ധമില്ലാത്തതാണ്.
കാഞ്ഞിരപ്പിള്ളി എസ്ഡി കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, ആലുവ യുസി കോളജ് എന്നിവ ബ്രിട്ടീഷുകാർ ക്രിസ്ത്യാനികൾക്കു കൊടുത്തിട്ടു പോയതാണെന്ന അദ്ദേഹത്തിന്റെ അറിവ് ശുദ്ധ വിവരക്കേടാണെന്നതിന് ആ കോളജുകളുടെ ചരിത്രം പരിശോധിച്ചാൽ മാത്രം മതി.
ഭരണഘടനയുടെ ചൈതന്യത്തിനു നിരക്കാത്ത വ്യക്തിനിയമങ്ങളിൽ ഒന്നു പോലും ക്രൈസ്തവർക്കിടയിൽ ഇല്ല. അതിനാൽത്തന്നെ ഏകീകൃത സിവിൽകോഡ് ക്രൈസ്തവർക്ക് ഒരു പ്രശ്നവും ഉണ്ടാക്കാൻ പോകുന്നില്ല. ക്രൈസ്തവർ നടത്തുന്ന ഏതു സ്ഥാപനമാണ് ഭരണഘടനയ്ക്കു കീഴിലല്ലാത്തത്? കാനൻ നിയമം ഏതു കാര്യത്തിലാണ് ഈ പ്രസ്ഥാനങ്ങൾക്ക് അടിസ്ഥാനമായിരിക്കുന്നത്? അദ്ദേഹംതന്നെ വ്യക്തമാക്കണം.
വഖഫ്ബോർഡ് ആരുടെയും സ്ഥലത്തിനായി അവകാശവാദം ഉന്നയിക്കാറില്ല എന്ന അദ്ദേഹത്തിന്റെ പരാമർശം ഒരു തമാശയായേ കാണാനാകൂ. “ഇനി താജ് മഹലിനും ചെങ്കോട്ടയ്ക്കും ഇന്ത്യ മുഴുവനുംവേണ്ടി വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുമോ?” എന്നു ചോദിച്ചത് ദീപികയല്ല, മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റീസ് ഗുർബാൻ സിംഗ് അഹ്ലുവാലിയ ആണ്.
ആർക്കിയളോജിക്കൽ സർവേ ഓഫ് ഇന്ത്യക്കെതിരേ മൂന്നു ചരിത്രസ്മാരകങ്ങളും അവയുൾക്കൊള്ളുന്ന പറമ്പുകളും തങ്ങളുടേതാണെന്ന വഖഫ് ബോർഡിന്റെ 2013 ജൂലൈ 19ലെ വിധിതീർപ്പു തള്ളിക്കൊണ്ടുള്ള 2024 ജൂലൈ 26ലെ പ്രഖ്യാപനത്തിലാണ് ഈ ചോദ്യം ഉയർന്നത്.
മറച്ചുപിടിക്കാൻ ശ്രമിക്കുന്ന യഥാർഥ വിഷയം
ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വത്തിനു ചേരാത്ത ഒരു നിയമനിർമാണത്തിന്റെ മറവിൽ ശരി അത്ത് നിയമം മറ്റുള്ള ഇന്ത്യൻ പൗരന്മാരുടെ മേൽ അടിച്ചേല്പിക്കുന്നതാണ് വഖഫ് ബോർഡ് നടത്തുന്ന കൊള്ള. അതിനാൽ, നിയമപരിരക്ഷയുള്ള കൊള്ളസംഘം എന്ന പദപ്രയോഗം കിറുകൃത്യമാണ്. വഖഫ് കൊള്ളയുടെ ഏതാനും ഉദാഹരണങ്ങൾ ഇതാ:
1. ചെറായി-മുനമ്പം തീരദേശത്ത് താമസിക്കുന്ന 610 കുടുംബങ്ങളുടെ ജീവിതം 2019 മുതൽ നിശ്ചലമാക്കിയിട്ടിരിക്കുകയാണ് കേരള വഖഫ് ബോർഡ്.
2. കാവേരി നദീതീരത്തുള്ള തിരുചെന്തുറൈ ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് 2022ൽ തമിഴ്നാട് വഖഫ് ബോർഡ് ആ ഗ്രാമം മുഴുവൻ തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിച്ചു. 1500 വർഷം പഴക്കമുള്ള സുന്ദരേശ്വരർ അമ്പലവും അവിടെയുണ്ടെന്നോർക്കണം!
3. ഹൈദരാബാദിൽ മാരിയറ്റ് ഫൈവ് സ്റ്റാർ ഹോട്ടലിനുമേലാണ് തെലുങ്കാന വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചത്. തെലുങ്കാന ഹൈക്കോടതി വഖഫ് ബോർഡിന്റെ ആർത്തിയെ പിടിച്ചുകെട്ടി.
4. ഉടമസ്ഥാവകാശം ഇല്ലെങ്കിലും എപ്പോഴെങ്കിലും ഒരു പ്രോപ്പർട്ടി ഉപയോഗിച്ചവർ വഖഫ് ആയി നേർന്നതിന്റെ പേരിൽ തർക്കത്തിലായ ഭൂമികളും കെട്ടിടങ്ങളും ഇന്ത്യയിൽ അനേകമുണ്ട്.
മതപരമായ കാര്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ട കെട്ടിടമോ സ്ഥലമോ പിടിച്ചെടുക്കാൻ ട്രൈബ്യൂണലിനു ശിപാർശ നല്കാൻ വഖഫ് ബോർഡിന് അധികാരം നല്കുന്ന 39 (3) വകുപ്പിന്റെ പ്രയോഗമാണ് അലഹാബാദ് ഹൈക്കോടതി സമുച്ചയത്തിലെ മോസ്ക് പൊളിക്കുന്ന വിഷയത്തിൽ വഖഫ് ബോർഡ് നടത്തിയത്.
താമസത്തിനായി വാടകയ്ക്കെടുത്തിരുന്ന സ്ഥലത്ത് തങ്ങൾ 1950 മുതൽ നിസ്കരിച്ചിരുന്നു എന്നായിരുന്നു അവരുടെ വാദം. കപിൽ സിബിലിന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിലും വാദം ഉഷാറായി നടന്നെങ്കിലും മൂന്നു മാസത്തിനകം ഹൈക്കോടതിസമുച്ചയത്തിൽനിന്ന് അതു പൊളിച്ചുനീക്കാൻ കഴിഞ്ഞ വർഷം മാർച്ചിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചു.