കൂട്ടിലടച്ച തത്തയായി സിബിഐ
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Saturday, September 14, 2024 12:09 AM IST
കൂട്ടിലടച്ച തത്ത. കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയെക്കുറിച്ചു സുപ്രീംകോടതി വീണ്ടും നടത്തിയ പരാമർശമാണിത്. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാളിനു ജാമ്യം അനുവദിച്ചുകൊണ്ടാണു പുതിയ വിമർശനം. കൂട്ടിലടച്ച തത്ത ആണെന്ന ധാരണ സിബിഐ ദൂരീകരിക്കണമെന്നു ജസ്റ്റീസ് ഉജ്വൽ ഭൂയാൻ ഇന്നലെ തുറന്നടിച്ചു. ഇതേ സിബിഐക്കെതിരേ 2013ലും സുപ്രീംകോടതി കൂട്ടിലടച്ച തത്തയെന്ന വിമർശനം നടത്തിയിരുന്നു. കേന്ദ്രം ഭരിക്കുന്ന സർക്കാരും 11 വർഷവും മാറിയെങ്കിലും വിശ്വാസ്യത വീണ്ടെടുക്കാൻ സിബിഐക്കു കഴിഞ്ഞിട്ടില്ല.
ഡൽഹി മദ്യനയ കേസിൽ ഇഡിയും സിബിഐയും അറസ്റ്റ് ചെയ്തു ജയിലിടച്ച മുഖ്യമന്ത്രിക്ക് ആറു മാസത്തിനുശേഷമാണു ജാമ്യം അനുവദിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽവരുന്നതിനു തൊട്ടുമുന്പ് അറസ്റ്റിലായ കേജരിവാൾ കഴിഞ്ഞ മാർച്ച് 21 മുതൽ തടവിൽ കഴിയുകയായിരുന്നു. മാർച്ചിൽ ഇഡി അറസ്റ്റ് ചെയ്ത അതേ കേസിലാണ് അതേയാളെ ജൂണ് 26ന് സിബിഐ അറസ്റ്റ് ചെയ്തത്. ഒരു കേസിൽ ജാമ്യം നേടിയാലും മറ്റൊരു കേസിൽ അകത്തു കിടത്തണമെന്ന താത്പര്യം നിയമത്തേക്കാളേറെ രാഷ്ട്രീയമാകും. മുഖ്യമന്ത്രി ജയിലഴിക്കുള്ളിൽ തുടരുന്നുവെന്ന് ഉറപ്പാക്കാനുള്ള ഇൻഷ്വറൻസ് അറസ്റ്റ് എന്നാണ് ഇതേക്കുറിച്ച് മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി കോടതിയിൽ പറഞ്ഞത്.
ന്യായമില്ലാത്ത അറസ്റ്റെന്ന് കോടതി
കേജരിവാളും സംഘവും നൂറുകോടിയോളം രൂപ അഴിമതി നടത്തിയെന്നാണു ഡൽഹി മദ്യനയ കേസ്. എന്നാൽ ഏതെങ്കിലും ആരോപണം തെളിയിക്കാനോ അഴിമതി പണത്തിൽനിന്ന് ഒരു രൂപയെങ്കിലും വീണ്ടെടുക്കാനോ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു കഴിഞ്ഞിട്ടില്ല. കേജരിവാളിനെതിരേയുള്ള ആരോപണങ്ങൾ കോടതി ഇനിയും തള്ളിയിട്ടില്ലെന്നതു മാത്രമാണു സർക്കാരിന്റെ ന്യായം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ കേജരിവാളിനു വിചാരണക്കോടതി ജാമ്യം നൽകിയപ്പോഴാണു സിബിഐ നീക്കം ശക്തമാക്കിയത്. ജസ്റ്റീസുമാരായ സൂര്യകാന്തും ഉജ്വൽ ഭൂയാനും അടങ്ങിയ സുപ്രീംകോടതി ബെഞ്ചു തന്നെയാണ് ഇക്കാര്യം ഇന്നലെ ചൂണ്ടിക്കാട്ടിയത്. കേസെടുത്ത് 22 മാസമായി അറസ്റ്റ് ചെയ്യാതിരുന്ന കേജരിവാളിനെ, ഇഡി കേസിൽ മോചനത്തിന്റെ പാതയിലായിരുന്നപ്പോൾ അറസ്റ്റ് ചെയ്യാനുള്ള സിബിഐയുടെ ത്വര മനസിലാക്കാൻ കഴിയുന്നില്ലെന്നു ജസ്റ്റീസ് ഭൂയാൻ പറഞ്ഞു.
കേജരിവാളിനെ അറസ്റ്റ് ചെയ്തതിനെ ന്യായീകരിക്കാൻ സിബിഐക്കു കഴിയില്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചതു ഗൗരവമുള്ളതാണ്. ഇഡി കേസിൽ ജാമ്യം ലഭിച്ചപ്പോൾ കേജരിവാളിനെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നതു നീതിയുടെ പരിഹാസം ആണെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. കേജരിവാൾ സഹകരിച്ചില്ലെന്നു പറയുന്നതു കാരണമല്ല. നിസഹകരണം എന്നാൽ സ്വയം കുറ്റപ്പെടുത്തലല്ലെന്നും ജസ്റ്റീസ് ഭൂയാൻ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക ഇഡി കേസായതിനാൽ ജുഡീഷൽ അച്ചടക്കത്തിന്റെ പേരിൽ കേജരിവാളിനു ചുമത്തിയ വ്യവസ്ഥകളെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസ്യതയില്ലാതെ സിബിഐ
ജാമ്യം നൽകിയെങ്കിലും കേജരിവാൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറുന്നതും ഔദ്യോഗിക ഫയലുകളിൽ ഒപ്പിടുന്നതും വിലക്കിയിട്ടുണ്ട്. കേസിന്റെ മെറിറ്റിനെക്കുറിച്ചു പരസ്യമായി അഭിപ്രായം പറയരുതെന്നും കോടതി നിർദേശിച്ചു. വിചാരണ വേഗം അവസാനിക്കാനിടയില്ലെന്നും അതുവരെ കേജരിവാളിനെ ജയിലിൽ അടയ്ക്കാനാകില്ലെന്നുമാണു കോടതി ചൂണ്ടിക്കാട്ടിയത്. വൻതുക അടക്കം ജാമ്യ വ്യവസ്ഥകളുണ്ടെങ്കിലും ആം ആദ്മി പാർട്ടി നേതാവ് സ്വതന്ത്രനായി പുറത്തിറങ്ങിയെന്നതാണു മുഖ്യം. അതിലേറെ കേജരിവാളിനെ തടവിൽ പാർപ്പിക്കാനുള്ള സിബിഐയുടെയും അതുവഴി കേന്ദ്രസർക്കാരിന്റെയും ഗൂഢതാത്പര്യത്തിന്റെ കരണത്താണു പരമോന്നത കോടതിയുടെ അടി.
കൽക്കരി കേസിലാണ് “യജമാനന്റെ ശബ്ദത്തിൽ സംസാരിക്കുന്ന കൂട്ടിലടച്ച തത്തയാണെന്ന്’’ സിബിഐക്കെതിരേ സുപ്രീംകോടതി 2013ൽ വിമർശനം നടത്തിയത്. സ്വകാര്യ കന്പനികൾക്കു കൽക്കരി ലൈസൻസ് അനുവദിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇടപെട്ടെന്നാരോപിച്ച് ആയിരുന്നു സിബിഐക്കെതിരേ ജസ്റ്റീസ് ആർ.എം. ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ കടുത്ത പരാമർശം ഉണ്ടായത്. സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് അഴിമതി റിപ്പോർട്ടിന്റെ കാതൽ മാറ്റിയതെന്നു കോടതി നിരീക്ഷിച്ചു. ഇത്തരത്തിൽ സർക്കാരിന്റെ നിർദേശമനുസരിക്കുന്ന കൂട്ടിലടച്ച തത്ത ആകരുത് എന്ന കർശന മുന്നറിയിപ്പാണു കോടതി നൽകിയത്. പക്ഷേ എന്തു ഫലം.
രാഷ്ട്രീയ ചട്ടുകമായി ഏജൻസികൾ
കേന്ദ്ര അന്വേഷണ ഏജൻസികൾ കേന്ദ്രം ഭരിക്കുന്നവരുടെ രാഷ്ട്രീയ ചട്ടുകം ആണെന്ന് പ്രതിപക്ഷം ആരോപിക്കുന്നതു ശരിവയ്ക്കുന്നതാണു സുപ്രീംകോടതിയുടെ കൂട്ടിലെ തത്ത പ്രയോഗം. സീസറിന്റെ ഭാര്യയെപോലെ സംശയത്തിന് അതീതമായിരിക്കണം സിബിഐയെന്നു ജഡ്ജി ഓർമപ്പെടുത്തി. സിബിഐ, ഇഡി, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ 2014 മുതൽ നരേന്ദ്ര മോദി സർക്കാർ ദുരുപയോഗിക്കുന്നുവെന്ന ആക്ഷേപത്തിൽ കഴന്പുണ്ടെന്നു സുപ്രീംകോടതിക്കും തോന്നിയിരിക്കുന്നു. സിബിഐ, ഇഡി അടക്കമുള്ളവർ അറസ്റ്റു ചെയ്തവരിൽ എത്രപേരെ ശിക്ഷിച്ചുവെന്നതാണു പ്രധാനം.
കോണ്ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും നാഷണൽ ഹെറാൾഡ് കേസിൽ ദിവസങ്ങളോളം ഇഡി ചോദ്യം ചെയ്തപ്പോൾ പലരും അറസ്റ്റ് പ്രതീക്ഷിച്ചു. പക്ഷേ ഒന്നുമുണ്ടായില്ല. തെളിവുണ്ടെങ്കിൽ അറസ്റ്റ് ഒഴിവാകില്ല. മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്തു ദിവസങ്ങളോളം ജയിലിലടച്ച കേസിൽ പിന്നീട് എന്തുണ്ടായെന്ന് അറസ്റ്റ് ചെയ്തവർ പറയുന്നില്ല. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കെ. കവിത, എഎപിയുടെ സഞ്ജയ് സിംഗ് തുടങ്ങിയ നേതാക്കളുടെ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയം മണക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.
ചീഫ് ജസ്റ്റീസിന്റെ പൂജ സിന്പിളല്ല
കേജരിവാളിന്റെ ജാമ്യം വാർത്തയായതുപോലെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നു ഗണപതി പൂജയിൽ പങ്കെടുത്തതും വിവാദമായി. ചീഫ് ജസ്റ്റീസിന്റെ വീട്ടിലെ സ്വകാര്യ പൂജയ്ക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചതും അദ്ദേഹം ചെന്നതും നിസാരമല്ല. സഹ ജഡ്ജിമാരെപോലും ക്ഷണിക്കാത്ത സ്വകാര്യ ചടങ്ങിനാണ് മോദിയെ മാത്രം ക്ഷണിച്ചതും ചെന്നതും. ഫോട്ടോഗ്രാഫറെ കൂട്ടിയാണ് മോദി പോയതെന്നതും പ്രധാനമാണ്. സ്വകാര്യ ചടങ്ങിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പരസ്യമാക്കിയതിലെ ലക്ഷ്യവും സംശയിക്കപ്പെടും.
ചീഫ് ജസ്റ്റീസ് ധനഞ്ജയ ചന്ദ്രചൂഡും ഭാര്യ കൽപനയും ചേർന്ന് മോദിയെ കുനിഞ്ഞു കൈകൂപ്പി സ്വീകരിക്കുന്നതു വീഡിയോയിൽ കാണാം. പൂജയിൽ മോദിയും പങ്കാളിയായി. മോദി ആരതി നേരുന്പോൾ ചീഫ് ജസ്റ്റീസും ഭാര്യ കൽപനയും കൈകൂപ്പി നിൽക്കുന്നു. മതവിശ്വാസവും ആചാരങ്ങളും വ്യക്തികളുടെ സ്വകാര്യ കാര്യമാണ്. വീട്ടിൽ സ്വകാര്യമായി നടത്തുന്ന ചടങ്ങിന്റെ വീഡിയോ പ്രധാനമന്ത്രി പരസ്യമാക്കിയതിലൂടെ ഹൈക്കോടതികളിലെയും വിചാരണക്കോടതികളിലെയും ജഡ്ജിമാർക്കും പൊതുജനങ്ങൾക്കും തെറ്റായ സന്ദേശമാണു നൽകുന്നത്. പ്രതിപക്ഷ നേതാക്കൾക്കെതിരേ അടക്കം മോദിക്കു രാഷ്ട്രീയ താത്പര്യങ്ങളുള്ള നിരവധി കേസുകൾ സുപ്രീംകോടതി ചീഫ് ജസ്റ്റീസും ജഡ്ജിമാരും പരിഗണിക്കുന്നുമുണ്ട്.
ഞെട്ടൽ മാറാതെ നിയമലോകം
ചീഫ് ജസ്റ്റീസിന്റെ വസതിയിലെ പ്രധാനമന്ത്രി പങ്കുവച്ച പൂജയുടെ വീഡിയോ കണ്ടപ്പോൾ ഞെട്ടിപ്പോയെന്ന് മുൻ കേന്ദ്ര നിയമമന്ത്രിയും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റുമായ കപിൽ സിബൽ പറഞ്ഞു. വ്യക്തിപരമായി സത്യസന്ധത പുലർത്തുന്നയാളാണു ചന്ദ്രചൂഡ് എന്നതുകൊണ്ടു മാത്രം പ്രശ്നം ഇല്ലാതാകില്ലെന്ന് മുതിർന്ന അഭിഭാഷകരായ കപിൽ, പ്രശാന്ത് ഭൂഷണ്, ഇന്ദിര ജയ്സിംഗ് തുടങ്ങിയവർ ചൂണ്ടിക്കാട്ടുന്നു. ആളുകളുടെ മനസിൽ എന്തു സ്വാധീനം ചെലുത്തുന്നു എന്നതാണു പ്രശ്നം. രാജ്യത്തെ പരമോന്നത ജുഡീഷറിയെക്കുറിച്ച് ഉണ്ടാകുന്ന സംശയങ്ങൾ സാധാരണക്കാരെ ബാധിക്കും.
ഗണേശ ഉൽസവം ഏറ്റവും പ്രധാനമായ മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്പോഴുള്ള ആ സന്ദർശനത്തിനും ചിത്രത്തിനും രാഷ്ട്രീയ മാനങ്ങളുമുണ്ട്. രാജ്യത്തെ ഏറ്റവും പ്രബലരായ രണ്ടു ഭരണഘടനാ പദവികളിലുള്ളവരാണ് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റീസും. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവർ നടത്തുന്ന ഇഫ്താർ വിരുന്നുപോലെ നിരവധി മന്ത്രിമാരും ജഡ്ജിമാരും പങ്കെടുക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസും ജഡ്ജിമാരും പങ്കെടുക്കുന്നതു പോലെയല്ല, വീട്ടിലെ സ്വകാര്യ പൂജയ്ക്ക് പ്രധാനമന്ത്രിയെ ചീഫ് ജസ്റ്റീസ് വീട്ടിലേക്കു വിളിക്കുന്നത്. ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ അടക്കം മുൻ ചീഫ് ജസ്റ്റീസുമാർ പ്രധാനമന്ത്രിയുടെ ഇത്തരം പരസ്യ വിരുന്നുകളിൽ പങ്കെടുത്തിട്ടുമുണ്ട്. അതിൽ തെറ്റു പറയാനാകില്ല.
സംശയത്തിന് അതീതമാകട്ടെ
സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്നതു പ്രധാനമാണ്. പൊതുജന മനസിൽ സംശയം ഉളവാക്കുന്ന പ്രവൃത്തികൾ പരമോന്നത ന്യായാധിപനും രാഷ്ട്രത്തിന്റെ ഭരണനായകനും ഒഴിവാക്കേണ്ടിയിരുന്നു. ജുഡീഷറിക്കു ഹാനികരമാകുന്ന സംവാദത്തിനും വിവാദത്തിനുമാണു വഴിമരുന്നിട്ടത്. ഭരണഘടനയുടെ സംരക്ഷകർതന്നെ ഇതിനു മുതിരരുത്. പരോക്ഷ ബന്ധമുള്ള കേസുകൾ പരിഗണിക്കുന്നതിൽനിന്നു സ്വമേധയാ പിന്മാറുന്നതു മുതൽ ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടങ്ങൾ വരെ ആരെയും ഓർമിപ്പിക്കേണ്ട കാര്യമല്ല. നീതിപീഠത്തിന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള ഊഹാപോഹങ്ങളും സംശയങ്ങളും അപകടകരമാണ്.