കാർഷികമേഖലയെ പുനരുദ്ധരിക്കാം
ഡോ. കെ.വി. ജോസഫ്
Wednesday, September 4, 2024 12:14 AM IST
ഏതാനും വർഷം മുന്പുവരെ മുൻപന്തിയിൽ നിന്നിരുന്ന കേരളത്തിലെ കാർഷികമേഖല ഇന്ന് അങ്ങേയറ്റം അധോഗതി പ്രാപിച്ചിരിക്കുകയാണ്. 2021-22ൽ കേരളത്തിലെ മൊത്തവരുമാനത്തിന്റെ 8.97 ശതമാനം മാത്രമായിരുന്നു കൃഷിയും മൃഗസംരക്ഷണവും മത്സ്യബന്ധനവുമുൾപ്പെട്ട കാർഷികമേഖലയുടെ സംഭാവന.
അന്നു കേരളത്തിലെ ഒരാളുടെ പ്രതിശീർഷ വരുമാനമാകട്ടെ 2,57,719 രൂപയുമായിരുന്നു. അതേയവസരത്തിൽ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാകട്ടെ കേരളത്തിലെ ജനനസംഖ്യയുടെ 27.7 ശതമാനവും വരും. അപ്പോൾ കാർഷിക മേഖലയിലെ ഒരാളുടെ ശരാശരി വരുമാനം 98,515 രൂപയായിരിക്കും. ഇതിൽനിന്നു കൃഷിക്കാരുടെ അവസ്ഥ എത്രമാത്രം ശോച്യമാണെന്ന് ഊഹിക്കാമല്ലോ.
മൊത്തവരുമാനത്തിൽ മാത്രമല്ല, കൃഷിയിറക്കുന്ന സ്ഥലത്തിന്റെ വ്യാപ്തിയിലും വിളകളുടെ അളവിലും ഗണ്യമായ തോതിലാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. കാർഷികമേഖല അതിന്റെ മൂർധന്യദശയിലായിരുന്ന കാലത്ത് കേരളത്തിൽ 21.89 ലക്ഷം ഹെക്ടറിലാണു കൃഷിയിറക്കിയിരുന്നത്. ഒന്നിൽ കൂടുതൽ പ്രാവശ്യം വിളവെടുക്കുന്ന സ്ഥലത്തിന്റെ വിസ്തീർണം 7.92 ലക്ഷം ഹെക്ടറും. അവയിപ്പോൾ യഥാക്രമം 20.35 ലക്ഷവും 5.53 ലക്ഷം ഹെക്ടറുമായി താഴ്ന്നിരിക്കുന്നു.
പല വിളകളുടെയും ഉത്പാദനത്തിലും ഗണ്യമായ ഇടിവ് കാണാവുന്നതാണ്. ഏറ്റവും കൂടുതൽ ഇടിവ് നടന്നിരിക്കുന്നത് നെല്ലിന്റെ കാര്യത്തിലാണ്. മുന്പ് 13 ലക്ഷത്തിലധികം ടണ് അരി ഉത്പാദിപ്പിക്കുന്ന സ്ഥാനത്ത് ഇപ്പോൾ ആറു ലക്ഷം ടണ്ണിൽ താഴെ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. നെല്ല് കൂടാതെ അടയ്ക്കയുടെയും മരച്ചീനിയുടെയും കശുവണ്ടിയുടെയും കുരുമുളകിന്റെയും ഉത്പാദനത്തിലും ഗണ്യമായ ഇടിവ് വന്നുചേർന്നിട്ടുണ്ട്. നാളികേരത്തിന്റെയും റബറിന്റെയും ഉത്പാദനത്തിൽ ഇടിവ് സംഭവിച്ചില്ലെങ്കിലും അവയിപ്പോൾ ഉത്പാദനവളർച്ചയില്ലാത്ത അവസ്ഥയിലാണ്.
അപ്പോൾ എന്തുകൊണ്ട് കാർഷികമേഖല ഇങ്ങനെ അധോഗതി പ്രാപിച്ചെന്നും അതിനെ എങ്ങനെ പുനരുദ്ധരിക്കാമെന്നുമുള്ള കാര്യങ്ങൾ അന്വേഷണവിധേയമാക്കേണ്ട പ്രശ്നങ്ങളാണ്.
ഇടിവിന്റെ കാരണങ്ങൾ
ലാഭേച്ഛയ്ക്ക് അതീതമായി ജീവനോപാധികളുടെ ഉത്പാദനം മാത്രമായിരുന്നു മുൻകാലങ്ങളിൽ കർഷകരുടെ ലക്ഷ്യം. എന്നാൽ, ഇന്നു വരവുചെലവുകളെപ്പറ്റി കർഷകർ അതീവ ബോധവാന്മാരാണ്. അതിനാൽ തന്നെ നഷ്ടത്തിലായാൽ കൃഷി ഉപേക്ഷിക്കാൻ അവർ തീരുമാനിക്കും. കേരളത്തിലാണെങ്കിൽ കുറേ വർഷങ്ങളായി വരവിൽ ഇടിവും ചെലവിൽ വർധനയുമാണ് കാർഷികരംഗത്ത് അനുഭവപ്പെട്ടുവരുന്നത്.
സർക്കാർ പ്രസിദ്ധീകരണങ്ങൾ നൽകുന്ന കണക്കുകളനുസരിച്ച് 1952ലെ വിലയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ കൃഷിക്കാർക്കു ലഭിക്കുന്ന വിലയുടെ സൂചിക 2021-22ൽ 9830 ആയി വർധിച്ചിരുന്നു. എന്നാൽ, അവർ നൽകേണ്ട വിലയുടെ സൂചിക 17,186 ആയാണു വർധിച്ചത്. അപ്പോൾ അവർ നൽകുന്ന വില അവർക്കു ലഭിക്കുന്ന വിലയുടെ നേരേ ഇരട്ടിയായെന്നർഥം. അങ്ങനെ വരുന്പോൾ കൃഷി പൂർണമായും നഷ്ടത്തിലാണെന്നു വ്യക്തം.
എന്തുകൊണ്ട് കൃഷി നഷ്ടത്തിലായെന്ന ചോദ്യം പ്രസക്തമാണ്. അതേപ്പറ്റി വിശദമായ ചർച്ചയ്ക്കൊരുങ്ങുന്നില്ലെങ്കിലും ഒന്നുരണ്ടു കാര്യങ്ങൾ ചൂണ്ടിക്കാണിക്കാം. കൃഷിക്കാർക്കു കിട്ടേണ്ട ന്യായമായ വരുമാനം കിട്ടാതെവരുന്നത് സർക്കാർ സ്വീകരിച്ചുവരുന്ന വികലനയങ്ങളുടെ ഫലമാണെന്നതാണു യാഥാർഥ്യം.
താഴ്ന്ന വിലയ്ക്കു ഭക്ഷ്യധാന്യങ്ങൾ ഉപഭോക്താക്കൾക്കു നൽകുന്നതിനുള്ള നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അതു കൃഷിക്കാർക്ക് ദോഷം മാത്രമാണ് വരുത്തിവയ്ക്കുന്നത്. കേരളത്തിലാണെങ്കിൽ 35 ശതമാനം റേഷൻ കാർഡുടമകൾക്കും ഒന്നുകിൽ സൗജന്യമായോ അല്ലെങ്കിൽ നിസാര വിലയ്ക്കോ ആണു ഭക്ഷ്യധാന്യങ്ങൾ നൽകിവരുന്നത്. (ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ വളരെക്കുറച്ചുള്ള ഒരു സംസ്ഥാനത്തു താഴ്ന്ന വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ നൽകണമോ എന്നതു ചർച്ചാവിഷയമാക്കേണ്ടതാണ്).
അതേയവസരത്തിൽ ഉയർന്ന വരുമാനമുള്ള ബാക്കി 65 ശതമാനം റേഷൻ കാർഡുടമകൾക്ക് കന്പോളവിലയിലും വളരെ താഴ്ന്ന വിലയ്ക്കാണ് അരിയും മറ്റു വിഭവങ്ങളും നൽകിവരുന്നത്. തന്നെയുമല്ല, ഏതെങ്കിലും സമയത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുകയാണെങ്കിൽ സിവിൽ സപ്ലൈസ് കോർപറേഷൻ വഴിയും ഓണച്ചന്ത വഴിയും വിലവർധന നിയന്ത്രിക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ട്.
അവയെല്ലാം വില വർധിക്കുന്പോൾ കൃഷിക്കാർക്കു ലഭിക്കാവുന്ന ന്യായമായ വരുമാനവർധന തടയുന്നതിനാണ് ഉതകുന്നത്. തന്നെയുമല്ല, റബർ, കുരുമുളക്, സസ്യ എണ്ണ തുടങ്ങിയ ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ ഇറക്കുമതിയും കൃഷിക്കാർക്ക് ദോഷകരമായിത്തീരുന്നവയാണ്. സർക്കാർ നയങ്ങൾ കൂടാതെ കൃഷിയെ ബാധിക്കുന്ന രോഗങ്ങൾ, പ്രകൃതിദുരന്തങ്ങൾ, കാട്ടുമൃഗങ്ങളുടെ ആക്രമണം തുടങ്ങിയവ കൃഷിക്കും കൃഷിക്കാർക്കും വളരെയേറെ നഷ്ടം വരുത്തുന്നുണ്ട്.
കർഷകർ നൽകേണ്ടിവരുന്ന വില വളരെ ഉയർന്നതുമാണ്. അതിന് പല കാരണങ്ങളുമുണ്ടെങ്കിലും പ്രധാനപ്പെട്ടത് തൊഴിലാളികൾക്കു നൽകേണ്ട വേതനമാണ്. ഇന്നു കേരളത്തിലെ ഒരു കർഷകത്തൊഴിലാളിക്ക് ഏകദേശം 1000 രൂപയാണ് ദിവസ വേതനമായി കിട്ടുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും വേതനം ഇത്രമാത്രം ഉയർന്നിട്ടില്ല.
ഈ വേതനവർധനയാകട്ടെ ഉത്പാദനക്ഷമത യാതൊരു തരത്തിലും വർധിക്കുന്നതിന് ഉതകുന്നുമില്ല. ഗൾഫ് പണപ്രവാഹത്തോടെ നിർമാണം തുടങ്ങിയ മേഖലകളിൽ തൊഴിലാളികളുടെ സേവനം ആവശ്യമായിത്തീർന്നതാണു വേതനവർധനയ്ക്കു കാരണം. ഏതായാലും 1000 രൂപ വേതനം നൽകി കൃഷിയിറക്കുന്പോൾ നഷ്ടത്തിൽ കലാശിക്കുകതന്നെ ചെയ്യും. കൂലിവർധനയുടെ കൂട്ടത്തിൽ വളത്തിന്റെ വിലവർധനയും കൃഷിക്കാരുടെ ചെലവ് വർധിക്കുന്നതിനിടയാക്കുന്നു.
ലാഭനഷ്ടക്കണക്കുകൾക്കുപരിയായി ചില സാമൂഹ്യ-സാംസ്കാരിക കാരണങ്ങളും കൃഷിയുടെ പതനത്തിനുകാരണമാകുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടവ കായികാധ്വാനത്തിൽ ഏർപ്പെടുന്നതിനുള്ള വൈമനസ്യവും കൃഷിയെത്തന്നെ ഉപേക്ഷിക്കുന്നതിനുള്ള സാഹചര്യങ്ങളുമാണ്. കായികാധ്വാനം കൂടുതലായി ആവശ്യമുള്ള ഒരു തൊഴിലാണല്ലോ കൃഷി. കായികാധ്വാനത്തിൽ ഏർപ്പെടുന്നതിൽ പണ്ടുമുതലേ വൈമനസ്യമുള്ള ജനവിഭാഗമായിരുന്നു കേരളീയർ. വിദ്യാഭ്യാസ പുരോഗതി പ്രാപിച്ചതോടെ ഈ ചിന്താഗതി കൂടുതൽ ശക്തിയാർജിച്ചു.
അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ കൃഷി ഉപേക്ഷിച്ച് വെള്ളക്കോളർ ജോലിക്കായി നെട്ടോട്ടത്തിലുമാണ്. തുടർന്ന് ആരംഭിച്ച വിദേശകുടിയേറ്റം കാർഷികമേഖലയ്ക്ക് ഒരു കണ്ഠകോടാലിയായിത്തീർന്നുവെന്നു പറയാം. പുറത്തു പോയിട്ടുള്ളവർ തിരികെ വരാതെ അവിടങ്ങളിൽത്തന്നെ സ്ഥിരതാമസക്കാരായിരിക്കുകയാണ്. അതും കാർഷികരംഗത്തു പ്രവർത്തിക്കുന്നവരുടെ എണ്ണത്തിൽ വൻ ഇടിവാണു സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന വിദ്യാർഥിപലായനം ഈ ഇടിവിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുകയുമാണ്. ഇപ്പോൾത്തന്നെ കൃഷി പ്രായാധിക്കക്കാരുടെയും നിരക്ഷരരുടെയും തൊഴിലായി രൂപാന്തരപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ ഇന്നത്തെ തലമുറ അപ്രത്യക്ഷമാകുന്നതോടെ കേരളത്തിൽ കൃഷി ക്ക് ആരുംതന്നെ ഉണ്ടായെന്നു വരില്ല. ചുരുക്കത്തിൽ, നെൽപ്പാടങ്ങളെപ്പോലെ കരഭൂമിയും തരിശായിത്തീരുന്ന അവസ്ഥയിലേക്കാണു കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത്.
എന്നാൽ, അങ്ങനെ ഉപേക്ഷിക്കാവുന്ന ഒന്നല്ല കാർഷികമേഖല. നമുക്കാവശ്യമായ ഭക്ഷണം ലഭിക്കുന്നതു കൃഷിയിലൂടെയാണല്ലോ. കേരളത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിന് കൃഷിയെ പരിരക്ഷിക്കുകതന്നെ വേണം. കേരളമാണെങ്കിൽ പ്രകൃതിയുടെ കാരുണ്യംകൊണ്ട് പലതരത്തിലുള്ള വിളകൾ കൃഷിയിറക്കാൻ അനുയോജ്യമായ ഒരു ഭൂപ്രദേശമാണുതാനും. അപ്പോൾ എങ്ങനെ കൃഷിയെ സമുദ്ധരിക്കാനാകും എന്നതാണു ചിന്തനീയം.
കൃഷിയെ എങ്ങനെ പരിരക്ഷിക്കാം
വളരെ ശ്രമകരമായ ഉദ്യമത്തിലൂടെ മാത്രമേ കൃഷിയെ പരിരക്ഷിക്കാനാകൂ. കാർഷികമേഖലയെ പുനരുദ്ധരിക്കുന്നതിനുള്ള പരിഹാരമാർഗങ്ങളിൽ ഒന്ന് സാങ്കേതികസിദ്ധികളെ പരമാവധി ഉപയോഗപ്പെടുത്തുകയെന്നതാണ്. ചെളിപുരളേണ്ട കായികാധ്വാനത്തിൽ ഏർപ്പെടുന്നതിനുള്ള വൈമനസ്യമാണല്ലോ കൃഷിയുടെ പതനത്തിനുള്ള മുഖ്യകാരണങ്ങളിൽ ഒന്ന്. എന്നാൽ, കായികാധ്വാനത്തെ ഒഴിവാക്കുന്നതിനുതകുന്ന പല സാങ്കേതികസിദ്ധികളും ഇന്നു സുലഭമാണ്. കിളയ്ക്കുന്നതിനും നിലം ഉഴുന്നതിനും നെല്ല് വിതയ്ക്കുന്നതിനുമൊക്കെ ഇന്ന് യന്ത്രസജ്ജീകരണങ്ങൾ സുലഭമാണ്. അവ ഉപയോഗപ്പെടുത്തിയാൽ തൊഴിലാളികളുടെ ദൗർലഭ്യത്തെയും തരണം ചെയ്യാനാകും.
എന്നാൽ, ഈ സാങ്കേതികസിദ്ധികൾ ഉപയോഗപ്പെടുത്താനുള്ള സാന്പത്തികശേഷി പല കർഷകർക്കും ഉണ്ടായെന്നുവരില്ല. തന്നെയുമല്ല, മുന്പ് സൂചിപ്പിച്ചതുപോലെ കാർഷികഭൂമി തരിശായിത്തീരുന്ന സാഹചര്യത്തിൽ കൃഷിയെ സംരക്ഷിക്കാൻ, തോട്ടകൃഷി പോലെയുള്ള കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിനുപകരിക്കുന്ന കന്പനികൾ തന്നെ രൂപീകരിച്ചുകൂടേയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെ വൻതോതിൽ നടത്തുന്ന കാർഷിക യത്നങ്ങളിൽ സ്ഥിരം ജോലിക്കാരെ നിയമിക്കുന്നതിനും വിലപിടിപ്പുള്ള യന്ത്രങ്ങൾ വാങ്ങുന്നതിനും സാധ്യമായിരിക്കും. തന്നെയുമല്ല വിപണനസാധ്യതകളും കൈവരിക്കാൻ സാധ്യമാണ്. എന്നാൽ, ഇങ്ങനെയുള്ള മാറ്റങ്ങൾ കൈവരിക്കുന്നതിനു നിയമവ്യവസ്ഥകളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതായിത്തീരും.
അഥവാ ചെറുകിട രീതിയിൽത്തന്നെ കാർഷിക പുനരുദ്ധാരണം നടത്തണമെന്നു തീരുമാനിക്കുകയാണെങ്കിൽ പാട്ടസന്പ്രദായം പുനഃപ്രതിഷ്ഠിക്കുന്നത് ഉത്തമമായിരിക്കും. ഇപ്പോൾത്തന്നെ പാട്ടരീതിയിൽ പല വിളകളും കൃഷി ചെയ്തുവരുന്നുണ്ട്. പാട്ടവ്യവസ്ഥ നിയമാനുസൃതമാക്കുകയാണെങ്കിൽ ഭൂവുടമയ്ക്കും കൃഷിക്കാർക്കും സുരക്ഷിതരായി പ്രവർത്തിക്കാൻ സാധിക്കും. അതോടെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും കഴിയും.
മേൽപ്പറഞ്ഞ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനുമുന്പ് അവയെപ്പറ്റിയുള്ള പഠനങ്ങളും ചർച്ചകളും നടത്തിയിരിക്കുകതന്നെ വേണം. വേണ്ടത്ര പഠനങ്ങളോടും തയാറെടുപ്പുകളോടുംകൂടി നടപ്പിലാക്കുകയാണെങ്കിൽ മേൽപ്പറഞ്ഞ മാർഗങ്ങളിലൂടെ കാർഷികമേഖല പുനരുദ്ധരിക്കാനാവും.