ഇടതു ലിബറൽ അതിഷി പ്രതീക്ഷ!
ജോർജ് കള്ളിവയലിൽ
Wednesday, September 18, 2024 1:44 AM IST
ചരിത്രവും ഇംഗ്ലീഷും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത നാൽപ്പത്തിമൂന്നുകാരി അതിഷിക്ക് രാഷ്ട്രീയത്തിലും ഭരണത്തിലും ചരിത്രം രചിക്കാനായിരുന്നു യോഗം. രാഷ്ട്രീയത്തിലും ഭരണത്തിലും ചുരുങ്ങിയ കാലംകൊണ്ടു മികവു കാട്ടിയ അതിഷിക്ക് ഡൽഹി മുഖ്യമന്ത്രി പദം അലങ്കാരമല്ല. അർഹതയ്ക്കും ആത്മസമർപ്പണത്തിനും വിശ്വസ്തതയ്ക്കും പ്രതിബദ്ധതയ്ക്കും കഠിനാധ്വാനത്തിനും മികവിനും കിട്ടിയ അംഗീകാരമാണത്.
ഡൽഹിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. വലത്, തീവ്ര വലതു ഭരണം കണ്ടിരുന്ന ഡൽഹിക്ക് ആദ്യമായാണ് ഇടതു ലിബറൽ പശ്ചാത്തലത്തിൽ നിന്നൊരാൾ മുഖ്യമന്ത്രി ആകുന്നതെന്ന പ്രത്യേകതയുമുണ്ട്. സുഷമ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിത. മമത ബാനർജിയും അതിഷിയും മാത്രമാകും ഇപ്പോൾ രാജ്യത്തെ വനിതാ മുഖ്യമന്ത്രിമാർ.
മികവിന്റെ അംഗീകാരം
2013ൽ ആം ആദ്മി പാർട്ടിയിൽ ചേർന്ന അതിഷി രാഷ്ട്രീയത്തിൽ ഒരു ദശകം തികച്ചപ്പോൾ തന്റെ നേതാവിന്റെ ഇഷ്ട പിൻഗാമിയായി ദേശീയ തലസ്ഥാനത്തെ ഭരണനായിക ആയതു വെറും ഭാഗ്യമല്ല. വിഖ്യാതമായ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽനിന്നു സ്കോളർഷിപ്പോടെ ബിരുദാനന്തര ബിരുദം നേടിയ അതിഷി, കേജരിവാൾ മന്ത്രിസഭയിൽ ധനകാര്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, നിയമം, ടൂറിസം തുടങ്ങി നിരവധി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരംകൂടിയാണിത്.
ഡൽഹിയിലെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ പ്രധാന ശില്പിയാണ് അതിഷി. സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലായിരുന്നു ശ്രദ്ധ. കേരളത്തിലെ സർക്കാർ സ്കൂളുകളുടെ നവീകരണമായിരുന്നു പ്രേരക ശക്തി. ഡൽഹിയിലെ വൻകിട സ്വകാര്യ സ്കൂളുകളുടെ നിലവാരത്തിലേക്ക് സർക്കാർ സ്കൂളുകളിലെ സൗകര്യങ്ങളും പഠനനിലവാരവും മെച്ചപ്പെടുത്തി. വിദേശ രാഷ്ട്രത്തലവന്മാരും അവരുടെ ഭാര്യമാരും ഡൽഹി സർക്കാർ സ്കൂളുകൾ സന്ദർശിച്ച് അതിഷിയെ അഭിനന്ദിച്ചു. നഗരഭരണത്തിലും ഡൽഹി മാതൃക ആഗോളതലത്തിൽ ശ്രദ്ധേയമാക്കി. 2002ൽ ഐക്യരാഷ്ട്രസഭ പൊതുസഭയിൽ പ്രസംഗിക്കാനും അതിഷിക്കായി.
നിഴൽ മുഖ്യമന്ത്രിയാവില്ല
ഡൽഹിയിൽ ഇന്നലെ ആം ആദ്മി പാർട്ടി നിയമസഭാകക്ഷി യോഗത്തിൽ പ്രതീക്ഷിച്ചതു പേലെ കേജരിവാൾ തന്നെയാണു വിശ്വസ്തയായ അതിഷിയെ നിർദേശിച്ചത്. എഎപി കണ്‍വീനറും മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കേജരിവാളിന്റെ ശിഷ്യയാകും താനെന്ന് അതിഷി പ്രഖ്യാപിച്ചിട്ടുണ്ട്. കേജരിവാളിന്റെ രാജിയിൽ ജനം ദുഃഖിതരാണെന്ന്, കേജരിവാളിനൊപ്പം ലഫ്. ഗവർണർ വി.കെ. സക്സേനയെ കണ്ടശേഷം അതിഷി കൂട്ടിച്ചേർത്തു. കേജരിവാൾ ജയിലിലായിരുന്നപ്പോൾ അതിഷി സൂപ്പർ മുഖ്യമന്ത്രിയായിരുന്നുവെന്ന് എംപിയായ വിമത നേതാവ് സ്വാതി മലിവാൾ ആരോപിച്ചിരുന്നു.
സൂപ്പർ മുഖ്യമന്ത്രിയായി കേജരിവാൾ തുടരുമെന്നതിൽ സംശയിക്കാനില്ല. കേജരിവാളുമായി പ്രശ്നങ്ങളില്ലാതെ പാർട്ടിയും ഭരണവും ഒന്നിച്ചുകൊണ്ടുപോകുക എന്ന വെല്ലുവിളിയാകും നിയുക്ത മുഖ്യമന്ത്രിക്കു മുന്നിലുള്ളത്. 2025 ജനുവരിയിലോ അതിനു മുന്‍പോ നടക്കാനുള്ള ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തുടർച്ച നേടുകയെന്ന വലിയ ഉത്തരവാദിത്വവും ഉണ്ട്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഉൾപോരുകളും ദൗർബല്യങ്ങളുമാണ് എഎപിയുടെ പ്രതീക്ഷ.
എന്നാൽ, കേജരിവാളിന്റെ വെറും ഡമ്മിയോ പകരക്കാരിയോ നിഴലോ മാത്രമാകില്ല അതിഷി. ധനകാര്യം അടക്കം സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ അതിഷിക്കായി. കേജരിവാളിന്റെ നിർദേശം അപ്പാടെ പാലിക്കുന്പോഴും, അതിഷി മന്ത്രിസഭയുടെ തനതു സ്വഭാവം വ്യത്യസ്തമാകും.
മർലേന തെറിച്ച വർഗീയത
അതിഷി മർലേന സിംഗ് എന്നായിരുന്നു മുഴുവൻ പേര്. സ്വന്തം പേരിലെ ’മർലേന’, സിംഗ് എന്നീ വാലുകൾ മുറിച്ചുമാറ്റിയ ആതിഷിക്ക് മാനവികതയും പരസ്നേഹവും സേവനവും ആയിരുന്നു ജാതിയും മതവും. പ്രവീണ്‍ സിംഗുമായുള്ള വിവാഹ ശേഷവും അതിഷി എന്നാണു സ്വയം പരിചയപ്പെടുത്തുക. പക്ഷേ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രചാരണ വേളയിലാണു തന്റെ പേരിൽ നിന്ന് ‘മർലേന’ ഒഴിവാക്കിയത്. സമൂഹമാധ്യമങ്ങളിൽ അതിഷി എന്നു മാത്രമാണു പേര്. വാലുകളില്ലാതെ സ്വയം മികവു തെളിയിക്കുന്ന പുതിയ വനിതകൾക്കെല്ലാം മാതൃകയും ആവേശവുമാകും അതിഷി.
എന്നാൽ, തെരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോൾ മർലേന എന്നതു ക്രൈസ്തവ നാമം ആണെന്നു ബിജെപിയുടെ വ്യാജപ്രചാരണം സജീവമായതിനെ പ്രതിരോധിക്കാനാണു സ്വന്തം പേരിലെ മധ്യഭാഗം മുറിച്ചതെന്നതു വലിയ രഹസ്യമല്ല. തീവ്ര ഹിന്ദുത്വ വോട്ടർമാരെ തൃപ്തിപ്പെടുത്താനായി പേരിലെ മാർക്സിനെയും ലെനിനെയും മാറ്റിയെങ്കിലും ഇടതു ലിബറൽ ചിന്താഗതികളോട് അതിഷി എന്നും ആഭിമുഖ്യം പുലർത്തിയിരുന്നു. അതിഷിയുടെ ബൗദ്ധികമായ ഔന്നത്യവും സാമൂഹിക പ്രതിബദ്ധതയും പൊൻതൂവലുകളാണ്.
സാമൂഹ്യപ്രവർത്തക ദന്പതികൾ
ഡൽഹി സർവകലാശാലയിലെ പ്രഫസർമാരായ വിജയ് സിംഗ്, ത്രിപ്ത വാഹി എന്നിവരുടെ മകളായി 1981 ജൂണ്‍ എട്ടിനായിരുന്നു അതിഷിയുടെ ജനനം. മാതാപിതാക്കളുടെ പ്രത്യയശാസ്ത്ര വേരുകളുടെ പ്രതിഫലനമായാണ് മാർക്സ്, ലെനിൻ എന്നീ പേരുകളുടെ മിശ്രിതമായ ’മർലേന’ എന്ന മധ്യനാമം അതിഷിക്ക് നൽകിയത്. ഡൽഹിയിൽ ജനിച്ചുവളർന്ന പഞ്ചാബി രജപുത്ര കുടുംബാംഗമായ അതിഷിയും ഭർത്താവ് പ്രവീണ്‍ സിംഗും 2007 മുതൽ സജീവ സാമൂഹ്യപ്രവർത്തകരാണ്.
ഡൽഹി ഐഐടിയിലും അഹമ്മദാബാദ് ഐഐഎമ്മിലുംനിന്നു ബിരുദം നേടിയ ശേഷം അമേരിക്കയിലടക്കം എട്ടു വർഷത്തിലേറെ കോർപറേറ്റ് മേഖലയിലും മാനേജ്മെന്റ് കണ്‍സൾട്ടിംഗിലും ജോലി ചെയ്തയാളാണ് പ്രവീണ്‍.
പിന്നീടാണു ഭാര്യ അതിഷിയോടൊപ്പം പ്രവീണും മുഴുസമയ സാമൂഹ്യ പ്രവർത്തനത്തിലേക്കു മാറിയത്. സാന്പത്തിക വ്യവസ്ഥകൾ, സാന്പത്തിക ചരിത്രം, മുഖ്യധാരാ സാന്പത്തികശാസ്ത്രം, അതിന്റെ പോരായ്മകൾ, വികസന സാന്പത്തികശാസ്ത്രം എന്നിവയെക്കുറിച്ചുള്ള വിഷയങ്ങളിൽ ഗവേഷകനും അധ്യാപകനുമാണ് പ്രവീണ്‍.
പഠനത്തിലെന്നും മിടുമിടുക്കി
ഡൽഹി പൂസ റോഡിലെ സ്പ്രിംഗ്ഡെയ്ൽസ് സകൂളിൽനിന്നു ഹെസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അതിഷി പ്രശസ്തമായ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു 2001ൽ ചരിത്രത്തിൽ ബിരുദം നേടി.
ബാച്ചിലെ ഒന്നാം റാങ്കോടെയായിരുന്നു ഇത്. തുടർന്ന് ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്കു പോയി. വിഖ്യാതമായ ഓക്സ്ഫഡ് സർവകലാശായിൽനിന്ന് 2003ൽ വിദ്യാഭ്യാസത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. അഭിമാനകരമായ റോഡ്സ്, രാധാകൃഷ്ണൻ - ചെവനിംഗ് സ്കോളർഷിപ്പുകളും അതിഷി സ്വന്തമാക്കി.
2005ൽ ഓക്സ്ഫര്ഡിലെ മഗ്ഡലൻ കോളജിൽ റോഡ്സ് സ്കോളറായി വിദ്യാഭ്യാസ ഗവേഷണത്തിലും മികവുനേടി. ഓക്സ്ഫഡിൽനിന്നു തിരിച്ചെത്തിയ അതിഷി ആന്ധ്രാപ്രദേശിലെ റിഷി വാലി സ്കൂളിൽ ചരിത്രവും ഇംഗ്ലീഷും പഠിപ്പിച്ചു.
അധ്യാപികയായി തുടങ്ങിയെങ്കിലും രാഷ്ട്രീയവും സാമൂഹ്യസേവനവുമായിരുന്നു അതിഷിക്കു പ്രിയം. ആം ആദ്മി പാർട്ടിയുടെ രൂപീകരണ കാലമായ 2013 ജനുവരിയിൽ പാർട്ടിയിൽ ചേർന്നാണു രാഷ്ട്രീയജീവിതം ആരംഭിച്ചത്. എഎപിയുടെ നയരൂപീകരണത്തിലും ഭരണഘടന തയാറാക്കുന്നതിലും അവർ നിർണായക പങ്കു വഹിച്ചു. ഡൽഹിയിലെ എഎപി ഭരണത്തിൽ പുതുമയാർന്ന ഭരണ പരിഷ്കാരങ്ങൾക്കും പ്രേരണ ചെലുത്തി.
മധ്യപ്രദേശിലെ ഗ്രാമത്തിൽ ഏഴു വർഷമാണ് അതിഷി സാധാരണക്കാർക്കായി ജീവിതം ഉഴിഞ്ഞുവച്ചത്. ജൈവകൃഷിയിലും പുരോഗമന വിദ്യാഭ്യാസത്തിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിൽ 2015ൽ നടന്ന ജല സത്യഗ്രഹ വേളയിൽ അതിഷിയിലെ ആക്്ടിവിസ്റ്റ് ശ്രദ്ധ നേടി.
പ്രതിഷേധ സമരങ്ങളിലും തുടർന്നുള്ള നിയമ പോരാട്ടങ്ങളിലും അവർ എഎപി നേതാവ് അലോക് അഗർവാളിനെ പിന്തുണച്ചു. അതിഷിയുടെ സംഘടനാ പാടവവും കഠിനാധ്വാനവും കേജരിവാളിനെയും ആകർഷിച്ചു.
തോൽവിയിൽ തളരാതെ വിജയം
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, കിഴക്കൻ ഡൽഹിയിലെ എഎപിയുടെ ചുമതലക്കാരിയായി അതിഷിയെ കേജരിവാൾ നിയമിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നിപ്പോരാട്ടത്തിൽ വൻതോൽവിയാണു നേരിട്ടത്.
മോദി തരംഗത്തിൽ ഡൽഹി ബിജെപി തൂത്തുവാരി. ക്രിക്കറ്റ് താരം കൂടിയായ ഗൗതം ഗംഭീറാണ് 4.77 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ അതിഷിയെ പരാജയപ്പെടുത്തിയത്. തോൽവിയിൽ മനസു മടുക്കാതെ മുന്നേറിയ അതിഷിക്കു വിജയം അകലെയായില്ല. പിറ്റേ വർഷം എംഎൽഎയായി ജയിച്ചു.
2020ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയമാണ് അതിഷിക്കു നിർണായകമായത്. ദക്ഷിണ ഡൽഹിയിലെ കൽക്കാജി മണ്ഡലത്തില്‍ അതിഷി വൻവിജയം നേടി.
ബിജെപിയുടെ ധരംബീർ സിംഗിനെ 11,422 വോട്ടുകളുടെ വ്യത്യാസത്തിലാണ് അതിഷി തോൽപ്പിച്ചത്. തുടർന്ന് എഎപിയുടെ ഗോവ യൂണിറ്റിന്റെ ചുമതലക്കാരിയായി.
ഇതോടെ പാർട്ടിക്കുള്ളിൽ പ്രാധാന്യം വർധിച്ചു. 2022-23 കാലയളവിൽ ഡൽഹിയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർപേഴ്സണായും പ്രവർത്തിച്ചു.
ഇതിനു പുറമേ സ്ത്രീ-ശിശു ക്ഷേമം, ന്യൂനപക്ഷ ക്ഷേമം, വിദ്യാഭ്യാസം എന്നീ നിയമസഭാ സമിതികളിലും അംഗമായിരുന്നു.
മുന്‍പേ മുഖ്യ, ഇനി മുഖ്യമന്ത്രി
ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെയും ആരോഗ്യമന്ത്രി ആയിരുന്ന സത്യേന്ദർ ജെയിന്റെയും രാജിയെത്തുടർന്നാണ് സിസോദിയയുടെ ഉപദേശകായിരുന്ന അതിഷിക്കു ഭാഗ്യം തെളിഞ്ഞത്. തുടർന്നാണ് 2023 മാർച്ചിൽ കേജരിവാൾ മന്ത്രിസഭയിലെ ഒഴിഞ്ഞുകിടന്ന നിർണായക വകുപ്പുകളുടെയെല്ലാം ചുമതലയുള്ള കാബിനറ്റ് മന്ത്രിയായത്.
കേജരിവാളിന്റെ സിസോദിയയുടെയും അസാന്നിധ്യത്തിൽ അതിഷിയായിരുന്നു ഫലത്തിൽ മന്ത്രിമാരിലെ മുഖ്യ. ഭരണത്തിൽ തിളങ്ങാൻ അധികകാലം വേണ്ടിവന്നില്ല. അതിഷിയുടെ പുതിയ പദവി ഡൽഹിക്കും രാജ്യത്തിനും പ്രതീക്ഷയും പ്രത്യാശയുമാകും. ഖ്യമന്ത്രി