ഇടത്-വലത്, മതേതര-വർഗീയ ബന്ധങ്ങൾ
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Wednesday, September 11, 2024 12:50 AM IST
രണ്ടു വർഷത്തോളമായി തുടരുന്ന ഇടത്-വലത്, മതേതര-വർഗീയ ബന്ധങ്ങൾ ഒരു രാഷ്ട്രീയ ധ്രുവീകരണത്തിൽ കലാശിക്കുമോ എന്ന് ആർക്കും ഉറപ്പില്ല. കേരളത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെയും സിപിഎമ്മിന്റെയും ഉന്നതനേതാക്കൾ തമ്മിലുള്ള കൂട്ടുകെട്ടും ബന്ധവും ചർച്ചകളായി വളർന്നു. ഇത്തരമൊരു ബന്ധം സംബന്ധിച്ച് മാധ്യമങ്ങൾ ചർച്ചചെയ്യുന്നുണ്ട്. എന്നാൽ, ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ തോൽവിയോടെ തെരഞ്ഞെടുപ്പു ഫലങ്ങളിൽ അതു തെളിയിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സിപിഎമ്മും ബിജെപി-ആർഎസ്എസും തമ്മിൽ ലാഭകരമായ ബന്ധമുണ്ടായി എന്ന് ആദിശങ്കരന്റെ നാട്ടിൽ രാഷട്രീയത്തിലും മാധ്യമമേഖലയിലുമുള്ള ചിലർ കരുതുന്നു.
കേരള സർക്കാരിന്റെ എഡിജിപിയും ആർഎസ്എസ് ജനറൽ സെക്രട്ടറിയും തമ്മിൽ നടത്തിയ ചർച്ചയിൽ തൃശൂർ പൂരം ക്രമരഹിതമാക്കിയതു സംബന്ധിച്ച് ആരോപിക്കപ്പെടുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ചില പ്രമുഖർ പറയുന്നു. സിപിഎമ്മിന്റെ ഉന്നതർ അത് കാര്യമായി പരിഗണിക്കാതെ തള്ളിക്കളഞ്ഞെങ്കിലും കോൺഗ്രസിൽനിന്നും സിപിഐ വൃത്തങ്ങളിൽനിന്നും അതിനുള്ള സാധ്യതയെക്കുറിച്ച് വലിയ ശബ്ദങ്ങൾ ഉയർന്നു. ഉദ്യോഗസ്ഥതല സ്ഥിരീകരണം വന്നപ്പോൾ, കേവലം ആരോപണങ്ങളല്ലെന്നു തെളിഞ്ഞതോടെ ചൂടേറിയ വാദങ്ങൾ ശമിക്കുകയും പൊതുസമൂഹം അത് ഒരു വസ്തുതയായി അംഗീകരിക്കുകയും ചെയ്തു. പ്രതിബദ്ധതയുള്ള രാഷ്ട്രീയക്കാർ മത്സരരംഗത്തിറങ്ങുമ്പോൾ ഇത്തരം സംഭവങ്ങൾ കേരളത്തിൽ പുതിയതല്ലെന്നും കാണാം. തുടർന്ന് ചില മുതിർന്ന രാഷട്രീയ നേതാക്കൾക്കെതിരേ ആരോപണങ്ങൾ ഉയർന്നു. ഇടനിലക്കാരുടെ സംഭാഷണങ്ങൾ പെട്ടെന്നുതന്നെ അച്ചുതണ്ട് സംഭാഷണങ്ങളായി പരിണമിച്ചു.
വിവാദമായ കൂടിക്കാഴ്ച
2023 മേയിൽ തൃശൂരിൽ എഡിപിജി എം.ആർ. അജിത് കുമാറും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസ്ബാളെയും തമ്മിൽ നടത്തിയ ചർച്ചകൾ എടുക്കുക. നിശബ്ദവും സുഗമവുമായ കൂടിക്കാഴ്ചയായിരുന്നു അത്. ആകസ്മികമായി, കേരള സർക്കാർ ഉദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക കാറിലല്ല, ഒരു സുഹൃത്തിന്റെ വാഹനത്തിൽ മറ്റൊരു പൊതുസുഹൃത്തിന്റെ ഒപ്പമായിരുന്നു യാത്ര. രാഷ്ട്രീയ വൃത്തങ്ങളിൽപോലും അത് അറിയപ്പെട്ട കാര്യമായിരുന്നില്ല.
യോഗത്തിന് എൽഡിഎഫുമായി ബന്ധമില്ലെന്ന് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കേരള മുഖ്യമന്ത്രിയുടെ അനുമതിയോടെ അത്തരമൊരു യോഗം നടക്കുമോ? പല്ലും നഖവുമുപയോഗിച്ച് എൽഡിഎഫ് ആർഎസ്എസിനെ എതിർക്കുന്നതിനാൽ എഡിജിപിയും ആർഎസ്എസ് ജനറൽ സെക്രട്ടറിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള അജൻഡ എൽഡിഎഫിന്റെ മുന്നിൽ വരികയും മുൻകൂർ അനുമതി നേടിയെടുക്കുകയും ചെയ്യുന്നതാണ് ന്യായവും ശരിയും.
ഇത് സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നമല്ലെന്നും വിഷയം കേരള സർക്കാരിനും പരോക്ഷമായി മുഖ്യമന്ത്രിക്കും വിടുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതായാണ് റിപ്പോർട്ട്. ഗോവിന്ദൻ സാധാരണ ചെയ്യുന്നതുപോലെ ഒരു പുഞ്ചിരിയോടെ കാര്യം അവസാനിപ്പിച്ചു, ഉച്ചത്തിലുള്ള ചിരിയോടെ അത് അടച്ചു. പാർട്ടിയിൽനിന്നോ സംസ്ഥാന സർക്കാരിൽനിന്നോ കൂടുതൽ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേക്കുറിച്ച് ഉടൻ റിപ്പോർട്ടുകളൊന്നും ഉണ്ടായില്ലെങ്കിലും പ്രധാന പ്രതിപക്ഷ പാർട്ടികൾ വിമർശനാത്മകമായി ചില വിശദാംശങ്ങൾ നൽകി. പാർട്ടിയിലും എൽഡിഎഫിലും സംസ്ഥാന സർക്കാരിലും കാര്യമായ എതിർപ്പൊന്നും ഇല്ലാതിരുന്നതിനാൽ ആഭ്യന്തര വകുപ്പ് ആലോചിച്ചെടുത്ത തീരുമാനമാണെന്നാണ് പൊതുവെയുള്ള നിഗമനം!
മറ്റു രണ്ട് കൂടിക്കാഴ്ചകൾകൂടി ഉണ്ടായിരുന്നു. റാം മാധവ് എന്ന പ്രമുഖ നേതാവുമായി അജിത് കുമാർ ഒരിക്കൽ തിരുവനന്തപുരത്തും പിന്നീട് കന്യാകുമാരിയിലും രണ്ടു തവണ കൂടിക്കാഴ്ച നടത്തി. ഇത് സാധാരണയായി ആശ്രയിക്കാവുന്ന സ്രോതസുകളാണ് സംസ്ഥാന സർക്കാരിനെ അറിയിച്ചത്. ആദ്യം നിശബ്ദമായി പലരും നെറ്റി ചുളിച്ചെങ്കിലും ആർഎസ്എസ് വിജ്ഞാനഭാരതി മേധാവിയുമായി എഡിജിപിക്ക് എന്താണു സംസാരിക്കാനുള്ളതെന്ന് ആശ്ചര്യപ്പെട്ട് ബിനോയ് വിശ്വത്തിന്റെ ശബ്ദം ഉയർന്നതു മുതലാണ് പലരും സംസാരിച്ചു തുടങ്ങിയത്. അതിനുശേഷമാണ് അജിത് കുമാറിന്റെ സന്ദർശനത്തിന്റെ പ്രാധാന്യവും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയബന്ധങ്ങളും ധ്രുവീകരണ സാധ്യതകളുമെല്ലാം ചർച്ചയായത്.
കൂറുമാറ്റത്തിന്റെ കാലം
അത് പ്രകടമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈ ദിവസങ്ങളിൽ ആളുകൾ തങ്ങളുടെ പാർട്ടികളും ചിഹ്നങ്ങളും മാറുന്നത് ഒരു താളപ്പിഴയും കാരണവുമില്ലാതെയാണ്. പ്രത്യയശാസ്ത്രപരമായി എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളിലേക്ക് നീങ്ങുന്നതിൽ അതിശയിക്കാനൊന്നുമില്ല. കഴിഞ്ഞ ദിവസം കോൺഗ്രസ് പത്രത്തിന്റെ വളരെ ബഹുമാന്യനായ ഒരു മുൻ എഡിറ്റർ ഭാരതീയ ജനതാ പാർട്ടിയിൽ ചേരുന്നത് കണ്ടു. ചിലർ തെരഞ്ഞെടുപ്പിൽ വിജയസാധ്യത കണ്ട് രാഷ്ട്രീയ പാർട്ടികൾ മാറുന്നു. മറ്റുചിലർ ടിക്കറ്റ് ലഭിക്കാത്തതിനാൽ പാർട്ടി മാറുന്നു. ചില മതപരമായ കാരണങ്ങളും പ്രധാനമാണ്. മറ്റുള്ളവർക്ക് ജാതി ഒരു പ്രധാന ഘടകമാണ്. സാമ്പത്തിക പരിഗണനകൾ നിരവധിപ്പേരെ കൂറുമാറാൻ പ്രേരിപ്പിക്കുന്നു. ഈ ദിവസങ്ങളിൽ, ബോധ്യപ്പെടുത്തുന്ന കാരണങ്ങളൊന്നും നൽകാതെ പലരും നേട്ടമുള്ള ചേരികളിലേക്ക് നീങ്ങുന്നതായി നാം കാണുന്നു. തെരഞ്ഞെടുപ്പിനു ശേഷം, തെരഞ്ഞെടുക്കപ്പെട്ട സഭകളിൽ ഭൂരിപക്ഷ പിന്തുണ ലഭിക്കുന്നതിന് നേതാക്കൾ പല തരത്തിലുള്ള വാഗ്ദാനങ്ങളുമായി പലരെയും പ്രേരിപ്പിക്കുന്നു. അത്തരം പ്രേരണകളും വാഗ്ദാനങ്ങളും നമുക്കു കാണാം.
വരുംമാസങ്ങളിൽ പ്രകടമാകുന്നത് പ്രാരംഭ ഘട്ടം ആയിരിക്കും. അറിയപ്പെടുന്ന ഇടതുപക്ഷ നേതാക്കൾ വലതുപക്ഷത്തേക്കും തിരിച്ചും സാധ്യമായ ഓഫറുകളുമായി കാത്തിരിക്കുന്നു. ഒന്നുകിൽ ഉടനടി ആനുകൂല്യങ്ങൾ, അല്ലെങ്കിൽ ഭാവിയിലേക്കുള്ള സ്ഥാനങ്ങൾ. അതുപോലെ, മതേതര നേതാക്കൾ ജാതി ഗ്രൂപ്പുകളോട് അടുക്കുന്നതും തിരിച്ചും നമുക്കു കാണാം. വാസ്തവത്തിൽ, ഈ ഘടകം അവരുടെ കൈകളിലെ ഓഫറുകളുമായി നീങ്ങാൻ തുടങ്ങിയിരിക്കുന്നു: ആകർഷകമായ ആനുകൂല്യങ്ങളുള്ള ടിക്കറ്റുകൾ. ഉത്തരേന്ത്യയിൽ ഒബിസി, എസ്സി, എസ്ടി, ജാട്ട്, യാദവ്, മോച്ചി, ഖത്രി തുടങ്ങിയ ജാതി ഉപവിഭാഗങ്ങൾക്കുള്ള ഓഫറുകളുമായി കോൺഗ്രസ് നീങ്ങുന്നതായും കാണുന്നു.
സംഘപരിവാർ തുടങ്ങിക്കഴിഞ്ഞു
വരും മാസങ്ങളിൽ കഠിനാധ്വാനം ചെയ്താൽ അടുത്ത തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭാരതീയ ജനതാ പാർട്ടി എന്നത് കേരളത്തിൽ ശ്രദ്ധേയമായ ഒരു ഘടകമാണ്. ബിജെപിയെ തങ്ങളുടെ മുഖ്യശത്രുവായി ഇരുമുന്നണികളിലെയും അംഗങ്ങൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, തൃശൂർ മാതൃകയിലുള്ള ഒരു സാഹചര്യം ലക്ഷ്യമാക്കാം. കൂടുതൽ വോട്ടുകൾ നേടാനുള്ള സാധ്യത കാണിക്കുന്ന ബിജെപി അതിനായി എല്ലാ സാധ്യതകളും വഴികളും പരീക്ഷിച്ചേക്കാം.
ദത്താത്രേയ ഹോസ്ബാളെ, റാം മാധവ്, പ്രകാശ് ജാവേദേക്കർ തുടങ്ങിയ ഉന്നതനേതാക്കൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പോലും സംഘടനയുടെ ദേശീയ സമ്മേളനം പാലക്കാട്ടു നടത്താൻ തീരുമാനിച്ചതാണ് പലരെയും അദ്ഭുതപ്പെടുത്തിയത്. പാലക്കാട്ട് ഭാഗവത് ജാതി സെൻസസിനെ പിന്തുണച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ജാതീയത ഉപയോഗിക്കുന്നതിനെ എതിർത്തത് ഓർക്കുക! നരേന്ദ്ര മോദി പോലും ഇപ്പോൾ മോഹൻ ഭാഗവതിന്റെ നിലപാടാണ് സ്വീകരിക്കുന്നത്, കേരളത്തിൽ ആർഎസ്എസ് സാന്നിധ്യം ശ്രദ്ധേയമാവുകയും ബിജെപിയുടെ തെരഞ്ഞെടുപ്പു യന്ത്രത്തിന് ശക്തി പകരുകയും ചെയ്യുന്നു.
കാവി രാഷ്ട്രീയശക്തി സംഘം കേരളത്തിൽ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്ന വസ്തുത ഇത് തെളിയിക്കുന്നു. മോദിക്കുപോലും കേരളത്തിൽ മികച്ച ഗ്രൂപ്പുകളുണ്ട്, സിപിഎമ്മിന്റെ സഹായത്തോടെയോ ധാരണയോടെയോ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും കോൺഗ്രസിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നു. കോൺഗ്രസിനെ തോല്പിച്ചാൽ ലോക്സഭയിലെ ബിജെപി വിരുദ്ധ എംപിമാരുടെ എണ്ണം കുറയും.
പിണറായി-മോദി ബന്ധം
പിണറായിക്ക് മോദിയുമായി നല്ല ബന്ധമുണ്ടെന്നതും അദ്ദേഹത്തെയോ പാർട്ടിയെയോ ശല്യപ്പെടുത്തുന്ന ഒന്നും ചെയ്തിട്ടില്ലെന്നതും ആർക്കും അവഗണിക്കാനാവില്ല. ഡിപ്ലോമാറ്റിക് ചാനൽവഴി സ്വർണം കള്ളക്കടത്ത് നടത്തിയെന്നുള്ള കേസ് എത്രസമർഥമായാണ് തേഞ്ഞുമാഞ്ഞുകൊണ്ടിരിക്കുന്നത്. മോദിയിൽനിന്ന് എല്ലായ്പോഴും നല്ല പ്രതികരണമാണ് പിണറായിക്ക് ലഭിക്കുന്നത്.
വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കും മികച്ച പ്രതികരണം ലഭിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് പിണറായി. വിവിധ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കൾക്കും സംഘപരിവാറിൽ ജനിച്ചു വളർന്നവർക്കും സംഘപരിവാർ വളർത്തിയവർക്കുംപോലും ഇത് എളുപ്പമല്ല. കഴിഞ്ഞ പത്തുവർഷമായി സുപ്രീംകോടതിയിൽ കുടുങ്ങിക്കിടക്കുന്ന ലാവ്ലിൻ കേസിന്റെ കാര്യംതന്നെ നല്ല ഉദാഹരണമാണ്.
വളരെയധികം ഭിന്നിപ്പും വിഭാഗീയതയുമുണ്ടെങ്കിലും കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷ നൽകുന്നു. ഈ സാഹചര്യം കണക്കിലെടുക്കുമ്പോൾ, ഭാവിയിൽ കാര്യങ്ങൾ എങ്ങനെ രൂപപ്പെടുമെന്ന് കാത്തിരുന്ന് കാണേണ്ടതു തന്നെ. ബിജെപിക്കെതിരായ പോരാട്ടത്തിൽ, അനുകൂലമായ എല്ലാ സാധ്യതകളും മുതലെടുത്ത് സുരക്ഷിതമായി കളിക്കുകയാണ് പിണറായി.
ഇടത്-വലത്, മതേതര-ജാതി ലിങ്കുകളും അച്ചുതണ്ടും സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ കാണാൻ രസകരമായിരിക്കും. കേരളം മറ്റൊരു നിറവും തിരിവും നൽകിയേക്കാം, അദ്ഭുതപ്പെടേണ്ട.