പിണറായിയുടെ ആശ്രിതവാത്സല്യം
അനന്തപുരി /ദ്വിജൻ
Sunday, September 15, 2024 2:31 AM IST
ഇടതുമുന്നണിയും സിപിഎമ്മും പോലും തള്ളിപ്പറഞ്ഞിട്ടും എഡിജിപി എം.ആർ. അജിത്കുമാറിനെ സംരക്ഷിക്കാൻ പിണറായി നടത്തുന്ന നീക്കങ്ങൾ എവിടെയെത്തും? 1995ൽ ചാരക്കേസിൽ ഹൈക്കോടതിയുടെ വിധി ഉണ്ടായിട്ടുപോലും അദ്ദേഹത്തിന്റെ മാനസപുത്രനായി അക്കാലത്ത് അറിയപ്പെട്ടിരുന്ന അന്നത്തെ ഐജി രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കാൻ കെ. കരുണാകരൻ നടത്തിയ നീക്കങ്ങൾക്ക് അവസാനം അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ടിവന്നു.
പിന്നീട് ശ്രീവാസ്തവ കരുണാകരന്റെ അന്നത്തെ പ്രധാന ശത്രു ആന്റണി ഗ്രൂപ്പ് നേതാവ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുന്പോൾ പോലീസ് മേധാവിയായും പിണറായി വിജയൻ ആഭ്യന്തരമന്ത്രി ആയിരിക്കുന്പോൾ സർക്കാരിന്റെ പോലീസ് ഉപദേഷ്ടാവായും പ്രവർത്തിച്ചത് വിധിവൈപരീത്യം. കരുണാകരന്റെ കാര്യത്തിൽ ഉണ്ടായ ദുര്യോഗത്തിലേക്ക് പിണറായി എത്താൻ സാധ്യത ഇല്ല. കാരണം, അന്ന് കരുണാകരനുണ്ടായിരുന്ന സാഹചര്യമല്ല മുന്നണിയിലും പാർട്ടിയിലും ഇപ്പോഴും പിണറായിക്കുള്ളത്. വാസ്തവത്തിൽ മാധ്യമങ്ങൾ പ്രചരിപ്പിച്ചതുപോലെ രമണ്‍ ശ്രീവാസ്തവയെ കരുണാകരൻ സംരക്ഷിച്ചില്ല എന്നാണ് അക്കാലത്തെ ആഭ്യന്തരവകുപ്പ് സെക്രട്ടറി സി.പി. നായർ പിന്നീട് വെളിപ്പെടുത്തിയത്. ശ്രീവാസ്തവയ്ക്കെതിരേ കോടതി നിരീക്ഷണങ്ങൾ വന്നപ്പോൾ കേരളത്തിൽ ഇല്ലാതിരുന്ന കരുണാകരൻ സി.പി. നായരെ ഫോണിൽ വിളിച്ച് പിറ്റേന്ന് താൻ തലസ്ഥാനത്തെത്തുന്പോൾ ശ്രീവാസ്തവ തെറിച്ചിരിക്കണം എന്ന് കല്പന കൊടുക്കുകയും അങ്ങനെ പ്രവർത്തിക്കുകയും ചെയ്തുവത്രെ.
ഇക്കുറി പിണറായി അജിത്കുമാറിനെ സംരക്ഷിക്കാൻ വല്ലാതെ ശ്രമിക്കുന്നതായുള്ള മാധ്യമ നിരീക്ഷണങ്ങൾ ശരിയാണോ എന്ന് കാലമാണ് തെളിയിക്കാനിരിക്കുന്നത്. സിപിഎമ്മിൽ പിണറായിയുടെ ശൈലിക്കെതിരേ വികാരമുണ്ടെങ്കിലും കരുണാകരന്റെ കാര്യത്തിൽ ഉണ്ടായതുപോലെ അത് പരസ്യമായി പ്രകടിപ്പിക്കുന്നതിന് ധൈര്യമുള്ളവർ തീരെ കുറവാണ്. സിപിഎമ്മിന്റെ ഹൈക്കമാൻഡ് തീർത്തും ദുർബലമാണ്. പിണറായിയെ തിരുത്താനോ ശാസിക്കാനോ ഒന്നും ഇന്നത്തെ പോളിറ്റ് ബ്യൂറോയ്ക്ക് ധൈര്യമുണ്ടാവില്ല. ഇടതുമുന്നണിയിലും ധൈര്യമുള്ളവർ കുറയും. വല്ലതും പുറത്തുപറയുന്നത് സിപിഐ മാത്രം. അവരും പിണറായികൂടി പങ്കെടുക്കുന്ന മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ അങ്ങനെയൊന്നും പറയാറില്ല.
ബുധനാഴ്ച ചേർന്ന ഇടതുമുന്നണി യോഗത്തിലും അതുതന്നെയായിരുന്നു അന്തരീക്ഷമെങ്കിലും ഇടതുമുന്നണി കച്ചവടം വലിയ നഷ്ടമായി മാറിയ രാഷ്ട്രീയ ജനതാദളിന്റെ പ്രതിനിധി വർഗീസ് ജോർജ് തന്റേടത്തോടെ, ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ അന്തരീക്ഷം മാറി. പലരും വായ തുറക്കാൻ ധൈര്യം കാണിച്ചു. അങ്ങനെ ആരോഗ്യകരമായ ഒരു ചർച്ചയ്ക്ക് വഴിതുറന്നു. പതിവുപോലെ മുഖ്യമന്ത്രിയുടെ തിരക്കു കാരണം സമ്മേളനം അവസാനിപ്പിക്കുന്നതിനുണ്ടായിരുന്ന തിടുക്കം ഇക്കറിയും പ്രകടമാക്കപ്പെട്ടെങ്കിലും ചർച്ചയുണ്ടായി. പുറത്തു മാധ്യമപ്രവർത്തകരുടെ മുന്നിൽ വല്ലാത്ത ആവേശത്തോടെ സംസാരിക്കുന്ന സിപിഐ പക്ഷേ, വളരെ തന്ത്രപൂർവമാണ് സംസാരിച്ചത്. എന്‍സിപിയിലെ പി.സി. ചാക്കോ, ആന്റണി രാജു എന്നിവരും ചർച്ചയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി. വായ തുറക്കാതെ ഇരുന്നവരും ഉണ്ട്.
എന്തേ ഇങ്ങനെ?
വലിയ ആർഎസ്എസ് വിരുദ്ധത പ്രസംഗിക്കുന്ന ഇടതു സർക്കാർ സംഘപരിവാറിനോട് കാണിക്കുന്ന വല്ലാത്ത അടുപ്പത്തിന്റെ അടയാളങ്ങൾ യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ദ്രൗപദി മുർമുവിന് കേരളത്തിൽനിന്ന് ഒരു വോട്ട് ലഭിച്ചത് ആകസ്മികമല്ല. ഇന്ത്യയിലെ 29 സംസ്ഥാനത്തുനിന്നും ഞങ്ങൾ വോട്ടു പിടിക്കും എന്ന മോദിയുടെ അവകാശവാദത്തിന് കേരളവും കൂട്ടുനിൽക്കുകയായിരുന്നു. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലും ഉണ്ടായിരുന്നു ഈ വാദം. അതിനും കേരളത്തിൽ വഴി തുറക്കപ്പെട്ടു. ഉന്നത തലത്തിലുള്ള രഹസ്യധാരണകൾ അതിനു പിന്നിലുണ്ടെന്ന സംശയം ഇടതുമുന്നണിയിലെ ഘടകകക്ഷികളിൽതന്നെ ഉണ്ട്. വോട്ടെടുപ്പു ദിവസം രാവിലെ ഇടതുമുന്നണിയുടെ അന്നത്തെ കണ്‍വീനർ താൻ ബിജെപി നേതാവ് ജാവദേക്കറുമായി ചർച്ച നടത്തിയ കാര്യം പത്രക്കാരെ അറിയിച്ചതും, പോലീസ് തൃശൂർ പൂരം കലക്കിയതുമെല്ലാം കൂട്ടി വായിക്കപ്പെട്ടു. മുഖ്യമന്ത്രിയുമായി ഏറെ ബന്ധപ്പെട്ട സ്വർണ കള്ളക്കടത്തു കേസിന്റെ അന്വേഷണം എങ്ങുമെത്താത്തതും ലാവ്ലിൻ കേസ് സുപ്രീംകോടതിയിൽ പത്തു വർഷത്തോളമായി നീട്ടിവയ്ക്കപ്പെടുന്നതും എല്ലാം എല്ലാവർക്കും മനസിലാകുന്ന അടയാളങ്ങളാണ്.
സിപിഎമ്മിൽ മനംമാറ്റം
ഇങ്ങനെ പോയാൽ സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ആർഎസ്എസ് വിരുദ്ധ വിശ്വാസ്യത കൂടുതൽ അപകടത്തിലാവും എന്നു സിപിഎമ്മിലെതന്നെ നേതാക്കൾക്കു വരെ തോന്നിത്തുടങ്ങി എന്നതാണ് സമകാലീന സംഭവവികാസങ്ങൾ നൽകുന്ന കൃത്യമായ സൂചന. പഴയ ഒരു കുഞ്ഞിരാമന്റെ കള്ളക്കഥയുമായി വന്നാൽ ജനം പരിഹസിക്കുമെന്നും തിരിച്ചറിയുന്നു. പൂച്ചയ്ക്ക് മണി കെട്ടണമെന്ന് അവർക്കും ചിന്തയായി. പക്ഷേ ആര്, എങ്ങനെ എന്ന ചോദ്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് പാർട്ടിയും ഘടകകക്ഷികളും. മുഖ്യമന്ത്രിക്കു പദവി ഉണ്ടാക്കിക്കൊടുത്തത് പാർട്ടിയാണ്, അദ്ദേഹം വീട്ടിൽനിന്നു കൊണ്ടുവന്നതല്ല എന്ന അൻവറിന്റെ ആവേശം എം.വി. ഗോവിന്ദന്റെ വാക്കുകളിൽ ഇല്ലെങ്കിലും ആഎസ്എസ് നേതാക്കളെ എഡിജിപി കണ്ടതിന് സർക്കാർ ഉത്തരം പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് ചെറിയ കാര്യമല്ല.
ഇടതുമുന്നണി യോഗത്തിൽ അജിത്കുമാറിനെതിരേ ഉയർന്ന കലാപസ്വരത്തെ പിണറായി കർക്കശമായിത്തന്നെ നേരിട്ടു. താനറിയാത്ത കാര്യമല്ല അതെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി അറിഞ്ഞു നടന്ന ചർച്ചകളാണതെന്നു വ്യക്തമായി. എഡിജിപി അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട വിവരം ഇന്റലിജൻസ് വിഭാഗം മോധാവി ടി. വിനോദ് കുമാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ വളരെ നേരത്തേ അറിയിച്ചതാണെന്ന് എല്ലാവരും അറിഞ്ഞു. ഇക്കാര്യംകൂടി അജിത്കുമാറിനെതിരേ അന്വേഷണം നടത്തുന്ന ഡിജിപി അന്വേഷിക്കും എന്നും അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടാൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഡിജിപി എന്ത് അന്വേഷിച്ച് കണ്ടുപിടിക്കാനാണെന്ന് ആർക്കുമറിയില്ല. എങ്കിലും അദ്ദേഹത്തിനെതിരേ നടപടികൾ വന്നേക്കും എന്ന പ്രതീക്ഷ ഇടതുമുന്നണിക്കുണ്ട്.
മുഖം നോക്കാതെ അഭയം
തനിക്കു പ്രയോജനമുള്ള, പാർട്ടിയിലെയും പ്രതിപക്ഷത്തെപ്പോലും ആളുകൾക്ക് അഭയം കൊടുത്ത് അവരുടെ വിധേയത്വം നേടുന്നതിൽ വല്ലാത്ത ‘തന്റേടം’ കാണിക്കുന്ന നേതാവാണ് പിണറായി. ആർഎസ്എസുകാരോട് മാത്രമല്ല, കോണ്‍ഗ്രസുകാരോടും ലീഗുകാരോടും കേരള കോണ്ഗ്രസുകാരോടുമെല്ലാം കണിക്കുന്ന മനസാണിത്. പക്ഷേ, എതിരാളികളെ അറിഞ്ഞു വീഴ്ത്താനും എല്ലാ മാർഗവും ഉപയോഗിക്കും. സോളാർ കേസ് സിബിഐക്കു വിട്ടതും പി.സി. ജോർജിനെ ഉറക്കത്തിൽനിന്നു വിളിച്ചെഴുന്നേൽപ്പിച്ച് കസ്റ്റഡിയിൽ എടുത്തതുംപോലെയുള്ള ഉദാഹരണങ്ങൾ നിരവധി.
പിണറായി കൊടുക്കുന്ന സംരക്ഷണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പി.കെ. ശശി. അദ്ദേഹത്തെ സ്വഭാവദൂഷ്യത്തിന്റെ പോരിൽ പാർട്ടി എല്ലാ പദവികളിൽനിന്നും നീക്കി. പക്ഷേ, പിണറായിയുടെ മരുമകന്റെ ടൂറിസം വകുപ്പിൽ ഒരു കുലുക്കവുമില്ലാതെ കെടിഡിസി ചെയർമാനായി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി അൻവറിന്റെ ആരോപണങ്ങളിൽ പ്രതിസ്ഥാനത്തു നിൽക്കുമ്പോഴും പിണറായിയുടെ മേലങ്കിയിൽ സുരക്ഷിതനായി കഴിയുന്നു. ഗോപി കോട്ടമുറിക്കലും ഇങ്ങനെ പിണറായിയുടെ സഹായത്തോടെ രക്ഷപ്പെട്ട ആളാണ്. പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട ഗോപി ഇന്ന് കേരള ബാങ്കിന്റെ പ്രസിഡന്റാണ്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിഞ്ഞ കുഞ്ഞനന്തനെ ജയിലിൽ പോയി കണ്ടു മുഖ്യമന്ത്രി പിണറായി. ബാർ കോഴക്കേസിന്റെ മറവിൽ നിയമസഭ അടിച്ചുപൊളിച്ചവർക്കെല്ലാം പിണറായി മന്ത്രിസ്ഥാനം നല്കി. കേസിൽ കുടുങ്ങുന്ന മറ്റു പാർട്ടികളിലെ നേതാക്കളോടും പിണറായി ഇത്തരം സമീപനം കാണിക്കാറുണ്ട്. ലീഗിലെ കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീം പാർലർ കേസിൽ കുടുക്കാൻ വി.എസ്. കിണഞ്ഞു ശ്രമിച്ചപ്പോൾ പിണറായി സഹായിക്കുകയായിരുന്നില്ലേ? അടുത്തകാലത്ത് കുഞ്ഞാലിക്കുട്ടി സഹകരണ ബാങ്കുകൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നതായി ഇഡിക്കു പരാതി കൊടുത്ത കെ.ടി. ജലീലിനെ നിർത്തിപ്പൊരിച്ചില്ലേ പിണറായി.
പിണറായി കൂടെ നിൽക്കുന്നവരെ വല്ലാതെ സംരക്ഷിക്കുന്ന ആശ്രിതവത്സലനാണ്. ഇത്തരക്കാർക്ക് വലിയ തരിച്ചടികൾ നേരിടേണ്ടിവരും എന്നതാണ് ചരിത്രപാഠം. പിണറായിയെ കത്തിരിക്കുന്നത് എന്താകുമോ?