കേരളം കോടികളുടെ ഔഷധക്കന്പോളം
മരുന്നു കന്പളോത്തിന്റെ പിന്നാന്പുറം -1 / റെജി ജോസഫ്
Tuesday, September 17, 2024 12:33 AM IST
കേരളത്തിൽ കഴിഞ്ഞ വർഷം വിറ്റഴിഞ്ഞത് 16,500 കോടിയുടെ അലോപ്പതി മരുന്നുകൾ. ഉപ്പുമുതൽ കർപ്പൂരംവരെ വിവിധ നാടുകളിൽനിന്നു കൊണ്ടുവരുന്നതുപോലെ ഇവിടെ വിറ്റഴിയുന്ന 98 ശതമാനം മരുന്നുകളും പല നാടുകളിൽനിന്നെത്തുകയാണ്. ഔഷധം എന്ന ബ്രാൻഡിൽ കുത്തക കന്പനികൾ നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് കേരളത്തിൽ ഇരുപത്തയ്യായിരത്തിലേറെ ഔട്ട്ലെറ്റുകൾ. ആലപ്പുഴയിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്സ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് മാത്രമാണ് സർക്കാർ മേഖലയിലുള്ള ഏക മരുന്നുകന്പനി. ഇവിടത്തെ മരുന്നുകൾ വിതരണം ചെയ്യുന്നത് സർക്കാർ ആശുപത്രികളിലും.
കേരളത്തിലെ സ്വകാര്യ മരുന്നു ഫാർമകൾക്ക് ഓരോ വർഷവും പൂട്ടുവീഴുകയാണ്. 1990ൽ 92 സ്ഥാപനങ്ങളിലുണ്ടായിരുന്നത് 2000ൽ 60, നിലവിൽ 12. ശതകോടി രൂപയുടെ വിറ്റുവരവുള്ള നിർമാതാക്കളും വിതരണക്കാരുമായി മത്സരിച്ചു നേടാൻ ചെറുകിടക്കാർക്കാവില്ല. അസംസ്കൃത ചേരുവകളുടെ അമിതവിലയും ഗതാഗതച്ചെലവും സർക്കാർ മാനദണ്ഡങ്ങളുമെല്ലാം ചെറുകിട മരുന്നുനിർമാതാക്കളെ പ്രതിസന്ധിയിലാക്കുന്നു. ഉത്തരേന്ത്യൻ കന്പനികളിൽനിന്ന് മരുന്നുകൾ വാങ്ങി വിതരണം ചെയ്യുന്ന നൂറോളം മാർക്കറ്റിംഗ് സ്ഥാപനങ്ങൾ കേരളത്തിലുണ്ട്.
പ്രാദേശിക നിർമാതാക്കളിൽനിന്നു മരുന്നു വാങ്ങാൻ പൊതുമേഖലാ സ്ഥാപനമായ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ തയാറാവണമെന്ന ആവശ്യവും പരിഗണിക്കപ്പെടുന്നില്ല. ലോക്കൽ ഫാർമകൾ പൂട്ടുംതോറും ഇതര സംസ്ഥാന കുത്തകകൾ ആധിപത്യം ഉറപ്പിക്കുന്നു. രോഗം മാറും, സൗഖ്യം കിട്ടും എന്ന വിശ്വാസത്തിൽ അകത്തും പുറത്തും പ്രയോഗിക്കാൻ മാർക്കറ്റിൽ കിട്ടുന്നതൊക്കെ മരുന്നാണെന്ന് ഏറെപ്പേരും ധരിച്ചിരിക്കുന്നു. അലോപ്പതി, ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി എന്നുവേണ്ട എല്ലാത്തരം ചികിത്സകൾക്കും ഡിമാൻഡുണ്ട്. കൂടെ നാട്ടുചികിത്സയും ലാടചികിത്സയുമൊക്കെയുണ്ട്. മരുന്നും ചികിത്സയുമായി ബന്ധപ്പെട്ട എന്തു പരസ്യത്തിലും മലയാളികൾക്ക് വിശ്വാസമുണ്ട്.
അമിതവണ്ണം, വേദന, വാതം, അലർജി, ലൈംഗികരോഗം, മദ്യപാനം, പിരിമുറുക്കം തുടങ്ങി ഔഷധങ്ങളുടെ വൻ വിപണിയാണ് കേരളം. എയ്ഡ്സിനുവരെ ഉത്പന്നം വിറ്റ ഇടമാണിത്. ഔഷധം എന്ന ബ്രാൻഡിൽ ഇറങ്ങുന്നതിലെ ചേരുവ അന്വേഷിക്കാതെ അകത്താക്കുന്നവരാണ് പലരും. രോഗം വരാതിരിക്കാൻ മുൻകൂർ മരുന്നു കഴിക്കുന്നവരും ഇതിൽപ്പെടും.
രോഗം ശമിക്കാനും വരാതിരിക്കാനും, ശരീരം തടിക്കാനും മെലിയാനും, ബുദ്ധി വികസിക്കാനും നിറം വയ്ക്കാനും, ഓർമശക്തി കൂട്ടാനുമൊക്കെ മാർക്കറ്റിലുണ്ട് ഉത്പന്നങ്ങൾ. കൊള്ളയുടെ മറ്റൊരു കളമാണ് കായിക ഔഷധ വിപണി. നെറ്റ് മാർക്കറ്റിംഗ്, ചെയിൻ മാർക്കറ്റിംഗ്, മെഡിക്കൽ ഷോപ്പുകൾ, ജിംനേഷ്യം, ബ്യൂട്ടി പാർലർ എന്നിവിടങ്ങളിലൂടെ ഒരു ലക്ഷം കോടിയുടേതാണ് വില്പന. ഇവയിലുള്ള സ്റ്റിറോയിഡുകളും ഉത്തേജക രാസകങ്ങളും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. അതിവേഗ വളർച്ചയുള്ള ഇന്ത്യൻ മരുന്നുകന്പോളത്തിൽ 460 നിർമാതാക്കളുണ്ട്. വിറ്റാമിൻ ഉത്പന്നങ്ങളുമായി നൂറു കന്പനികളുടെ കിടമത്സരം വേറെ. 2022ൽ ദേശീയ മരുന്നുവിപണിയിലെ ആകെ വിറ്റുവരവ് 2,20,395 ലക്ഷം കോടിയായിരുന്നു.
പരിശോധന വല്ലാത്ത പരീക്ഷണം
ഓരോ അലോപ്പതി മരുന്നിലെയും രാസ തന്മാത്രകളെക്കുറിച്ച് രോഗിക്ക് അറിവില്ല. ഇവ എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നതെന്നും അറിയില്ല. ഡോക്ടറുടെ കുറിപ്പടി വിശ്വസിച്ച് വില നോക്കാത മരുന്നു വാങ്ങിക്കഴിക്കുന്നു. മരുന്ന് ഉപേക്ഷിക്കാൻ ശരീരത്തെ പരുവപ്പെടുത്താതെ ജീവിതം മുഴുവൻ ചികിത്സ തുടരുകയാണ്. ഓരോ മരുന്നും എല്ലാവരിലും ഒരേ രീതിയിലല്ല പ്രവർത്തിക്കുക. ചിലതെങ്കിലും രോഗം സങ്കീർണമാക്കിയെന്നും വരാം. ആശുപത്രി മെഡിക്കൽ ഷോപ്പുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ, കാരുണ്യ മെഡിക്കൽ ഷോപ്പുകൾ, ജൻ ഔഷധി ഔട്ട്ലെറ്റുകൾ, സ്വകാര്യ മരുന്നുകടകൾ ഉൾപ്പെടെ 27,500 വില്പനകേന്ദ്രങ്ങൾ സംസ്ഥാനത്തുണ്ട്.
6,500 ബ്രാൻഡുകളിലുള്ള 2,64,000 ബാച്ച് മരുന്നുകൾ വിൽക്കുന്നതിൽ പതിനായിരത്തിൽ താഴെ എണ്ണത്തിന്റെ പരിശോധന മാത്രമാണ് ഡ്രഗ്സ് കണ്ട്രോളിംഗ് വിഭാഗത്തിന് നടത്താനാകുന്നത്. സുരക്ഷയും നിലവാരവും ഫലപ്രാപ്തിയും ഉറപ്പാക്കാൻ പഴുതടച്ച പരിശോധനാ സംവിധാനമില്ലെന്ന് മുൻ സംസ്ഥാന ഡ്രഗ്സ് കണ്ട്രോളർ രവി എസ്. മേനോൻ പറഞ്ഞു.
നിലവിലെ സംവിധാനംകൊണ്ട് ഗുണമേന്മ ഉറപ്പുവരുത്താനുമാകില്ല. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം എല്ലാ മെഡിക്കൽ സ്ഥാപനങ്ങളും വർഷത്തിലൊരിക്കൽ പരിശോധിക്കണം. നിലവാരം ഉറപ്പുവരുത്താനും പരാതികൾ പരിഹരിക്കാനും കുറഞ്ഞത് 140 ഡ്രഗ് ഇൻസ്പെക്ടർമാർ വേണം. നിലവിലുള്ളത് 43 ഇൻസ്പെക്ടർമാർ മാത്രം. തിരുവനന്തപുരം, കോന്നി, തൃശൂർ, കൊച്ചി എന്നിവിടങ്ങളിൽ പരിശോധനാ ലാബുകളുണ്ടെങ്കിലും വേണ്ടിടത്തോളം മരുന്ന് എത്തുന്നില്ലെന്നതാണ് പരിമിതിയെന്നും രവി എസ്. മേനോൻ അഭിപ്രായപ്പെട്ടു.
എല്ലാ രാസ തന്മാത്രകളും ഒരേ രീതിയിൽ പ്രവർത്തിക്കണമെന്നില്ല. ചിലതെങ്കിലും പാർശ്വഫലമുണ്ടാക്കുകയും ചെയ്യാം. ജിഎസ്ടി വന്നതോടെ ചെറുകിടക്കാർക്കു വരെ നിർമാതാവിൽനിന്ന് നേരിട്ടു മരുന്നു വാങ്ങി വിൽക്കാൻ സാഹചര്യം വന്നത് വ്യാജനും ഗുണനിലവാരമില്ലാത്തതുമൊക്കെ വൻതോതിൽ മാർക്കറ്റിൽ എത്തുന്നതിന് കളമൊരുങ്ങി. ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ എട്ടു ശതമാനവും വിറ്റഴിക്കുന്നത് കേരളത്തിലായിട്ടും പരിശോധന മരുന്നിനുപോലുമില്ല. ഒരു ഡ്രഗ് ഇൻസ്പെക്ടർ ഒരു മാസം പരിശോധനയ്ക്കെടുക്കുന്നത് പരമാവധി 16 സാംപിളുകൾ മാത്രം. ശേഷിക്കുന്നതിൽ യാതൊരു പരിശോധനയുമില്ല. രോഗി മരിക്കുകയോ പാർശ്വഫലമുണ്ടാക്കുകയോ പ്രയോജനപ്പെടാതെ വരികയോ ചെയ്യുന്പോഴാണ് ഇത് വ്യാജനാണെന്നു സംശയിക്കുക.
പരിശോധനാഫലം വരുന്പോഴേക്കും ആ ബാച്ചിലുള്ള മരുന്ന് ലക്ഷക്കണക്കിനു പേർ കഴിച്ചിട്ടുണ്ടാകും. കഴിഞ്ഞ വർഷം 200 മെഡിക്കൽ സ്റ്റോറുകളിൽ പരിശോധന നടത്തിയതിൽ 60 കേസുകൾ എടുത്തു. കാലാവധി കഴിഞ്ഞവയും ശരിയായ രീതിയിൽ സൂക്ഷിക്കാത്തതും കേടായതും ഇതിൽപ്പെടും. ചുമതലപ്പെട്ട ഡ്രഗ്സ് കണ്ട്രോളർക്ക് സമയബന്ധിതമായി എല്ലായിടത്തും ഓടിയെത്താൻ കഴിയുന്നില്ല. മിക്ക ജില്ലകളിലും ഓഫീസുകൾക്ക് സ്വന്തമായി വാഹനമില്ല. മെഡിക്കൽ സ്റ്റോറുകളിലും ലാബുകളിലും പരിശോധന നടത്താൻ എൻഫോഴ്സ്മെന്റ് വിഭാഗവും അനലറ്റിക്കൽ വിഭാഗവും ഉണ്ടെങ്കിലും പ്രവർത്തനം ഫലപ്രദമല്ല. മിക്ക മരുന്നുകൾക്കും 18 മാസമാണ് വില്പന കാലാവധി. കാലാവധി കഴിഞ്ഞവ പ്രത്യേകമായി അടയാളപ്പെടുത്തി മാറ്റിവയ്ക്കണമെന്നാണ് കേന്ദ്ര ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് നിഷ്കർഷിക്കുന്നത്.
ഫലം വരുന്പോഴേക്കും രോഗി തീരും
ഔഷധങ്ങളുടെ കാലാവധി നിശ്ചയിക്കുന്നത് അതിലെ രാസഘടകങ്ങൾ എത്രനാൾ പ്രവർത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. കാലാവധി കഴിഞ്ഞാൽ രാസമാറ്റം സംഭവിക്കുകയോ പ്രവർത്തനക്ഷമത കുറയുകയോ ചെയ്യാം. സൂക്ഷ്മജീവികളുടെ വളർച്ചയ്ക്കും കാരണമാകാം. അപകടകരമായ മൂലകങ്ങൾ ഉണ്ടാവുകയും ചെയ്യാം. സംസ്ഥാനത്തെ 26 സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ അടുത്തയിടെ വിതരണം ചെയ്തതായാണ് സിഎജി റിപ്പോർട്ട്. കാലാവധി കഴിഞ്ഞതും നിലവാരമില്ലാത്തതുമായവ പിടിച്ചാൽ കേസും ശിക്ഷയുമൊക്കെ പ്രഹസനമാണ്. സംസ്ഥാനത്ത് ഇത്തരത്തിൽ അഞ്ഞൂറോളം കേസുകൾ കോടതി കയറുന്നുണ്ട്. കീഴ്ക്കോടതി ശിക്ഷിച്ചാൽ മേൽക്കോടതിയിലേക്ക് എന്ന മട്ടിൽ എട്ടും പത്തും വർഷമായി ഇഴയുകയാണ് കേസുകൾ.
നിരോധിത ഇനം തിരിച്ചയയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്നിരിക്കെ ഇവ വീണ്ടും മാർക്കറ്റിലുണ്ടോ എന്നറിയാൻ സംവിധാനമില്ല. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷന്റെ റിപ്പോർട്ട് പ്രകാരം 50 ഇന്ത്യൻ നിർമിത ജീവൻരക്ഷാ മരുന്നുകൾക്ക് നിലവാരമില്ല. ഇവയിൽ 22 ഇനങ്ങളുടെയും നിർമാണം ഹിമാചൽപ്രദേശിലാണ്. ഇവയുടെ മുഴുവൻ ബാച്ചുകളും തിരിച്ചെടുക്കാനാണ് നിർദേശം. 2023 ഫെബ്രുവരിയിൽ 58 ഇനങ്ങൾ നിലവാരമില്ലാത്തതും രണ്ട് ഇനം വ്യാജനുമാണെന്നു കണ്ടെത്തിയിരുന്നു. ജൂലൈയിൽ 31 ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ അടപ്പിക്കുകയും 50 എണ്ണത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. മരുന്നിന് നിലവാരമുണ്ടെങ്കിലേ ചികിത്സ ഫലം ചെയ്യൂ. ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ നിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്തതിൽ മൂന്നു വർഷമായി സിബിഐ അന്വേഷണം തുടരുകയാണ്.
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡാണ് സർക്കാർ ആശുപത്രി ഫാർമസികളിൽ മരുന്നുകൾ എത്തിക്കുന്നത്. ഫാർമ കന്പനികളുടെ ലാബുകൾ തയാറാക്കുന്ന ക്വാളിറ്റി സർട്ടിഫിക്കറ്റുകളെ മാത്രം വിശ്വാസത്തിലെടുത്തുള്ള ഇടപാടാണിത്. രോഗിയിൽ മെഡിസിൻ പ്രതികൂല പ്രതികരണം പ്രകടമാക്കുന്പോൾ മാത്രമാണ് മരുന്നിനെക്കുറിച്ച് സംശയമുയരുക. ഡോക്ടർ ഡ്രഗ് ഇൻസ്പെക്ടർക്ക് റിപ്പോർട്ട് ചെയ്യും. നിലവാരമില്ലെങ്കിൽ മെഡിക്കൽ ഡയറക്ടറേറ്റ് അവയുടെ ഉപയോഗവും വിതരണവും നിർത്തിവയ്ക്കാൻ ഉത്തരവിടും. അപ്പോഴേക്കും ഒട്ടേറെ രോഗികൾ ഇതേ മരുന്ന് അകത്താക്കിയിട്ടുണ്ടാകും. കേരളത്തിൽ അലോപ്പതി ഔഷധങ്ങൾ പരിശോധിക്കാൻ പേരിനെങ്കിലും ഡ്രഗ്സ് കണ്ട്രോളർമാരുണ്ട്. അതേസമയം 2,000 കോടിയുടെ വില്പനയുള്ള ആയുർവേദ ഉത്പന്നങ്ങൾക്കു ഡ്രഗ്സ് കണ്ട്രോളർ ഒന്നോ രണ്ടോ മാത്രം. ചില പാരന്പര്യ മരുന്നുകളുടെ ഉള്ളടക്കം ആർക്കും അറിയില്ല. വൈദ്യനാവട്ടെ മരുന്നുരഹസ്യം വെളിവാക്കുകയുമില്ല.
(തുടരും)