മഹാബലേശ്വർ ഒരു ചൂണ്ടുപലക
ഡോ. അഞ്ജു ലിസ് കുര്യൻ
Thursday, September 19, 2024 12:22 AM IST
ഭാരതത്തിലെ ആദ്യത്തെ ഇഎസ്എ ആണ് മഹാരാഷ്ട്രയിലെ മഹാബലേശ്വർ-പഞ്ചഗണി പ്രദേശം. 2000 ജൂലൈയിലാണ് മഹാബലേശ്വർ-പഞ്ചഗണി കരട് വിജ്ഞാപനം പുറത്തിറങ്ങുന്നത്. രാജ്യത്തെ 80 ശതമാനത്തിലധികം സ്ട്രോബെറി ഉത്പാദിപ്പിക്കുന്നത് ഈ പ്രദേശത്താണ്.
കൃഷ്ണ, കൊയ്ന നദികളുടെ ഉത്ഭവസ്ഥാനമാണിത്. കുതിച്ചുയരുന്ന ടൂറിസം, അനധികൃത താമസസ്ഥലങ്ങൾ, നിയമവിരുദ്ധ ഹോട്ടലുകൾ, അനധികൃത വനനശീകരണം, ഖരമാലിന്യ മലിനീകരണം, ഗതാഗതക്കുരുക്ക് തുടങ്ങി നിരവധി ഭീഷണികളിൽനിന്ന് പരിസ്ഥിതിപ്രാധാന്യമുള്ള ഈ പ്രദേശത്തെ സംരക്ഷിക്കുന്നതിനായാണ് ഇഎസ്എ ആയി പ്രഖ്യാപിച്ചത്.
എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശിക ജനങ്ങൾക്ക് ഇതിന്റെ പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് ഇപ്പോഴും ഒരു ധാരണയുമില്ല. ഗ്രാമങ്ങളിൽനിന്നുള്ളവർ, തങ്ങൾ പുറത്താക്കപ്പെടുമെന്ന് ഭയപ്പെടുന്നു. ഉദ്യോഗസ്ഥരാൽ സ്ഥിരമായി ചൂഷണം ചെയ്യപ്പെടുന്നു.
വനവാസികൾ അന്യവത്കരിക്കപ്പെട്ട് അഭയാർഥികളായി ജീവിക്കുന്നു. അതേസമയം, വലിയ തോതിലുള്ള നിർമാണങ്ങൾ തുടരുന്നു. പ്രാദേശത്തു കുഴൽക്കിണർ കുഴിക്കാനുള്ള അനുമതിക്ക് ഉദ്യോഗസ്ഥർ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുന്നുവെന്നാണ് ജനങ്ങളുടെ പരാതി. തുറന്ന കിണറിന് ഇതിലും വലിയ തുകയാണ് ആവശ്യപ്പെടുന്നത്.
കൈക്കൂലി നൽകിയാൽ മാത്രമേ കുന്നിൻപ്രദേശങ്ങളിൽ കൃഷിയിടങ്ങൾക്കായി ഭൂമി നിരപ്പാക്കാൻ അനുവദിക്കൂ. ചെറുകിട കർഷകരിൽനിന്ന് കുറഞ്ഞത് 1,000-1,500 രൂപയെങ്കിലും കൈക്കൂലിയായി വരാന്തകളുടെ ചെറിയ വിപുലീകരണത്തിനുപോലും ആവശ്യപ്പെടുന്നു എന്നാണ് പ്രഫ. മാധവ് ഗാഡ്ഗിൽ തന്റെ ബൃഹത്തായ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് (ഗാഡ്ഗിൽ റിപ്പോർട്ട് ബോക്സ് 9; പേജ് 35-36).
മഹാബലേശ്വർ ഒരു ചൂണ്ടുപലകയാണ്. കൂടാതെ, ഭരണഘടന അനുശാസിക്കുന്ന തുല്യനീതിയും പൗരബോധവും പൂർണമായും ഇഎസ്എ പ്രദേശങ്ങളിൽ തമസ്കരിക്കപ്പെടും എന്നാണ് മുൻകാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ഇഎസ്എയിൽ ജീവിക്കുന്ന ജനങ്ങളും ഇഎസ്എയ്ക്കു പുറത്തു ജീവിക്കുന്നവരും തമ്മിൽ വലിയ അന്തരം സൃഷ്ടിക്കാനും ഇടയുണ്ട്.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുവപ്പുപട്ടികയിലുള്ളതൊന്നും ഇഎസ്എയിൽ പറ്റില്ല. ആശുപത്രികൾ, പടക്കനിർമാണ-സൂക്ഷിപ്പ് കേന്ദ്രങ്ങൾ, പാൽ സംസ്കരണ യൂണിറ്റുകൾ, പൾപ് പേപ്പർ യൂണിറ്റുകൾ, വലിയ ഹോട്ടലുകൾ, അറവുശാലകൾ, എല്ലുവളം യൂണിറ്റുകൾ തുടങ്ങിയവ എല്ലാം റെഡ് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഹൈവേ പോലുള്ള വലിയ പശ്ചാത്തലവികസന പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ആഘാത പഠനം ആവശ്യമായി വരും എന്നത് ഇഎസ്എയിൽ വികസനം അപ്രാപ്യമാകാൻ കാരണമാവും.
(പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജിൽ പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രഫസറാണ് ലേഖിക)
ലോകപൈതൃക പദവിയും ഇഎസ്എയും
2009 മുതൽ ഇന്ത്യ പശ്ചിമഘട്ട മലനിരകളെ ലോകപൈതൃക പട്ടികയിൽ പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ, തദ്ദേശീയരായ ആൾക്കാരുടെയും ഗോത്രജന വിഭാഗങ്ങളുടെയും മുൻകൂർ അനുമതി ഇല്ലെന്ന കാരണത്താലാണ് സർക്കാർ സമർപ്പിച്ച അപേക്ഷകൾ എല്ലാം ലോകപൈതൃക കമ്മിറ്റി നിരാകരിച്ചത്. കൂടാതെ പശ്ചിമഘട്ടത്തെ ഒറ്റ നിയമസംവിധാനത്തിന്റെ കീഴിൽ കൊണ്ടുവരണമെന്നാണ് ലോകപൈതൃക കമ്മിറ്റി ആവശ്യപ്പെട്ടത്.
ഈ ഒറ്റ നിയമസംവിധാനമാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന ഇഎസ്എ എന്ന് നിസംശയം പറയാം. കസ്തൂരിരംഗൻ കമ്മിറ്റിയെ നിയമിച്ചത് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എങ്ങനെ ശാസ്ത്രീയമായും ഹോളിസ്റ്റിക് ആയും നടപ്പാക്കാൻ പറ്റും എന്ന് പഠിക്കാനാണ്. ഇതു കസ്തൂരിരംഗൻ കമ്മിറ്റിയുടെ നിയമന ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്.
ലോകപൈതൃക കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ചുള്ള ഒറ്റ നിയമ സംവിധാനമാണ് ഇഎസ്എ. അതുകൊണ്ടാണ് പശ്ചിമഘട്ടം മുഴുവനായും ഒരു ഇഎസ്എ പ്രദേശമായി കണക്കാക്കാൻ ഗാഡ്ഗിൽ കമ്മിറ്റി ശക്തമായി ശിപാർശ ചെയ്തത്. പശ്ചിമഘട്ടത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇഎസ്സെഡ് 1, 2 എന്നിവയ്ക്കു കീഴിൽ കൊണ്ടുവരാനായിരുന്നു ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ശിപാർശ.
“നിലവിൽ ഇന്ത്യാ ഗവൺമെന്റ് പശ്ചിമഘട്ട ലോകപൈകൃത പദവിക്കായി സമർപ്പിച്ച നിർദേശങ്ങളേക്കാൾ ഗാഡ്ഗിൽ കമ്മിറ്റി നിർദേശങ്ങൾ കൂടുതൽ സമഗ്രമാണെന്നും ലക്ഷ്യങ്ങൾ കൂടുതൽ ഫലപ്രദമായി നിറവേറ്റുമെന്നും ഗാഡ്ഗിൽ കമ്മിറ്റി വിശ്വസിക്കുന്നു. കൂടാതെ, 2011 മേയ് 17ന് ന്യൂയോർക്കിലെ പത്താം സെഷനിൽ യുഎൻ സ്ഥിരം ഫോറത്തിൽ ഉയർന്നുവന്ന ഗൗരവമേറിയതും യഥാർഥവുമായ എതിർപ്പുകളെ ഗാഡ്ഗിൽ കമ്മിറ്റി നിർദേശങ്ങൾ മറികടക്കും” എന്നാണ് ഗാഡ്ഗിൽ റിപ്പോർട്ടിന്റെ അവസാന ഖണ്ഡിക പറയുന്നത്. ഈയൊരു പശ്ചാത്തലത്തിൽ വേണം കസ്തൂരിരംഗൻ കമ്മിറ്റി ശിപാർശകൾ പ്രകാരം പുറപ്പെടുവിക്കുന്ന കരട് വിജ്ഞാപനങ്ങളും നിയന്ത്രണങ്ങളും വിലയിരുത്താൻ.
കസ്തൂരിരംഗൻ കമ്മിറ്റി ശിപാർശ പ്രകാരം പശ്ചിമഘട്ട ഇഎസ്എയുടെ 10 കിലോമീറ്റർ ചുറ്റളവിൽ എല്ലാവിധ വികസന പ്രവർത്തനങ്ങൾക്കും 2006ലെ പരിസ്ഥിതി ആഘാത ചട്ടം വിഭാവനം ചെയ്യുന്ന പരിസ്ഥിതി ക്ലിയറൻസ് നിർബന്ധമാണ്. ഉദാഹരണത്തിന്, കോട്ടയം ജില്ലയിലെ ഒരു ഇഎസ്എ ആയ മേലുകാവിന്റെ അതിർത്തിയിൽനിന്നു 10 കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ക്ലിയറൻസ് ആവശ്യമാണ്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ഗാഡ്ഗിൽ കമ്മിറ്റി ശിപാർശകളും കസ്തൂരിരംഗൻ കമ്മിറ്റി ശിപാർശകളും തമ്മിൽ ഭൂവിസ്തൃതിയുടെ കാര്യത്തിൽ വലിയ വ്യത്യാസമില്ലെന്നു പറയാം. ഈ അടിസ്ഥാന യാഥാർഥ്യം വിസ്മരിച്ചാണ് ആനുകാലിക പ്രതികരണങ്ങൾ എന്നുള്ളത് അങ്ങേയറ്റം ആശങ്കാജനകമാണ്.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുക എന്നത് ഉയർന്നുവരുന്ന ജനങ്ങളുടെ ആശങ്കകളുടെയും എതിർപ്പുകളുടെയും പശ്ചാത്തലത്തിൽ സർക്കാരുകളും പരിസ്ഥിതി സംഘടനകളും പരിസ്ഥിതി വാദികളും പരിസ്ഥിതി ശാസ്ത്രജ്ഞരും അക്കാദമിക സമൂഹവും അതീവ പ്രാധാന്യത്തോടുകൂടി കണക്കിലെടുക്കേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന്റെ അർഥവത്തായ പ്രവർത്തനങ്ങളുടെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് 2021ലെ കണക്കുകൾ പരിസ്ഥിതിസംരക്ഷണത്തിന്റെ പേരിൽ പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്ന ജനങ്ങളുടെമേൽ നിയമങ്ങൾ അടിച്ചേല്പിക്കാൻ വെമ്പൽ കൊള്ളുന്നവരുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.
എന്തുതന്നെയായാലും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ജനജീവിതത്തിന്റെയും അവരുടെ ഉപജീവന മാർഗങ്ങളുടെയുംമേൽ ആശങ്കയുണർത്തുന്നത് ഒട്ടും ആശാവഹമല്ല. നമുക്കു വേണ്ടത് അതിർത്തികൾ നിർണയിച്ചു കാത്തുസൂക്ഷിക്കേണ്ട പരിസ്ഥിതി സംരക്ഷണമല്ല, മറിച്ച് എല്ലാവർക്കും സ്വതന്ത്രമായി സംരക്ഷിക്കാനും വ്യവഹരിക്കാനും സ്വാതന്ത്ര്യം നൽകുന്നതും ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടിയുള്ളതുമായ സംരക്ഷണ പ്രക്രിയാണ്.