വഖഫ്: ഭരണഘടനയ്ക്കും മീതേ
ജോ മുറികല്ലേൽ
Monday, September 9, 2024 12:18 AM IST
സുപ്രസിദ്ധ ആംഗലേയ എഴുത്തുകാരനായ ജോർജ് ഓർവെല്ലിന്റെ ലോകപ്രശസ്തമായ ഒരു വാക്യമുണ്ട്. അതു മലയാളത്തിലേക്ക് ഇങ്ങനെ മൊഴിമാറ്റം നടത്താം. “എല്ലാവരും തുല്യരാണ്, എന്നാൽ, ചിലരൊക്കെ കൂടുതൽ തുല്യരാണ്.” ഇന്ത്യയിലും ഈ പ്രസ്താവനയ്ക്ക് ഏറെ പ്രസക്തിയുണ്ട്. സാധാരണക്കാർക്ക് ബാധകമായ ഒരു നിയമസംഹിതയുണ്ട്. ഒരു സിവിൽ കോടതിക്ക് അതിന്മേൽ വാദം കേൾക്കാം. ഒരാൾ കുറ്റക്കാരനാണെന്നു കണ്ടാൽ ശിക്ഷ വിധിക്കാം.
പക്ഷേ, ഇതിൽനിന്നു വ്യത്യസ്തമായി കൂടുതൽ തുല്യരായവർക്കുവേണ്ടി മാത്രം നിർമിക്കപ്പെട്ട ഒരു നിയമസംഹിതയും ഈ രാജ്യത്തു നിലവിലുണ്ട് - വഖഫ് ബോർഡ്. അവർ തങ്ങളുടെ കൂട്ടർക്കുവേണ്ടി മാത്രം എടുക്കുന്ന തീരുമാനങ്ങളും നടപടികളും ഒരു സിവിൽ കോടതിയിൽപോലും ചോദ്യംചെയ്യാൻ പറ്റാത്തതാണെന്നുള്ളത് ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിനോ പരിഷ്കൃത സമൂഹത്തിനോ ഒട്ടും ചേരാത്തതായിരുന്നിട്ടും അത് ഇന്ത്യാ രാജ്യത്ത് നിയമസാധുതയോടെ നിലനിൽക്കുന്നുണ്ടെന്നത് വിരോധാഭാസമാണ്. അതായത്, വഖഫ് എന്ന മുസ്ലിം സംവിധാനം. മുസ്ലിം പ്രീണനം രാഷ്ട്രീയരംഗത്ത് ഒഴിച്ചുകൂടാൻ പാടില്ലാത്തതാണെന്നു വിശ്വസിക്കുന്നവർ പല രാഷ്ട്രീയ സംഘടനകളുടെയും മുൻനിരയിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിൽപോലുമുണ്ടെന്നുള്ളതാണ് യാഥാർഥ്യം.
1964ൽ നെഹ്റുവിന്റെ ഭരണകാലത്താണ് സെൻട്രൽ വഖഫ് കൗൺസിൽ ഓഫ് ഇന്ത്യ എന്ന അസംഘടിതമായ ഒരു നിയമാനുസൃത പ്രസ്ഥാനത്തിനു രൂപം നൽകപ്പെട്ടത്. 1995ലെ കോൺഗ്രസ് ഗവൺമെന്റും വഖഫ് ബോർഡിന് അതിവിപുലമായ അധികാരങ്ങൾ നൽകി. അതനുസരിച്ച് വഖഫ് ബോർഡ് ഒരു വസ്തുവോ സമിതിയോ ഒരു പ്രദേശമോപോലും ഞങ്ങളുടേതാണെന്നു പ്രഖ്യാപിച്ചാൽ അതിനെതിരേ രാജ്യത്തെ ഒരു സിവിൽ കോടതിക്കുപോലും അത് അസാധുവാക്കാനോ ബന്ധപ്പെട്ട പരാതികൾക്ക് തീർപ്പു കൽപിക്കാനോ അധികാരമില്ല.
വിൽക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലാത്തവിധം അല്ലാഹുവിനു സമർപ്പിക്കപ്പെട്ടത് എന്നാണ് ‘വഖഫ്’ എന്ന വാക്കിന്റെ അർഥം. ആരു കൊടുത്തു, ആരെങ്കിലും കൊടുത്തതുപോലുമാണോ എന്നൊന്നും ഇവിടെ ചോദ്യമില്ല. ഒരു നൂറ്റാണ്ടുകാലം ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ പ്രസ്ഥാനത്തിന്റെയോ കൈവശമിരുന്ന വസ്തുവാണെങ്കിൽകൂടി, ഇതു വഖഫ് നിയമപ്രകാരം പിടിച്ചെടുക്കുന്നു എന്ന് വഖഫ് ബോർഡ് പ്രഖ്യാപിക്കുകയേ വേണ്ടൂ.
വസ്തു അവരുടേതായി? രാജ്യത്തെ ഒരു കോടതിയിൽപോലും ചോദ്യംചെയ്യാൻ പറ്റാത്ത ഒരു പ്രാകൃത മുസ്ലിം നിയമം ഇന്ത്യയിലല്ലാതെ ഭൂമിയിലെ ഒരു രാജ്യത്തും - സൗദി, ഇറാൻ, ഇറാക്ക്, സിറിയ, ടർക്കി തുടങ്ങിയ മുസ്ലിം രാജ്യങ്ങളിൽപോലും- നിലവിലില്ല എന്നോർക്കണം. ഇതു നമ്മെ മറ്റു ലോകരാജ്യങ്ങൾക്കിടയിൽ അപഹാസ്യരാക്കുന്നുവെന്ന വസ്തുതപോലും ആർക്കും പ്രശ്നമല്ല. ഇതിനൊരു ഉത്തരം മാത്രമേയുള്ളൂ, വോട്ടുബാങ്ക് മാത്രം ലക്ഷ്യംവച്ചുള്ള മുസ്ലിം പ്രീണനം. ഇത് ഇന്നത്തെ നിലയിൽ അതിശക്തമാക്കി മാറ്റിയത് 1995ൽ കോൺഗ്രസ് കേന്ദ്രം ഭരിക്കുന്ന കാലത്താണ്.
വഖഫ് ബോർഡിന്റെ ഒരു തീരുമാനത്തിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അത് വഖഫ് ട്രിബ്യൂണലിലാണ് സമർപ്പിക്കേണ്ടത്. നോക്കണേ, ജനാധിപത്യം ഭരണക്രമമായിട്ടുള്ള ഒരു രാജ്യത്ത് പൗരാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുന്നു. നിങ്ങളുടെ ഒരു കോഴിയെ കുറുക്കൻ പിടിച്ചുകൊണ്ടുപോയാൽ കോഴിയുടെ അവകാശി കുറുക്കൻ മാത്രമാണെന്നു പറയുന്ന അതേ ന്യായം.
കോഴിയുടെ ഉടമസ്ഥൻ എന്തു നടപടി സ്വീകരിച്ചാലും ഇന്ത്യയിൽ അതിന് നിയമസാധുതയില്ല. കുറുക്കന്റെയടുത്തുനിന്ന് കോഴിയെ വിട്ടുതരണേ എന്ന് അപേക്ഷിക്കാനേ ഒരു ഇന്ത്യൻ പൗരന് അവകാശമുള്ളൂ. ഒരു സ്വതന്ത്ര പരമാധികാരരാജ്യത്ത് ഇതു നടക്കണമെങ്കിൽ അതിന്റെ പ്രയോക്താക്കൾ എത്ര ശക്തരാണെന്നും വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ എത്ര സ്വാധീനമുള്ളവരാണെന്നും വ്യക്തം.
നമ്മുടെ പ്രബുദ്ധകേരളത്തിൽപോലും ഈ കാടൻ നിയമത്തിന്റെ കരാളഹസ്തങ്ങൾ പിടിമുറുക്കാൻ തുടങ്ങിയിരിക്കുന്നു. ചെറായി, മുനന്പം തീരപ്രദേശങ്ങളിൽ താമസിക്കുന്ന അറുന്നൂറോളം കുടുംബങ്ങളുടെ ഭാവി വഖഫിന്റെ തുലാസിൽ തൂങ്ങിക്കിടക്കുകയാണ്. മുനന്പം വേളാങ്കണ്ണിമാതാ പള്ളിയുൾപ്പെടെ ആ പ്രദേശം തങ്ങളുടേതാണെന്നു വഖഫ് ബോർഡ് അവകാശമുന്നയിച്ചിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണായ ഭരണഘടനയെത്തന്നെ നോക്കുകുത്തിയാക്കിക്കൊണ്ടാണീ അതിക്രമം.
എന്നാൽ, ഒരാശ്വാസ കിരണമായി തെളിഞ്ഞുനിൽക്കുന്ന ഒരു ചോദ്യം, മധ്യപ്രദേശിലെ ഒരു ഹൈക്കോടതി ജഡ്ജി - ജസ്റ്റീസ് ഗുർബൽ സിംഗ് അഹലുവാലിയ - തന്റേടത്തോടെ ചോദിച്ചിരിക്കുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കെതിരേ ഏതാനും പറന്പുകളും ചരിത്രസ്മാരകങ്ങളും തങ്ങളുടേതാണെന്ന വഖഫ് ബോർഡിന്റെ വിധിതീർപ്പ് തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിലാണ്, ഇനി താജ്മഹലിനും ചെങ്കോട്ടയ്ക്കും ഇന്ത്യ മുഴുവനുംവേണ്ടി വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുമോ എന്ന്. ഇത്തരമൊരു ധീരമായ നിലപാടെടുത്തതിന് ഈ ജഡ്ജിക്ക് ബിഗ് സല്യൂട്ട്!