ശവപ്പെട്ടിയിൽ വർക്കിച്ചൻ കിടന്നോളും!
കെ.ആർ. പ്രമോദ്
Sunday, September 8, 2024 2:31 AM IST
വർക്കിച്ചന്റെ കൂട്ടുകാരനായ തോമാച്ചൻ ലക്ഷപ്രഭുവാണ്. കേരളത്തിൽനിന്ന് പണ്ടേ രക്ഷപ്പെട്ട് ഓസ്ട്രേലിയയിൽ പോയി ബിസിനസ് ചെയ്യുന്ന ഭാഗ്യംചെയ്ത മനുഷ്യൻ. അടുത്തിടെ തോമാച്ചന്റെ പിതാവ് മരിച്ചു. നഗരത്തിലെ ഒരു പഞ്ചനക്ഷത്ര വൃദ്ധസദനത്തിൽ ഏകനായി സുഖജീവിതം നയിച്ചിരുന്ന അദ്ദേഹം വാർധക്യസഹജമായ അസുഖംമൂലം ഭാഗ്യമരണം പ്രാപിക്കുകയായിരുന്നു. തോമാച്ചനും ഭാര്യയും മക്കളുംകൂടി ഒരു ആഡംബരക്കപ്പലിൽ ലോകം ചുറ്റിയുല്ലസിക്കുന്ന സമയത്താണ് അപ്പൻ മരിക്കുന്നത്.
എന്തു ചെയ്യും? ഇങ്ങനെ അപ്രതീക്ഷിതമായി ചത്തുപോകുന്ന അപ്പനമ്മമാരെ മക്കളുടെ സൗകര്യാർഥം സൂക്ഷിച്ചുവയ്ക്കാനാണല്ലോ, വലിയ ആശുപതികളിൽ മോർച്ചറിയും മറ്റും ഒരുക്കിയിരിക്കുന്നത്.
അപ്പൻ മോർച്ചറിയിലായി
പിതൃവിയോഗത്താൽ ദുഃഖിതനായ തോമാച്ചൻ ഉടൻതന്നെ ഉറ്റസുഹൃത്തായ വർക്കിച്ചനെ വിളിച്ചു. പിതാവിന്റെ മൃതദേഹം ഒരാശുപത്രിയിലെ ഫൈവ്സ്റ്റാർ മോർച്ചറിയിലേക്ക് മാറ്റാനും മറ്റുനടപടികൾ സ്വീകരിക്കാനും പുത്രൻ ഫോണിലൂടെ അഭ്യർഥിച്ചു. വർക്കിച്ചൻ ഒരു മകനെപോലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു. തോമാച്ചന്റെ അപ്പന്റെ മൃതദേഹം വൃദ്ധസദനത്തിൽനിന്ന് ആശുപത്രി മോർച്ചറിയിലേക്കു നീക്കി, ലോക്കറിൽ വച്ചുപൂട്ടി. അടഞ്ഞുകിടന്നിരുന്ന തോമാച്ചന്റെ ബംഗ്ലാവ് തുറന്ന് കഴുകിയും തുടച്ചും വൃത്തിയാക്കി. പറമ്പിലെ കാടും പടലും വെട്ടിമാറ്റി. പരേതന്റെ ചിത്രവും കുടുംബചരിത്രവുമടങ്ങുന്ന ഫ്ളക്സ്ബോർഡുകൾ ആകാശത്തും ഭൂമിയിലും ചന്ദ്രനിലും സ്ഥാപിച്ചു. അത്രയുമായപ്പോൾ തോമാച്ചന്റെ രണ്ടാമത്തെ ഫോൺ വന്നു. മൂപ്പരുടെ ആഡംബരക്കപ്പൽ മൂന്നാലു ദിവസത്തിനകം കൊച്ചിയിൽ ഒരു ദിവസത്തേക്ക് നങ്കൂരമിടുന്നുണ്ടത്രേ! ആ ദിവസം നാട്ടിലെ പള്ളിയിൽ സംസ്കാരം നടത്താമെന്നായിരുന്നു ഫോൺസന്ദേശം. തുടർന്ന് തോമാച്ചൻ പത്തു കല്പനകൾ ഫോണിലൂടെ കൂട്ടുകാരനു നൽകി.
തോമാച്ചന്റെ പത്തു കല്പനകൾ
വീടും പരിസരവും വൈദ്യുതദീപങ്ങൾകൊണ്ട് അലങ്കരിക്കണം. പത്രങ്ങളിലും ചാനലുകളിലും പരസ്യങ്ങൾ വേണം. പള്ളിയിലും അറിയിക്കണം. മണ്ഡലത്തിലെ മന്ത്രി, എംഎൽഎ, പഞ്ചായത്ത്-ബ്ലോക്ക്-ജില്ലാ പ്രസിഡന്റുമാർ, നേതാക്കൾ എന്നിവരെ സംസ്കാരച്ചടങ്ങിന് ക്ഷണിക്കണം. വിലകൂടിയ, ചിത്രപ്പണികളുള്ള ശവപ്പെട്ടി വേണം. പെട്ടിയുടെ മുകൾഭാഗം ഒന്നാംതരം പൂക്കളും മാലകളുംകൊണ്ട് പൊതിയണം. അപ്പന്റെ മനോഹരമായ ചിത്രം പെട്ടിയുടെ തലയ്ക്കലായി വേണം. കല്ലറയിലേക്ക് കൊണ്ടുവരുമ്പോഴും വയ്ക്കുമ്പോഴും ഡ്രോണിൽ ആകാശത്തുനിന്ന് ഫോട്ടോകൾ എടുക്കണം. ലോക്കൽ ചാനലുകളിലെങ്കിലും വാർത്ത വരണം. ഉഗ്രൻ ചരമപ്രസംഗത്തിന് ഇടപാടുചെയ്യണം. ഇവയായിരുന്നു പത്തു കല്പനകൾ.
ഈ കല്പനകൾ നൽകാൻ കാരണം പാവം തോമാച്ചന്റെ സമയപരിമിതിയാണ്. സംസ്കാരം കഴിയുന്ന അന്നുതന്നെ കൊച്ചിയിലേക്ക് മടങ്ങിപ്പോയി കപ്പലിൽ കയറണമെന്നാണ് അദ്ദേഹത്തിന്റെ മനസിലിരുപ്പ്. കൊച്ചിയിൽ ഒരു ദിവസത്തേക്കു മാത്രമായി വരുന്ന കപ്പൽ പിറ്റേന്ന് സിംഗപ്പുരിലേക്കും പിന്നെ ഇംഗ്ലണ്ടിലേക്കുമാണ് പോകുന്നത്. നല്ല പണം മുടക്കി, നടത്തുന്ന ലോകയാത്ര വേണ്ടെന്നു വയ്ക്കുന്നതു ബുദ്ധിയല്ല. ഉല്ലാസയാത്ര ഉപേക്ഷിച്ചാലും സ്വർഗയാത്രയ്ക്കു പോയ അപ്പൻ തിരിച്ചുവരില്ലല്ലോ.
തണ്ണീർപ്പന്തൽ റെഡിയാണ്!
വർക്കിച്ചൻ ഓടിനടന്ന് കാര്യങ്ങൾ ഒരുക്കി. പള്ളിക്കാരെ വിവരമറിയിച്ചു. വാർത്തകളും പരസ്യങ്ങളും റെഡിയാക്കി. വീട്ടിലും വഴിയിലും കാവൽനിൽക്കാൻ വലിയ തലപ്പാവും പാന്റ്സും കോട്ടും കോണകവും ധരിച്ച അമ്പതോളം സെക്യൂരിറ്റിക്കാരെയും ഫോട്ടോഗ്രാഫർമാരെയും ഏർപ്പാടുചെയ്തു. വിവിധതരം വിളക്കുകൾകൊണ്ട് അന്തഃപുരവും വീടും മുറ്റവും അലങ്കരിച്ചു. ഇതൊന്നും പോരാഞ്ഞ് വർക്കിച്ചൻ മറ്റൊരൗചിത്യം കാട്ടി. പണിക്കാർക്കും സന്ദർശകർക്കുമായി പറമ്പിലെ ഒരു കോണിൽ മറ്റൊരു ചെറിയ തണ്ണീർപ്പന്തലും ഒരുക്കി. അതിൽ കുടിനീരിനും കുടിപാർപ്പിനുമുള്ള സൗകര്യങ്ങൾ രണ്ടു ദിവസം മുമ്പേ റെഡിയാക്കി. ഇതോടെ നാട് തണ്ണീരിലും കണ്ണീരിലും മുങ്ങി.
സ്നേഹനിധികളായ നാട്ടുകാർ പന്തലിൽ വന്ന് കുടിപാർത്ത് പാനംചെയ്ത ജലം മുഴവൻ ദുഃഖാശ്രുക്കളായി ഉരുൾപൊട്ടി എമ്പാടും പ്രവഹിച്ചുതുടങ്ങി.
പഞ്ചനക്ഷത്ര ശവപ്പെട്ടി വന്നു
തോമാച്ചന്റെ മദർഷിപ്പ് കൊച്ചിയിൽ നങ്കൂരമിടുന്ന ദിവസം ആഗതമായി. രാവിലെതന്നെ കപ്പലിറങ്ങി, തോമാച്ചനും കുടുംബവും വീട്ടിലെത്തി.
നാട്ടുകവലകളിലെ ഫ്ളക്സ്ബോർഡുകളെയും വഴിവക്കുകളിലെ യൂണിഫോംധാരികളായ സെക്യൂരിറ്റിക്കാരെയും വീട്ടിലെ അലങ്കാരങ്ങളെയും തൃക്കൺപാർത്ത തോമാച്ചനും ഭാര്യക്കും തൃപ്തിയായി. അവർ വർക്കിച്ചനെ അഭിനന്ദനങ്ങൾകൊണ്ടു മൂടി.
തോമാച്ചന്റെ പിതാവിന്റെ മൃതദേഹം മോർച്ചറിയിൽനിന്നു കൊണ്ടുവരാൻ വർക്കിച്ചൻ അപ്പോൾത്തന്നെ ഒരാംബുലൻസ് അയയ്ക്കാൻ തീരുമാനിച്ചു. സംസ്കാരമഹോത്സവം നടത്താൻ മൃതദേഹം വേണമല്ലോ. ശവമില്ലാതെ എന്തു ശവസംസ്കാരം? അപ്പോഴാണ് ഒരു പ്രശ്നം പൊന്തിവന്നത്.
തോമാച്ചന്റെ നിർബന്ധപ്രകാരമുള്ള വിലകൂടിയ ശവപ്പെട്ടി കോഴിക്കോട്ടുനിന്നായിരുന്നു ഇടപാടുചെയ്തിരുന്നത്. തലേദിവസം അതെത്തിക്കാൻ ശവപ്പെട്ടിക്കടക്കാർക്ക് കഴിഞ്ഞില്ല. ഇപ്പോൾ വാഹനമാർഗം പെട്ടി എത്തുന്നതേയുള്ളൂ. അപ്പോഴേക്കും ഉച്ചയാകും! വൈകുന്നേരം അഞ്ചിനുമുമ്പ് സംസ്കാരം നടത്തുകയും വേണം! രാവിലെമുതൽ ആളുകൾ വന്നുതുടങ്ങുകയും ചെയ്തു!
പ്രത്യേകം പറഞ്ഞു തയാറാക്കിയ പെട്ടി വരാതെ എന്തു ചെയ്യും? വർക്കിച്ചൻ ഉടൻ ആശുപത്രിക്കാരെ വിളിച്ച് ശവപ്പെട്ടിയുമായി വരുന്ന വാനിൽ മൃതദേഹം കൊടുത്തയച്ചാൽ മതിയെന്ന് അറിയിച്ചു. ഉച്ചകഴിഞ്ഞപ്പോഴേക്കും വീടുമുഴുവൻ ആളുകൾ നിറഞ്ഞു. മണ്ഡലത്തിലെ എക മന്ത്രിയും എംഎൽഎയും വൈകാതെ എത്തുമെന്ന് വാർത്ത പരന്നു. ആ നിമിഷത്തിലാണ് വലിയൊരു വാനിൽ അലങ്കാരങ്ങൾ നിറഞ്ഞ പഞ്ചനക്ഷത്രശവപ്പെട്ടി എത്താറായ വിവരം കിട്ടിയത്. പെട്ടി വരാൻ വൈകുന്നതുമൂലം കിളിപോയ തോമാച്ചൻ വാനിന്റെ ഡ്രൈവറെ വിളിച്ച് അലറി: “നീ എവിടെപ്പോയിക്കിടക്കുകയാണ്? നേരേ വീട്ടിലേക്ക് പെട്ടിയുമായി വരണം. സമയംപോയി!”
മരണം എന്ന ആഘോഷം
അങ്ങനെ കോഴിക്കോട്ടുനിന്നുള്ള വാനിൽ അതിഗംഭീരവും ചിത്രപ്പണികളുള്ളതുമായ പെട്ടി വന്നെത്തി. അത് പൂമുഖത്തെ വലിയ മേശയിൽ വർണവിളക്കുകൾക്കും കത്തുന്ന മെഴുകുതിരികൾക്കുമിടയിൽ സ്ഥാപിക്കപ്പെട്ടു. ബംഗ്ലാവിലെ നൂറുകണക്കിന് ലൈറ്റുകൾ മിഴി തുറന്നു. പ്രത്യേകഗായകസംഘത്തിന്റെ വേർപാടുഗീതങ്ങൾ മുഴങ്ങിത്തുടങ്ങി.
പിന്നെ ഒരു ബഹളമായിരുന്നു. പെട്ടിയുടെ മുകളിലേക്ക് പൂക്കളും റീത്തുകളും പെയ്തിറങ്ങി.
ആരൊക്കെയോ ചേർന്ന് പരേതന്റെ ഒരു ഫോട്ടോയും പെട്ടിയുടെ മുകളിൽ സ്ഥാപിച്ചു.
ഏകമകനായ തോമാച്ചനും ഭാര്യയും മക്കളും പെട്ടി കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞു.
വീടിന്റെ തെക്കേ മൂലയിലെ തണ്ണീർപ്പന്തലിൽ പരേതന്റെ ആത്മശാന്തിക്കായി സോഡാക്കുപ്പികളുടെ അടപ്പുകൾ മാലപ്പടക്കങ്ങൾപോലെ പൊട്ടിത്തെറിച്ചു. നാട്ടുകാർ സങ്കടം സഹിക്കാതെ കുപ്പികൾ കാലിയാക്കി കണ്ണീർവാർത്തു.
പെട്ടി തുറന്നോ! ലോകാവസാനമായി!
വൈകാതെ പള്ളിയിൽനിന്ന് മുത്തുക്കുടകളും കൊടിയും കുരിശും എത്തി. പുരോഹിതരും വന്നു. പക്ഷേ, തിക്കും തിരക്കുംമൂലം അവർ മണ്ണും ചാരിനില്പായി. അപ്പോഴാണ് മന്ത്രിയും എംഎൽഎയും പഞ്ചായത്തു പ്രസിഡന്റും മറ്റും എത്തിയത്. സെക്യൂരിറ്റിക്കാർ ആചാരവെടി മുഴക്കി, ഗാർഡ് ഓഫ് ഓണർ നൽകി സ്വർഗജാതരെ സ്വീകരിച്ചു. പെട്ടിയുടെ മുമ്പിൽ വന്നുനിന്നു പുഞ്ചിരി തൂകിയ വിഐപികളെ കാമറക്കണ്ണുകൾ ഒപ്പിയെടുത്തു. തുടർന്ന് അവരോടൊപ്പം നിന്ന് അഭിനയിക്കുന്നവരുടെ തിരക്കായി. ഫോട്ടോഗ്രാഫർമാർക്കു മുമ്പിൽ ആൾക്കൂട്ടം പെരുകിയതോടെ ചരമപ്രാർഥനയ്ക്കായി ആറടി മണ്ണ് വേറേ തേടണമെന്ന സ്ഥിതിയായി.
ഒടുവിൽ, പെട്ടിയുടെ ഒരു വശത്തുനിന്ന്, ഫോട്ടോയെടുപ്പ് തടസപ്പെടുത്താതെ ശുശ്രൂഷകൾ തുടങ്ങാൻ പുരോഹിതരെ ദയാപുരസരം ഫോട്ടോഗ്രാഫർമാർ അനുവദിച്ചു.
അങ്ങനെ ഫോട്ടോയെടുപ്പും പ്രാർഥനാശുശ്രൂഷയും നടക്കുന്നതിനിടയിൽ വർക്കിച്ചന്റെ ഫോൺ ശബ്ദിച്ചു. ആശുപത്രിയിലെ സൂപ്രണ്ടാണ് വിളിക്കുന്നത്.
“വർക്കിച്ചാ! ഫ്യൂണറൽ ഭംഗിയായി നടത്തിക്കഴിഞ്ഞോ? ഇവിടെക്കിടക്കുന്ന ബോഡി ഇനി ആവശ്യമില്ലെങ്കിൽ പറയണം”- സൂപ്രണ്ട് സാധാരണമട്ടിൽ പറഞ്ഞു. വർക്കിച്ചൻ അതുകേട്ട് ഒരു നിമിഷം ഞെട്ടി. ആശുപത്രിയിൽനിന്ന് മൃതദേഹം എടുക്കാതെ വാൻ നേരേ വീട്ടിലേക്കാണ് പെട്ടിയുമായി വന്നത്!
വർക്കിച്ചന്റെ കണ്ണുകൾ നിറഞ്ഞുതള്ളി. ദേഹം വിയർത്തൊഴുകി. കാമറയുടെ മുമ്പിൽ പോസുചെയ്തിരുന്ന തോമാച്ചൻ വർക്കിച്ചന്റെ ഭാവഭേദം കണ്ട് എന്താണെന്ന് ആംഗ്യം കാട്ടി ചോദിച്ചു.
ബംഗ്ലാവിന്റെ മുറ്റത്തെ മരത്തണലിൽ തളർന്നിരുന്ന വർക്കിച്ചൻ മെല്ലെ പറഞ്ഞു: തോമാച്ചാ ലോകാവസാനമായി! വേഗം പെട്ടി തുറന്നോ, ഞാൻ അതിനകത്ത് കയറിക്കിടന്നോളാം!