ഭക്ഷ്യസുരക്ഷാ പരിവർത്തനം വികിരണ സാങ്കേതികവിദ്യയിലൂടെ
ചിരാഗ് പാസ്വാൻ
Thursday, September 12, 2024 4:27 AM IST
ഭക്ഷ്യസുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും പോലുള്ള കേടാകുന്ന വസ്തുക്കൾ നഷ്ടമാക്കുന്നതും പാഴാക്കുന്നതും ഒഴിവാക്കേണ്ടതു വളരെ പ്രധാനമാണ്. നമ്മുടെ കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കാനും ഇതു സഹായിക്കുന്നു.
കൂടാതെ, കാർഷികോത്പന്നങ്ങളുടെയും സംസ്കരിച്ച ഭക്ഷ്യോത്പന്നങ്ങളുടെയും വ്യാപാരം വളരുന്നതിനനുസരിച്ച്, ഫലപ്രദമായ ഭക്ഷ്യസുരക്ഷാ പരിപാലനം കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഭക്ഷ്യസുരക്ഷയുടെയും സംരക്ഷണത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, 2024-25ലെ കേന്ദ്രബജറ്റ് എംഎസ്എംഇ മേഖലയിൽ 50 വിവിധോത്പന്ന ഭക്ഷ്യ വികിരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനു ധനസഹായം അനുവദിച്ചിട്ടുണ്ട്.
ഭക്ഷ്യ വികിരണ സാങ്കേതികവിദ്യ കാർഷിക ഭക്ഷ്യോത്പന്നങ്ങളുടെ സംഭരണ കാലാവധിയും സുരക്ഷയും വർധിപ്പിക്കുകയും ഉത്പാദനത്തിലും വിതരണശൃംഖലയിലും ഭക്ഷ്യനഷ്ടം കുറയ്ക്കുകയും പരമാവധി ഉപയോഗപ്രദമാകുംവിധം ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ശ്രദ്ധാപൂർവം നിയന്ത്രിത പരിതസ്ഥിതിയിൽ പായ്ക്ക് ചെയ്തതോ ഒന്നിച്ചുള്ളതോ ആയ ഭക്ഷണത്തെ അയോണൈസിംഗ് റേഡിയേഷനു വിധേയമാക്കുന്നതാണ് ഭക്ഷ്യവികിരണ പ്രക്രിയ.
ഈ രീതി ദോഷകരമായ സൂക്ഷ്മാണുക്കളെ ഉന്മൂലനംചെയ്തു ഭക്ഷ്യജന്യ രോഗങ്ങളുടെ സാധ്യത ഫലപ്രദമായി കുറയ്ക്കുന്നു. അഴുകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നതിലൂടെയും കേടുപാടുകൾക്കു കാരണമാകുന്ന ജീവികളെ നശിപ്പിക്കുന്നതിലൂടെയും ഇതു ഭക്ഷണം കേടാകുന്നതു തടയുന്നു. അതോടൊപ്പം, മൂപ്പെത്താതെ പഴുക്കുക, മുളയ്ക്കുക, നാമ്പിടുക എന്നിവ വൈകിപിച്ചു ഭക്ഷ്യനഷ്ടം കുറയ്ക്കുന്നു.
ഭക്ഷ്യ ഉത്പന്നങ്ങളുടെ സംഭരണകാലാവധി വർധിപ്പിക്കുന്നതിനു രാസപരിരക്ഷകങ്ങളുടെ ആവശ്യകത കുറച്ച് കൂടുതൽ സുസ്ഥിരമായ ഭക്ഷ്യ വിതരണശൃംഖലയ്ക്കു സംഭാവനയേകുന്നു. വികിരണപ്രക്രിയയ്ക്ക് സാധാരണയായി ഒരു അനാവരണ നടപടി മാത്രമേ ആവശ്യമുള്ളൂ. ഇതു പ്രക്രിയ കാര്യക്ഷമമാക്കുകയും ഭക്ഷ്യസുരക്ഷാ സമ്പ്രദായങ്ങൾ ലളിതമാക്കുകയും ഭക്ഷ്യ വിതരണശൃംഖലയിലെ ചെലവു കുറയ്ക്കുകയും ചെയ്യുന്നു.
ഭക്ഷ്യവികിരണ കേന്ദ്രങ്ങൾ വ്യാപകമായി സ്ഥാപിക്കുന്നത് ഉയർന്ന മൂലധനച്ചെലവാണ് തടസം. 1 എംസിഐ കോബാൾട്ട് 60 ഉറവിടം ഉപയോഗിച്ച് ഒരു വികിരണകേന്ദ്രം സ്ഥാപിക്കുന്നതിനു സ്ഥലവും അധിക അടിസ്ഥാനസൗകര്യ ചെലവുകളും കൂടാതെ ഏകദേശം 25 മുതൽ 30 കോടി രൂപവരെ നിക്ഷേപം ആവശ്യമാണ്.
സൂക്ഷ്മപരിശോധന, അംഗീകാരം, പ്രദേശത്തിനുള്ള അംഗീകാരം, പ്ലാന്റ് നിർമാണം, ഉറവിടം സ്ഥാപിക്കൽ, സുരക്ഷാ വിലയിരുത്തലുകളും മാർഗനിർദേശവും, മേൽനോട്ടം, സ്ഥാപിക്കൽ, വികിരണ സ്രോതസുകൾ ഇടയ്ക്കിടെ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ തുടർച്ചയായ അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടെ നിരവധി നിർണായക ഘട്ടങ്ങൾ ഇതിന്റെ സ്ഥാപനപ്രക്രിയയിൽ ഉൾപ്പെടുന്നു.
ഭാഭ ആണവ ഗവേഷണ കേന്ദ്രം, ആണവോർജ നിയന്ത്രണ ബോർഡ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ ഈ പ്രക്രിയയ്ക്കു മേൽനോട്ടം വഹിക്കുന്നു.
ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും സംഭരണകാലാവധി വർധിപ്പിക്കുന്നതിനുമുള്ള ഭക്ഷ്യ വികിരണ കേന്ദ്രങ്ങളുടെ കഴിവ്, ഭക്ഷ്യ മലിനീകരണം കുറയ്ക്കുന്നതിലും കർശനമായ കയറ്റുമതി മാനദണ്ഡങ്ങൾ പാലിക്കുന്നതിലും നിർണായക പങ്കുവഹിക്കുന്നു.
2025-26ഓടെ ഇന്ത്യൻ ഭക്ഷ്യ സംസ്കരണ മേഖല 535 ബില്യൺ ഡോളറിലെത്തുമെന്നും സംസ്കരിച്ച ഭക്ഷ്യ കയറ്റുമതിയുടെ വർധിച്ചുവരുന്ന വിഹിതം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതിനാൽ, വികിരണകേന്ദ്രങ്ങൾ മികച്ച നിക്ഷേപ അവസരമാണ് സൃഷ്ടിക്കുന്നത്.
ഭക്ഷണം പാഴാക്കൽ കുറയ്ക്കുന്നതു ലക്ഷ്യമിട്ടുള്ള അടിസ്ഥാനസൗകര്യ വികസനത്തിനു പിന്തുണ നൽകുന്നതിനായി, ഭക്ഷ്യ വികിരണ യൂണിറ്റുകൾ സ്ഥാപിക്കാൻ 10 കോടി രൂപ വരെ ധനസഹായം ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം വാഗ്ദാനം ചെയ്യുന്നു.
ധനസഹായമോ സബ്സിഡിയോ ആയി നൽകുന്ന ഈ പിന്തുണ, പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ കേടുവരുന്ന ഉത്പന്നങ്ങൾ പരിപാലിക്കുന്നതിനും അവയുടെ വൃത്തിയും സംഭരണ കാലാവധിയും വർധിപ്പിക്കുന്നതിനും രൂപകൽപ്പന ചെയ്തതാണ്.
2024-25ലെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തെത്തുടർന്ന് ശീതശൃംഖല പദ്ധതിക്കു കീഴിൽ വിവിധോത്പന്ന ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കാൻ സംരംഭകരിൽനിന്നു മന്ത്രാലയം താത്പര്യപത്രം ക്ഷണിച്ചു.
ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം നൽകുന്ന സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തി കൂടുതൽ വികിരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താൻ ഞങ്ങൾ നിക്ഷേപകരോടും സംരംഭകരോടും അഭ്യർഥിക്കുന്നു.
വികിരണകേന്ദ്രങ്ങളിൽ നിക്ഷേപിക്കുന്നതു ഭക്ഷ്യസുരക്ഷ വർധിപ്പിക്കുകയും മലിനീകരണം കുറയ്ക്കുകയും രാജ്യത്തുടനീളം ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം നമ്മുടെ കർഷകർക്ക് ആദായം ഉറപ്പാക്കുകയും ചെയ്യും.
(കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രി)