അധ്യാപനം അതിശ്രേഷ്ഠം
ഡോ. കൊച്ചുറാണി ജോസഫ്
Thursday, September 5, 2024 12:42 AM IST
അമേരിക്കയുടെ മുൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കണ് തന്റെ കൊച്ചുമകന്റെ അധ്യാപകരിൽനിന്ന് അദ്ദേഹം പ്രതീക്ഷിക്കുന്ന കാര്യങ്ങളെക്കുറിച്ച് അയച്ച കത്തിലെ പ്രസക്ത ഭാഗങ്ങൾ ഇവയാണ്: “ഭൂരിപക്ഷം ആളുകളും ചേർന്നുനിന്ന് തെറ്റാണെന്നു പറയുന്ന സന്ദർഭങ്ങളിൽ സ്വയം ചിന്തിച്ചു തീരുമാനമെടുക്കാനുള്ള ആത്മവിശ്വാസം നിങ്ങൾ അവന് പകർന്നുകൊടുക്കുക. ആത്മവിശ്വാസത്തിൽ അവന് അചഞ്ചലമായ വിശ്വാസം ഉണ്ടാക്കിക്കൊടുക്കാൻ പരിശ്രമിക്കുക. അപ്പോൾ മാത്രമേ അവന് മാനവസമൂഹത്തോട് അചഞ്ചലമായ വിശ്വാസത്തോടുകൂടി ഇടപെടാൻ സാധിക്കുകയുള്ളൂ.
തന്റെ മനസിന് ശരിയല്ല എന്നു തോന്നുന്ന കാര്യങ്ങൾക്കെതിരേ പോരാടി ജയിക്കാൻ പരിശീലിപ്പിക്കുക. പരാജയത്തെ അംഗീകരിക്കാനും വിജയത്തെ ആഘോഷിക്കാനും നിങ്ങൾ അവനെ പഠിപ്പിക്കുക.” അധ്യാപകരിൽ അമിതമായി ആത്മവിശ്വാസള്ള ഒരു വ്യക്തിയുടെ ഈ വാക്കുകളിൽനിന്ന് സമൂഹം അവരിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നു എന്നു വ്യക്തമാകുന്നു.
അധ്യാപനം അതിശ്രേഷ്ഠമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതിനും അധ്യാപകരെ ആദരിക്കുന്നതിനും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും എല്ലാ വർഷവും അധ്യാപകദിനം പരിശ്രമിക്കുന്നു.
യുനെസ്കോയുടെ നേതൃത്വത്തിൽ ഒക്ടോബർ അഞ്ചാണ് ലോക അധ്യാപകദിനമായി പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികളിലാണ് ഈ ദിനമാചരിക്കുന്നത്. അതിപ്രശസ്തനായ അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചാണ് 1961 മുതൽ ഇന്ത്യയിൽ അധ്യാപകദിനമായി തെരഞ്ഞെടുത്തിട്ടുള്ളത്.
അന്നേദിവസം ഗുരുഭക്തി വളർത്താനും അധ്യാപന മേഖലയിലേക്ക് ആഭിമുഖ്യം സൃഷ്ടിക്കാനും ഗുരുവന്ദനത്തിനുതകുന്ന കർമപരിപാടികൾ സംഘടിപ്പിക്കുന്നു. അധ്യാപകദിനത്തോടനുബന്ധിച്ച് വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകർക്ക് ദേശീയ, സംസ്ഥാന അവാർഡുകളും നൽകുന്നുണ്ട്.
അധ്യാപകൻ എന്നും ഒരു വിദ്യാർഥികൂടിയാണ്
അധ്യാപന നിപുണതയ്ക്ക് പ്രധാനമായും രണ്ടു ഘടകങ്ങൾ ആവശ്യമാണ്. ഒന്നാമത്തേത് താൻ പഠിപ്പിക്കുന്ന വിഷയത്തിലുള്ള പാണ്ഡിത്യമാണ്. അതിന് കൂടുതൽ പഠിക്കാനും അറിയാനുമുള്ള ഉത്സാഹം എന്നുമുണ്ടാകണം. കംപ്യൂട്ടർ ലോകത്തെ അതികായനായ ബിൽ ഗേറ്റ്സിന്റെ അഭിപ്രായത്തിൽ അദ്ദേഹം വിദ്യാദായകൻ മാത്രമല്ല, എന്നും ഒരു പഠിതാവാണ്. വിദ്യാഭ്യാസം എന്നത് നിരന്തരമായ അന്വേഷണമാകയാൽ അധ്യാപകൻ വിദ്യാഭ്യാസം എന്ന പ്രക്രിയ പഠനം, ഗവേഷണം തുടങ്ങിയവയിലൂടെ നിരന്തരം തുടർന്നുകൊണ്ടേയിരിക്കണം.
രണ്ടാമതായി പ്രചോദനാത്മകമായ, ഗുണമേന്മയുള്ള വ്യക്തിത്വത്തിന്റെ ഉടമയാവുക എന്നതാണ്. എഡ്യുക്കേഷൻ എന്ന പദം തന്നെ ‘പുറത്തോട്ട് എടുക്കുക’ എന്നർഥമുള്ള ‘എഡുകാരെ’ എന്ന ലാറ്റിൻ പദത്തിൽനിന്നാണ് ഉത്ഭവിച്ചത്. അതിനാൽ വിദ്യാഭ്യാസം ഒരു വ്യക്തിയിൽ അന്തർലീനമായിട്ടുള്ള കഴിവുകളെ പുറത്തെടുക്കലാണ്. അധ്യാപനത്തിന്റെ മികവ് സ്വന്തം ധനം വിദ്യാർഥികൾക്ക് കാണിച്ചുകൊടുക്കുന്നതിലല്ല, മറിച്ച് അവരുടേതുതന്നെ കണ്ടെത്താൻ സഹായിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നത്. അത് സാധ്യമാകുന്നത് മാസ്മരികതയുള്ള വ്യക്തി ചെലുത്തുന്ന സ്വാധീനത്തിൽനിന്നുകൂടിയാണ്.
വസ്തുക്കളെയല്ല, വ്യക്തികളെയാണ് അധ്യാപകൻ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് ‘സൂക്ഷിച്ചുപയോഗിക്കണം തകർന്നു പോകാൻ സാധ്യതയുണ്ട്’. ചില വിഷയങ്ങളോടുള്ള താത്പര്യവും താത്പര്യമില്ലായ്മയും സൃഷ്ടിക്കുന്നത് അധ്യാപകരുടെ ഇടപെടലുകളിൽനിന്നാണ്. ലോകപ്രശസ്തരായ പലരും തങ്ങളുടെ ജീവിതനേട്ടത്തിന് കടപ്പെട്ടിരിക്കുന്നത് അധ്യാപകരോടാണെന്ന് പറയാറുണ്ട്.
വിദ്യാഭ്യാസം വിരൽത്തുന്പിൽ ലഭ്യമാകുന്പോൾ
ആധുനികലോകത്തിൽ വിദ്യാഭ്യാസം ഓണ്ലൈനിലൂടെയും ലഭിക്കുന്പോൾ അധ്യാപകരും ക്ലാസ് മുറിയും എന്തിനെന്ന ചോദ്യം ഉയരുന്നു. എന്നാൽ, കേവലം യാന്ത്രികമായ അധ്യയനവും ഒരു വ്യക്തിയുടെ സാമീപ്യത്തിൽനിന്ന് ലഭ്യമാകുന്ന വിദ്യാഭ്യാസവും വ്യത്യസ്തമാണ്. ആദ്യത്തേത് കേവലം ബുദ്ധിപരവും അറിവ് പ്രദാനം ചെയ്യലുമാകുന്പോൾ രണ്ടാമത്തേതിൽ ഹൃദയബന്ധവും സ്വഭാവ രൂപവത്കരണവുംകൂടി ഉടലെടുക്കുന്നു.
വിദ്യാർഥിയുടെ വളർച്ചയുടെ ഓരോ ഘട്ടം കഴിയുന്പോഴും അധ്യാപകന്റെ പങ്ക് കുറഞ്ഞുകൊണ്ടേയിരിക്കണം. സ്വതന്ത്രവും തനതുമായ തീരുമാനങ്ങൾ എടുക്കാൻ പറ്റിയ വിധത്തിൽ വിദ്യാർഥി വളർന്നിരിക്കണം. എപ്പോഴും അധ്യാപകനെ ആശ്രയിക്കാൻ ഇടവരുത്തരുത്. അതിന് വിദ്യാർഥിയെ എന്നും ഒരു ഗുണഭോക്താവിന്റെ അവസ്ഥയിൽ നിർത്താതെ തീരുമാനമെടുക്കാനും വളരാനുമുള്ള കഴിവ് സൃഷ്ടിക്കണം. തങ്ങൾ പഠിപ്പിച്ച വിദ്യാർഥികൾ തങ്ങളേക്കാൾ മെച്ചപ്പെട്ട ജീവിതം നയിച്ചുകാണുന്നതിൽ അസൂയ ഇല്ലാത്തവരും അഭിമാനത്തോടെ അത് ഏറ്റുപറയുന്നവരുമാണ് അധ്യാപകർ.
ഗുരു ആചാര്യനാണ്
ചരിക്കേണ്ട വഴി കാണിച്ചുതരുന്നവനും അതിലൂടെ ചരിക്കുന്നവനുമാണ് ഗുരു അഥവാ ആചാര്യൻ. അതിന് നമ്മൾ വിദ്യാലയത്തിലൂടെയല്ല, വിദ്യ നമ്മിലൂടെയാണ് കടന്നുപോകേണ്ടത്. ക്ലാസ്മുറി വിട്ടുകഴിഞ്ഞും സിലബസ് മറന്നുകഴിഞ്ഞും ഒരുവനിൽ എന്ത് അവശേഷിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്. അതിനാലാണ് വിദ്യാഭ്യാസം ഉണ്ടായാൽ പോരാ, വിവരം ഉണ്ടാകണമെന്നും വിവരമുണ്ടായാൽ പോരാ, വിവേകവും വിനയവും ഉണ്ടാകണമെന്നും നിഷ്കർഷിക്കുന്നത്. ഇതു നാലും ചേർന്നുള്ള സമന്വയ വ്യക്തിത്വം സൃഷ്ടിക്കുക എന്നതിലാണ് അധ്യാപനത്തിന്റെ ഉൾപൊരുൾ വിടരുന്നത്.
നിങ്ങൾക്കിത് വായിക്കാൻ സാധിക്കുന്നുവെങ്കിൽ നിങ്ങളുടെ അധ്യാപകരെ ഓർക്കുക എന്നു പറയാറുണ്ട്. അധ്യാപകരാണ് മറ്റു തൊഴിലുകളെ സൃഷ്ടിക്കുന്നത്. എന്നാൽ അധ്യാപനവൃത്തിയുടെ അന്തസ് കെട്ടുപോകുന്ന തരത്തിലുള്ള ഇടപെടലുകൾ, സ്വന്തം ജീവിതപ്രശ്നങ്ങൾ ക്ലാസ് മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നത്, വ്യക്തിപരമായ പ്രശ്നങ്ങളോട് പൊരുത്തപ്പെടാൻ പറ്റാത്തത്, സ്വന്തം മുറിവുകളിന്മേലുള്ള സൗഖ്യം നേടാത്തത്, സഹപ്രവർത്തകരെ ഉൾക്കൊള്ളാൻ ആവാത്തത്, എല്ലാവരെയും വിധിക്കുന്ന മനോഭാവം, ആരോഗ്യകരവും സുദൃഢവുമായ വ്യക്തിബന്ധങ്ങളുടെ അഭാവം, അധ്യാപനത്തോട് തീവ്ര ആഭിമുഖ്യമില്ലായ്മ, ഭാവാത്മകമല്ലാത്ത ട്രേഡ് യൂണിയൻ ആഭിമുഖ്യങ്ങൾ തുടങ്ങി നിരവധിയായ നിഷേധാവസ്ഥകൾ ഈ നിയോഗത്തെ മലിനപ്പെടുത്തുന്നു.
യുജിസി പോലുള്ള ഉന്നത വിദ്യാഭ്യാസ ഏജൻസികൾ അധ്യാപകരുടെ ജോലിയെ മൂന്നായി തരംതിരിച്ചിരിക്കുന്നു. അത് പഠിപ്പിക്കൽ, ഗവേഷണം, സാമൂഹ്യ പ്രതിബദ്ധത എന്നിവയാണ്. അതിനാൽ അധ്യാപനം കേവലം ക്ലാസ് മുറിയിൽ ഒതുങ്ങുന്നതല്ല, തന്റെ അറിവും അനുഭവവും രാഷ്ട്രനിർമിതിക്കായി സമർപ്പിക്കുന്നതാവണം. ഓർക്കുക, ജീവിച്ച വർഷങ്ങളല്ല, വർഷിച്ച ജീവിതങ്ങളാണ് പ്രാധാന്യമർഹിക്കുന്നത്.