മെഡിക്കൽ റാങ്ക്ലിസ്റ്റും ഇഡബ്ല്യുഎസ് സംവരണവും
എ.എം.എ. ചമ്പക്കുളം
Tuesday, September 3, 2024 12:15 AM IST
ദേശീയ തലത്തിലെ നീറ്റ് റാങ്ക്ലിസ്റ്റ് ആധാരമാക്കിയുള്ള സംസ്ഥാനതല മെഡിക്കൽ റാങ്ക്ലിസ്റ്റ് അടിസ്ഥാനമാക്കിയ സെലക്ഷൻ ലിസ്റ്റ് പരിശോധിക്കുന്നവർക്ക് 2024ലെ ആദ്യ അലോട്ട്മെന്റ് വിവരങ്ങൾ മനസിലാക്കാൻ സാധിക്കും. ഇതിൽനിന്നു ചില യാഥാർഥ്യങ്ങൾ പൊതുസമൂഹം മനസിലാക്കേണ്ടിയിരിക്കുന്നു.
ഓപ്പൺ മെറിറ്റിൽ സർക്കാർ മെഡിക്കൽ കോളജുകളിൽ എംബിബിഎസിന് 746-ാം റാങ്കുവരെ പ്രവേശനം ലഭിച്ചപ്പോൾ സ്വാശ്രയ കോളജിൽ ഓപ്പൺ വിഭാഗത്തിന്റെ റാങ്ക് 8287 ആണ്. സർക്കാർ മെഡിക്കൽ കോളജുകളിലെ എംബിബിഎസിന് ഇഡബ്ല്യുഎസ് വിഭാഗത്തിലെ 3059 വരെയുള്ളവർക്ക് പ്രവേശനം ലഭിക്കും. സ്വാശ്രയ കോളജുകളിൽ 14,518 വരെ റാങ്കുള്ളവർക്കും പ്രവേശനം ലഭിക്കും. എന്നാൽ, സർക്കാർ കോളജുകളിൽ ഈഴവ വിഭാഗക്കാർക്ക് 1568, മുസ്ലിം 1012 എന്നിങ്ങനെയാണ് സംവരണത്തിൽ പ്രവേശനം കിട്ടുന്ന അവസാന റാങ്ക്. സ്വാശ്രയ കോളജുകളിൽ ഈഴവ- 8806, മുസ്ലിം- 8917 എന്നിങ്ങനെയുമാണ്.
മറ്റു പല സംവരണ വിഭാഗങ്ങളേക്കാൾ വളരെ പിന്നിലുള്ള റാങ്കുകളിൽ ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ടവർ പ്രവേശനം നേടുന്നു. ഇത് എന്തുകൊണ്ട് എന്നു പരിശോധിക്കപ്പെടണം. ഈ റാങ്ക് ലിസ്റ്റുകളിൽനിന്ന് ഒരു കാര്യം വളരെ വ്യക്തമാണ്. ഇഡബ്ല്യുഎസ് വിഭാഗത്തിന് ലഭിക്കുന്ന സംവരണ ശതമാനത്തേക്കാൾ കൂടുതൽ സംവരണം ഉണ്ടായിട്ടും ചില സംവരണ വിഭാഗങ്ങളിൽ ഉൾപ്പെട്ടുവരുന്നവർ പൊതു മെറിറ്റിനോട് അടുത്തുതന്നെ നിൽക്കുന്നു. ഇത് പലപ്പോഴും പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാവുകയും ഇഡബ്ല്യുഎസ് വിഭാഗം അനധികൃതമായി എന്തൊക്കെയോ നേടിയെടുക്കുന്നു എന്നൊരു തോന്നൽ ഉണ്ടാക്കുകയും ചെയ്യുന്നു. ചില തത്പരകക്ഷികൾ അത്തരത്തിൽ പറഞ്ഞുപരത്തുന്നുമുണ്ട്.
മെറിറ്റ് ലിസ്റ്റിൽ ഇഡബ്ല്യുഎസ് ഒഴികെയുള്ള സംവരണ വിഭാഗങ്ങളുടെ പ്രാതിനിധ്യം വളരെ മുന്നിട്ടു നില്ക്കുന്നതിനാൽ സംവരണ വിഭാഗത്തിലും അതോടൊപ്പം പൊതുവിഭാഗത്തിലും പരിഗണിക്കപ്പെടാവുന്നവരുടെ എണ്ണം കൂടുതലാണ്. അതിനാൽ പൊതു മെറിറ്റിലേതിനേക്കാൾ അധികം മുന്നോട്ട് ഈ വിഭാഗങ്ങളുടെ റാങ്കുകൾ മാറില്ല. പക്ഷേ അവർക്ക് ലഭിക്കേണ്ടുന്ന സംവരണം ഒരിക്കലും നഷ്ടപ്പെടുന്നില്ല. പൊതുവിഭാഗത്തിൽ മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഒരു സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടയാൾ പരിഗണിക്കപ്പെട്ടാൽ തൊട്ടടുത്ത സംവരണ സീറ്റ് നിശ്ചയിക്കപ്പെട്ടിരിക്കുന്ന വിഭാഗത്തിനുതന്നെ ലഭിക്കും. അതിൽ ഒരിക്കലും മാറ്റം സംഭവിക്കുന്നില്ല.
ഓപ്പൺ മെറിറ്റ് ലിസ്റ്റിനോട് അടുത്തു നില്ക്കുന്ന സംവരണ വിഭാഗങ്ങളുടെ ആകെ തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം സംവരണം ചെയ്യപ്പെട്ടിരിക്കുന്നതിനേക്കാൾ കൂടുതലായിരിക്കും. അതുപോലെതന്നെ റാങ്ക് പട്ടിക ഓപ്പൺ ലിസ്റ്റിൽനിന്ന് അധികം ദൂരത്തല്ല എങ്കിൽ ആ വിഭാഗത്തിൽ ഉൾപ്പെട്ടവർ ആ ലിസ്റ്റിൽ നിരവധി പേർ ഉണ്ട് എന്നതിന്റെ തെളിവായി കണക്കാക്കാം. എന്നാൽ ഇഡബ്ല്യുഎസ്, പട്ടികജാതി-പട്ടികവർഗ ലിസ്റ്റുകളിലെ റാങ്കുകാർ വളരെയേറെ മുന്നോട്ടു പോകുന്നെങ്കിൽ അതിന്റെയർഥം ആ വിഭാഗത്തിൽ ഉൾപ്പെട്ടവർ റാങ്ക് ലിസ്റ്റുകളിൽ ഏറെ പിന്നിലാണ് എന്നതാണ്. അതായത് അവർ ഇപ്പോഴും പിന്നാക്കാവസ്ഥയിൽതന്നെ തുടരുന്നു.
എന്തുകൊണ്ട് ഇഡബ്ല്യുഎസ്കാരുടെ സാന്നിധ്യം ഈ റാങ്ക് ലിസ്റ്റിൽ കുറയുന്നു? ഒറ്റ ഉത്തരമേയുള്ളൂ- സംവരണ രഹിത വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർ മറ്റ് സംവരണ വിഭാഗങ്ങളെക്കാൾ സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നാക്കമാണ്. മറ്റ് പൊതു, പിന്നോക്കവിഭാഗങ്ങളെപ്പോലെ പരിശീലനം നേടാനുള്ള സാമ്പത്തിക ശേഷിയോ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളോ ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് ഇപ്പോഴും ലഭിക്കുന്നില്ല. കൂടാതെ, ഇഡബ്ല്യുഎസ് അർഹതയുള്ള പലരും മാനദണ്ഡങ്ങളിൽ പുറന്തള്ളപ്പെട്ടു പോവുകയും ചെയ്യുന്നു.
പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളെ സാമ്പത്തികമായും സാമൂഹികമായും മുൻനിരയിലേക്കു കൊണ്ടുവരുക എന്നതായിരുന്നു സംവരണ ലക്ഷ്യം. അങ്ങനെയെങ്കിൽ എം ബിബിഎസും ബിഡിഎസുംപോലുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷകളിൽ വളരെ പിന്നാക്കം നില്ക്കുന്ന ഇഡബ്ല്യുഎസ്, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് വളരെ അകലെയാണ്.
റാങ്ക് പട്ടികയിൽ മികച്ച നേട്ടം കരസ്ഥമാക്കുന്ന സംവരണ വിഭാഗങ്ങൾ സംവരണം ലക്ഷ്യംവച്ച നേട്ടത്തിന് അരികിലോ അതിന പ്പുറമോ എത്തിയിട്ടുമുണ്ട്. ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ട നിരവധിപ്പേർ യഥാസമയം സാക്ഷ്യപത്രങ്ങൾ ലഭ്യമാകാത്തതുകൊണ്ടും അന്യായമായ മാനദണ്ഡങ്ങൾകൊണ്ടും സംവരണത്തിന് അർഹരാകുന്നില്ല എന്ന പരാതിയും പരിഹരിക്കപ്പെടേണ്ടതാണ്.