വ്യാജമരുന്നു ലോബി വേരുറപ്പിക്കുന്ന കേരളം
മരുന്നു കന്പോളത്തിന്റെ പിന്നാന്പുറം -2/ റെജി ജോസഫ്
Wednesday, September 18, 2024 12:12 AM IST
കേരളത്തിലെത്തുന്ന അഞ്ചു ശതമാനം അലോപ്പതി മരുന്നുകളും നിലവാരം കുറഞ്ഞവയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുവേണ്ടി നോയിഡ ആസ്ഥാനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസ് നടത്തിയ പഠനത്തിൽ വ്യക്തമായി.
വ്യാജമരുന്നുകളുടെ ദേശീയ ശരാശരി 3.16 ശതമാനം മാത്രമായിരിക്കെയാണ് മരുന്നുതീറ്റയിൽ മുന്നിലുള്ള മലയാളിയുടെ ദുരവസ്ഥ. സർക്കാർ ആശുപത്രികളിലെ 9.9 ശതമാനവും സ്വകാര്യ മേഖലയിൽ രണ്ടു ശതമാനവും മരുന്നുകൾ മോശമെന്ന് ഇതേ പഠനം കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളിൽനിന്ന് 47,954 സാംപിളുകൾ ശേഖരിച്ചതിൽ കേരളത്തിലെ സർക്കാർ ആശുപത്രികളിൽനിന്നുള്ള 946 സാംപിളുകളിൽ 94 എണ്ണത്തിൽ നിലവാരമില്ലെന്നു തെളിഞ്ഞു.
സ്വകാര്യ മേഖലയിൽനിന്നെടുത്ത 1,523 സാംപിളുകളിൽ 30 എണ്ണം മോശമായിരുന്നു. കേരള ഡ്രഗ്സ് ആന്ഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ ഉത്പാദിപ്പിച്ച പാരസെറ്റാമോൾ അസീത്രോമൈസിൻ 2014ലും 2015ലും നിലവാരപരിശോധനയിൽ പരാജയപ്പെട്ടു. ഇവിടെനിന്നു കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വിതരണം ചെയ്ത 25 ബാച്ച് മരുന്നുകൾ നശിപ്പിക്കേണ്ടിവന്നു. നിരോധിത വിദേശമരുന്നുകൾ ഇന്ത്യയിൽ സുലഭമാണ്. നിരോധനമുള്ളത് ഏതാണെന്ന് രോഗി അറിയുന്നില്ല. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്താൽ രോഗാണുക്കൾ മരുന്നുകൾക്കെതിരേ പ്രതിരോധശേഷി നേടുന്ന സാഹചര്യം വൈദ്യശാസ്ത്ര മേഖലയിൽ പരിമിതിയായിരിക്കുന്നു. അണുക്കൾ പ്രതിരോധം നേടുന്നത് ചികിത്സാകാലം കൂട്ടാനും ഇടയാക്കുന്നു.
കമ്മീഷൻ കുറിപ്പടി
വ്യാജമരുന്നു ലോബി കേരളത്തിൽ അതിവേഗം വേരുറപ്പിക്കുകയാണ്. ആരോഗ്യവകുപ്പിനു കീഴിലുള്ള മെഡിക്കൽ സർവീസസ് കോർപറേഷനിലെ ക്രമക്കേട് പുറത്തുവന്നത് അടുത്തിടെയാണ്. 26 സർക്കാർ ആശുപത്രികളിൽ സർക്കാർ സ്ഥാപനം വിതരണം ചെയ്ത 1,610 ബാച്ച് മരുന്നുകൾ കാലാവധി കഴിഞ്ഞവയാണെന്നായിരുന്നു സിഎജി റിപ്പോർട്ട്. വിതരണം മരവിപ്പിച്ച മരുന്നുകളും ഉത്പാദനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടവയും സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് സൗജന്യമായി നൽകിയതിനു പിന്നിൽ വൻ കോഴ ഇടപാടുണ്ടായി. കാലാവധി തീരാറായ മരുന്നുകൾ മെഡിക്കൽ സർവീസ് കോർപറേഷൻ പത്തു ശതമാനം മാത്രം വില കൊടുത്തു വാങ്ങി സർക്കാർ ആശുപത്രികൾക്കു നൽകിയതായാണ് റിപ്പോർട്ട്.
ശാസ്താംകോട്ട താലൂക്ക് ആശുപത്രി മാവേലി മെഡിക്കൽ സ്റ്റോറിലെ 80 ശതമാനം മരുന്നുകളും ഗുണനിവാരമില്ലാത്തവയായിരുന്നുവെന്നും മുൻപ് കണ്ടെത്തലുണ്ടായി. ഡോക്ടർ നൽകുന്ന കുറിപ്പടികളുമായി ഏറെ രോഗികളും മരുന്നു വാങ്ങുന്നത് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്നായതിനാൽ ബ്രാൻഡഡ് മരുന്നുകൾക്ക് വില്പനയില്ലാതെ വരികയും മാവേലി മരുന്നുകട പൂട്ടിപ്പോകാതിരിക്കാൻ ഗുണനിവാരമില്ലാത്ത മരുന്നുകൾ വാങ്ങിവയ്ക്കാൻ നിർബന്ധിതരായി എന്നുമായിരുന്നു വിശദീകരണം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യായവില ഷോപ്പിലെ മരുന്നിൽ വേണ്ട അളവിൽ രാസചേരുവയില്ലെന്നുകണ്ട് ഡ്രഗ്സ് കണ്ട്രോൾ വിഭാഗം ഫാർമസ്യൂട്ടിക്കൽസ് കന്പനിക്കെതിരേ കേസെടുത്തതും അടുത്തയിടെയാണ്. നിലവാരം കുറഞ്ഞതും പാർശ്വഫലമുണ്ടാക്കുന്നതുമായ മരുന്നുകൾക്ക് 50 ശതമാനം വരെയാണ് കമ്മീഷൻ.
മരുന്നിന് വിലക്കുറവ് എന്ന ബോർഡ് കണ്ടാൽ അവിടത്തെ മരുന്നിന് തകരാറുള്ളതായി സംശയിക്കാമെന്ന് കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് എ.എൻ. മോഹൻ അഭിപ്രായപ്പെട്ടു. എല്ലാ മരുന്നിനും നിശ്ചിത ശതമാനം കമ്മീഷനുണ്ട്. വൻകിട കുത്തക വില്പനക്കാർ നിരക്കു കുറച്ചു വിൽക്കുന്പോൾ ചെറുകിട കടകൾ പൂട്ടിപ്പോകും. കാലാന്തരത്തിൽ കുത്തക വിതരണക്കാർ വിപണി നിയന്ത്രിക്കുന്ന സാഹചര്യം വരുമെന്നും മോഹൻ വ്യക്തമാക്കി.
തനിയെ തീരാം ഗുണം
സാന്പിൾ ശേഖരിക്കാൻ ഒരു ഡ്രഗ് ഇൻസ്പെക്ടർക്ക് മാസം ആയിരം രൂപയിൽ താഴെയേ ലഭിക്കാറുള്ളൂ. ഫാർമസികളിലും മെഡിക്കൽ ഷോപ്പുകളിൽനിന്നു മരുന്നിന്റെ സാന്പിൾ വിലകൊടുത്തു വേണം വാങ്ങാൻ. സംസ്ഥാന ബജറ്റിൽ എട്ടോ പത്തോ ലക്ഷം രൂപയാകും ഇത്തരത്തിൽ വകയിരുത്തുക. ഈ തുകകൊണ്ട് ഒരു പരിശോധനയും പ്രായോഗികമല്ല.
ഒരേ മരുന്നിന്റെ എണ്പതു വരെ സാന്പിൾ വേണം പരിശോധന നടത്താൻ. ആയിരവും അതിലേറെയും വിലയുള്ള മരുന്നുകൾ ശേഖരിക്കാൻ പണം തികയില്ല. അതിനാൽ വില കുറഞ്ഞ മരുന്നുകളിൽ മാത്രമാണ് പ്രധാനമായും ഡ്രഗ് കണ്ട്രോൾ വിഭാഗത്തിന്റെ പരിശോധന നടക്കുക.
കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ടവ അതേ ഊഷ്മാവ് നിലനിറുത്തി വേണം സാന്പിളുകൾ ലാബിൽ എത്തിക്കാൻ. ഊഷ്മാവ് മാറുന്പോൾ രാസപ്രക്രിയമൂലം മരുന്ന് വിഷമായി മാറാനിടയുണ്ട്. മിക്ക ആന്റിബയോട്ടിക്കുകളും 10 മുതൽ 25 വരെ ഡിഗ്രി ഊഷ്മാവിലാണ് സൂക്ഷിക്കേണ്ടത്. വേനൽക്കാലത്ത് താപനില 40 ഡിഗ്രിയിലെത്തുന്നതിനാൽ ആ സീസണിൽ ഗുണമേന്മയിൽ വ്യതിയാനം സംഭവിക്കാമെന്ന് ഫാർമസി വിദഗ്ധർ പറയുന്നു. ഇൻസുലിൻ, പോളിയോ വാക്സിൻ പോലുള്ളവ രണ്ടു മുതൽ എട്ടു ഡിഗ്രി വരെ താപനിലയിലാണ് സൂക്ഷിക്കേണ്ടത്. ഫാർമസികളിലും മരുന്നുകടകളിലും ഈ മാനദണ്ഡം പാലിക്കപ്പെടാറില്ല.
ഹിമാചൽപ്രദേശിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള കസൗളി സെൻട്രൽ ലാബിൽ മാത്രമാണ് ഇത്തരം പരിശോധനയുള്ളത്. വിമാനച്ചെലവുമൂലം പല മരുന്നുകളുടെയും പരിശോധന നടക്കാറേയില്ല. സർക്കാർ ലാബുകളിൽ പരിശോധനാ സാധ്യതയുള്ളപ്പോഴും സാന്പിൾ സ്വകാര്യ ലാബുകൾക്ക് നൽകുന്ന സാഹചര്യവുമുണ്ട്. ഓരോ വർഷവും ഒന്നും രണ്ടും കോടി രൂപ സ്വകാര്യ മേഖലയിലെ അക്രഡിറ്റഡ് ലാബുകളിൽ അടയ്ക്കേണ്ട സാഹചര്യം.
സർക്കാർ ആശുപത്രിയിൽ മരുന്നു സൂക്ഷിക്കാൻ ശീതീകരിച്ച മുറികൾ വേണമെന്ന നിർദേശം ഏറെയിടങ്ങളിലും പാലിക്കപ്പെടുന്നില്ല. സ്വകാര്യ ആശുപത്രികളിൽ 40 ശതമാനം മരുന്നു മാത്രമാണ് ഇത്തരത്തിൽ സൂക്ഷിക്കുന്നതെന്ന് ഡ്രഗ്സ് കണ്ട്രോൾ വിഭാഗം കണ്ടെത്തിയിരുന്നു. ഡൽഹി ഫാർമസ്യൂട്ടിക്കൽസ് ട്രസ്റ്റ് നടത്തിയ പഠനത്തിൽ മരുന്നുകളുടെ പ്രയോഗക്ഷമത കരുതലിന്റെ പരിമിതികൊണ്ടു മാത്രം നാലു ശതമാനം കുറവാണെന്നു കണ്ടെത്തിയിരുന്നു. വീടുകളിലും മാനദണ്ഡങ്ങൾ പാലിച്ചല്ല രോഗികൾ മരുന്നു സൂക്ഷിക്കുന്നത്. ഫാർമകളിൽനിന്നു വിതരണ, വില്പന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതും അശാസ്ത്രീയമായാണ്. പഴവും പച്ചക്കറിയുംപോലെ ട്രക്കുകളിലും ഗുഡ്സ് ട്രെയിനുകളിലുമൊക്കെയാണ് മരുന്നുകടത്ത്.
ശാസ്ത്രീയമായി, ഊഷ്മാവിലും പ്രകാശ സംവിധാനത്തിലുമൊക്കെ നേരിയ വ്യത്യാസം വരാതെ അതിസൂക്ഷ്മതയിൽ നടത്തേണ്ടതാണ് മരുന്നുനിർമാണവും വില്പനയും. പല ഔഷധഫാക്ടറികളിലും മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെടാറില്ല. വടക്കൻ സംസ്ഥാനങ്ങളിൽ കുടിൽവ്യവസായം പോലെയാണ് മരുന്നുനിർമാണവും പാക്കിംഗും. വൃത്തിഹീന ചുറ്റുപാടിൽ സംയുക്തകങ്ങൾ കൈകൊണ്ടും കുഴച്ച് മരുന്നു നിർമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മരുന്ന് വ്യാജനോ എന്നറിയാൻ വിദേശങ്ങളിൽ നൂതന സംവിധാനങ്ങൾ വന്നുകഴിഞ്ഞു. ഗുണനിലവാരവും രാസചേരുവയും ടെസ്റ്റ് ചെയ്യുന്ന ട്രൂ സ്കാൻ ആർഎം അനലൈസർ ഗൾഫ് രാജ്യങ്ങളിലും ഫാർമസികളിലും വിമാനത്താവളങ്ങളിലും ചെക്ക് പോസ്റ്റുകളിലുമുണ്ട്.
മൈദയും മരുന്ന്!
തെലുങ്കാനയിൽ ഡ്രഗ്സ് കണ്ട്രോളർ പിടിച്ചവയിൽ പേരിനുപോലും മരുന്നു ചേരുവയില്ലാത്തതുമുണ്ടായിരുന്നു. മൈദമാവും കുമ്മായപ്പൊടിയുമായിരുന്നു ഗുളികയിലുണ്ടായിരുന്നത്. ചുമ, പനി, ജലദോഷം മുതൽ ശൈലീരോഗങ്ങൾക്കുള്ള 34 ലക്ഷം രൂപയുടെ ഗുളികകളാണ് പിടിച്ചെടുത്തത്. ഇവ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി കണ്ടതോടെയായായിരുന്നു പരിശോധന.
മെഗ് ലൈഫ് സയൻസസ് കന്പനി ബ്രാൻഡിൽ ഹിമാചൽ പ്രദേശിലെ സിർമോർ ജില്ലയിൽ നിർമിക്കുന്നതായ വിലാസമായിരുന്നു കവറിലുണ്ടായിരുന്നത്. മദ്യപാനം നിർത്താൻ ഇറക്കിയ ആയുർവേദ ഉത്പന്നം പരിശോധിച്ചപ്പോൾ അതിൽ അലോപ്പതി ചേരുവ. ഇതിന്റെ നിർമാണം നടന്നത് ഗുജറാത്തിലും വില്പന കേരളത്തിലും. വിവിധ സംസ്ഥാനങ്ങളിൽ നിർമിക്കുന്ന രാസസംയുക്തങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങേണ്ട ഗതികേടാണ് മലയാളികൾക്കുള്ളത്. അനുകൂല കാലാവസ്ഥ, അടിസ്ഥാന സൗകര്യം, മൂലധനം, ഫാർമസി വൈദഗ്ധ്യം തുടങ്ങിയവയൊക്കെയുണ്ടായിട്ടും ഈ നാട്ടിൽ ഔഷധനിർമാണം പച്ചപിടിക്കുന്നില്ല.
കോവിഡിനുശേഷം ചൈനയിൽനിന്നു രാസകങ്ങളുടെ ഇറക്കുമതി കുറഞ്ഞതോടെ ഗുജറാത്ത്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ഫാർമസ്യൂട്ടിക്കൽസ് വ്യവസായത്തിൽ വൻ നിക്ഷേപം നടത്തി. വൈകാതെ ബ്രാൻഡഡ് മരുന്നുകൾക്ക് 15 ശതമാനം വരെ വില വർധിക്കുകയും ചെയ്തു. ഗുജറാത്ത്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, തെലുങ്കാന, ഹിമാചൽ, സിക്കിം എന്നിവിടങ്ങളിൽനിന്നുള്ള മരുന്നുകളാണ് കൂടുതലായും കേരളത്തിൽ വിറ്റഴിയുന്നത്. ഇവിടെ മരുന്ന് ഉത്പാദിപ്പിച്ചാൽ വിലക്കുറവും ലഭ്യതയും നിലവാരവും ഉറപ്പാക്കാനാകും. ഒട്ടേറെ തൊഴിലവവസരങ്ങളുമുണ്ടാകും. ജീവൻരക്ഷ, മെഡിക്കൽ സഹായം, രോഗനിർണയം എന്നിവയുടെ ഉപകരണനിർമാണത്തിൽ കേരളം മുൻനിരയിലാണെന്നു മാത്രമല്ല, ദേശീയ ഉത്പാദനത്തിന്റെ 20 ശതമാനവും ഇവിടെയാണ്.
മുൻനിര കന്പനികൾപോലും ഒരേ ഫാക്ടറിയിൽനിന്നു രണ്ടു പേരുകളിൽ, ഒരേ മൂലകങ്ങളടങ്ങിയ മരുന്നുകൾ ഉത്പാദിപ്പിച്ച് വ്യത്യസ്ത വിലയിൽ വിൽക്കുന്നതും സാധാരണമായിരിക്കുന്നു. കൂടുതൽ വിലയുള്ളതിനു കൂടുതൽ കമ്മീഷൻ. അതായത് ഒരേ മരുന്ന്, രണ്ടു വില. ഒരേ ചേരുവയുള്ളതിൽ വലിയ വില വ്യത്യാസം. കൂടുതൽ വില്പനയുള്ളവയുടെ പേരിൽ ചെറിയ മാറ്റം വരുത്തി വിൽക്കുന്നതും സാധാരണം.
മുൻപ് നിർമാതാക്കൾ, വിതരണക്കാർ, ചില്ലറവില്പനക്കാർ, ഉപഭോക്താക്കൾ എന്നിങ്ങനെ മരുന്നുവിപണിക്കു ശൃംഖലയുണ്ടായിരുന്നു. ജിഎസ്ടി വന്നതോടെ ആർക്കും വാങ്ങി വിൽക്കാം. മരുന്നെത്തിക്കാൻ ഏജന്റുമാരും ധാരാളം.
(തുടരും)