വർഗീയതയ്ക്കും ആഗോളീകരണത്തിനും എതിരായ നിലപാടുകളിൽ ഉറച്ചുനിന്ന സൈദ്ധാന്തികന്‍ വിട
എ.വി. സുനിൽ
Friday, September 13, 2024 2:30 AM IST
ഏറെ അകലെയുള്ള ഒരു സ്വപ്നമാണ് വിപ്ലവം എന്ന തിരിച്ചറിവ് സമ്മാനിച്ച സൗമ്യത. മാർക്സിസം മുതൽ മതരാഷ്ട്രീയം വരെ നിതാന്ത ജാഗ്രതയോടെ നിരീക്ഷിച്ചു രൂപപ്പെടുത്തിയ ആശയതീക്ഷ്ണത. ഇതു രണ്ടിന്റെയും സമഞ്ജസസമ്മേളനമായിരുന്നു ആറു പതിറ്റാണ്ടോളം ചുവപ്പുപതാകയുടെ ഓരംപറ്റി നടന്ന സീതാറാം യെച്ചൂരി എന്ന പ്രായോഗികവാദിയായ ഇടതുനേതാവിന്റേത്.
തെലുങ്കാന പ്രക്ഷോഭകാലത്ത് മൊട്ടിട്ട്, അടിയന്തരാവസ്ഥയുടെ ചൂടേറ്റ് തളരാതെ മുന്നേറിയ യെച്ചൂരി മൂന്നു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ഇടതുപക്ഷത്തിന് ബൗദ്ധികാടിത്തറയും രാജ്യത്തെ മതനിരപേക്ഷ ചേരിക്ക് പോരാട്ടത്തിനുള്ള ഊർജവും സംഭാവന ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. സംഘടനയ്ക്കുള്ളിൽ പലപ്പോഴും കടുകട്ടിയായ നിലപാടുകളെ തള്ളിപ്പറഞ്ഞ് മാനവികപക്ഷത്തിനൊപ്പം ചേരാൻ ധൈര്യം കാണിച്ചിട്ടുള്ള യെച്ചൂരി പാർട്ടിയിലെ പല പതിവുകളും തിരുത്തിത്തന്നെയാണ് ജനറൽ സെക്രട്ടറി പദവിവരെ എത്തിയത്.
പ്രാദേശിക, ജില്ലാ, സംസ്ഥാന ഘടകങ്ങളിലൊന്നും പ്രവർത്തിക്കാതെ നേരിട്ട് കേന്ദ്ര കമ്മിറ്റികളിൽ എത്തുന്നതിൽ തുടങ്ങുന്നു ആ യാത്ര. 32 വർഷം സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗമായും 2015 മുതൽ ജനറൽ സെക്രട്ടറിയായും തുടരുന്ന സീതാറാം യെച്ചൂരി 1960കളുടെ അവസാനം തെലുങ്കാന പ്രക്ഷോഭത്തിലൂടെയാണ് ചുവപ്പൻ ആശയങ്ങളിലേക്ക് ആകൃഷ്ടനാകുന്നത്.
ചെന്നൈയിൽ ജനിച്ച് ഹൈദരാബാദിൽ പ്രാഥമിക വിദ്യാഭ്യാസവും കഴിഞ്ഞ് ഡൽഹിയിൽ എത്തിയപ്പോൾ പഠനം മാത്രമായിരുന്നു യെച്ചൂരിക്കുമുന്നിൽ വീട്ടുകാർ വച്ച ഏക നിബന്ധന. എന്നാൽ, അടിയന്തരാവസ്ഥ ഉൾപ്പെടെ രാഷ്ട്രീയ സാഹചര്യങ്ങൾ സഹജീവിസ്നേഹം കലശലായിരുന്ന സീതാറാം യെച്ചൂരിയെ പ്രതിഷേധത്തെരുവുകളിൽ എത്തിക്കുകയായിരുന്നു. അന്നു മുതൽ സജീവവും സവിശേഷവുമായ ഇടപെടലുകളിലൂടെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ യച്ചൂരി നിറഞ്ഞുനിന്നു.
പരമ്പരാഗത ചിന്താധാരകൾ പിന്തുടർന്ന കുടുംബത്തിൽനിന്നുവന്ന് വരേണ്യതയുടെ സൗഭാഗ്യങ്ങളെല്ലാം ഉപേക്ഷിച്ച് അധ്വാനവർഗത്തിനായി ജീവിതം സമർപ്പിച്ച അദ്ദേഹം സംശുദ്ധമായ രാഷ്ട്രീയ നിലപാടുകളെ ഉപേക്ഷിക്കാൻ ഒരു ഘട്ടത്തിലും തയാറായില്ല.
അധികാരത്തിനുവേണ്ടി മുൻ നിലപാടുകളെല്ലാം ഉപേക്ഷിക്കുന്ന വർത്തമാനകാലത്ത് ജനാധിപത്യത്തിനും മതേതരത്വത്തിനുംവേണ്ടി ശക്തമായി നിലയുറപ്പിച്ചു എന്നതും അദ്ദേഹത്തിന്റെ ആശയദൃഢത വ്യക്തമാക്കുന്നതാണ്.
1952 ഓഗസ്റ്റ് 12നു ചെന്നെയിലായിരുന്നു ജനനം. തെലുങ്ക് സംസാരിക്കുന്ന ആന്ധ്ര ബ്രാഹ്മണ ദമ്പതികളായ സർവേശ്വര സോമയാജുല യെച്ചൂരിയും കൽപ്പാക്കവുമായിരുന്നു മാതാപിതാക്കൾ. ആന്ധ്രപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ എൻജിനിയറായിരുന്നു പിതാവ്. അമ്മ സർക്കാർ സർവീസിൽ ഉദ്യോഗസ്ഥയും. ഹൈദരാബാദിലെ ഓൾ സെയിന്റ്സ് സ്കൂളിൽ പത്താംതരം വരെ പഠനം.
തെലുങ്കാന സമരം കൊടുമ്പിരികൊണ്ട നാളുകളിൽ പഠനം മാത്രം ലക്ഷ്യമിട്ട് മാതാപിതാക്കളുടെ നിർബന്ധ പ്രകാരം ഡൽഹിയിലേക്ക്. പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂളിൽ ഹയർ സെക്കൻഡറിക്കു ചേർന്നു. പഠനത്തിൽ അതിസമർഥനായ സീതാറാം സിബിഎസ്ഇ ഹയർ സെക്കൻഡറി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടി. തുടർന്ന് സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു ബിരുദവും 1975ൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടി. രണ്ടിലും ഫസ്റ്റ് ക്ലാസോടെയായിരുന്നു വിജയം.
അവിടെത്തന്നെ ഇക്കണോമിക്സിൽ പിഎച്ച്ഡിക്കു ചേർന്നു. ഇതിനിടെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. പ്രതിഷേധത്തിന്റെ മുൻനിരക്കാരനായ യെച്ചൂരി ഗവേഷണം പൂർത്തിയാക്കുന്നതിനു മുന്നേതന്നെ അറസ്റ്റിലായി. ജയിൽമോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. അവിടത്തെ പഠനകാലയളവിൽ മൂന്നുതവണ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി. 1974ൽ എസ്എഫ്ഐയിൽ ചേർന്നു.
1978ൽ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരി അതേ വർഷംതന്നെ അഖിലേന്ത്യാ പ്രസിഡന്റായി. 1985ൽ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്കു സ്ഥാനക്കയറ്റം.1992 മുതൽ പോളിറ്റ് ബ്യൂറോ അംഗം.
2015ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടില്‍നിന്ന് ദേശീയ ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുത്തു. 2018ല്‍ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസിലും 2022ൽ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലും വീണ്ടും പാർട്ടിയെ നയിക്കാൻ നിയോഗം.
പീപ്പിള്‍സ് ഡെമോക്രസി വാരികയുടെ എഡിറ്ററായിരുന്നു. 2005ല്‍ പശ്ചിമബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായതോടെ പാർലമെന്ററി രംഗത്തു ശ്രദ്ധേയനായി. സിപിഎം മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയുടെ എഡിറ്ററുമാണ്. വാഗ്മിയും നയതന്ത്രജ്ഞനുമായ യെച്ചൂരി നേപ്പാളിൽ മാവോയിസ്റ്റുകളെ ജനാധിപത്യത്തിന്റെ പാതയിലേക്കു നയിക്കുന്നതിനു നടത്തിയ ഇടപെടലുകൾ പ്രശംസാർഹമായിരുന്നു.
നേപ്പാളിലെ പ്രമുഖ മാവോയിസ്റ്റ് നേതാക്കളായ പ്രചണ്ഡ, ബാബുറാം ഭട്ടറായി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ആഗോളവത്കരണ, ഉദാരവത്കരണ നയങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്ന അദ്ദേഹത്തിന്റെ ‘ആഗോളവത്കരണ കാലത്തെ സോഷ്യലിസം’ എന്ന പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.