വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിക്കരുത്
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Wednesday, September 18, 2024 12:17 AM IST
ഇന്ത്യയുടെ മുതിർന്ന നേതാക്കൾ വിദേശരാജ്യങ്ങളിൽ നമ്മുടെ പ്രതിച്ഛായ നശിപ്പിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ ആയ പ്രസ്താവനകൾ നടത്തുന്നത് രാജ്യത്തിന്റെ താത്പര്യങ്ങൾക്കും പ്രശസ്തിക്കും ദോഷം വരുത്തുന്ന തരത്തിലേക്ക് നീങ്ങുന്നുണ്ട്. സാധാരണഗതിയിൽ, അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് ഗുണമൊന്നും കിട്ടാറില്ല. ഒരുപക്ഷേ, നിസാര രാഷ്ട്രീയ വീഴ്ചകളിൽ ചെറിയ നേട്ടമുണ്ടായേക്കാം.
തുടക്കം മുതൽ, ജവഹർലാൽ നെഹ്റുവിന്റെ കാലം മുതൽ, രാജ്യത്തിനു ഗുണകരമല്ലാത്ത ഇത്തരം പ്രവൃത്തികൾ ആരും അവലംബിച്ചിരുന്നില്ല. എല്ലാറ്റിനുമുപരി, രാജ്യത്തെ മെച്ചപ്പെടുത്തുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും, അത് വലുതോ ചെറുതോ ആയാലും ഇന്ത്യക്കുള്ളിൽ പറയുക എന്നതാണ് മുഖ്യം. ഒരു ജനാധിപത്യ രാജ്യമായതിനാൽ, ഇന്ത്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് റിപ്പോർട്ട് അയയ്ക്കുന്ന വിദേശ ലേഖകർ മതിയായ എണ്ണം ഇന്ത്യയിൽ ഉണ്ടായിരുന്നു. അവർ ഭാരതത്തിലെ സംഭവങ്ങളെയും മാറ്റങ്ങളെയുംകുറിച്ച് ലോകത്തെ പൂർണമായി അറിയിച്ചിരുന്നു.
സാധാരണഗതിയിൽ ഒരു പ്രധാന മുതിർന്ന നേതാവും അന്യദേശത്ത് പ്രസ്താവനകളിലൂടെ തങ്ങളുടെ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കാറില്ലായിരുന്നു. കാരണം, അതുകൊണ്ട് പ്രത്യേകിച്ച് നേട്ടങ്ങളൊന്നും കൈവരിക്കാൻ കഴിയില്ല എന്നതുതന്നെ. കൊടിയുടെ നിറങ്ങൾ കണക്കിലെടുക്കാതെ, രാജ്യത്തെ നേതാക്കൾ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഒരു മാനദണ്ഡമായിരുന്നു അത്. നേതാക്കൾ പൊതുവേദികളിലും മാധ്യമങ്ങളിലൂടെയും നിയമസഭകളിലൂടെയും അഭിപ്രായങ്ങൾ തുറന്നുപറയുകയും ആവശ്യമെങ്കിൽ ചർച്ചചെയ്ത് പരിഹരിക്കുകയും ചെയ്തു. ആദ്യകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ഫോറങ്ങൾ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും പ്രകടിപ്പിക്കാൻ പൂർണ അവസരം നൽകിയിരുന്നു.
ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കുന്ന രീതിയുണ്ടായിരുന്നില്ല. എല്ലാ തീരുമാനങ്ങളും നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസരിച്ചുള്ളതും മറ്റ് നിർദേശങ്ങളുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നതും ആയിരുന്നു. എന്നാൽ, സമീപവർഷങ്ങളിൽ ഇതിനെല്ലാം ചില മാറ്റങ്ങൾ വന്നു. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എല്ലാ മാസവും പത്രസമ്മേളനം നടത്തുകയും കേന്ദ്രസർക്കാരിന്റെ നിലപാട് വിശദീകരിച്ച് രാജ്യത്തെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതുകയും ചെയ്തിരുന്നു. തുറന്നു പറഞ്ഞാൽ, പ്രതിപക്ഷം സംഖ്യാപരമായി ശക്തമല്ലാതിരുന്നിട്ടും നടപടിക്രമങ്ങളെക്കുറിച്ചോ അവരുടെ അഭിപ്രായങ്ങൾ തുറന്ന് പ്രകടിപ്പിക്കാനുള്ള അവസരമില്ലായ്മയെക്കുറിച്ചോ അവർക്ക് പരാതിയില്ലായിരുന്നു.
വിദേശത്ത് പോകുമ്പോൾ നേതാക്കൾ അവരുടെ ചിന്തയെക്കുറിച്ച് പറഞ്ഞിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ പ്രതിപക്ഷ നേതാക്കൾക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അടൽ ബിഹാരി വാജ്പേയി, എൽ.കെ. അദ്വാനി അടക്കമുള്ളവർ ഇത്തരം നടപടിക്രമങ്ങളുമായി യോജിച്ചുപോയിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്ന മറ്റു നേതാക്കൾക്കുപോലും ബുദ്ധിമുട്ടുണ്ടായില്ല. ഒരുപക്ഷേ, പിന്തുടരുന്ന നയങ്ങൾ മൊത്തത്തിൽ സ്വീകാര്യമായിരുന്നിരിക്കാം.
ആവശ്യമായ മാറ്റങ്ങൾ സമവായത്തിലൂടെയോ ചർച്ചകളിലൂടെയോ സാധ്യമാക്കിയിരിക്കാം. അല്ലെങ്കിൽ മറ്റു രാജ്യങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങൾ ഉന്നയിക്കുന്നത് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയേക്കാമെന്നും ആഗ്രഹിച്ച ഫലം ലഭിക്കില്ലെന്നും അവരിൽ ഭൂരിഭാഗവും മനസിലാക്കിയിരിക്കാം. മറ്റൊരു പ്രധാന യാഥാർഥ്യം, പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം വളരെ വലുതായിരുന്നില്ല എന്നതാണ്. നിർദേശങ്ങളും ചർച്ചകളും ആവശ്യമായി വന്നപ്പോൾ കോൺഗ്രസ് ബെഞ്ചുകളിൽ ഒരു വിഭാഗം പ്രതിപക്ഷ അംഗങ്ങളായി പ്രവർത്തിച്ചു.
രാഹുലിന്റെ പരാമർശം
മുതിർന്ന നേതാവ് രാഹുൽ ഗാന്ധി വിദേശപര്യടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളുമായി പൊരുത്തപ്പെടാത്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും മാധ്യമശ്രദ്ധ നേടുകയും ചെയ്തതാണ് ഈ ദിവസങ്ങളിൽ ചർച്ചയായിരിക്കുന്നത്. പ്രതിപക്ഷ നേതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായതിനാൽ ഇന്ത്യൻ മാധ്യമങ്ങളും അദ്ദേഹത്തിന്റെ വ്യത്യസ്ത വീക്ഷണങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. എന്നിരുന്നാലും മിക്കതും അക്കാദമിക് സ്ഥാപനങ്ങളുടെ ചോദ്യോത്തര സെഷനുകളിലായിരുന്നു. മാധ്യമങ്ങളിൽ പ്രകടമായ ശക്തമായ എതിർപ്പുകളല്ലാതെ അത് ഭാരതീയ ജനതാ പാർട്ടിയുടെ മനസിനെ അസ്വസ്ഥമാക്കിയില്ല, കേന്ദ്രമന്ത്രിസഭയുടെയോ പ്രധാനമന്ത്രിയുടെയോ ചിന്തയെയും ബാധിച്ചില്ല.
എന്നാൽ വിദേശനയം, തൊഴിൽ, സ്ത്രീകളെ പാർശ്വവത്കരിക്കൽ, ആർഎസ്എസ്, ഇന്ത്യയും ചൈനയും, സിക്കുകാരുടെ അവകാശങ്ങളും നിയന്ത്രണങ്ങളും, ‘1984 ലെ വംശഹത്യ’, സിഖ് നേതാവ് പന്നൂനിന്റെ പിന്തുണ, 50 ശതമാനം കവിയുന്ന സംവരണം തുടങ്ങിയ വിപുലമായ മേഖലകളാണ് രാഹുൽ സമീപകാല വിദേശ സന്ദർശന വേളകളിൽ പരാമർശിച്ചത്. ഇതിൽ ബിജെപി നേതാക്കളുടെ പ്രതിഷേധവും കോൺഗ്രസ് നേതാക്കളുടെ പിന്തുണയും ഉണ്ടായി. ബിജെപിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന് പലർക്കും തോന്നിയ രാഹുലിന്റെ പ്രസ്താവനകളെ എതിർക്കുന്ന ബിജെപി നേതാക്കളുടെ എണ്ണം ശ്രദ്ധേയമായിരുന്നു.
ടെക്സസ് സർവകലാശാലയിൽ രാഹുൽ നടത്തിയ പരാമർശങ്ങളിൽ നേതാക്കളുടെ പ്രതികരണങ്ങൾ ശക്തവും കുറ്റകരവുമായിരുന്നു. 1960കൾ വരെ അമേരിക്ക ഉത്പാദനകേന്ദ്രമായിരുന്നെന്നും അതിനുശേഷം കൊറിയ, ജപ്പാൻ, ചൈന എന്നിവിടങ്ങളിലേക്ക് തൊഴിലവസരങ്ങൾ മാറിയെന്നും രാഹുൽ പറഞ്ഞു. ചൈന ഇന്ന് ആഗോള ഉത്പാദനത്തിൽ ആധിപത്യം പുലർത്തുന്നു. നിങ്ങൾ ഇന്ത്യയിലേക്ക് പോകുക, നിങ്ങൾ ഫോണുകൾ നോക്കുക, നിങ്ങൾ ഫർണിച്ചറുകൾ നോക്കുക, നിങ്ങൾ വസ്ത്രങ്ങൾ നോക്കുക... പിന്നിൽ ‘മെയ്ഡ് ഇൻ ചൈന’ എന്നു കാണും, അതൊരു വസ്തുതയാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഉത്പാദനം എന്ന ആശയം അമേരിക്കയും യൂറോപ്പും ഇന്ത്യയും ഉപേക്ഷിച്ച് ചൈനയ്ക്ക് കൈമാറുകയായിരുന്നു. തുണി ഉത്പാദനത്തിൽ ബംഗ്ലാദേശും ഇന്ത്യയെ തുടച്ചുനീക്കി... ഉത്പാദനത്തിലെ തുടർച്ചയായ ഇടിവ് വൻതോതിൽ സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കും, നമ്മുടെ രാഷ്ട്രീയത്തിന്റെ ധ്രുവീകരണവും ഇക്കാരണത്താലാണ്.
പ്രതിഷേധവും പിന്തുണയും
അദ്ദേഹം (രാഹുൽ ഗാന്ധി) വിദേശത്ത് പോയി രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നു, ഇത് രാജ്യദ്രോഹത്തിന് തുല്യമായ കുറ്റമാണ്. ഒരു ദേശസ്നേഹിയും ഇതു ചെയ്യില്ല, പക്ഷേ കോൺഗ്രസ് തുടർച്ചയായി പരാജയപ്പെട്ടതിന് ശേഷം രാഹുൽ നിരാശനായി, രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തി അമേരിക്കയിൽ തന്റെ നിരാശ പ്രകടിപ്പിക്കുന്നു എന്നാണ് കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചത്.
ബിജെപിയും ഞങ്ങളും തമ്മിലുള്ള ആശയപരമായ പോരാട്ടത്തിന്റെ ഭാഗമാണിത്. സ്ത്രീകളെ ഒരു പ്രത്യേക റോളിൽ ഒതുക്കണമെന്നാണ് ബിജെപിയും ആർഎസ്എസും വിശ്വസിക്കുന്നത്. അവർ വീട്ടിൽതന്നെ ഇരിക്കണം, ഭക്ഷണം പാകം ചെയ്യണം, അധികം സംസാരിക്കരുത്; എന്നാൽ അവർക്കെന്താണോ വേണ്ടത് അതു നിറവേറ്റുന്നവരായിരിക്കണം സ്ത്രീകൾ എന്ന് നാം വിശ്വസിക്കണം - രാഹുൽ ഗാന്ധി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനെക്കുറിച്ച് തന്റെ ആശയങ്ങൾ പറഞ്ഞു.
ചൈനയ്ക്കെതിരേ ഒരക്ഷരം പോലും ഉരിയാടാൻ രാഹുലിനു കഴിഞ്ഞില്ല, അദ്ദേഹം ഇന്ത്യയെ ദുർബലപ്പെടുത്തുന്നു... കോൺഗ്രസ് ഒപ്പിട്ട ചൈനയുമായുള്ള പാർട്ടി-ടു-പാർട്ടി ബന്ധമൂലം ചൈനയ്ക്കൊപ്പം നിൽക്കുന്നു... . – ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പ്രതികരിച്ചു.
അദ്ദേഹം (രാഹുൽ) ഒരിക്കലും ഇന്ത്യയെ അപമാനിച്ചിട്ടില്ല, അങ്ങനെ ചെയ്യുകയുമില്ല. ഇത് ഞങ്ങളുടെ വാഗ്ദാനമാണ്. എന്നാൽ, ഇത്തരം വിഷയങ്ങൾ ഉന്നയിക്കാൻ ബിജെപിക്ക് ഒരു ഒഴിവുകഴിവ് ആവശ്യമാണ് - ഇങ്ങനെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചത്.
ചില സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താഴ്ന്ന നിലയിലാണെന്നാണ് ആർഎസ്എസ് അടിസ്ഥാനപരമായി പറയുന്നത്. ചില ഭാഷകൾ മറ്റു ഭാഷകളേക്കാൾ താഴ്ന്നതാണ്. ചില മതങ്ങൾ മറ്റു മതങ്ങളേക്കാൾ താഴ്ന്നതാണ്. ചില സമുദായങ്ങൾ മറ്റ് സമുദായങ്ങളെക്കാൾ താഴ്ന്നവരാണ്. ഇതാണ് പോരാട്ടം -രാഹുൽ ഗാന്ധി.
ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജനങ്ങൾക്ക് ഇനി ഭയമില്ല. മോദി 56 ഇഞ്ച് നെഞ്ചുള്ള ആളാണെന്ന ആശയത്തെ തെരഞ്ഞെടുപ്പ് ഫലം തകർത്തു -രാഹുൽ ഗാന്ധി
നമ്മുടെ ചരിത്രത്തിൽ ഒരു സമൂഹമെന്ന നിലയിൽ ഉത്കണ്ഠയും അരക്ഷിതാവസ്ഥയും അസ്തിത്വ ഭീഷണിയും അനുഭവപ്പെട്ടിരുന്നെങ്കിൽ, അത് രാഹുൽ ഗാന്ധി കുടുംബാംഗം അധികാരത്തിലുണ്ടായിരുന്ന സമയമാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പ്രതികരിച്ചു. 1984ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ സിക്ക് സമുദായത്തിനെതിരേ കൂട്ടക്കൊല നടന്നു.
3,000ത്തോളം നിരപരാധികൾ കൊല്ലപ്പെട്ടു. ആളുകളെ വീടുകളിൽനിന്ന് വലിച്ചിറക്കി, ചുറ്റും ടയറുകൾ ഇട്ട് ജീവനോടെ കത്തിച്ചുവെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.
2014നു മുമ്പുള്ള 60 വർഷങ്ങളിൽ ഒന്നും സംഭവിച്ചില്ല എന്ന കള്ളം ആവർത്തിക്കാനുള്ള ഒരവസരവും പ്രധാനമന്ത്രി പാഴാക്കാത്ത സാഹചര്യത്തിൽ രാഹുൽജി യുഎസിൽ നടത്തിയ പ്രസ്താവനകളെക്കുറിച്ച് പരാതിപ്പെടുന്നത് ബിജെപിക്ക് ഇരട്ടി കാപട്യമാണ്. നമ്മുടെ രാജ്യത്തെ മഹത്തരമാക്കിയത് ഇന്ത്യക്കാരുടെ ഒന്നിലധികം തലമുറകളാണെന്ന് സംഘടനാ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
മാറ്റത്തിന്റെ തുടക്കം
പല നേതാക്കളും രോഷത്തോടെയാണ് പ്രതികരിച്ചത്. മുതിർന്ന നേതാക്കൾ ഇന്ത്യയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്താവനകൾ നടത്തരുത് എന്നതാണ് കാര്യം. വാസ്തവത്തിൽ, സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ ദശകങ്ങളിൽ മുതിർന്ന നേതാക്കളിൽനിന്ന് പ്രായോഗികമായി അത്തരം പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം അമേരിക്ക സന്ദർശിച്ചപ്പോൾ അവിടെ തടിച്ചുകൂടിയ ഇന്ത്യൻ നിവാസികളെ അഭിസംബോധന ചെയ്ത് രാജ്യത്തെ മുൻ ഭരണത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ ഏറ്റവും ഉയർന്ന തലത്തിൽ ഒരു മാറ്റം സംഭവിച്ചു.
അതിന് പതിറ്റാണ്ടുകൾക്കു ശേഷമാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വന്നത്. എന്നാൽ, യൂറോപ്പിലും അമേരിക്കയിലും ഇത്തരം പ്രസ്താവനകൾക്ക് രാഹുൽ പോകരുതായിരുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ കേന്ദ്ര കാബിനറ്റ് മന്ത്രി റാങ്കിലുള്ള പ്രതിപക്ഷ നേതാവാണ് അദ്ദേഹം. അത്തരം അവസരങ്ങളിൽ സംസാരിക്കാൻ ഉപദേശിച്ചവർ അദ്ദേഹത്തെ സമ്പ്രദായങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും എതിരാക്കി.
വസ്തുതകളെക്കുറിച്ചും സമകാലിക ചരിത്രത്തെക്കുറിച്ചും അദ്ദേഹത്തിന് കൂടുതൽ ഉപദേശം നൽകേണ്ടതായിരുന്നു. സിക്കുകാർക്ക് പല അവകാശങ്ങളും നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. സിക്ക് സമൂഹത്തിനും സിക്കുകാർക്കും മൊത്തത്തിൽ അസന്തുഷ്ടമായ സംഭവങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ, വർഷങ്ങൾക്കുമുമ്പ് എല്ലാം ഒത്തുതീർന്നിരുന്നു.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ ഇപ്പോൾ നടത്തുന്ന ഇത്തരം പ്രസ്താവനകൾ വോട്ടർമാരെ എങ്ങനെ ബാധിക്കുമെന്ന് ആർക്കും ഉറപ്പില്ല. എഐസിസി ആസ്ഥാനത്ത് സമകാലിക ചരിത്രത്തിൽ നല്ല നിലയിൽ അറിവുള്ള മികച്ച നേതാക്കൾ ഉണ്ടാകേണ്ടതുണ്ട്. അവർ മുതിർന്ന നേതാക്കളെ ശരിയായി ധരിപ്പിക്കേണ്ടതുണ്ട്.
ചുരുക്കത്തിൽ, മൂന്ന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തുവരുമ്പോൾ രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ വോട്ടർമാർക്കിടയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ബിജെപി നേതൃത്വത്തിന് ഇപ്പോൾ നന്നായി അറിയാം എന്നതാണ്. അത് എന്തായാലും, കീഴ്വഴക്കങ്ങളും വിശ്വസനീയമായ പാതയും പിന്തുടരുന്നതാണ് ഏറ്റവും നല്ല ഗതി: വിദേശത്ത് ഇന്ത്യയെ കളങ്കപ്പെടുത്തുന്നത് അവസാനിപ്പിക്കുക.