ബഥനിയും ധന്യൻ മാർ ഈവാനിയോസ് പിതാവും
സിസ്റ്റർ ആഗ്നറ്റ് എസ്ഐസി
Tuesday, September 17, 2024 12:27 AM IST
പ്രതിഭാസന്പന്നരായ അനേകം വ്യക്തികൾ ഓരോ കാലഘട്ടത്തിലും ഓരോ ദേശത്തും ജന്മമെടുക്കുന്നു. ഓരോരുത്തർക്കും പ്രത്യേക ദൈവനിയോഗമുണ്ട്. ഇവരിൽ വളരെ ചുരുക്കം പേരാണ് ദൈവത്തിന്റെ കൈയൊപ്പ് ഹൃദയത്തിൽ ഏറ്റുവാങ്ങിയിട്ടുള്ളവർ. അത്തരമൊരു വ്യക്തിത്വത്തിനുടമയാണ് മഹാരഥനായ മാർ ഈവാനിയോസ് പിതാവ്. മുണ്ടൻമലയുടെ ഗിരിശൃംഗത്തിൽ അദ്ദേഹം കൊളുത്തിയ ബഥനിയാകുന്ന പുണ്യദീപം പൂർവാധികം ശക്തിയോടെ ഈ കാലഘട്ടത്തിലും ജ്വലിച്ചുനിൽക്കുന്നു എന്നത് ദൈവത്തിന്റെ പ്രത്യേക പരിപാലനയാണ്.
1925ൽനിന്ന് 2025ലേക്കുള്ള ബഥനിയുടെ പ്രയാണത്തിന്റെ നാൾവഴികൾ ദൈവാനുഗ്രഹത്തിന്റെ ഇടമുറിയാത്ത ജൈത്രയാത്രയാണ്. ആ യാത്രയുടെ സുഖവും ദുഃഖവും ലയവും താളവുമൊക്കെ ഒപ്പിയെടുത്ത ഒരുപറ്റം മനുഷ്യരും അവരുടെ നിഴലുകളുമൊക്കെ ഈ നൂറുവർഷങ്ങളുടെ സന്പത്താണ്.
മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ദൈവാശ്രയത്തിന്റെയും ആധ്യാത്മിക ജീവിതത്തിന്റെയും പര്യായമായിരുന്നല്ലോ പി.ടി. ഗീവർഗീസച്ചൻ. ആ കാലഘട്ടത്തിൽ എംഎ ബിരുദം നേടുന്ന അപൂർവ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. അതിനാൽതന്നെ അദ്ദേഹം അറിയപ്പെട്ടത് “എംഎ അച്ചൻ” എന്നായിരുന്നു. തന്റെ സഭയിലെ അനൈക്യങ്ങളിൽ മനംനൊന്ത് ഐക്യത്തിന്റെ പ്രവാചകനായി ആധ്യാത്മിക നവീകരണ മുന്നേറ്റങ്ങളിൽ നെടുംതൂണായി അദ്ദേഹം ശക്തിയുക്തം നിലകൊണ്ടു. കേരളസഭയെക്കുറിച്ച് പഠിക്കാനും പരിചിന്തനം ചെയ്യാനും ഒട്ടേറെ അവസരങ്ങൾ അദ്ദേഹത്തിനു ലഭിച്ചു.
കത്തോലിക്കാ സഭാഗാത്രത്തെ അടുത്തറിയാനായി ഒന്നായിരുന്ന തായ്ത്തണ്ടിൽനിന്നു സഭയെ വേർപിരിച്ച കൂനൻകുരിശ് സത്യം എംഎ അച്ചൻ ആഴത്തിൽ പഠനവിഷയമാക്കി. സെറാംപുരിൽ പ്രഫസറായിരുന്ന കാലയളവിലാണ് അദ്ദേഹത്തിനു കത്തോലിക്കാ സഭയെ കൂടുതൽ അടുത്തറിയാൻ ഇടവന്നത്.
സഭാഗാത്രത്തിനേറ്റിരിക്കുന്ന മുറിവുണക്കാൻ ആധ്യാത്മിക നവീകരണംകൊണ്ടേ സാധ്യമാകൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആധ്യാത്മിക നേതൃത്വം നൽകാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന യുവതീയുവാക്കൾ ആവശ്യമാണെന്ന് അദ്ദേഹം മനസിലാക്കി. കുലീനകുടുംബങ്ങളിൽനിന്നു യുവതീയുവാക്കളെ തെരഞ്ഞെടുത്ത് ബാരിസോളിൽ തന്നോടൊപ്പം കൊണ്ടുപോയി പഠിപ്പിച്ചു.
സെറാംപുരിൽ പ്രഫസറായിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. ബാല്യംമുതൽ തന്റെ ഉള്ളിൽ അങ്കുരിച്ചിരുന്ന സന്ന്യാസജീവിതത്തിന് ഊടും പാവും നെയ്യാൻ അദ്ദേഹം ഭാരതീയ സന്ന്യാസത്തിന്റെ അന്തർധാരയിലേക്ക് ആഴ്ന്നിറങ്ങി. ഗാന്ധിജിയുടെ സബർമതിയും ടാഗോറിന്റെ ശാന്തിനികേതനും അദ്ദേഹം പഠനവിഷയമാക്കി.
ക്രിസ്തീയ സന്ന്യാസത്തിന്റെ മഹത്വം ഒട്ടും ചോർന്നുപോകാതെ, കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ ഹൃദയംകൊണ്ട് തൊട്ടറിഞ്ഞ ദാർശനികനായിരുന്നു അദ്ദേഹം. ആർഷഭാരത സന്ന്യാസത്തിന്റെ സർവസംഗ പരിത്യാഗവും ധ്യാനവും മനനവും കാഷായവസ്ത്രവും സമീകൃതമായി സമ്മേളിപ്പിച്ച് അദ്ദേഹം ക്രൈസ്തവ സന്ന്യാസം കാലദേശങ്ങൾക്കനുസരിച്ച് ചിട്ടപ്പെടുത്തി. എല്ലാവരും ഏറെ വിലമതിച്ചിരുന്ന സെറാംപുർ പ്രഫസർ പദവി ഉപേക്ഷിച്ച് സന്ന്യാസത്തെ സന്പൂർണമായി ആശ്ലേഷിച്ചു.
തന്റെ മനോമുകുരത്തിൽ രൂപംകൊണ്ട സന്ന്യാസസമൂഹത്തിന് പ്രാർഥനാപൂർവം തിരുവചനത്തിൽനിന്ന് അടർത്തിയെടുത്ത് നൽകിയ പേരാണ് ബഥനി. പ്രത്യുത്തരത്തിന്റെയും പ്രതിധ്വനിയുടെയും ആശ്വാസത്തിന്റെയും ഭവനം. ആത്മസംതൃപ്തിയോടെ തന്പുരാൻ വിശ്രമിക്കാൻ തെരഞ്ഞെടുത്ത മാതൃകാഭവനം. അവിടെ മൂന്നു വ്യക്തികൾ - മാർത്ത, മറിയം, ലാസർ.
മാർത്ത ശുശ്രൂഷയുടെയും മറിയം പ്രാർഥനയുടെയും ലാസർ പുനരുത്ഥാനത്തിന്റെയും ഉത്തമ ദൃഷ്ടാന്തങ്ങൾ. താൻ സ്നേഹിച്ച ലാസറിന്റെ മരണവാർത്തയറിഞ്ഞ് യേശു കരയുന്നത് ജനങ്ങൾ കാണുന്നത് ലാസറിന്റെ കുഴിമാടത്തിന്റെ മുന്നിൽവച്ചാണ്. അവർ അത്രയധികം സ്നേഹിച്ച ബഥാനിയായിലെ ഭവനം. ആ മൂന്നു വ്യക്തികളാണ് ബഥനി സന്ന്യാസിനികളുടെയും ഉത്തമ മാതൃകകൾ.
പ്രാർഥനയും പ്രവർത്തനവും പുനരുത്ഥാന സാക്ഷ്യവും സംയുക്തമായി സമ്മേളിപ്പിച്ച് സന്ന്യാസപുണ്യങ്ങളായ വ്രതത്രയങ്ങളിലൂടെയാണ് ഓരോ സന്ന്യാസിനിയും ബഥനിയിൽ ജീവിക്കുന്നത്.
സ്ത്രീവിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് വിദ്യാഭ്യാസ ശുശ്രൂഷകളിലൂടെ അനേകം പെൺകുട്ടികൾക്ക് അക്ഷരജ്ഞാനവും ആത്മീയതയും ജീവിതമൂല്യങ്ങളും പകർന്നു നൽകി കുടുംബത്തിന്റെ കെടാവിളക്കുകളായി സമൂഹസ്നേഹനിർമിതിയിൽ പങ്കുകാരാകാൻ പ്രാപ്തരാക്കി അവരെ വാർത്തെടുത്തു. രോഗികളിലും അനാഥരിലും അശരണരിലും ആലംബഹീനരിലും ദൈവത്തിന്റെ മുഖം കണ്ട് സഹോദരനിർവിശേഷ സ്നേഹത്തോടെ പരിചരിക്കാൻ സ്വയം സമർപ്പിച്ചവർ.
കേരളത്തിനു പുറത്തും വിദേശരാജ്യങ്ങളിലും അടിച്ചമർത്തപ്പെട്ടും നീതി നിഷേധിക്കപ്പെട്ടും പട്ടിണിക്കോലങ്ങളായി ജീവിച്ചവർക്കു മുന്നിൽ നീതിയുടെയും വെളിച്ചത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വാഹകരായി ബഥനി സന്ന്യാസിനിമാർ വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു.
ആരാലും അറിയപ്പെടാത്ത ഇടങ്ങളിൽ, ഇന്ത്യക്കു പുറത്ത് എത്യോപ്യ, സൗത്ത് ആഫ്രിക്ക തുടങ്ങി അഞ്ചു രാജ്യങ്ങളിലും ഒറീസ, ആസാം, ത്രിപുര തുടങ്ങി പന്ത്രണ്ടു സംസ്ഥാനങ്ങളിലും സ്ഥലകാലദേശങ്ങൾക്കനുസൃതമായി ബഥനി സിസ്റ്റേഴ്സ് ശുശ്രൂഷ നിർവഹിക്കുന്നു.
‘ദൈവസ്നേഹത്തേക്കാൾ അത്യുത്തമം ദൈവസന്പാദനം’ എന്ന സ്ഥാപകപിതാവിന്റെ ദർശനം സ്വജീവിതത്തിൽ സ്വാംശീകരിച്ച് ഇന്നിന്റെ ആവശ്യങ്ങളോടു ഭാവാത്മകമായി പ്രത്യുത്തരിക്കുന്നവരാണ് ബഥനി സഹോദരിമാർ. പ്രാർഥനയും പ്രവർത്തനവും സമീകൃതമായി സമ്മേളിപ്പിച്ച് ക്രിസ്തുസാക്ഷിയായി ജീവിക്കാൻ ഈ മൂന്നാം സഹസ്രാബ്ദത്തിലേക്കു നീങ്ങുന്ന ബഥനി സന്ന്യാസിനീ സമൂഹത്തിനു സാധിക്കുന്നത് ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ്.
ഇത്രത്തോളം നടത്തി കുന്നോളം നന്മകളേകിയ പൊന്നുതന്പുരാന്റെ തൃപ്പാദങ്ങളിൽ മറിയത്തെപ്പോലെ ധ്യാനനിമഗ്നരായി ഇരിക്കാൻ അവിടത്തെ കൃപാകടാക്ഷത്തിന്റെ മാന്ത്രിക വലയത്തിലേക്ക് ഞങ്ങളെ ആകർഷിക്കണമേ എന്നു പ്രാർഥിക്കുന്നു.
പരമകാരുണികനായ ദൈവത്തിനു മുന്പിൽ അഞ്ജലീബദ്ധരായ ബഥനി സഹോദരിമാർ ഉള്ളം നിറഞ്ഞ പ്രാർഥനയുടെ നെരിപ്പോടിൽ സ്നേഹത്തിന്റെ, ജീവിതവിശുദ്ധിയുടെ, ആത്മാർപ്പണത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളായി ലോകത്തിനു ചൂടും ചൂരുമേകി ഇനിയും ഒരു നൂറു വർഷങ്ങൾ... അല്ല അതിനുമപ്പുറത്തേക്ക്... ബഥനിയെന്ന ദീപസ്തംഭം മുന്നോട്ടു നീങ്ങട്ടെ.