ഇഎസ്എ വിജ്ഞാപനം: അടയിരിക്കുന്നവരും അടങ്ങിയിരിക്കാൻ കഴിയാത്തവരും
ഡോ. ചാക്കോ കാളംപറമ്പിൽ
Sunday, September 15, 2024 2:35 AM IST
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ടത്തിലെ ഇഎസ്എ പ്രഖ്യാപനത്തിന്റെ ഏറ്റവും അവസാനമായി ജൂലൈ 31ന് പ്രസിദ്ധീകരിച്ച ആറാമത് കരട് വിജ്ഞാപനത്തിന്മേൽ നമ്മുടെ പരാതികൾ സമർപ്പിക്കാനുള്ള സമയം അന്നുമുതൽ 60 ദിവസമാണ്. ഇതിനു മുൻപ് അഞ്ചു പ്രാവശ്യം ഇറക്കിയ കരട് വിജ്ഞാപനങ്ങളിന്മേൽ അന്തിമവിജ്ഞാപനം പ്രസിദ്ധീകരിക്കാത്തതുകൊണ്ട്, നമ്മൾ നൽകിയ പരാതികൾ കരട് വിജ്ഞാപനങ്ങളുടെ കാലാവധി അവസാനിച്ചതോടുകൂടി അസാധുവായിരിക്കുകയാണ്. എന്നാൽ, കേരളമൊഴികെയുള്ള അഞ്ചു സംസ്ഥാനങ്ങളും ഇതിനോടകം അവരുടെ നിലപാടുകളും തങ്ങളുടെ സംസ്ഥാനങ്ങളുടെ ഇഎസ്എ പ്രദേശങ്ങളുടെ മാപ്പ് അടക്കമുള്ള വിശദാംശങ്ങളും കേന്ദ്രത്തിന് നൽകിക്കഴിഞ്ഞു. ഇപ്പോഴത്തെ കരട് വിജ്ഞാപനത്തിലും ആയത് ജിയോ കോ-ഓർഡിനേറ്റ് മാപ്പുകൾ ആയി ചേർത്തിട്ടുമുണ്ട്. എന്നാൽ, കേരളത്തിന്റെ കാര്യത്തിൽ ഇഎസ്എ വിസ്തൃതി 9,993.7 ചതുരശ്ര കിലോമീറ്റർ എന്ന് വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയതല്ലാതെ കരട് വിജ്ഞാപനത്തിൽ അവകാശപ്പെടുന്നതുപോലെയുള്ള വിശദാംശങ്ങൾ കേരള ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ഇല്ല.
കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാട്
ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി റിസർവ് ഫോറസ്റ്റുകളും സംരക്ഷിത പ്രദേശങ്ങളും ലോക പൈതൃകപദവി പ്രദേശങ്ങൾ അഥവാ വേൾഡ് ഹെറിറ്റേജ് സൈറ്റുകളും മാത്രമേ ഇഎസ്എ പ്രഖ്യാപനത്തിനായി നൽകേണ്ടതുള്ളൂ എന്നതാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. എന്നാൽ, ഈ നിലപാടനുസരിച്ചുള്ള ജിയോ കോ-ഓർഡിനേറ്റുകൾ രേഖപ്പെടുത്തിയ ഇഎസ്എ വില്ലേജ് ഷെയ്പ് മാപ്പ് ഫയൽസ് തയാറാക്കി കരട് വിജ്ഞാപനം അനുസരിച്ച് കേരള സർക്കാരിന്റെ ബയോഡൈവേഴ്സിറ്റി ബോർഡ് സൈറ്റിൽ ഉണ്ടാവേണ്ടതാണ്. എന്നാൽ, ജനവാസകേന്ദ്രങ്ങൾ ഇഎസ്എയിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി കേന്ദ്രത്തിന് സമർപ്പിക്കുന്നതിൽ കേരള സർക്കാരിന് വലിയ വീഴ്ച സംഭവിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ രണ്ടുതരം മാപ്പുകൾ ജനങ്ങളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി കേരള പരിസ്ഥിതി മന്ത്രാലയത്തിന്റെ സൈറ്റിലാണ് ഇപ്പോൾ സർക്കാർ നൽകിയിരിക്കുന്നത്. അതാകട്ടെ കരട് വിജ്ഞാപനത്തിൽ പറയുന്നുമില്ല.
ഉമ്മൻ കമ്മിറ്റിയുടെ തെറ്റ്
123 വില്ലേജുകളിലെ 9,107 ചതുരശ്ര കിലോമീറ്റർ റിസർവ് ഫോറസ്റ്റായും 886.7 ചതുരശ്ര കിലോമീറ്റർ പുഴകളും തോടുകളും പാറക്കെട്ടുകളും അരുവികളും അടങ്ങുന്ന പ്രദേശങ്ങളായും കണക്കാക്കി ആകെ 9,993.7 ചതുരശ്ര കിലോമീറ്റർ ഇഎസ്എയായി ഉമ്മൻ കമ്മിറ്റി നിർണയിച്ചു. എന്നാൽ, 123 ഇഎസ്എ വില്ലേജുകളിലെ റിസർവ് ഫോറസ്റ്റ് ഉമ്മൻ കമ്മിറ്റി നേരിട്ട് തിട്ടപ്പെടുത്താതെയാണ് 9,107 ചതുരശ്ര കിലോമീറ്റർ റിസർവ് ഫോറസ്റ്റ് എന്ന് അവരുടെ റിപ്പോർട്ടിൽ തെറ്റായി രേഖപ്പെടുത്തിയത്. 9,107ചതുരശ്ര കിലോമീറ്റർ ഫോറസ്റ്റ് എന്നത് ഫോറസ്റ്റ് വകുപ്പിന്റെതന്നെ റിപ്പോട്ടനുസരിച്ച് 123 വില്ലേജുകളിലെ മാത്രം ഫോറസ്റ്റ് ആയിരുന്നില്ല; മറിച്ച്, കേരളത്തിലെ ആകെ റിസർവ് ഫോറസ്റ്റ് വിസ്തൃതിയാണ് എന്നതാണ് ഔദ്യോഗിക സത്യം. ഈ വനവിസ്തൃതി 123 വില്ലേജുകളിൽ മാത്രം ഉണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയതാണ് ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ ഒരു പ്രധാന പാകപ്പിഴ. അതുമൂലം123 വില്ലേജുകളിലെ മാത്രം വനവിസ്തൃതി ഇതിലും ആയിരത്തിലധികം ചതുരശ്ര കിലോമീറ്റർ കുറവാണെങ്കിലും ഈ വനവിസ്തൃതിയാണ് കേന്ദ്രസർക്കാർ ഇറക്കിയ കരട് വിജ്ഞാപനങ്ങളിൽ എല്ലാം തെറ്റായി ചേർത്തിട്ടുള്ളത്.
അതുകൊണ്ടുതന്നെ ഉമ്മൻ കമ്മിറ്റി ശിപാർശയനുസരിച്ച് ഇഎസ്എ അന്തിമവിജ്ഞാപനം വന്നാൽ 123 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങൾ റിസർവ് വനമായി മാറും. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ ഈ തെറ്റ് ചൂണ്ടിക്കാണിച്ചു സംസ്ഥാന സർക്കാർ കേന്ദ്രമന്ത്രാലയത്തിന് ഇനിയെങ്കിലും തിരുത്തൽ റിപ്പോർട്ട് നൽകണം.
മറ്റൊരു തെറ്റ്
മറ്റ് അഞ്ചു സംസ്ഥാനങ്ങളിലും കസ്തൂരിരംഗൻ കണ്ടെത്തിയ ഇഎസ്എ വിസ്തീർണം അവിടത്തെ നാച്ചുറൽ ലാൻഡ്സ്കേപ്പ് വിസ്തീർണത്തേക്കാൾ കുറവാണ്. എന്നാൽ, കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേരളത്തിലെ നാച്ചുറൽ ലാൻഡ് സ്കേപ് ആയ 12,477 ചതുരശ്ര കിലോമീറ്ററിനേക്കാൾ 631 ചതുരശ്രകിലോമീറ്റർ അധികമായി 13,108 ചതുരശ്രകിലോമീറ്റർ എന്നും രേഖപ്പെടുത്തി. അതായത്, കേരളത്തിൽ മാത്രം നാച്ചുറൽ ലാൻഡ്സ്കേപ്പിനേക്കാൾ ഇഎസ്എ 631 ചതുരശ്ര കിലോമീറ്റർ അധികമായി രേഖപ്പെടുത്തി. ഇത് ഒരിക്കലും അനുവദനീയമായിരുന്നില്ല. അത്തരത്തിൽ 631 ചതുരശ്ര കിലോമീറ്റർ കൾച്ചറൽ ലാൻഡ്സ്കേപ്പ് ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ 9,993.7 ചതുരശ്ര കിലോമീറ്ററിലും വീണ്ടും അധികമായി ചേർക്കപ്പെട്ടിരിക്കുകയാണ്. ഇത് ഉമ്മൻ കമ്മിറ്റി ശിപാർശയിലെ മറ്റൊരു പാകപ്പിഴയാണ്.
2018 സംസ്ഥാന സർക്കാർ റിപ്പോർട്ടിലെ മാന്ത്രികവിദ്യ
2018ലെ സർക്കാർ നിക്ഷിപ്ത താത്പര്യത്തോടെ വീണ്ടും തയാറാക്കി എന്ന് അവകാശപ്പെട്ടുകൊണ്ട് കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് അനുസരിച്ച് 123 വില്ലേജുകളിൽനിന്ന് 31 വില്ലേജുകളെ പൂർണമായും ഇഎസ്എ വില്ലേജുകളുടെ പരിധിയിൽനിന്ന് ഒഴിവാക്കിയതായി കാണാം. ബാക്കി 92 വില്ലേജുകളിലെ വനവിസ്തൃതി 8,656.46 ചതുരശ്ര കിലോമീറ്റർ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേ റിപ്പോർട്ടിൽ 1,337 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശംഎന്നു വീണ്ടും കണക്കാക്കുന്നു. അപ്പോഴും ആകെ വിസ്തീർണം പഴയ 9993 എന്നുതന്നെ നിലനിർത്തുകയാണ്. 31 വില്ലേജുകൾ പൂർണമായും ഒഴിവാക്കപ്പെട്ടപ്പോഴും 92 വില്ലേജുകളുടെ വിസ്തൃതി 123 വില്ലേജുകളിലേതിനു തുല്യം. ഇതിന്റെ യുക്തി മനസിലാകുന്നതല്ല. ഇപ്രകാരം 123 വില്ലേജുകൾക്ക് പകരം 92 വില്ലേജുകളിൽനിന്ന് അതേ ഇഎസ്എ വിസ്തീർണം കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാവുകയും അതിനു തക്കവിധം 92 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും വീണ്ടും ജിയോ കോർഡിനേറ്റ്സിലും വില്ലേജ് ഷേപ് മാപ്പിലും റിസർവ് വനമായി രേഖപ്പെടുത്തി റിപ്പോർട്ട് നൽകുകയും ചെയ്തു. 2018 ജൂൺ 16ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ഈ റിപ്പോർട്ടിലെ മറ്റൊരു പാകപ്പിഴ 31 വില്ലേജുകളെ ഒഴിവാക്കാൻ തെരഞ്ഞെടുത്ത മാനദണ്ഡം ഉപയോഗിച്ചാൽ 92 വില്ലേജുകളിലെ പല വില്ലേജുകളും ഇപ്രകാരം ജനസാന്ദ്രത കൂടിയതും വനഭൂമി വളരെ കുറഞ്ഞതും പൂർണമായും ഒഴിവാക്കാൻ യോഗ്യതയുള്ളതുമാണ്.
ആവർത്തിക്കപ്പെടുന്ന അനാസ്ഥ
കേന്ദ്രമന്ത്രാലയം സംസ്ഥാന സർക്കാരിൽനിന്ന് നിരവധി പ്രാവശ്യം ഗ്രൗണ്ട് ട്രൂത്തിങ്ങിനും ഫീൽഡ് വേരിഫിക്കേഷനും ശേഷമുള്ള ജിയോ കോ-ഓർഡിനേറ്റ് വില്ലേജ് ഷേപ് മാപ്പ് വർഷങ്ങളായി ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനം ഇതുവരെ കൃത്യതയോടെ ഇത് ലഭ്യമാക്കിയിട്ടില്ല. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പാർലമെന്റ് ഇലക്ഷനോട് അനുബന്ധിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തട്ടിക്കൂട്ടിയ രണ്ടുതരം മാപ്പുകളാണ് ഇപ്പോഴത്തെ ഇഎസ്എ കരടുവിജ്ഞാപനത്തിൽ സംസ്ഥാന സർക്കാർ പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നുത്. ഒരു മാപ്പിൽ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടുത്തിയും മറ്റൊരു മാപ്പിൽ അത്തരം പ്രദേശങ്ങൾ ഒഴിവാക്കിയും ദുരൂഹത സൃഷ്ടിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപ്പോഴത്തെ വിജ്ഞാപനത്തിലെ ഇഎസ്എ ഏരിയ പഴയ വിജ്ഞാപനത്തിലേതുപോലെ തന്നെ തുടരുകയും ചെയ്യുന്നു. ആരെ കബളിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ഇത്തരത്തിലുള്ള ഇരട്ടത്താപ്പും വഞ്ചനയും കാണിക്കുന്നത്.
ചില ആശങ്കകൾ
പരിസ്ഥിതി വകുപ്പിലെതന്നെ ഉയർന്ന ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങളനുസരിച്ച് കേരള സർക്കാർ ഇതുവരെ കേന്ദ്രത്തിന് അന്തിമമാക്കിയ ഭൂപടം നൽകിയിട്ടില്ല എന്ന് മനസിലാക്കുന്നു. വനം, റവന്യു വകുപ്പുകളിൽനിന്ന് ഇഎസ്എ നിർമാണത്തിന് കൃത്യമായ ബൗണ്ടറി സ്കെച്ച് ലഭിച്ചിട്ടില്ല. ഇപ്പോൾ കേരളം ഗൂഗിൾ എർത്തിന്റെ സഹായത്തോടെ തയാറാക്കിയ ഭൂപടത്തിൽ തെറ്റ് സംഭവിച്ചിട്ടുണ്ട് എന്ന് സമ്മതിക്കുന്നു.
വനം, റവന്യു വകുപ്പുകൾ എന്തുകൊണ്ട് കൃത്യമായ ബൗണ്ടറി മാപ്പ് നൽകുന്നില്ല. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം വില്ലേജുകളിലെ വനപ്രദേശങ്ങൾ മാത്രമാണ് ഇഎസ്എ പ്രഖ്യാപനത്തിനുവേണ്ടി മാപ്പ് തയാറാക്കി നൽകിയിട്ടുള്ളതെങ്കിൽ വില്ലേജുകളുടെ അതിർത്തി കാണിച്ച് വില്ലേജിന്റെ പേരിൽ ഇഎസ്എ വില്ലേജായി വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയാൽ സംഭവിക്കാവുന്ന ഭവിഷ്യത്തുകൾക്ക് ആരായിരിക്കും ഉത്തരവാദി. പരിസ്ഥിതി വകുപ്പിന്റെ വാദപ്രകാരം ഇഎസ്എ വരുന്നതുകൊണ്ട് സാധാരണ കർഷകർക്ക് യാതൊരു പ്രശ്നവും ഇല്ലെങ്കിൽ എന്തിനാണ് ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ പരിസ്ഥിതി സംവേദക മേഖലയിൽ ഉൾപ്പെട്ടതല്ല എന്ന് എഴുതുന്നത്്? ലോണിന് അപേക്ഷിക്കുമ്പോൾ ബാങ്കുകൾ ഇഎസ്എയിൽ ആണെങ്കിൽ ലോൺ ഇല്ലെന്ന് പറയുന്നത്?
ഉടനടി ചെയ്യേണ്ടവ
1. ജിയോ കോ-ഓർഡിനേറ്റഴ്സും വില്ലേജ് ഷെയ്പ് മാപ്പും ജനവാസകേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കിക്കൊണ്ട് റിസർവ് ഫോറസ്റ്റ്, വേൾഡ് ഹെറിറ്റേജ് സൈറ്റ്, പ്രോട്ടക്റ്റഡ് ഏരിയ ഇവ മാത്രം പെടുത്തി തിരുത്തലുകൾ വരുത്തി കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ കേരള ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ഇഎസ്എ മാപ്പ് പ്രസിദ്ധീകരിക്കുക. ഇക്കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി അവരുടെ ആശങ്കകൾ പരിഹരിക്കാനായി രണ്ടുദിവസത്തെ അദാലത്തുകൾ വില്ലേജുകൾ തോറും ഉടൻ സംഘടിപ്പിച്ച ശേഷം അന്തിമ റിപ്പോർട്ട് ഇനിയെങ്കിലും നൽകുക.
2. ഈ വില്ലേജുകളിലെ വനഭൂമിയുടെ കൃത്യമായ വിസ്തൃതി കണ്ടെത്തി അതു മാത്രം അന്തിമ നോട്ടിഫിക്കേഷനിൽ പെടുത്തുക. കോർ, നോൺ -കോർ ഇഎസ്എ എന്ന പുതിയ വ്യാഖ്യാനം പൂർണമായും ഉപേക്ഷിക്കാൻ നടപടി ഉണ്ടാകുക.
3. റവന്യു വില്ലേജുകളുടെ പേരിൽ ഇഎസ്എ വില്ലേജുകൾ അറിയപ്പെടുന്നത് ഒഴിവാക്കി ഈ വില്ലേജുകളെ ഓരോന്നിനെയും ഫോറസ്റ്റ് വില്ലേജ് എന്നും റവന്യു വില്ലേജ് എന്നും തരംതിരിച്ച് ഫോറസ്റ്റ് വില്ലേജ് മാത്രം ഇഎസ്എ പ്രഖ്യാപനത്തിനായി റിപ്പോർട്ടിൽ പെടുത്തുക. അതേ പേരിലുള്ള റവന്യു വില്ലേജുകളിൽ സാധാരണ റവന്യു വില്ലേജുകളിലെ നിയമങ്ങൾ മാത്രമായിരിക്കും ബാധകമായിട്ടുള്ളത് എന്ന് അന്തിമവിജ്ഞാപനത്തിൽ പ്രത്യേകമായി എഴുതിച്ചേർക്കാൻ ശിപാർശ നൽകുക.
4. കരട് വിജ്ഞാപനത്തിലെ മേൽപ്പറഞ്ഞ പാളിച്ചകൾ ചൂണ്ടിക്കാണിച്ചും ഈ വിജ്ഞാപനം മലയാളത്തിൽ തർജമ ചെയ്ത് സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ടും മതിയായ രേഖകളോടെ പതിറ്റാണ്ടുകളായി കൈവശം വച്ച് അനുഭവിച്ചുവരുന്ന വീടുകളും കൃഷി ഭൂമിയും വിവിധ സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളും ഇഎസ്എയിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇപ്പോൾ ഇഎസ്എയിൽ പെടുത്തിയിട്ടുള്ള 131 വില്ലേജുകളിൽനിന്ന് പഞ്ചായത്ത് സമിതികളും ജനങ്ങളും സ്ഥാപനങ്ങളും സംഘടനകളും വിദ്യാർഥികളും കേന്ദ്ര വനം-പരിസ്ഥിതി മന്താലയത്തിന് കരട് വിജ്ഞാപനത്തിന്മേലുള്ള പരാതികൾ അയയ്ക്കുക.
കാലാവധി തീരുന്നതിനു മുമ്പ് എത്രയും പെട്ടെന്ന് സാധിക്കുന്നത്ര പരാതികൾ ജനങ്ങളും സ്ഥാപനങ്ങളും സംഘടനകളും കരട് വിജ്ഞാപനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളതുപോലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇ-മെയിൽ ആയോ കത്തുകൾ മുഖേനയോ അയയ്ക്കണം.