ചികിത്സയും മരുന്നും ഓണ്‍ലൈനിൽ
മരുന്നു കന്പോളത്തിന്റെ പിന്നാന്പുറം -3/ റെജി ജോസഫ്
Thursday, September 19, 2024 12:15 AM IST
ഓണ്‍ലൈൻ മരുന്നുവില്പനയ്ക്ക് വേഗം കൂടുകയാണ്. സോപ്പും ചീപ്പും ഓണ്‍ലൈനിൽ വാങ്ങുന്നതുപോലെ നിസാരമല്ല മരുന്നുവാങ്ങൽ. രോഗലക്ഷണവും മെഡിക്കൽ റിപ്പോർട്ടുകളും അപ്ലോഡ് ചെയ്താൽ ഡോക്ടർ നിർദേശിക്കുന്ന മരുന്ന് വീട്ടിലെത്തിക്കുന്ന രീതിയും സ്വയം രോഗം നിർണയിച്ച് മരുന്ന് ഓണ്‍ലൈനിൽ വാങ്ങുന്ന രീതിയുമുണ്ട്.
വിലക്കുറവിലും നികുതി ഒഴിവാക്കിയും വാങ്ങുന്ന മരുന്നുകൾക്ക് യാതൊരുറപ്പുമില്ല. ആഘാതമോ മരണമോ സംഭവിച്ചാലും ആർക്കും ഉത്തരവാദിത്വമില്ല. ഓണ്‍ലൈൻ മരുന്നു വ്യാപാരത്തിന് കേന്ദ്രം അനുമതി നൽകുന്പോൾ ഐടി ആക്ട്, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്, ഫാർമസി ആക്ട് എന്നിവയ്ക്കു വിധേയമായി വിൽക്കാനായിരുന്നു നിർദേശം.
ഓണ്‍ലൈനിൽ ഏറ്റവും വിറ്റഴിയുന്നത് അബോർഷൻ മരുന്നുകളും ലൈംഗിക ഉത്തേജകങ്ങളും മയക്കുമരുന്നുമാണെന്നതിനു തെളിവുകളുമായി മുംബൈ കെമിസ്റ്റ് അസോസിയേഷൻ ആരോഗ്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. മരുന്ന് ഓണ്‍ലൈനിൽ, ചികിത്സ വീട്ടിൽ എന്ന നയം ആരോഗ്യമേഖലയ്ക്കും ഭീഷണിയാണ്.
പാർശ്വഫലം മറച്ചുവച്ചും ഗുണം പെരുപ്പിച്ചുകാട്ടിയും പ്രഫഷണൽ വെബ് സൈറ്റുകളിലാണ് ഓണ്‍ലൈൻ വ്യാപാരം. നിരോധിക്കപ്പെടുകയോ നിയന്ത്രിത വില്പന അനുവദിക്കുകയോ ചെയ്തിട്ടുള്ളവയും ഇ-ഫാർമസിയിൽ ലഭ്യമാണ്. നിലവാരമില്ലാത്തതും കാലഹരണപ്പെട്ടതൊക്കെ ഇത്തരത്തിൽ വന്നുചേരാം.
ഇൻസുലിൻ ഉൾപ്പെടെ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ടവ ഓണ്‍ലൈനിൽ വിൽക്കുക സുരക്ഷിതമല്ല. മരുന്നിന്റെ ഗുണം നഷ്ടപ്പെടാനും രാസപ്രവർത്തനം സംഭവിക്കാനും സാധ്യതയേറെയാണെന്ന് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ. മോഹൻ പറഞ്ഞു.
ഓണ്‍ലൈൻ രഹസ്യവില്പനയിൽ യാതൊരു പരിശോധനയ്ക്കും സാധ്യതയില്ലാതായിരിക്കുന്നു. വിദേശത്തുനിന്നുൾപ്പെടെ എത്തുന്നവ പൊതു ആരോഗ്യമേഖലയിലുണ്ടാക്കാവുന്ന പ്രത്യാഘാതം ചെറുതല്ല. വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈൻ വ്യാപാരത്തിലെ സത്യവും മിഥ്യയും തിരിച്ചറിയുക എളുപ്പമല്ല. ഒരു സംസ്ഥാനത്തെ ഡ്രഗ് ഇൻസ്പെക്ടർക്ക് മറ്റൊരു സംസ്ഥാനത്തു പോയി മരുന്നുപരിശോധന നടത്താൻ നിയമം അനുവദിക്കുന്നുമില്ല. പരാതി അവിടെ ബോധ്യപ്പെടുത്താൻ മാത്രമേ സാധിക്കൂ. ഇ-ഫാർമസി വെബ്സൈറ്റിൽ ചികിത്സ നിർണയിക്കുന്ന ഡോക്ടർ ഒറിജിനലോ വ്യാജനോ എന്നും അറിയാനാവില്ല. ഡോക്ടറുടെ അറിവിലാണോ മരുന്ന് നിശ്ചയിക്കുന്നതെന്നു വ്യക്തമല്ലെന്നും മോഹൻ പറഞ്ഞു.
ആന്റിബയോട്ടിക്കുകൾ വാങ്ങാൻ ഡോക്ടറുടെ കുറിപ്പടി നിർബന്ധമാണ്. നാർക്കോട്ടിക് ചേരുവയുള്ള മരുന്നുകൾ വിൽക്കാനും സൂക്ഷിക്കാനും നിയന്ത്രണവുമുണ്ട്. മരുന്നു നൽകിയ തീയതിയുടെ സീൽ കുറിപ്പടിയിൽ പതിക്കണമെന്നാണു ചട്ടമെങ്കിലും മെഡിക്കൽ സ്റ്റോറുകളിൽ ഇതിനൊന്നും സംവിധാനമില്ല. ഡോക്ടർമാരുടെ വ്യാജ ലെറ്റർഹെഡിൽ പലരും മരുന്നു വാങ്ങുന്നതായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോൾ വിഭാഗം കണ്ടെത്തിയിരുന്നു.
മരുന്ന് വില്ലനാകുന്പോൾ
ജീവൻരക്ഷാ ഔഷധങ്ങളൊഴികെയുള്ള മരുന്നുകളുടെ വിലനിർണയാധികാരം നിർമാണ കന്പനികൾക്കാണ്. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റിയുടെ അംഗീകാരത്തോടെയാണ് വില നിശ്ചയിക്കുക. നിർമാണച്ചെലവ് അടിസ്ഥാനമാക്കി നിരക്ക് നിശ്ചയിക്കുന്ന രീതി മാറി, മരുന്നിന്റെ വിപണി ഡിമാൻഡ് അനുസരിച്ചാണ് ഇക്കാലത്ത് നിരക്ക്.
വിലനിയന്ത്രണം ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടത് കഴിഞ്ഞ മാസമാണ്. ഇതനുസരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളോടു വിശദീകരണം ചോദിച്ചിരിക്കുകയാണു കോടതി. വിലനിയന്ത്രണമുള്ളവയിൽ ചേരുവകളുടെ എണ്ണം കൂട്ടി നിരക്ക് വർധിപ്പിക്കുന്ന പ്രവണതയും ഇക്കാലത്തുണ്ട്.
രണ്ടോ അതിലധികമോ രാസകങ്ങൾ ചേർത്തുള്ള ഫിക്സഡ് ഡോസ് കോന്പിനേഷൻ മരുന്നുകൾക്ക് കഴിഞ്ഞയാഴ്ച നിരോധനം വന്നു. നിശ്ചിത അനുപാതത്തിൽ രണ്ടോ അതിലധികമോ ഫാർമസ്യൂട്ടിക്കൽ ചേരുവകളിൽ നിർമിക്കുന്നതാണ് കോക്ടെയിൽ അഥവാ കൂട്ടുമരുന്നുകൾ. ഇത്തരം സംയുക്തംകൊണ്ടു പ്രയോജനമില്ലെന്നു മാത്രമല്ല, ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യാം. പനി, ജലദോഷം, വേദന, അലർജി എന്നിവയ്ക്ക് കാലങ്ങളായി ഉപയോഗിച്ചിരുന്ന 156 മരുന്നുകളാണ് ആരോഗ്യമന്ത്രാലയം നിരോധിച്ചത്. ആന്റിബയോട്ടിക്, ആന്റി അലർജിക്, വേദനസംഹാരികൾ, മൾട്ടി വിറ്റാമിനുകൾ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടതാണ് ഇവ.
ആന്റിബയോട്ടിക്കുകൾക്കെതിരേ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതിനെയാണ് ആന്റിബയോട്ടിക് പ്രതിരോധം എന്നു വിളിക്കുന്നത്. ആരോഗ്യമേഖല നേരിടുന്ന നിർണായക പ്രതിസന്ധികളിലൊന്നാണിത്. രോഗാണു പ്രതിരോധം നേടുന്പോൾ രോഗം മൂർച്ഛിക്കുന്നതിനൊപ്പം രോഗിയുടെ ചികിത്സാച്ചെലവും കൂടും. ആന്റിബയോട്ടിക്കിന്റെ അശാസ്ത്രീയ ഉപയോഗം അനേകം പേരുടെ മരണത്തിലേക്കും നയിക്കുമെന്നാണ് ലോകാരോഗ്യ സംഘനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്.
കേരളം രോഗക്കിടക്കയിൽ
ഡയബറ്റോളജി, കാർഡിയോളജി, ഗാസ്ട്രോ, ന്യൂറോ, സൈക്യാട്രി, വിറ്റാമിൻ, വേദനസംഹാരി ഇനങ്ങളിൽ പതിനായിരം കോടിയോളം രൂപയുടെ മരുന്നുകളാണ് കേരളത്തിൽ വിറ്റഴിയുന്നത്. ഓണ്‍ലൈനിലും കേരളത്തിനു പുറത്തുനിന്നും വാങ്ങിയതിനു കണക്കില്ല. കേരളത്തിലെ ഔഷധവിപണിയിൽ ശരാശരി 10-15 ശതമാനം വാർഷികവളർച്ചയുണ്ട്. 2022ൽ 12,500 കോടിയും 2021ൽ 11,000 കോടിയുമായിരുന്നു ആകെ വില്പന. കേരളത്തിൽ നാലിലൊരാൾക്ക് പ്രമേഹമുണ്ടെന്നാണ് സർവേ ഫലം.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ എൻഡോക്രൈനോളജി വിഭാഗം നടത്തിയ പഠനത്തിൽ കേരളത്തിൽ പത്തിനും മുപ്പതിനുമിടെ പ്രായമുള്ള 27 ശതമാനം പേർ ഷുഗർ രോഗികളാണ്. പ്രമേഹനിയന്ത്രണത്തിനു മാത്രം വർഷത്തിൽ ചെലവഴിക്കുന്നത് രണ്ടായിരം കോടി രൂപയെന്നാണ് കണക്ക്. വില്പനയിൽ ഹൃദ്രോഗമരുന്നുകളാണ് ഒന്നാമത്. ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് പ്രമേഹ സങ്കീർണതയാണെന്നത് മറ്റൊരു വസ്തുത.
കേന്ദ്ര ആരോഗ്യ കുടുംബമന്ത്രാലയത്തിന്റെ കണക്കിൽ ഓരോ കേരളീയനും ഓരോ വർഷവും ആരോഗ്യ പരിപാലനത്തിന് 9,871 രൂപ ചെലവിടുന്നു. 88.43 ശതമാനം ഡോക്ടറുടെ കുറിപ്പടിയിലും 11.57 ശതമാനം നേരിട്ടും മരുന്നുവാങ്ങുന്നവരാണ്. രണ്ടാം സ്ഥാനത്തുള്ള ഹിമാചൽ പ്രദേശിൽ ചെലവ് 6,946 രൂപ. കർണാടകത്തിൽ 4878, തമിഴ് നാട്ടിൽ 4311, തെലുങ്കാനയിൽ 4130, ആന്ധ്ര പ്രദേശിൽ 4967. ചികിത്സച്ചെലവിൽ ദേശീയ ശരാശരിയാവട്ടെ 2100 രൂപയാണ്.
(തുടരും)