വേണം, വരണം ജനറിക് മരുന്നുകൾ
മരുന്നു കന്പളോത്തിന്റെ പിന്നാന്പുറം -4 / റെജി ജോസഫ്
Friday, September 20, 2024 12:12 AM IST
കുത്തക കന്പനികളുടെ കൊള്ളവിലയ്ക്കു പരിഹാരമാണ് വില കുറഞ്ഞ ജനറിക് മരുന്നുകൾ. പരിശോധന കാര്യക്ഷമമല്ലാത്തതിനാൽ അതും വിശ്വസിച്ച് ഉപയോഗിക്കാനാവാത്ത സാഹചര്യമാണ്. ഒരു ഔഷധം പേറ്റന്റ് കാലാവധി കഴിയുംവരെ നിർമാണ കന്പനിയുടെ ബ്രാൻഡ് നാമത്തിലായിരിക്കും വിൽപന നടത്തുന്നത്. പേറ്റന്റ് സമയം കഴിഞ്ഞാൽ ഏതു കന്പനിക്കും അതേ മരുന്ന് ഉത്പാദിപ്പിക്കാം. അങ്ങനെ നിർമിക്കുന്നവയാണ് ജനറിക് മരുന്നുകൾ. ബ്രാൻഡഡ് മരുന്നുകൾ ഒരേ കന്പനിതന്നെ ഉത്പാദിപ്പിക്കുന്നതിനാൽ സ്വാഭാവികമായും വില ഉയർന്നതായിരിക്കും. ജനറിക് മരുന്നുകൾ വിവിധ കന്പനികൾ ഉത്പാദിപ്പിക്കുകവഴി വില ഗണ്യമായി കുറയും. മരുന്ന് ഉത്പാദനത്തിൽ ഇന്ത്യ ആഗോളതലത്തിൽ വലിയ ഉയരങ്ങൾ താണ്ടിയിരിക്കുന്നു. ഇന്ത്യ 200 രാജ്യങ്ങളിലേക്ക് മരുന്നു കയറ്റുമതി ചെയ്യുന്നു. ഇത്തരത്തിൽ ഫാർമസി ഓഫ് ദ ഡെവലപ്പിംഗ് വേൾഡ് എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്.
ലോകവിപണിയിൽ ഇന്നെത്തുന്ന ഇന്ത്യൻ മരുന്നുകളുടെ 50 ശതമാനവും ജനറിക് മരുന്നുകളാണ്. ഹിമാചൽ പ്രദേശിലെ ബഡ്ഡിയിലാണ് ഏറ്റവുമധികം മരുന്ന് ഉത്പാദിപ്പിക്കുന്നത്. വൻകിട ഫാർമസ്യൂട്ടിക്കൽസുകളും മൂവായിരം ചെറുകിട മരുന്നുഫാർമകളും അവിടെയുണ്ട്. വില കുറയാൻ ചെയ്യേണ്ടത് വിലകുറച്ച് മരുന്നു നിർമിക്കാൻ തയാറുള്ള കന്പനികളെ കംപൽസറി ലൈസൻസിംഗ് വഴി പ്രോത്സാഹിപ്പിക്കുകയാണെന്ന് ഡോ. പി. ഇക്ബാൽ നിർദേശിക്കുന്നു. ജനറിക് മരുന്നുകളിൽ നിലവാരം കുറഞ്ഞവയുമുണ്ട് എന്നതിനാലാവാം പല ഡോക്ടർമാരും ബ്രാൻഡഡ് മരുന്നുകളാണ് കുറിക്കുന്നത്. വൻകിട ഫാർമസികൾ മരുന്ന് നിർമാണം ചെറുകിടക്കാർക്ക് കരാർ നൽകുന്നതും നിലവാരത്തകർച്ചയ്ക്ക് മറ്റൊരു കാരണമാണ്.
മൊറാർജി ദേശായി സർക്കാരിന്റെ കാലത്ത് 347 മരുന്നുകളുടെ വില കേന്ദ്ര സർക്കാർ പിടിച്ചുനിർത്തിയിരുന്നു. അവശ്യമരുന്നുകൾ പട്ടിക തിരിച്ച് വില പുനർനിർണയം നടത്തുകയും ചെയ്തു. ഏതു കന്പനി ഉത്പാദിപ്പിച്ചാലും സർക്കാർ നിശ്ചയിച്ച നിരക്കിലേ വിൽക്കാൻ അനുവദിച്ചിരുന്നുള്ളു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യൻ ഔഷധവ്യവസായം വൻവളർച്ചയാണ് നേടിയത്.
1970ലെ പേറ്റന്റ് നയം, 1978ലെ ഔഷധ നയം, 1979ലെ ഔഷധ വിലനിയന്ത്രണ നിയമം എന്നിവയുടെ ഫലമായി നിർമാണവും കന്പോളവും അതിവേഗം വികസിച്ചു. നിലവാരവും വിലക്കുറവുമുള്ള ഔഷധങ്ങൾ ഉത്പാദിപ്പിക്കാൻ സാങ്കേതികശേഷിയും സ്വാശ്രയത്വവും കൈവരിച്ചതിൽ പ്രമുഖസ്ഥാനം ഇന്ത്യ സ്വന്തമാക്കി. വികസ്വര രാജ്യങ്ങളുടെ ഫാർമസി, പാവങ്ങളുടെ മരുന്നുകട തുടങ്ങിയ വിശേഷണങ്ങൾക്കും അർഹമായി. സ്വകാര്യവത്കരണത്തിന് വേഗം കൂടിയതോടെ നിയന്ത്രണങ്ങൾ കാറ്റിൽപറന്നു.
മരുന്നായി മാറുന്ന രാസതൻമാത്രകളുടെ ചെലവിന്റെ അടിസ്ഥാനത്തിൽ ലാഭം വർധിക്കുംവിധം വിലനിർണയം നടപ്പിൽ വന്നു. മാത്രവുമല്ല ലാഭം കൂടുതൽ കിട്ടുന്ന ബ്രാൻഡുകളാണ് വിപണിയിൽ കൂടുതലായി എത്തുന്നതും. നിർബന്ധിത ലൈസൻസിംഗ് വഴി വിലകൂടിയ മരുന്നുകളുടെ ജനറിക് പതിപ്പുകൾ ഉത്പാദിപ്പിക്കാൻ സന്നദ്ധമായ കന്പനികൾക്ക് അനുമതി നൽകണമെന്ന് ഡോ. പി. ഇക്ബാൽ നിർദേശിക്കുന്നു. ഉദാരവത്കണത്തിന്റെയും ആഗോളവത്കരണത്തിന്റെയും ആഘാതം ഔഷധവിപണിയെയും പ്രതികൂലമായി ബാധിക്കുന്നു. ഔഷധങ്ങളേറെയും ഇറക്കുമതി ചെയ്യുന്ന അടിസ്ഥാന തൻമാത്രകളിൽനിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഫാർമസി വ്യവസായത്തിലും വിദേശ നിക്ഷേപം വർധിച്ചുവരികയാണ്. ഈ വ്യവസായം നിയന്ത്രിക്കുന്നത് സർക്കാരിൽ സ്വാധീനമുള്ള കുത്തകകളാണ്.
കോവിഡ് കഥാസാരം
കോവിഡ് മഹാമാരിക്കാലത്തെ ലോക്ഡൗണ് പ്രഖ്യാപനത്തോടെ രോഗികളേറെയും മരുന്നുകടയിലേക്കാണ് ആദ്യം ഓടിയത്. അതിർത്തികൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ മരുന്നുവരവ് കുറയുമെന്ന ഭീതിയിൽ കരുതലായി വാങ്ങിക്കൂട്ടി. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ ഔഷധങ്ങൾ പതിൻമടങ്ങാണ് വിറ്റുതീർന്നത്. 98 ശതമാനം മരുന്നിനും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിനാൽ ഇനിയുമുണ്ടാകാം ഇത്തരം സാഹചര്യം. മാസ്ക്, ലോഷൻ, സാനിറ്റൈസർ കന്പനികൾക്കും കോവിഡ് കാലം ചാകരയായിരുന്നു.
ലോക്ഡൗണും മാസ്ക് ഉപയോഗവും അലർജി, ആത്സ്മ, ജലദോഷം തുടങ്ങിയവയ്ക്കുള്ള മരുന്നു വില്പനയിൽ കുറവുവരുത്തിയെന്നതും കൗതുകം. കുട്ടികൾ വീട്ടിലിരുന്നതിനാൽ പീഡിയാക്ട്രിക് ഔഷധ വില്പന അൻപതു ശതമാനം കുറഞ്ഞു.
മാറണം മനോഭാവം
ദേശീയ ജനസംഖ്യയിൽ മൂന്നു ശതമാനമേയുള്ളുവെങ്കിലും കേരളീയർ മരുന്നുതീറ്റയിൽ മുന്നിലെത്താൻ ചികിത്സാ സൗകര്യം, ഡോക്ടർ രോഗി അനുപാതം, സ്പെഷലൈസ്ഡ് ചികിത്സ തുടങ്ങിയ ഘടകങ്ങളുണ്ട്. ജലദോഷത്തിനും സ്പെഷലിസ്റ്റിനെ കണ്ടു വിദഗ്ധ പരിശോധന നടത്തിയും മരുന്നു കുറിക്കണമെന്ന താത്പര്യക്കാരാണ് ഏറെയും. വില കൂടിയ ബ്രാൻഡഡ് മരുന്നുകളിലാണ് മലയാളികൾക്ക് വിശ്വാസം. ഭക്ഷണക്രമം, കാലാവസ്ഥ, വ്യായാമക്കുറവ് തുടങ്ങിയവയാൽ ശൈലീരോഗങ്ങൾ എല്ലാ പ്രായക്കാരിലും സാധാരണമായി. ആയുർദൈർഘ്യം കൂടിയതിനാൽ വയോധികരെ ബാധിക്കുന്ന രോഗങ്ങളും കൂടി. ഇൻഷ്വറൻസ് പരിരക്ഷയും സൂപ്പർ സ്പെഷാലിറ്റികളും ചികിത്സാ പാക്കേജുകളും വന്നതോടെ ചികിത്സയും മരുന്നും ജീവിതത്തിന്റെ ഭാഗമായി.
കേരളം വ്യവസായ സൗഹൃദമല്ലെന്നതാണ് മരുന്നുത്പാദനത്തിൽ പിന്നാക്കമായതിനു കാരണം. ലൈസൻസ് ചട്ടങ്ങളും ഉത്പാദനച്ചെലവ് വർധനയും മറ്റ് കാരണങ്ങൾ. സർക്കാർ ഇടപെടലിൽ മാത്രമേ ജീവൻരക്ഷാ ഔഷധനിരക്ക് വില കുറയ്ക്കാനാകൂ. വിലപിടിച്ച കാൻസർ മരുന്നുകൾ ലാഭമെടുക്കാതെ കന്പനി വിലയ്ക്ക് കാരുണ്യ ഫാർമസി വഴി നൽകാനുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസം സംസ്ഥാനത്തു തുടക്കംകുറിച്ചിരുന്നു. കാൻസർ വ്യാപനം കൂടുന്ന സാഹചര്യത്തിൽ വലിയ ആശ്വാസം ലഭിക്കുന്ന നടപടിയാണിത്. 247 ഇനം മരുന്നുകളാണ് കാരുണ്യവഴി കുറഞ്ഞ വിലയ്ക്ക് ലഭിക്കുക.
വർഷത്തിൽ പരമാവധി പത്തു ശതമാനമേ വില വർധന അനുവദിച്ചിട്ടുള്ളു. എന്നാൽ, വർധിച്ചുവരുന്ന ശൈലീരോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയ്ക്കുള്ള മരുന്നിനു വില തോന്നിയപടി വർധിപ്പിക്കുന്നു. എംആർപിപോലും രേഖപ്പെടുത്താതെയാണ് ചില ജീവൻരക്ഷാമരുന്നുകളുടെ വില്പന.
പുതിയ പല രോഗങ്ങൾക്കും മരുന്നില്ലാത്തതിനാൽ നിലവിലുള്ളത് പ്രയോജനപ്പെട്ടേക്കാമെന്ന പ്രതീക്ഷയിൽ വിദേശത്തുനിന്നുൾപ്പെടെ മരുന്നുകൾ വരുത്തി രോഗിയിൽ പരീക്ഷിക്കുന്ന സാഹചര്യങ്ങളുമുണ്ട്. ഇന്ത്യയിൽ മരുന്നുവില നിയന്ത്രിക്കുന്നത് കേന്ദ്ര ആരോഗ്യവകുപ്പല്ല, വളം-രാസപദാർഥ വകുപ്പിനു കീഴിലുള്ള ഔഷധ വിലനിർണയ സമിതിയാണ്. ശതകോടികളുടെ വ്യവസായമാണ് മരുന്നു നിർമാണവും അതിന്റെ കന്പോളവും. മരുന്നുകൂട്ടിലെ രാസകങ്ങൾ ഒന്നാംതരം, രണ്ടാംതരം, മൂന്നാംതരം എന്നിങ്ങനെ തിരിവുകളുണ്ടായിരിക്കെ ഗുണമേൻമ അറിയുക എളുപ്പമല്ല. ഒരു കന്പനിയുടെ ബ്രാൻഡഡ് മരുന്നില്ലെങ്കിൽ അതേ രാസകങ്ങൾ ചേർന്ന മറ്റൊരു കന്പനിയുടെ മരുന്നു കൊടുക്കുക കടകളിൽ പതിവാണ്.
കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതി മലീനീകരണവും ഭക്ഷണക്രമവുമൊക്കെ കേരളത്തെ രോഗാതുരമാക്കുകയാണ്. കൃത്രിമ നിറവും രുചിയുമുള്ള ന്യൂജെൻ ഭക്ഷണങ്ങളും നോണ് വെജിലേക്കുള്ള മാറ്റവുമൊക്കെ രോഗനിരക്ക് വർധിപ്പിക്കുന്നു. കാൻസറും ഹൃദ്രോഗവും വൃക്കതകരാറും പ്രമേഹവും പ്രായ, ലിംഗഭേദമെന്യേ കൂടിവരുന്ന സാഹചര്യമാണ്.
കേരളം രാജ്യത്തെ നന്പർ വണ് മരുന്നുവിപണി മാത്രമല്ല ഔഷധം എന്നു വിളിപ്പേരുള്ള പല രാസകങ്ങളുടെയും പരീക്ഷണശാലകൂടിയാണ്. ഭക്ഷ്യവിഷബാധയെക്കാൾ മാരകമാണ് പലപ്പോഴും മരുന്നു വിഷബാധ. കുട്ടികൾക്കുൾപ്പെടെ ഹോർമോണ് സ്റ്റിറോയിഡ് ചേർന്ന ടിൻ ഫുഡുകളിലും അപകടമുണ്ട്. ഒരു പരിധിവരെ കുത്തക ഫാർമസികളുടെ മരുന്നുപരീക്ഷണത്തിനുള്ള ഇരകളാണ് കേരളീയർ.
(അവസാനിച്ചു)