ലാവൻഡർ-ഫ്രണ്ട്ഷിപ് വിവാഹങ്ങളും ഇതര വെല്ലുവിളികളും
ഇന്നത്തെ അശ്രദ്ധ നാളത്തെ അസ്വസ്ഥതയാകാം! -2 / റവ.ഡോ. ടോം കൈനിക്കര
Saturday, September 14, 2024 12:06 AM IST
സമൂഹത്തെയും കുടുംബാംഗങ്ങളെയും ബോധ്യപ്പെടുത്താൻ ചില സൗകര്യത്തിനായി മാത്രം വിവാഹം കഴിക്കുന്നതാണ് ലാവൻഡർ വിവാഹം. പലപ്പോഴും സ്വവർഗ ലൈംഗികാഭിമുഖ്യമുള്ളവരാണ് സമൂഹത്തിന്റെയും കുടുംബത്തിന്റെയും സമ്മർദം മൂലം പരസ്പരം ആകർഷണമോ താത്പര്യമോ ഇല്ലാതെ ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നത്. ഫ്രണ്ട്ഷിപ് വിവാഹം പേര് സൂചിപ്പിക്കുന്നതുപോലെ ഒരേ ലക്ഷ്യവും അഭിരുചികളും ഉള്ള രണ്ടു സുഹൃത്തുക്കൾ ഒരുമിച്ചു ജീവിക്കുന്നതാണ്. പരസ്പരമുള്ള പ്രണയമോ ലൈംഗികബന്ധമോ ഇല്ലാതെ ആഴമായ സൗഹൃദവും പരസ്പര ആദരവും സ്നേഹവുമാണ് ഇത്തരം ബന്ധങ്ങളുടെ പ്രത്യേകതകൾ.
സ്വാഭാവികവും പരന്പരാഗതവുമായ രീതിയിൽ വിവാഹം കഴിച്ചവർക്കും ഈ കാലഘട്ടത്തിൽ അവരുടെ കുടുംബജീവിതത്തിൽ മുന്പ് ഇല്ലാത്ത തരത്തിലുള്ള വെല്ലുവിളികളാണ് നേരിടേണ്ടിവരുന്നത്. അതിൽ ഏറ്റവും പ്രധാനം ഡിജിറ്റൽ ലോകത്ത് കുഞ്ഞുങ്ങളുടെ വളർത്തലിൽ ഉണ്ടാകുന്ന പ്രതിസന്ധിയാണ്. പഠിക്കാനും വളരാനും വിനോദത്തിനും കൂടുതൽ സാധ്യതകൾ തരുന്നുവെങ്കിലും ആധുനിക സാങ്കേതികവിദ്യകൾ ഇരുതലവാളാണ്. സ്ക്രീൻ അഡിക്ഷൻ, വീഡിയോ ഗെയിം, അശ്ലീലക്കാഴ്ചകൾ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ അപകടങ്ങളിലേക്ക് കുട്ടികൾ പതിക്കുന്നതും വലിയ നാശം സംഭവിക്കുന്നതും പല മാതാപിതാക്കൾക്കും കണ്ടുനിൽക്കാനേ സാധിക്കുന്നുള്ളൂ. അതേസമയം, മാതാപിതാക്കളുടെ ജോലിത്തിരക്കുകളും ആകുലതകളും കുടുംബജീവിതത്തെയും കുട്ടികളുടെ പരിശീലനത്തെയും ബാധിക്കുന്നതും പ്രധാനപ്പെട്ട വെല്ലുവിളികളാണ്. മനുഷ്യന് കൂടുതൽ സമാധാനവും ആശ്വാസവും നൽകുന്ന ആത്മീയകാര്യങ്ങൾക്കുപോലും സമയമില്ലാത്തതിനാൽ കുടുംബജീവിതത്തിന്റെ സന്തോഷവും പൊരുത്തവും പലപ്പോഴും അനുഭവവേദ്യമാകാതെ പോകുന്നുണ്ട്.
ഇത്തരത്തിലുള്ള ധാരാളം വെല്ലുവിളികളും ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും വിവാഹത്തിന്റെയും കുടുംബത്തിന്റെയും പ്രസക്തിയും അന്തസും മനുഷ്യനുള്ള കാലത്തോളം നഷ്ടപ്പെടാൻ ഇടയില്ല. കാരണം, ജനനം മുതൽ ദീർഘകാലത്തെ കരുതലും വളർത്തലും പരിശീലനവും മനുഷ്യരുടെ ശരിയായ വളർച്ചയ്ക്കും പക്വതയ്ക്കും ആവശ്യമാണ്. കെട്ടറുപ്പുള്ളതും ശാശ്വതവും സമൂഹം അംഗീകരിക്കുന്നതും സ്ത്രീ-പുരുഷബന്ധത്തിന്റെയും വൈകാരികസ്നേഹത്തിന്റെയും സാമീപ്യം കിട്ടുന്നതുമായ ഒരു കുടുംബാന്തരീക്ഷത്തിലാണ് ഒരു നല്ല വ്യക്തിയും അതിലൂടെ മെച്ചപ്പെട്ട ഒരു സമൂഹവും രൂപപ്പെടുകയെന്നതിന് ലോകചരിത്രം സാക്ഷിയാണ്.
ചരിത്രവും പ്രബോധനവും
വിവാഹവും കുടുംബവുമൊക്കെ കൃത്യമായി എപ്പോൾ ആരംഭിച്ചു, എങ്ങനെ ആരംഭിച്ചു എന്നു ചോദിച്ചാൽ കൃത്യമായി ചരിത്രരേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വിശദമാക്കുക സാമൂഹ്യശാസ്ത്രജ്ഞർക്കും നരവംശശാസ്ത്രജ്ഞർക്കും എളുപ്പമല്ല. എന്നാൽ, പലതരത്തിൽ കുടുംബങ്ങൾ ക്രമാനുഗതമായി വികസിച്ചതിനെക്കുറിച്ചും ഘടനാവ്യത്യാസം ഉണ്ടായതിനെക്കുറിച്ചുമുള്ള പല സിദ്ധാന്തങ്ങളും ഇവർക്കു പറയാൻ സാധിക്കും. തായ്വഴിയിലൂടെ കുടുംബങ്ങൾ രൂപപ്പെടുന്നതും സ്ത്രീകൾക്കു കൂടുതൽ അധികാരവും സ്വത്തും ലഭ്യമാകുന്നതും പുരുഷാധിപത്യ കുടുംബ സംവിധാനത്തിൽ പുരുഷന്മാരിലൂടെ കുടുംബം രൂപപ്പെടുന്നതും സ്വത്തും അധികാരവും കൈമാറുന്നതുമായ സംവിധാനങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. അതുപോലെ ബഹുഭാര്യത്വവും ബഹുഭർതൃത്വവും കുടുംബങ്ങളുടെ ചരിത്രത്തിലുണ്ട്.
കാർഷികസംസ്കാരത്തിലും ഗ്രാമീണതയിലും കൂട്ടുകുടുംബ സംവിധാനമായിരുന്നെങ്കിലും, വ്യവസായ വിപ്ലവത്തിലും നഗരസംസ്കാരത്തിലും അണുകുടുംബങ്ങളായി. ഈ രണ്ടു കുടുംബസംസ്കാരങ്ങളിലും ഘടനയിലും ബന്ധങ്ങളിലും ജീവിതശൈലിയിലും അജഗജാന്തരമുണ്ട്.
എന്നാൽ, ഇത്തരം വ്യത്യാസങ്ങളെല്ലാം ഉണ്ടായിരുന്നപ്പോഴും ഈ കുടുംബങ്ങൾക്കെല്ലാം പൊതുവായി ഉണ്ടായിരുന്ന സ്വഭാവം സ്ത്രീയും പുരുഷനും നിലനിൽക്കുന്ന ബന്ധത്തിലൂടെ ഒന്നിച്ചു ചേരുകയും മക്കളെ ജനിപ്പിക്കുകയും ഒരുമിച്ചു ജോലി ചെയ്ത് അവരെ വളർത്തുകയും സന്പാദിക്കുകയും ചെയ്തിരുന്നു എന്നുള്ളതാണ്.
കുടുംബത്തിന്റെ ചരിത്രം പറയുന്പോൾ ബൈബിളിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. ബൈബിളിലാണ് മനുഷ്യന്റെ ഉത്ഭവം മുതൽതന്നെ കുടുംബവും ഉണ്ടെന്നു പഠിപ്പിക്കുന്നത്. വിവാഹവും കുടുംബവും സൃഷ്ടിയുടെതന്നെ ഭാഗമാണ്. ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചതും അവരെ ഒരുമിച്ചു ചേർത്തതും അവർ രണ്ടുപേരും ഒരു ശരീരമായിത്തീർന്നതുമെല്ലാം ആദ്യത്തെ വിവാഹവും കുടുംബവും ദൈവത്തിനു മനുഷ്യനെക്കുറിച്ച് ആദിമുതലേയുള്ള പദ്ധതിയുടെ ഭാഗമായതുകൊണ്ടാണെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് വിവാഹത്തെ ആദിമുതലേയുള്ള കൂദാശ എന്ന് ജോണ് പോൾ രണ്ടാമൻ മാർപാപ്പ വിളിച്ചത്.
സമൂഹത്തിന്റെയും നാടിന്റെയുമെല്ലാം അടിസ്ഥാനം കുടുംബമാണ്. ഒരു രാജ്യത്തിന്റെയും നാടിന്റെയും കരുത്ത് നിർണയിക്കുന്നത് ആ രാജ്യത്തെ കുടുംബങ്ങളുടെ ആർജവമാണെന്നു പഠിപ്പിച്ചത് കണ്ഫ്യൂഷ്യസ് ആണ്. സാമൂഹ്യജീവിയായ മനുഷ്യന്റെ ആദ്യത്തെ സമൂഹം കുടുംബമാണ്. അവിടെയാണ് മനുഷ്യബന്ധങ്ങൾ ആരംഭിക്കുന്നതും വളരുന്നതും ശക്തി പ്രാപിക്കുന്നതും.
ഈ കുടുംബബന്ധത്തിന്റെ അടിസ്ഥാനമാണ് വിവാഹം. വിവാഹമാണ് കുട്ടികളുടെ ഏറ്റവും വലിയ സാമൂഹ്യാധ്യാപകൻ. പൗരധർമങ്ങളും ജീവിതമൂല്യങ്ങളായ സത്യസന്ധതയും വിശ്വസ്തതയും ആത്മത്യാഗവും വ്യക്തിപരമായ ഉത്തരവാദിത്വവും പരസ്പരബഹുമാനവും എല്ലാം പ്രാഥമികമായി പഠിക്കുന്നതും അഭ്യസിക്കുന്നതും വിവാഹത്തിലാണ്. വിവാഹത്തിൽ ഭാര്യയും ഭർത്താവും പരസ്പരബന്ധത്തിലൂടെയും കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിലൂടെയും അഭ്യസിക്കുന്ന ഇതേ പുണ്യങ്ങളാണ് സമൂഹത്തിലേക്കും പ്രസരിക്കുന്നത്.
എല്ലാ സംസ്കാരങ്ങളും മതങ്ങളും അതുകൊണ്ടുതന്നെയാണ് വിവാഹത്തെയും കുടുംബത്തെയും വളരെയധികം പ്രാധാന്യത്തോടെയും പവിത്രമായും കാണുന്നത്. വിവാഹത്തെക്കുറിച്ചുള്ള സഭയുടെ എല്ലാ പഠനങ്ങളിലും പൊതുവായി കാണുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ എത്രമാത്രം ശ്രേഷ്ഠവും വിശുദ്ധവുമാണ് ഈ സംവിധാനം എന്നു മനസിലാകും. ഏറ്റവും പ്രധാന കാര്യം ഇതൊരു ദൈവികസംവിധാനമാണെന്നതാണ്. ദൈവത്തിന്റെ സ്നേഹം മനുഷ്യർക്കു നൽകാൻ, മനുഷ്യർ പരസ്പരം സ്നേഹിച്ച് ദൈവസ്നേഹത്തിൽ വളരാൻ, ആ സ്നേഹത്തിന്റെ ഫലമായ മക്കളെ സ്വീകരിക്കാനും വളർത്താനുമെല്ലാം സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ സംവിധാനമാണ് വിവാഹവും കുടുംബവും. മരണത്തിനല്ലാതെ മറ്റൊന്നിനും വേർപെടുത്താനാവാത്ത വിവാഹബന്ധവും അതിന്റെയടിസ്ഥാനത്തിലുള്ള കുടുംബജീവിതവും മനുഷ്യരാശിയുടെ സുസ്ഥിതിക്കും പുരോഗതിക്കും ഒഴിവാക്കാനാവാത്തതെന്നു തന്നെയാണ് സഭയുടെയും എല്ലാ മതങ്ങളുടെയും ശക്തമായ പ്രബോധനം.
മാറ്റങ്ങളുടെ നടുവിൽ മാറാൻ പാടില്ലാത്തത്
എല്ലാക്കാലത്തും പുതിയ പ്രവണതകളും അതിന്റെ ഫലമായുള്ള മാറ്റങ്ങളും സ്വാഭാവികമാണ്. എന്നാൽ, മാറ്റത്തിന്റെ നടുവിൽ എന്തൊക്കെയാണ് മാറാതെ നിലനിൽക്കേണ്ടത് എന്നത് അവധാനതയോടെ പഠിക്കാനും അതിനെ സംരക്ഷിക്കാനും ഉത്തരവാദിത്വപ്പെട്ടവർക്ക് ചുമതലയുണ്ട്. അല്ലെങ്കിൽ വലിയ നഷ്ടങ്ങൾ സംഭവിക്കും എന്നതിന് ധാരാളം ഉദാഹരണങ്ങളുമുണ്ട്.
ഏതു മാറ്റങ്ങളുടെ നടുവിലും വിവാഹം, കുടുംബം എന്നീ സങ്കല്പങ്ങൾ മനുഷ്യർക്ക് ആവശ്യമാണെന്നും അതവരുടെ നന്മയ്ക്കും വളർച്ചയ്ക്കും ഉയരത്തിലേക്കു പറക്കാനും ശേഷി പകരുന്ന ശക്തമായ ചിറകുകളാണെന്നും കാലാകാലങ്ങളായി തെളിയിക്കപ്പെട്ട സത്യമാണ്. എത്രയെത്ര പുതിയ പ്രവണതകൾ വരികയും പോകുകയും ചെയ്തിട്ടും കുടുംബം എന്ന സംവിധാനം അടിസ്ഥാനപരമായി മാറാതെ നിൽക്കുന്നത് അത് മനുഷ്യപ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ടാണ്. വിവാഹം എന്ന ഒരു ഉടന്പടിബന്ധത്തിലൂടെ സ്ത്രീയും പുരുഷനുമാണ് കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നത് എന്നത് ഒരിക്കലും മാറാൻ പാടില്ലാത്ത സത്യമാണ്. കാരണം സ്ത്രീക്കും പുരുഷനും പരസ്പരം സ്നേഹിക്കാനും പങ്കുവയ്ക്കാനും ഒന്നാകാനും ഒരുമിച്ചു വളരാനും ഏറ്റവും അനുയോജ്യവും ആധികാരികവുമായ ഇടമാണ് വിവാഹവും കുടുംബവും. ഈ ബന്ധത്തിൽ രണ്ടുപേർക്കും ഒരേ അവകാശവും തുല്യതയും ഉത്തരവാദിത്വവുമാണുള്ളത്. അതിനു വിരുദ്ധമായതൊന്നും കുടുംബസംവിധാനത്തിന് ചേർന്നതല്ല. അതുപോലെതന്നെ വിവാഹവും കുടുംബവും പ്രത്യുത്പാദനത്തിനും കുഞ്ഞുങ്ങളെ വളർത്താനും അതുവഴി മനുഷ്യരാശിയുടെയും മാനവികതയുടെയും രൂപവത്കരണത്തിനും നിലനിൽപ്പിനുമുള്ള ഏറ്റവും സുരക്ഷിതവും സുന്ദരവുമായ ഇടമാണ്.
പരസ്പരം സ്നേഹിക്കാനും പങ്കുവയ്ക്കാനും ഒന്നാകാനും കുഞ്ഞുങ്ങളെ ജനിപ്പിക്കാനും വളർത്താനും സാധിക്കാതെ ഏതെങ്കിലുമൊക്കെ ബന്ധത്തെ, സൗഹൃദത്തെ, ഒരുമിച്ചു താമസിക്കുന്നതിനെ, എങ്ങനെയങ്കിലുമൊക്കെയുള്ള ബന്ധങ്ങളെ വിവാഹം, കുടുംബം എന്നൊക്കെ വിളിക്കാനും അംഗീകാരം നൽകാനും തുടങ്ങിയാൽ അതിന്റെ പരിണതഫലം അനുഭവിക്കാനും പിന്നീട് തിരുത്താനും എത്രയൊക്കെ നഷ്ടങ്ങളും ദുരിതങ്ങളും വരുംതലമുറ അനുഭവിക്കേണ്ടിവരും. മാറ്റങ്ങളും പുതിയ പ്രവണതകളുമൊക്കെ ആവശ്യമാണ്. പക്ഷെ അവയുടെ നടുവിൽ മനുഷ്യന്റെ പ്രകൃതിയും അന്തസുമായി ബന്ധപ്പെട്ടുകിടക്കുന്ന വിവാഹം, കുടുംബം പോലെയുള്ള സത്യങ്ങൾ ജാഗ്രതയോടെയും ഉത്സാഹത്തോടെയും അവധാനതയോടെയും കാത്തുപരിപാലിച്ചില്ലെങ്കിൽ അത്തരം അശ്രദ്ധ മനുഷ്യരാശിയുടെതന്നെ നിലനിൽപ്പും സുരക്ഷിതത്വവും ക്ഷേമവും അപകടത്തിലാക്കുമെന്ന് മറക്കാതിരിക്കാം.
(അവസാനിച്ചു)