അൻവറും ജലീലും റസാക്കും
അനന്തപുരി /ദ്വിജൻ
Sunday, September 8, 2024 2:35 AM IST
മുഖ്യമന്ത്രി പിണറായി വിജയന്റെ ഹൃദയത്തോടു ചേർന്നുനിൽക്കുന്നവനെന്നും മുസ്ലിം ലീഗിൽനിന്നും മുസ്ലിം സമുദായത്തെ ഇടതുപക്ഷത്ത് എത്തിക്കുന്നതിനുള്ള പാലം എന്നുമുള്ള മൂടുപടത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന കെ.ടി. ജലീലും മുഖ്യമന്ത്രി വഴി പലതും നേടിയ പി.വി. അൻവറും അടുപ്പക്കാരനായ കാരാട്ട് റസാക്കുമെല്ലാം ചേർന്ന് കേരളത്തിലെ സിപിഎമ്മിൽ പ്രഖ്യാപിച്ചിരിക്കുന്ന പുത്തൻ ശുദ്ധീകരണ വിപ്ലവത്തെക്കുറിച്ച് വായിക്കുന്പോൾ ഇവരുടെ ഭൂതകാലം അറിയുന്നവർ അന്പരന്നു പോകുകയാണ്.
പിണറായി സർക്കാരിന്റെ ഭരണകാലത്ത് പോലീസ് എഡിജിപിയുടെ നേതൃത്വത്തിൽ സ്വർണം പൊട്ടിക്കലും സ്വർണക്കള്ളക്കടത്തും കൊലപാതകങ്ങളും എല്ലാം നടക്കുന്നതായി അൻവറും ജലീലും റസാക്കും ആരോപിക്കുന്പോൾ അത് കൃത്യമായ വിവരത്തോടെയാകും എന്ന് ആർക്കും സംശയം ഉണ്ടാകാനിടയില്ലെങ്കിലും അവരുടെ മനസിലിരിപ്പ് എന്താവും എന്ന സംശയം ഉയരുകയാണ്. ഞങ്ങൾ കൂടിയാലോചന നടത്തിയിട്ടുണ്ട്, ഗൂഢാലോചന നടത്തിയിട്ടില്ലെന്നാണ് റസാക്ക് പറയുന്നത്.
കോണ്‍ഗ്രസിൽനിന്നു സീറ്റ് തേടി സിപിഎമ്മിൽ എത്തിയ അൻവറിനും മുസ്ലിം ലീഗിൽനിന്നു സീറ്റ് തേടി എത്തിയവരായ ജലീലിനും റസാക്കിനും സിപിഎം പാലിച്ചുവരുന്ന നയമനുസരിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടില്ല. അൻവറും റസാക്കും രണ്ടു തവണയും ജലീൽ നാലു തവണയും മത്സരിച്ചവരാണ്. തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരാൾക്ക് സീറ്റ് കൊടുക്കരുത് എന്നാണ് ഇപ്പോൾ സിപിഎം സ്വീകരിച്ചിട്ടുള്ള നയം. അതു സ്വതന്ത്രരുടെ കാര്യത്തിൽ ബാധകമോ എന്നു തീർച്ചയില്ല.
ത്രിമൂർത്തികൾ
അഴിമതിക്കെതിരേ ചാവേറാകാൻ പോകുന്നു എന്നു പറയുന്ന കെ.ടി. ജലീൽ സ്വജനപക്ഷപാതം എന്ന അഴിമതി നടത്തിയതിന് കേരള ലോകായുക്ത അയോഗ്യനാക്കിയ മുൻ മന്ത്രിയാണ്. യൂത്ത് ലീഗിലുടെ വളർന്നുവന്ന ജലീൽ ലീഗിൽ കുഞ്ഞാലിക്കുട്ടിക്ക് എതിരായി പട നയിച്ചാണ് പ്രസിദ്ധനായത്.
പിണറായിയുടെ വിശ്വസ്തനായി ഒന്നാം പിണറായി മന്ത്രിസഭയിൽ മന്ത്രിയായി സ്വന്തം സമുദായത്തിനും സ്വന്തക്കാർക്കും വഴിവിട്ടു കാര്യങ്ങൾ ചെയ്തു കൊടുത്തു. യുഎഇ കോണ്‍സുലേറ്റിൽനിന്നു ഡിപ്ലോമാറ്റിക് സംരക്ഷണയിൽ ഈന്തപ്പഴവും ഖുറാൻ ഗ്രന്ഥങ്ങളും വാങ്ങി വിതരണം ചെയ്തു. ഈന്തപ്പഴവും ഖുറാനും എന്ന പേരിൽ വന്ന കെട്ടുകളിൽ എന്തെല്ലാം ഉണ്ടായിരുന്നു എന്ന് ആർക്കും അറിയില്ല. പായ്ക്കറ്റുകൾ കസ്റ്റംസ് പരിശോധന നടത്തിയതും ഇല്ല. ഡിപ്ലോമാറ്റിക് കാർഗോയിലുടെ 30 കിലോ സ്വർണം കടത്തിയ കേസിൽ കസ്റ്റംസും എൻഫോഴ്മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തെ പല വട്ടം ചോദ്യം ചെയ്തു.
നിയമസഭാ കമ്മിറ്റി അംഗമായി 2022 സെപ്റ്റംബറിൽ വടക്കേ ഇന്ത്യ സന്ദർശിച്ച ജലീൽ കാഷ്മീരിനെക്കുറിച്ച് പാക്കിസ്ഥാൻകാരെപോലെ ഇന്ത്യൻ അധിനിവേശ കാഷ്മീർ എന്നും പാക്കിസ്ഥാന്റെ കൈവശമുള്ള കാഷ്മീരിനെക്കുറിച്ച് ആസാദ് കാഷ്മീർ എന്നും പ്രയോഗിച്ചു കുടുക്കിലായി. ജലീലിനെതിരേ കേസെടുക്കാൻ കാഷ്മീർ കോടതി നിർദേശിച്ചു. ആരും അറിയാതെ ഒളിച്ചെന്നപോലെ കേരളത്തിൽ എത്തിയാണ് ജലീൽ അന്ന് രക്ഷപ്പെട്ടത്.
കുപ്രസിദ്ധമായ സ്വപ്ന കള്ളക്കടത്തു കേസിൽ ജലീലിന്റെ പേരും വന്നതോടെയാണ് അദ്ദേഹം വർഷങ്ങളായി ഒതുക്കത്തിൽ ചെയ്തിരുന്നവയെല്ലാം പുറത്തുവന്നു തുടങ്ങിയത്. കള്ളക്കടത്തു കേസിൽ പ്രതിയായി പിടിയിലായ സ്വപ്ന സുരേഷുമായി മന്ത്രിക്കുണ്ടായിരുന്ന ബന്ധത്തെയാണ് അന്വേഷണസംഘം സംശയിച്ചത്.
ന്യൂനപക്ഷ കമ്മീഷനിൽ ജനറൽ മാനേജരാകാൻ ജലീലിന്റെ ബന്ധുവിനായി നിയമം ഭേദഗതി ചെയ്യാൻ പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് 2016 ജൂലൈ 28ന് നേരിട്ട് കത്തയച്ചു. 2013 ജൂണ്‍ 29ന് ഇതുസംബന്ധിച്ചു പുറപ്പെടുവിച്ച ഉത്തരവ് തിരുത്താനായിരുന്നു മന്ത്രിയുടെ നിർദേശം. ഈ കത്ത് ലോകായുക്തയ്ക്കു ലഭിച്ചു. ഈ നിയമനം വിവാദമായി. ജലീലിന്റെതന്നെ നാട്ടുകാരനായ ലീഗ് പ്രവർത്തകൻ പി.കെ. മുഹമ്മദ് ഷാഫി ലോകായുക്തയിൽ പരാതി കൊടുത്തു. ജലീൽ അടി മേടിച്ചു. കർശനമായ ഉത്തരവിറക്കിയ ജസ്റ്റീസ് സിറിയക് ജോസഫിനെതിരേ വർഗീയ ആരോപണംവരെ ഉയർത്തി ജലീൽ. എങ്കിലും അദ്ദേഹത്തിന് പടിയിറങ്ങേണ്ടി വന്നു.
അൻവർ
കോണ്‍ഗ്രസുകാരനായിരുന്ന അൻവർ നല്ല ബിസിനസുകാരനാണ്. കെഎസ്യു പ്രവർത്തകനായിരുന്നു. കോളജ് യൂണിയൻ ചെയർമാനായിരുന്നു. കോണ്‍ഗ്രസിൽ നിന്നാൽ മലപ്പുറത്ത് രക്ഷയില്ലെന്നു മനസിലാക്കിയ കച്ചവടക്കാരൻ കളംമാറിച്ചവിട്ടി. 2011ൽ ഏറനാട് മണ്ഡലത്തിൽനിന്നു നിയമസഭയിലേക്കും 2014ൽ വയനാട് മണ്ഡലത്തിൽനിന്നു ലോക്സഭയിലേക്കും മത്സരിച്ചു. അവസാനം ഇടതുപക്ഷം അഭയം കൊടുത്തു. 2016ൽ ഇടതു സ്ഥാനാർഥിയായി നിലന്പൂരിൽ കോണ്‍ഗ്രസിലെ ആര്യാടൻ ഷൗക്കത്തിനെ തോൽപ്പിച്ചു. 2019ൽ പൊന്നാനിയിൽ ലോക്സഭയിലേക്കുള്ള ഇടതുസ്ഥാനാർഥിയായിരുന്നു. 2021ൽ നിലന്പുരിൽനിന്നു വീണ്ടും നിയമസഭയിലെത്തി.
ബിസിനസുകാരനായ അദ്ദേഹം കൈയേറ്റം, നിയമവിരുദ്ധമായ നിർമാണങ്ങൾ തുടങ്ങിയവയ്ക്ക് കുപ്രസിദ്ധനാണ്. കക്കാടംപൊയിലിലെ അദ്ദേഹത്തിന്റെ തീം പാർക്ക് നിയമവിരുദ്ധമാണെന്ന് 2018ൽ കോഴിക്കോട് ജില്ലാ ഭരണകൂടം കണ്ടെത്തി. കോഴിക്കോട് ജില്ലാ കളക്ടർ പാർക്കിൽ അനധികൃത നിർമാണം നടത്തി എന്നു കണ്ടെത്തി. 2018 ജൂണിൽ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി അൻവറിന് സ്റ്റോപ്പ് മെമ്മോ കൊടുത്തു. 2018ലെ പ്രളയത്തിന് ഈ നിർമാണവും കാരണമായതായി ആരോപണം വന്നു. വാട്ടർ തീം പാർക്കിനായി അൻവർ അനധികൃതമായി നിർമിച്ച ചെക്ക് ഡാം പൊളിക്കണമെന്ന് റവന്യു വകുപ്പ് ഉത്തരവായി. അൻവർ ഹൈക്കോടതിയെ സമീപിച്ചു. 2019 ഏപ്രിലിൽ ഹൈക്കോടതി ഡാം പൊളിക്കാൻ ഉത്തരവായി.
അദ്ദേഹത്തിനെതിരേ മിച്ചഭൂമി ആരോപണം വന്നു. അൻവറുടെ കൈവശം മിച്ചഭൂമി ഉണ്ടെന്നും അതു കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ കെ.വി. ഷാജി ഹൈക്കോടതിയിലെത്തി. ഭൂമി അളിക്കാൻ വിധി സന്പാദിച്ചു. പക്ഷേ അധികൃതർ അനങ്ങിയില്ല. വീണ്ടും ഹൈക്കോടതി ഇടപെട്ടു. റവന്യു വകുപ്പ് മാപ്പു പറഞ്ഞു. 2021 ഫെബ്രുവരിയിലെ അദ്ദേഹത്തിന്റെ ആഫ്രിക്ക സന്ദർശനം വലിയ വിവാദമായി. ബിസിനസ് ആവശ്യങ്ങൾക്കു പോയി എന്ന് അൻവർ പറഞ്ഞത് വിശ്വസിക്കാത്തവർ ഏറെയുണ്ട്. ഇതെല്ലാം അങ്ങനെ കിടക്കുകയാണ്. തനിക്കെതിരേ നിയമപരമായ നടപടി എടുക്കുന്നവരെ അൻവർ കടന്നാക്രമിക്കും. 2019ൽ സിപിഐ തന്നെ നശിപ്പിക്കുന്നു എന്ന് പരാതി ഉന്നയിച്ച് റവന്യു മന്ത്രിക്കെതിരേയും അൻവർ പരാതി പറഞ്ഞു. സിപിഐ പക്ഷേ അൻവറെ എതിർത്തു.
കാരാട്ട് റസാക്ക്
മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന റസാക്കിന് 2011ലും 2016ലും ലീഗ് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് 2016ൽ ഇടതുവേഷത്തിൽ കൊടുവളളിയിൽ മത്സരിച്ചതും 583 വോട്ടിന്റെ ഭൂരിപക്ഷത്തിന് നിയമസഭയിൽ എത്തിയതും. 2019 ജനുവരിയിൽ ഹൈക്കോടതി റസാക്കിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി. തെരഞ്ഞെടുപ്പു പ്രചാരണത്തിന് എതിരാളി ലീഗിലെ എം.എ. റസാക്കിനെതിരേ അപമാനകരമായ വീഡിയോ പ്രദർശിപ്പിച്ചു എന്നതായിരുന്നു കുറ്റം. കൊടുവള്ളിയിലെ വോട്ടർ കെ.പി. മുഹമ്മദായിരുന്നു പരാതിക്കാരൻ. റസാക്കിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് സ്വീകരിക്കുകയും അദ്ദേഹത്തിന് നിയമസഭയിൽ വോട്ടു ചെയ്യാൻ അവകാശമില്ലാതെ പങ്കെടുക്കാം എന്ന് വിധിക്കുകയും ചെയ്തു. 2021ലും സിപിഎം അദ്ദേഹത്തിന് സീറ്റ് കൊടുത്തെങ്കിലും എം.കെ. മുനീർ അദ്ദേഹത്തെ തോൽപിച്ചു.
ആക്രമണലക്ഷ്യം എന്താകും
ഇത്തരക്കാരായ മൂന്നു പേർ ഒന്നിച്ചുകൂടി സിപിഎം ശുദ്ധീകരിക്കാൻ ഇറങ്ങിയത് എന്തിനാവും? സിപിഎമ്മിൽ നുഴഞ്ഞുകയറി പാർട്ടി പിടിക്കാൻ മുസ്ലിം തീവ്രവാദികൾ തയാറാക്കിയ പദ്ധതിയുടെ മുഖംമൂടിയാണ് അഴിഞ്ഞുവീഴുന്നതെന്നും അല്ല, ഇപ്പോൾ നടക്കുന്ന പാർട്ടി തെരഞ്ഞെടുപ്പുകളിൽതന്നെ അതിനുള്ള കരുത്തായി എന്ന് കരുതിയുള്ള ചാവേർ കളിയാണെന്നും ഈ നീക്കത്തെ ചിത്രീകരിക്കപ്പെടുന്നുണ്ട്.
ഇനി മത്സരിക്കുന്നില്ല. സ്പീക്കറുടെ കസേര മറിച്ചിട്ടത് പൊറുക്കണം തുടങ്ങിയ നന്പറുകളിലൂടെ ജലീൽ സഹതാപം പിടിച്ചുപറ്റാനുള്ള നീക്കം നടത്തുന്നതും വലിയ ഉദ്ദേശ്യത്തോടെ ആവണം.
ജലീൽ അഴിമതിക്കെതിരേ പോർട്ടൽ തുടങ്ങുന്നു! സ്വന്തക്കാരനെ നിയമിച്ചതിന് മന്ത്രിപ്പണി പോയയാൾ അഴിമതിക്കെതിരേ പോർട്ടൽ തുടങ്ങുന്നു. മുഖ്യമന്ത്രിയുടെ ഇമേജ് കൂട്ടാനാണുപോലും! വഞ്ചകരും അഴിമതിക്കാരുമായ ഐപിഎസ് ഏമാന്മാർ കുടുങ്ങും. ജലീൽ മുന്നറിയിപ്പു നൽകുന്നു. ആരെയോ പേടിപ്പിക്കുകയാവും ജലീൽ. സ്വന്തം ഇടപാടുകളുടെ സത്യം മാലോകരെ ബോധ്യപ്പെടുത്തിയശേഷം ഇതെല്ലാം ചെയ്യുന്നതല്ലേ നല്ലത്. സിപിഎമ്മിൽ നടക്കുന്ന കടുത്ത മുസ്ലിം പ്രീണനം പാർട്ടിയുടെ ചങ്കായ ഈഴവ സമുദായത്തിന് മനസിലാകുകയും അതിനു യോജിച്ച നീക്കങ്ങൾ ഉണ്ടാകുകയും ചെയ്തതോടെ ഇനി നുഴഞ്ഞുകയറ്റം അസാധ്യമെന്ന് മനസിലായതിന്റെ അടയാളവും ആവാം ഈ പുത്തൻ വിപ്ലവനീക്കം.
കേരളത്തിൽ അരങ്ങേറ്റാൻ ഉദ്ദേശിക്കുന്ന മുല്ലപ്പൂവിപ്ലവത്തിന്റെ കർട്ടൻ റെയ്സറാണ് ഇതെന്ന് ചിത്രീകരിക്കുന്നവരുണ്ട്. മുഖ്യമന്ത്രിയെ രക്ഷിക്കാൻ എന്ന പേരിൽ ആദ്യ വെടി പൊട്ടിച്ചത് അൻവറാണെങ്കിലും സിപിഎം സ്വതന്ത്രരായ ജലീലും റസാക്കും എല്ലാം പാർട്ടി തെരഞ്ഞെടുപ്പിന്റെ തലേന്ന് പെട്ടെന്ന് കളത്തിലിറങ്ങി. അൻവറിന്റെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ മരുമകൻ മന്ത്രി റിയാസും ഇവരോടുള്ള തന്റെ പിന്തുണ പ്രഖ്യാപിച്ചു. ശശിയും അജിത് കുമാറും മാറി തങ്ങൾ പറയുന്നവർ വന്നാൽ എല്ലാം ശരിയാകുമോ?
ആദ്യം അറസ്റ്റ് ചെയ്യേണ്ടത് ആരെ?
ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവില്ല എന്ന ഭീഷണിയോടെയാണ് ജലീൽ വിപ്ലവത്തിന് കാഹളം മുഴക്കുന്നത്. മുഖ്യമന്ത്രി മാത്രമല്ല മുഖ്യധാരാ പാർട്ടികളും മാധ്യമങ്ങളുംപോലും ഈ കളിയുടെ അന്തർനാടകം മനസിലാക്കുന്നുണ്ടോ എന്നതാണ് വിഷയം. അൻവർ നടത്തുന്ന വെളിപ്പെടുത്തലുകൾ അതീവഗുരുതരമാണെന്ന് സമ്മതിക്കുന്പോഴും അദ്ദേഹം നടത്തിയതായി അവകാശപ്പെടുന്ന കുറ്റങ്ങൾ എത്ര കൂടുതൽ ഭീകരമാണ്.
സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള എഡിജിപിയുടെയും ഭാര്യയുടെയും പോലും ടെലിഫോണ്‍ അദ്ദേഹം ചോർത്തിയിരിക്കുന്നു. എങ്ങനെ? എഡിജി പിയുമായി നല്ല ബന്ധത്തിൽ അല്ലാത്ത കേരളത്തിലെ പോലീസ് മേധാവി ഷേക്ക് ദേർവേഷ് സാഹിബ് വരെ സംശയത്തിന്റെ നിഴലിലാവുകയല്ലേ? പോലീസിൽ പച്ചവെളിച്ചം വല്ലാതെ പ്രകാശിക്കുന്നതിന്റെ അപകടസൂചനയല്ലേ എല്ലാം? അവിടെ ഇനി ഒരു രഹസ്യവും കേരളാ പോലീസിന് സൂക്ഷിക്കാനാവില്ലെന്ന നില ആയിട്ടുണ്ടെന്നല്ലേ കരുതേണ്ടത്.