സുരക്ഷിതമാണ് വയനാട്
ജയിംസ് വടക്കൻ
Friday, September 6, 2024 12:15 AM IST
ആഗോള താപനമാണ് അതിതീവ്രമഴയ്ക്കും ഉരുൾപൊട്ടലിനും മുണ്ടക്കൈ-ചൂരൽമലയിലെ 537 നിരപരാധികളുടെ മരണത്തിനും കാരണം. ആഗോള താപനത്തിന്റെ മുഖ്യ ഉത്തരവാദികളാകട്ടെ ആഗോള കുത്തക വ്യവസായികളും വികസിത രാജ്യങ്ങളിലെ ആർഭാടജീവിതവുമാണ്. ഇതെല്ലാം മറച്ചുവച്ചാണ് ആഗോള പരിസ്ഥിതി സംഘടനകളിൽനിന്നു ‘പരിസ്ഥിതി ഗവേഷണം’ എന്ന പേരിൽ കോടിക്കണക്കിന് രൂപ വാങ്ങിയെടുക്കുന്ന ചില പരിസ്ഥിതി സംഘടനകളും പഠന-ഗവേഷണ കേന്ദ്രങ്ങളും മലയോര കർഷകരെ പ്രതിസ്ഥാനത്തു നിർത്തുന്നതും പശ്ചിമഘട്ടത്തിൽനിന്നു കർഷകരെ കുടിയിറക്കാനായി മുണ്ടക്കൈ-ചൂരൽമല ദുരന്തം ദുരുപയോഗിക്കുന്നതും.
ഇത്തരം സ്ഥാപിത താത്പര്യ ഗവേഷണങ്ങളെ പ്രതിരോധിക്കാനും ഉപരോധിക്കാനും അത്തരക്കാരുടെ ജനവിരുദ്ധ നീക്കങ്ങളെ തുറന്നുകാട്ടാനുമാണ് സേവ് വെസ്റ്റേണ്‍ ഗാട്ട്സ് പീപ്പിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കേരളത്തിലെ പ്രമുഖ സ്വതന്ത്ര കർഷക സംഘടനകളുടെയും സാമൂഹിക, ശാസ്ത്ര, ജനകീയ പഠന കേന്ദ്രങ്ങളുടെയും ആഭിമുഖ്യത്തിൽ കൽപ്പറ്റയിൽ തിങ്കളാഴ്ച ആദ്യ സെമിനാർ സംഘടിപ്പിക്കുന്നത്.
വയനാട്ടിൽ 413 ഗ്രാമപഞ്ചായത്ത് വാർഡുകളും 99 നഗരവാർഡുകളും അടക്കം ആകെയുള്ള 512 വാർഡുകളിലും മേപ്പാടി പഞ്ചായത്തിലെ മൂന്നു വാർഡുകളിലും മാത്രം സംഭവിച്ച ഒരു ദുരന്തത്തെ വയനാട് ദുരന്തം എന്ന് പേരിടുകയും പ്രചരിപ്പിക്കുകയും ചെയ്തത് തീവ്രപരിസ്ഥിതി പക്ഷക്കാരായ ചില ഉന്നത ഉദ്യോഗസ്ഥരായിരുന്നു. മുണ്ടക്കൈ ദുരന്തപശ്ചാത്തലത്തിൽ വയനാട്ടിലെ കാർഷിക, വ്യാവസായിക, ഹോംസ്റ്റേ, ടൂറിസം ബിസിനസ് മേഖലകളെ പ്രതിസ്ഥാനത്ത് നിർത്തി മനുഷ്യ ഇടപെടലുകളാണ് ദുരന്തത്തിനു കാരണമെന്ന് ആരോപിച്ച് വയനാട് ജില്ല മൊത്തത്തിൽ ജനജീവിതത്തിന് സുരക്ഷിതമല്ല എന്നു വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഈ മുൻവിധിയോടെ വയനാട് ദുരന്തത്തെ അടിസ്ഥാനമാക്കി പഠനഗവേഷണ റിപ്പോർട്ടുകളും പ്രാദേശിക ശാസ്ത്ര സെമിനാറുകളും നടത്തണമെന്ന ചില വൻകിട ആഗോള പരിസ്ഥിതി സംഘടനകളുടെയും അന്താരാഷ്ട്ര ഫണ്ടിംഗ് ഏജൻസികളുടെയും നിർദേശം മുളയിലേ നുള്ളേണ്ടിയിരിക്കുന്നു. അതിനായാണ് ജനകീയ ബദൽ കാന്പയിൻ ആരംഭിക്കുന്നത്.
ഹിമാലയത്തിൽ 30 കിലോമീറ്റർ വരെ ആറുവരി തുരങ്കപാതയും അജന്ത, എല്ലോറ മേഖലയിൽ 20 കിലോമീറ്റർ റെയിൽ തുരങ്കപാതയും പശ്ചിമഘട്ടത്തിലെ നിർമാണവിസ്മയമായി നിലനിൽക്കുന്ന കൊങ്കണ്‍ റെയിൽപാതയും ഉപയോഗിക്കുന്നവർ വയനാട്ടിലെ നിർദിഷ്ട തുരങ്കപാതയ്ക്ക് എതിരു നിൽക്കുന്നത് അംഗീകരിക്കാനാവില്ല.
കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും
അതിതീവ്രമഴയുടെ കാരണം കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമാണെന്ന് വിധിയെഴുതുന്പോൾ അതിന് കാരണക്കാർ വികസിത-സന്പന്ന രാഷട്രങ്ങളാണെന്ന് വ്യക്തം. കാർബണ്‍ ബഹിർഗമനത്തിന്റെ 60 ശതമാനവും സൃഷ്ടിക്കുന്നത് ജനസംഖ്യയുടെ 10 ശതമാനം പോലുമില്ലാത്ത വികസിത രാജ്യങ്ങളാണ്. കാർബണ്‍ കൂടുന്നതോടെ അന്തരീക്ഷ താപനം ഉയരുന്നു. കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നു. അത് അതിതീവ്രമഴയിലേക്ക് നയിക്കുന്നു. അങ്ങനെ 537 പേരുടെ മരണകാരണമായ മുണ്ടക്കൈ ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്വം വികസിത രാജ്യങ്ങളിൽ തന്നെയാണ്.
ആഗോള താപനം കുറയ്ക്കാൻ ജീവിതശൈലിയിൽ മാറ്റം വരുത്താൻ തയാറല്ലാത്ത വികസിത-സന്പന്ന രാജ്യങ്ങൾ അതിനു പകരമായി വികസ്വര-ദരിദ്ര രാജ്യങ്ങളിലെ വികസനം നിയന്ത്രിക്കുക, താപവൈദ്യുതി ഉത്പാദനം കുറയ്ക്കുക, മോട്ടോർ വാഹന ഉപയോഗത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരുക, കൃഷി നിരോധിക്കുക, അന്തരീക്ഷത്തിൽനിന്നു കാർബണ്‍ വലിച്ചെടുക്കാൻ കൂടുതൽ പ്രദേശങ്ങൾ വനമാക്കുക, സാധ്യമായിടത്തൊക്കെ മരം നടുക തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കാൻ പ്രാദേശികമായി പരിസ്ഥിതി സംഘടനകളെ സാന്പത്തികസഹായം നൽകി പിന്തുണയ്ക്കുന്നു. ഇത്തരം സഹായങ്ങളൊക്കെ ‘പഠന-ഗവേഷണ പദ്ധതി’കളായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പ്രാദേശിക വനംവകുപ്പുകളെ ബന്ധപ്പെടുത്തിയാണ് വന്പൻ കോർപറേറ്റുകൾ നിയന്ത്രിക്കുന്ന ആഗോള പരിസ്ഥിതി സംഘടനകൾ ഇത്തരത്തിൽ പ്രാദേശിക പരിസ്ഥിതി സംഘടനകളെ സാന്പത്തികമായി സഹായിക്കുന്നത്.
പെയ്ഡ് ഗവേഷണം
ഏറെ വിവാദമായ ‘പെയ്ഡ് ന്യൂസ്’ പോലെ തന്നെയാണ് ആഗോള പരിസ്ഥിതി സംഘടനകൾ പ്രത്യക്ഷമായും പരോക്ഷമായും ധനസഹായം ചെയ്യുന്ന പരിസ്ഥിതി വിഷയ ഗവേഷണങ്ങൾ. ഗവേഷണ ഫലങ്ങൾ എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന് ഫണ്ടിംഗ് ഏജൻസികൾ മുൻകൂട്ടി നിശ്ചയിക്കുകയും അവ അംഗീകരിക്കുന്ന ഗവേഷകർക്ക് ഉദാരമായി ഫണ്ട് നൽകുകയും ചെയ്യുന്നു. ഇതിനെ ‘പെയ്ഡ് ഗവേഷണം’ എന്നാണു വിളിക്കുന്നത്.
സത്യസന്ധമായി വിലയിരുത്തിയാൽ മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും ‘പെയ്ഡ് ഗവേഷണ’ വിഭാഗത്തിൽ പെടുത്തേണ്ടിവരും. ജനങ്ങളുമായി യാതൊരു സംവാദവും നടത്താതെയാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഉണ്ടാക്കിയതെന്ന് തെളിഞ്ഞുകഴിഞ്ഞു. റിപ്പോർട്ടിൽ കേരളത്തെ സംബന്ധിച്ച പരാമർശങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയപ്പോൾ കമ്മിറ്റി അംഗംകൂടിയായിരുന്ന മുൻ ബയോഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ വിജയനാണ് അതിനുത്തരവാദി എന്ന നിലപാടാണ് ഗാഡ്ഗിൽ എടുത്തത്. പശ്ചിമഘട്ടത്തിൽപ്പെട്ട കേരളത്തിലെ പഞ്ചായത്തുകളുമായി ആശയവിനിമയം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന ഗാഡ്ഗിലിന്റെ നിലപാട് തെറ്റാണ്.
മുണ്ടക്കൈ ദുരന്തത്തിനുശേഷം ഓഗസ്റ്റ് മൂന്നിന് മുംബൈയിൽ മാധവ് ഗാഡ്ഗിൽ പറഞ്ഞത് പശ്ചിമഘട്ടത്തിലെ പാറമടകളാണ് ദുരന്തത്തിന് കാരണമെന്നാണ്. പാറമടകളിലെ പൊട്ടിക്കൽ മണ്ണിനെ ദുർബലപ്പെടുത്തുന്നു. അത് ഉരുൾപൊട്ടലിന് കാരണമാകുന്നു എന്നായിരുന്നു ഗാഡ്ഗിൽ ചൂണ്ടിക്കാട്ടിയത്. 5,000ൽപരം പാറമടകൾ പശ്ചിമഘട്ടത്തിലുണ്ടെന്ന് ഗാഡ്ഗിലും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുഖ്യ ഗവേഷകനായ ഡോ. ടി.വി. സജീവും പറയുന്പോൾ മുണ്ടക്കൈയിൽനിന്ന് 10.5 കിലോമീറ്റർ അകലെയാണ് പാറമട ഉള്ളതെന്ന് മുഖ്യമന്ത്രി പറയുന്നു. സംസ്ഥാനത്തൊട്ടാകെ 561 പാറമടകളേ ഉള്ളൂവെന്നും അതിൽ 11 എണ്ണം മാത്രമാണ് വയനാട്ടിലുള്ളതെന്നും സർക്കാർ വ്യക്തമാക്കുന്നു. ആരാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സർക്കാർ വിശദീകരിക്കണം.
വയനാടിന്റെ സാന്പത്തിക അടിത്തറ
കൃഷിയും ഹോംസ്റ്റേ ടൂറിസവും സേവനമേഖലയുമാണ് വയനാടിന്റെ സാന്പത്തികാടിത്തറ. 1980ൽ വയനാടിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 117.3 കോടി രൂപയായിരുന്നെങ്കിൽ അതിൽ 61 ശതമാനവും കാർഷിക മേഖലയിൽനിന്നായിരുന്നു. ടൂറിസം അടക്കമുള്ള സേവനമേഖലയുടെ പങ്ക് 21 ശതമാനവുമായിരുന്നു.
2023ൽ വയനാട് ജില്ലയുടെ ആഭ്യന്തര ഉത്പാദനം 17,179.2 കോടി രൂപയായി ഉയർന്നപ്പോൾ കാർഷിക മേഖലയുടേത് 24 ശതമാനമായി കുറഞ്ഞു. എന്നാൽ, ടൂറിസം അടക്കമുള്ള സേവനമേഖലയുടെ പങ്ക് 68 ശതമാനമായാണ് ഉയർന്നത്. വയനാട് സുരക്ഷിതമല്ല എന്നുപറയുന്പോൾ 8,16,558 ജനങ്ങൾ താമസിക്കുന്ന വയനാട്ടിലെ കൃഷി, ഹോം സ്റ്റേ ടൂറിസം അടക്കമുള്ള സേവനമേഖലകളിലെ 92 ശതമാനം ജനങ്ങളെ പട്ടിണിക്കിടാനുള്ള നീക്കമാണ്.
ടൂറിസ്റ്റുകളുടെ വരവിൽ വയനാട് അഞ്ചാം സ്ഥാനത്താണ്. പശ്ചിമഘട്ടത്തിൽ ഇടുക്കി കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തും. കേരളം കാണാനെത്തിയ 90,01,553 ടൂറിസ്റ്റുകളിൽ 7,02,356 പേർ വയനാട് സന്ദർശിക്കാനെത്തി. വൻകിട റിസോർട്ടുകളല്ല, ഹോം സ്റ്റേകളാണ് വയനാട്ടിൽ കൂടുതൽ. കർഷകരും സാധാരണക്കാരും അവരുടെ വീടിനോട് ചേർന്നു നടത്തുന്ന ഹോംസ്റ്റേകളിൽ ഇടുക്കി കഴിഞ്ഞാൽ സംസ്ഥാന തലത്തിൽ വയനാട് രണ്ടാം സ്ഥാനത്താണ്. അതിനാൽത്തന്നെ വയനാടിനെ തകർക്കുന്ന വ്യാജപ്രചാരണങ്ങൾ തടയാൻ ജനങ്ങൾതന്നെ മുന്നിട്ടിറങ്ങണം.