വാതിൽ തുറന്നിട്ട് വയനാട് വിളിക്കുന്നു
ജോജി വർഗീസ്
Tuesday, September 3, 2024 12:20 AM IST
പ്രകൃതിയുടെ ഹരിതാഭ സൗന്ദര്യവും അനുഗൃഹീതമായ കാലാവസ്ഥയും ഫലഭുയിഷ്ഠമായ മണ്ണുംകൊണ്ട് സന്പന്നമാണ് വയനാട്. വയനാട്ടിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അനേകം ഘടകങ്ങളുണ്ട്. നിരവധി ടൂറിസം സ്പോട്ടുകളും ജില്ലയിലുണ്ട്. ഇവയെല്ലാംതന്നെ സുരക്ഷിതവുമാണ്.
മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്തുണ്ടായ ഉരുൾപൊട്ടൽ ദുരന്തം പഞ്ചായത്തിലെ മൂന്ന് വാർഡുകളിലാണ് സംഭവിച്ചത്. വയനാട് ഒന്നാകെ ദുരന്തത്തിലകപ്പെട്ടില്ല. വയനാടും വയനാടിന്റെ ടൂറിസം മേഖലകളുൾപ്പെടെയും സുരക്ഷിതമാണെന്ന് ടൂറിസ്റ്റുകളോട് വ്യക്തമാക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ നേതൃത്വത്തിൽ കാന്പയിൻ ആരംഭിച്ചിട്ടുണ്ട്.
പൂക്കോട് തടാകം, കർലാട് തടാകം, കാരാപ്പുഴ അണക്കെട്ട്, അന്പലവയൽ ഹെറിറ്റേജ് മ്യൂസിയം, ബത്തേരി ടൗണ് സ്ക്വയർ, പുൽപ്പള്ളി പഴശി സ്മാരകം തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഇപ്പോഴും അതീവ സുരക്ഷിതമാണെന്നും അധികൃതർ പറയുന്നു.
ശക്തമായ പ്രചാരണ പരിപാടികളിലൂടെ ടൂറിസ്റ്റുകളുടെ ആശങ്കകൾ ദൂരീകരിച്ച് ജില്ലയിലെ വിനോദസഞ്ചാരമേഖലയെ വരുംനാളുകളിൽ തിരിച്ചു പിടിക്കാൻ കഴിയുമെന്ന പ്രത്യാശയിലാണ് ടൂറിസം പ്രമോഷൻ കൗണ്സിലും അധികൃതരും നാട്ടുകാരും. ജില്ലയുടെ വരുമാനത്തിന്റെ 25 ശതമാനത്തോളം ലഭിക്കുന്നത് ടൂറിസത്തിൽനിന്നുമാണ്. ദുരന്തം സംഭവിച്ച് ഒരുമാസത്തിനുള്ളിൽ 25 കോടിയിലധികം രൂപയുടെ നഷ്ടമാണ് ടൂറിസത്തിനും അനുബന്ധ മേഖലകൾക്കുമുണ്ടായിരിക്കുന്നത്.
നാലായിരത്തോളം റിസോർട്ടുകളും ഹോട്ടലുകളും ഹോം സ്റ്റേകളുമാണ് ജില്ലയിലുളളത്. ടൂറിസം കേന്ദ്രങ്ങൾക്ക് സമീപമുള്ള കരകൗശല കടകൾ അടക്കമുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾ, റിസോർട്ടുകളിലെ തൊഴിലാളികൾ, ടാക്സി ഡ്രൈവർമാർ, ഓട്ടോ ഡ്രൈവർമാർ തുടങ്ങി അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്നവർ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. വയനാട്ടിൽ ജനജീവിതം സാധാരണ ഗതിയിൽ എത്തിയിട്ടും സഞ്ചാരികൾ വരാൻ മടിക്കുന്നത് ആളുകളെ സാന്പത്തികമായി വലിയ ബുദ്ധിമുട്ടിലാക്കുന്നു.
വയനാട് ഇപ്പോഴും സുരക്ഷിതം
വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ലോകപ്രശസ്തമായ എടയ്ക്കൽ ഗുഹ സഞ്ചാരികൾക്കായി തുറന്നുനൽകിയതോടെ സ്വദേശികളെയും വിദേശികളെയും ഒന്നുപോലെ ഇവിടേക്ക് ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച്, ചരിത്രകൗ തുകികളെ. ഇതോടൊപ്പം അന്പലവയൽ ടൗണിലുള്ള ചരിത്രമ്യൂസിയവും തുറന്നു. അന്പലവയൽ ടൗൺ സജീവമായി.
എടയ്ക്കലിൽ 1920 പേർക്കാണ് ഒരു ദിവസം ഗുഹയിൽ പ്രവേശനം അനുവദിച്ചിരുന്നത്. ഗുഹയെ ആശ്രയിച്ച് പ്രദേശത്ത് 60ൽപരം കടകളാണ് പ്രവർത്തിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികളെ ആശ്രയിച്ചാണ് ഇവരുടെ വരുമാനം. നേരത്തേ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിക്കൊണ്ടിരുന്നത്. ടിക്കറ്റ് കിട്ടാതെ നിരവധി പേർക്കു തിരിച്ചുപോകേണ്ടി വരാറുമുണ്ടായിരുന്നു.
പഴശി പാർക്കും കഴിഞ്ഞ ദിവസം തുറന്നെങ്കിലും ഈ വിവരം അറിയാത്തതിനാൽ സഞ്ചാരികൾ കാര്യമായി എത്തുന്നില്ല. പ്രഭാതസവാരിക്ക് ആവശ്യമായ സൗകര്യങ്ങൾ പാർക്കിൽ ഒരുക്കുന്നതടക്കമുള്ള നവീകരണ പ്രവർത്തനങ്ങൾ വയനാട് പാക്കേജിന്റെ ഭാഗമായി ഇവിടെ നടന്നുവരികയാണ്. വിവാഹത്തിനടക്കമുള്ള സൗകര്യമൊരുക്കി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും നീക്കമുണ്ട്.
ഇക്കോ ടൂറിസം കേന്ദ്രങ്ങളും തുറക്കണം
ഡിടിപിസിയുടെ നിയന്ത്രണത്തിൻകീഴിലുള്ള ടൂറിസം കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസം തുറന്നെങ്കിലും മാസങ്ങൾ മുന്പ് അടച്ചിട്ട വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. ഇതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ കടുത്ത ദുരിതത്തിലാണ്. എന്നു തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെയാണ് ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. ഇതോടെ ഇക്കോ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവർ കടുത്ത പ്രതിസന്ധിയിലാണിപ്പോൾ. ഇവിടെ പ്രവർത്തിച്ചിരുന്ന ഹോട്ടൽ- വ്യാപാരമേഖലകളും നിശ്ചലമായി. വയനാട് ഉരുൾപൊട്ടൽ എന്ന നിലയുള്ള പ്രചാരണം ശക്തമായതോടെ വിദേശരാജ്യങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമുള്ള സഞ്ചാരികളും എത്താതായി.
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനിയും അടച്ചിട്ടാൽ ഓണം സീസണ് അവതാളത്തിലാകുമെന്നു സംരംഭകർ പറയുന്നു. കുറുവ വനം സംരക്ഷണസമിതി ജീവനക്കാരൻ പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണു ഫെബ്രുവരി 19ന് കുറുവ ദ്വീപ് അടച്ചിട്ടത്. തോൽപെട്ടി വന്യജീവി സങ്കേതം, ബ്രഹ്മഗിരി ട്രെക്കിംഗ് കേന്ദ്രം, സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം, ചെന്പ്ര പീക്ക്, മുനീശ്വരൻകുന്ന്, മുത്തങ്ങ വന്യജീവി സങ്കേതം എന്നിവയും ഇതിന്റെ പിന്നാലെ അടച്ചു. വേനലിൽ കാട്ടുതീയുടെ പേരിൽ മാസങ്ങളോളം അടച്ചിടുകയും ചെയ്തു. ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെല്ലാംതന്നെ വനംവകുപ്പിന്റെ കീഴിലാണ്.
തുറന്നുകൊടുത്ത സ്ഥലങ്ങൾ
പഴയതുപോലെതന്നെ വയനാട്ടിൽ സഞ്ചാരികളെ കാത്തിരിക്കുന്നവയിൽ ചുരം വ്യൂ പോയിന്റുകൾ, എടയ്ക്കൽ ഗുഹ, കാരാപ്പുഴ-ബാണാസുര ഡാമുകൾ, പൂക്കോട് തടാകം, അന്പലവയൽ ഹെറിറ്റേജ് മ്യൂസിയം തുടങ്ങിയ കേന്ദ്രങ്ങളുണ്ട്. കൂടാതെ സ്വകാര്യ മേഖലയിലെ ചെറുതും വലുതുമായ നൂറിൽപരം വാട്ടർ തീം-അഡ്വഞ്ചർ പാർക്കുകളും റിസോർട്ടുകളുമാണ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തിരിക്കുന്നത്.
വ്യാപാരികൾക്ക് 25 കോടി നഷ്ടം
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ 25 കോടിയുടെ നഷ്ടമാണ് വ്യാപാരമേഖലയിൽ ഉണ്ടായതെന്ന് വ്യാപാരി-വ്യവസായി ഏകോപസമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ്, ജനറൽ സെക്രട്ടറി കെ. ഉസ്മാൻ എന്നിവർ പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലുമായി ഉരുൾപൊട്ടലിൽ തകർന്നത് 78 വ്യാപാരസ്ഥാപനങ്ങളാണ്. ഉരുൾവെള്ളത്തിന്റെ കുത്തൊഴുക്കിൽ കടകൾതന്നെ ഒലിച്ചുപോയി. അവശേഷിച്ച കടകളിൽ കല്ലും ചെളിയും മണ്ണുമെല്ലാം കയറി നശിച്ചു. ദിവസങ്ങളുടെ അധ്വാനത്തിനു ശേഷമാണ് കടകളിൽ അടിഞ്ഞു കൂടിയ മണ്ണ് വ്യാപാരികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് നീക്കിയത്. കടകൾ പ്രവർത്തനസജ്ജമാക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണം. കടകളിലെ വയറിംഗ് ഉൾപ്പെടെയുള്ളവയും നശിച്ചു.
ഇതു പൂർത്തിയാകുന്ന മുറയ്ക്കു ചൂരൽമല ടൗണിന്റെ ഒരു ഭാഗം തുറന്നു പ്രവർത്തിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും വൈദ്യുതിബന്ധം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. ദുരന്തബാധിതരായ വ്യാപാരികളുടെ മുഴുവൻ വായ്പകളും എഴുതിത്തള്ളുകയും വേണം. വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. വയനാടിന്റെ മറ്റു മേഖലകളിലെ സാധാരണ ജീവിതത്തെ ബാധിക്കാത്ത വിധത്തിൽ വേണം ഇവിടത്തെ പ്രവർത്തനങ്ങൾ നടത്തേണ്ടത്. മേഖലയിലെ ജനങ്ങളുടെ തൊഴിൽ നഷ്ടപ്പെടുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണ്. വയനാട് തകർന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും നടക്കുന്നതെന്നും തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം പ്രചാരണങ്ങൾക്ക് സർക്കാർ കടിഞ്ഞാടിണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
കൽപ്പറ്റയിലെ ഒരു പ്രമുഖ റിസോർട്ടിൽ മാത്രം കഴിഞ്ഞ മാസം 45 ലക്ഷം രൂപയുടെ ബുക്കിംഗ് റദ്ദാക്കേണ്ടിവന്നു. റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സർവീസ് വില്ലകൾ എന്നിവയുടെ പ്രതിസന്ധി ഉരുൾപൊട്ടൽ ദുരന്തത്തോടെ ഇരട്ടിയായി. സഞ്ചാരികളുടെ ഒഴുക്ക് നിലച്ചതു ഹോട്ടൽ വ്യവസായത്തെയും ബാധിച്ചു. വിനോദസഞ്ചാരമേഖലകളിലുള്ള ഹോട്ടലുകളുടെയും ചെറുകിട കച്ചവടസ്ഥാപനങ്ങളുടെയും വരുമാനം നിലച്ചു. ടൂറിസം കേന്ദ്രങ്ങൾക്കടുത്തുള്ള കുടുംബശ്രീ സ്റ്റാളുകൾ, തട്ടുകടകൾ, കരകൗശല ഉത്പന്നങ്ങളുടെ സ്റ്റാളുകൾ, പഴക്കടകൾ തുടങ്ങിയവ നടത്തുന്നവരെയും സഞ്ചാരികളുടെ വരവിലുണ്ടായ കുറവ് ബാധിച്ചു. ടൂറിസ്റ്റ് ടാക്സി ഉടമകളും ഡ്രൈവർമാരും വൻ പ്രതിസന്ധിയിലാണിപ്പോൾ. വയനാട് ടൂറിസത്തിന്റെ ഉണർവിനായി സെപ്റ്റംബർ മുതൽ പ്രചാരണം നടത്തുമെന്ന സർക്കാർ തീരുമാനത്തിൽ മാത്രമാണു ടൂറിസം മേഖലയുടെ പ്രതീക്ഷ.
ഗുണ്ടൽപേട്ടയെയും ബാധിച്ചു
വയനാടൻ അതിർത്തി ഗ്രാമമായ ഗുണ്ടൽപേട്ടയിൽ പൂക്കൾ കാണാനും ഇക്കുറി സഞ്ചാരികൾ കുറഞ്ഞു. ഗുണ്ടൽപേട്ടയിലെ പൂപ്പാടം കാണാൻ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽനിന്നുവരെ സഞ്ചാരികൾ എത്തിക്കൊണ്ടിരുന്നതാണ്. ശനി, ഞായർ ദിവസങ്ങളിൽ മുത്തങ്ങ ചെക്ക് പോസ്റ്റ് കടന്നുപോകുന്ന വാഹനങ്ങളുടെ നീണ്ടനിര കാണാമായിരുന്നു. ചൂരൽമല ദുരന്തത്തിനു ശേഷം വളരെ ചുരുക്കം ആളുകൾ മാത്രമാണ് ഗുണ്ടൽപേട്ടയിൽ പൂപ്പാടങ്ങൾ സന്ദർശിക്കുന്നത്.
കേരളത്തിലെ ഓണം പ്രതീക്ഷിച്ച് പൂവു കൃഷി ഇറക്കിയ ഒരുപാട് കർഷകർ ഗുണ്ടൽപേട്ടയിലുണ്ട്. ഓണവിപണി പ്രതീക്ഷിച്ചു മാത്രമായി കൃഷിയിറക്കിയ കർഷകർ ഇപ്പോൾ നിരാശയിലാണ്. കേരളത്തിൽ ഓണാഘോഷം തുടങ്ങുന്നതോടുകൂടി ജില്ലയ്ക്കകത്തും പുറത്തും നിന്നുള്ളവർ ഏക്കർകണക്കിന് പൂപ്പാടങ്ങൾ നേരത്തേ ബുക്ക് ചെയ്യുമായിരുന്നു. ഇക്കുറി ആരുംതന്നെ പൂക്കൾ ബുക്ക് ചെയ്യാൻ വന്നില്ലെന്നാണ് ഗുണ്ടൽപേട്ടയിലെ കർഷകർ പറയുന്നത്. ഇനിയും കാത്തിരുന്നാൽ പൂക്കൾ കേടുവന്നു പോകുമെ ന്നതുകൊണ്ട് കർഷകർ പെയിന്റ് കന്പനിക്ക് വിൽക്കുകയാണ്.