ആഗോള ഇസ്ലാമിക ഭീകരതയും ക്രൈസ്തവവേട്ടയും
റവ. ഡോ. മൈക്കിൾ പുളിക്കൽ
Friday, September 6, 2024 12:18 AM IST
(സെക്രട്ടറി, കെസിബിസി ജാഗ്രതാ കമ്മീഷൻ)
വിവിധ രാജ്യങ്ങളിൽ ഇസ്ലാമിക ഭീകരരുടെ അതിക്രമങ്ങൾക്കിരയാകുന്ന ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. കഴിഞ്ഞ 15 വർഷങ്ങൾക്കിടയിൽ അരലക്ഷത്തിൽപരം നൈജീരിയൻ ക്രിസ്ത്യാനികൾ ബോക്കോ ഹറാം, ഫുലാനി ഇസ്ലാമിക തീവ്രവാദികളാൽ ക്രൂരമായി കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
2019 മുതൽ 2023 വരെയുള്ള കാലയളവിൽ മാത്രം നൈജീരിയയിൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 16,769 ആണെന്ന് ഓഗസ്റ്റ് 29ന് പുറത്തുവന്ന ‘ദ ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക’യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇസ്ലാമിക തീവ്രവാദികളുടെ കിരാതമായ നരവേട്ടകളുടെ തുടർച്ചയായി കഴിഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ട വാർത്ത ലോകം നടുക്കത്തോടെയാണ് ശ്രവിച്ചത്. നൈജീരിയയിലെ കൂട്ടക്കൊലപാതകങ്ങൾ ഓരോ വർഷം പിന്നിടുംതോറും വർധിക്കുന്നതിനു പുറമെയാണ് കോംഗോ, ബുർക്കിന ഫാസോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലും ഭീകരാക്രമണങ്ങൾ വ്യാപിക്കുന്നത്. 94.5 ശതമാനവും ക്രൈസ്തവർ ജീവിക്കുന്ന കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണയോടെയുള്ള ഭീകരാക്രമണങ്ങളും കൊലപാതക പരമ്പരകളും പതിവായിരിക്കുന്നു.
അരക്ഷിതാവസ്ഥ
മുസ്ലിം ഭൂരിപക്ഷ രാജ്യമെങ്കിലും സമീപകാലം വരെയും സമാധാനാന്തരീക്ഷം തുടർന്നിരുന്ന ബുർക്കിന ഫാസോയിലെ 40 ശതമാനം വരുന്ന ക്രൈസ്തവർ ഉൾപ്പെടെയുള്ള മറ്റു മതസ്ഥർ ഇപ്പോൾ അരക്ഷിതാവസ്ഥയിലാണ്. ബുർക്കിന ഫാസോയിലെ വിവിധ സ്ഥലങ്ങളിൽ ഓഗസ്റ്റ് 24, 25 തീയതികളിലായി നടന്ന ഭീകരാക്രമണങ്ങളിൽ ഇരുനൂറിലേറെപ്പേർ കൊല്ലപ്പെടുകയുണ്ടായി. അതിൽ സനാബ ഗ്രാമത്തിലെ 12 വയസിനു മുകളിൽ പ്രായമുള്ള പുരുഷന്മാരെയെല്ലാം ഭീകരർ തടവിലാക്കുകയും അവരിൽ 26 പേരെ അവിടെയുള്ള ക്രൈസ്തവ ദേവാലയത്തിനുള്ളിൽവച്ച് കഴുത്തറത്തു വധിക്കുകയും ചെയ്തു. അയ്യായിരത്തിൽപരം സ്ത്രീകളും കുട്ടികളും സമീപ പ്രദേശങ്ങളിൽ പ്രാണരക്ഷാർഥം അഭയം പ്രാപിച്ചിരിക്കുന്നതായാണ് വിവിധ പ്രാദേശിക സന്നദ്ധസംഘടനകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തടവിലാക്കപ്പെട്ടവർ ജീവനോടെയുണ്ടോ എന്നതിൽ അവ്യക്തത തുടരുകയാണ്.
ബുർക്കിന ഫാസോയിൽ നടന്ന ഭീകരാക്രമണത്തെ ഓഗസ്റ്റ് 31ന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിൽ അപലപിക്കുകയും ഭീകരവാദം ലോകസമാധാനത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ആവർത്തിക്കുകയും ചെയ്തു. ഇത്തരം ഭീകരാക്രമണങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിലോ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലോ ഒതുങ്ങുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിൽ സംഭവിക്കുന്ന ഭീകരാക്രമണങ്ങളിൽ പലതും യഥാസമയം ആഗോളസമൂഹം അറിയുന്നതുപോലുമില്ല എന്നുള്ളതാണ് വാസ്തവം. നൂറുകണക്കിന് പേർ ദാരുണമായി കൂട്ടക്കൊല ചെയ്യപ്പെടുന്ന സംഭവങ്ങൾപോലും വേണ്ടവിധം ചർച്ചചെയ്യപ്പെടുകയോ വാർത്തയാവുകയോ ചെയ്യാതെ അവഗണിക്കപ്പെടുകയും ചെയ്യുന്നു.
2024 - എട്ടുമാസം പിന്നിടുമ്പോൾ
ലോകത്തെ നടുക്കിയ പ്രധാന ഭീകരാക്രമണങ്ങളിൽ മാത്രം കഴിഞ്ഞ എട്ട് മാസങ്ങൾക്കിടയിൽ വിവിധ രാജ്യങ്ങളിലായി ആയിരത്തോളം ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. 2024 ജനുവരി മുതലുള്ള കാലയളവിൽ 30ൽപരം ഭീകരാക്രമണങ്ങളാണ് ഐഎസ് ഉൾപ്പെടെയുള്ള ഇസ്ലാമിക ഭീകര സംഘടനകൾ നടത്തിയിട്ടുള്ളത്. ജനുവരി മൂന്നിന് 105 പേരുടെ മരണത്തിനു കാരണമായ ഇറാനിലെ ചാവേർ ആക്രമണമാണ് ഈ വർഷം ആദ്യമുണ്ടായത്. ജനുവരിയിൽതന്നെ തുർക്കിയിലെ ഇസ്താംബുളിൽ ഞായറാഴ്ചയിലെ ദിവ്യബലി മധ്യേ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു.
ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസാൻ പ്രൊവിൻസ് ഭീകരവാദികളുടെ നേതൃത്വത്തിൽ മറ്റൊരു ആക്രമണം നടന്നത് മാർച്ച് 22ന് റഷ്യയിലാണ്. ക്രോക്കസ് സിറ്റി ഹാളിൽ നടന്ന ബോംബ് സ്ഫോടനത്തിൽ 145 പേർ കൊല്ലപ്പെടുകയും 550-ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീണ്ടും ജൂൺ 23ന് റഷ്യയിൽ ക്രൈസ്തവ ദേവാലയങ്ങളിലും സിനഗോഗുകളിലും നടന്ന ആക്രമണങ്ങൾക്കു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് കോക്കസസ് പ്രൊവിൻസിലെ ഭീകരരായിരുന്നു. ഇത്തരത്തിൽ വിവിധ മേഖലകൾ തിരിച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെതന്നെ പല ഗ്രൂപ്പുകളും ചെറുതും വലുതുമായ എണ്ണമറ്റ മറ്റു ഭീകരപ്രസ്ഥാനങ്ങളും ഏഷ്യൻ, യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
പശ്ചിമജർമനിയിലെ സോളിങ്ങൻ നഗരത്തിൽ ആഘോഷപരിപാടിക്കിടെ ഒരു സിറിയൻ പൗരൻ നടത്തിയ കത്തിയാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും എട്ടുപേർക്കു പരിക്കേൽക്കുകയും ചെയ്തത് ഓഗസ്റ്റ് 23നാണ്. ഓഗസ്റ്റ് 24ന് ഫ്രാൻസിൽ ഒരു യഹൂദ സിനഗോഗിന് സമീപമുണ്ടായ സ്ഫോടനം ഭീകരാക്രമണമെന്ന് സംശയിക്കപ്പെടുന്നു. ഓഗസ്റ്റ് അവസാന ആഴ്ചയിലാണ് നൂറ്റിമുപ്പത്തിൽപരം പേർ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങൾ പാക്കിസ്ഥാനിലും ഉണ്ടായത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും ബൊക്കോ ഹറാം ഭീകരരും ഫുലാനി ഭീകരരും മത്സരസ്വഭാവത്തോടെ ആക്രമണങ്ങൾ നടത്തുന്ന നൈജീരിയയിൽ കുറഞ്ഞത് 13 ക്രൈസ്തവരെങ്കിലും തങ്ങളുടെ വിശ്വാസത്തെപ്രതി ഓരോ ദിവസവും കൊല്ലപ്പെടുന്നുണ്ട് എന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. ഭീകരസംഘടനകൾ തട്ടിക്കൊണ്ടുപോകുന്നവർ ഇതിലും ഏറെയാണ്. മാനവിക ഇടപെടലുകൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ ഓഫീസിന്റെ വിലയിരുത്തലുകൾ പ്രകാരം, എൺപത് ശതമാനം സ്ത്രീകളും കുട്ടികളും അടങ്ങുന്ന എൺപത്തിമൂന്ന് ലക്ഷം മനുഷ്യർ നൈജീരിയയിൽ അടിയന്തര പരിഗണന അർഹിക്കുന്നുണ്ട്.
എല്ലായിടത്തും ക്രൈസ്തവർ ഇരകളാക്കപ്പെടുന്നു
ഒറ്റപ്പെട്ട കൈയേറ്റങ്ങളും ആക്രമണശ്രമങ്ങളുമാണ് ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ സാന്നിധ്യമില്ലാത്ത രാജ്യങ്ങളിലെ മറ്റൊരു ഭീഷണി. കഴിഞ്ഞ ഏപ്രിലിൽ ഓസ്ട്രേലിയയിലെ അസീറിയൻ ഓർത്തഡോക്സ് സഭയുടെ ബിഷപ്, മാർ മാറി ഇമ്മാനുവൽ ദേവാലയത്തിൽ ശുശ്രൂഷയ്ക്കിടെ ആക്രമിക്കപ്പെട്ടത് ഉദാഹരണമാണ്. പ്രതിയുടെ പ്രായം കേവലം പതിനാറ് വയസ് മാത്രമായിരുന്നു. തുടർന്ന് ഈ കേസുമായി ബന്ധപ്പെട്ട് പതിനാലിനും പതിനേഴിനും ഇടയിൽ പ്രായമുള്ള അഞ്ച് കൗമാരപ്രായക്കാരെക്കൂടി ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുണ്ടായി. ഭീകരവാദ പ്രവർത്തനങ്ങളിലേക്കുള്ള ആകർഷണമാണ് ഈ കുറ്റകൃത്യത്തിന് അവരെ പ്രേരിപ്പിച്ചത് എന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
അഭയാർഥികളും കുടിയേറ്റക്കാരുമായി യൂറോപ്യൻ രാജ്യങ്ങളിൽ എത്തിച്ചേർന്ന വ്യക്തികളുടെയും അവരുടെ പിന്മുറക്കാരുടെയും ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യക്ഷത്തിൽ ഭീകര സംഘടനകളുടെ സാന്നിധ്യമില്ലാത്ത രാജ്യങ്ങളിൽപോലും വളരെ വ്യക്തമായ റാഡിക്കലൈസേഷൻ നടക്കുന്നതായി ഇത്തരം സംഭവങ്ങളിൽനിന്നു വ്യക്തമാണ്. ഇസ്ലാമിക ഭീകര സംഘടനകൾ പ്രവർത്തനം വ്യാപിപ്പിക്കുന്ന രാജ്യങ്ങളുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുന്നതും എല്ലായിടത്തും തന്നെ ക്രൈസ്തവർ ഇരകളാക്കപ്പെടുന്നതും അത്യന്തം ആശങ്കാജനകമാണ്.
(തുടരും)