വിവാദങ്ങൾക്കൊടുവിൽ ജയരാജനു പടിയിറക്കം
സാബു ജോണ്
Sunday, September 1, 2024 12:13 AM IST
കണ്ണൂരിലെ ചുവപ്പൻ മണ്ണിൽനിന്ന് ഉദിച്ചുയർന്ന ജയരാജന്മാരിൽ ഏറ്റവും തലപ്പൊക്കമുള്ള നേതാവായി വളർന്ന ഇ.പി. ജയരാജൻ എന്നും വാർത്തയിൽ നിറഞ്ഞുനിന്നത് വിവാദങ്ങളിലൂടെയായിരുന്നു. പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഇ.പിയെ വിവാദങ്ങളിൽനിന്നു രക്ഷിച്ചെടുക്കാൻ എന്നും പിണറായിയും പാർട്ടിയും മുന്നിട്ടിറങ്ങിയെങ്കിൽ ബിജെപി ബന്ധത്തിന്റെ പേരിൽ ഉയർന്നുവന്ന വിവാദത്തിൽ മുഖ്യമന്ത്രിയും പാർട്ടിയും അദ്ദേഹത്തെ കൈവിട്ടു. അതോടെ ഇ.പി. ജയരാജൻ എന്ന അതികായന്റെ സിപിഎം രാഷ്ട്രീയത്തിലെ ഭാവി എന്തെന്ന ചോദ്യവും ഉയരുന്നു.
►ഒടുവിൽ ജയരാജൻ പാപിയായി ◄
ബിജെപി ബന്ധം എന്ന ആരോപണമാണ് ജയരാജനു കുരുക്കായത്. ജയരാജനും ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കറും തമ്മിൽ കൂടിക്കാഴ്ച നടന്നു എന്ന ആരോപണം ജയരാജൻ തന്നെ ശരിവച്ചു. ആക്കുളത്തെ മകന്റെ വസതിയിലാണു കൂടിക്കാഴ്ച നടന്നതെന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും ജയരാജൻ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുദിവസം രാവിലെ ആയിരുന്നു ജയരാജന്റെ തുറന്നുപറച്ചിൽ. അതു പാർട്ടിക്കു വലിയ ക്ഷീണമുണ്ടാക്കി എന്ന് അന്നുതന്നെ വിലയിരുത്തപ്പെട്ടു. എക്കാലവും വിവാദങ്ങളിൽ ജയരാജനെ പിന്തുണച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അന്നു പക്ഷേ, ജയരാജനെ ശാസിക്കുകയായിരുന്നു. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒടുവിൽ നാലു മാസങ്ങൾക്കു ശേഷം പാർട്ടി ജയരാജനെ പാപിയായി പ്രഖ്യാപിച്ചു.
►തെരഞ്ഞെടുപ്പുകാലത്തെ വിവാദങ്ങൾ◄
ഇ.പി. ജയരാജനുമായി മൂന്നു തവണ കൂടിക്കാഴ്ച നടന്നെന്നും ബിജെപി പ്രവേശം 90 ശതമാനം ഉറപ്പായതാണെന്നും പറഞ്ഞ് ബിജെപി വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനാണ് ആദ്യ ബോംബ് പൊട്ടിച്ചത്. ഇ.പി. ജയരാജൻ ബിജെപിയിലേക്കു പോകാൻ ചർച്ച നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ആരോപിച്ചു. ഇ.പിയെ സമീപിച്ചത് പ്രകാശ് ജാവദേക്കർ ആണെന്നും എന്നാൽ, ജയരാജൻ വഴങ്ങിയില്ലെന്നും പറഞ്ഞ് ഇതിനിടെ വിവാദ ദല്ലാൾ ടി.പി. നന്ദകുമാറും രംഗത്തെത്തി.
ഇങ്ങനെ ഇ.പിയെ സംശയിക്കാവുന്ന സാഹചര്യം നിലനിൽക്കുന്പോഴാണ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇ.പി. ജയരാജൻതന്നെ തുറന്നു സമ്മതിച്ചത്. അതും വോട്ടെടുപ്പുദിനം. കാലങ്ങളായി കോണ്ഗ്രസ്-ബിജെപി ബന്ധം ആരോപിച്ചുവരുന്ന സിപിഎമ്മിനെ ഉത്തരം മുട്ടിക്കുന്നതായി ജയരാജന്റെ വാക്കുകൾ. എതിരാളികൾ ഇതു നന്നായി ആഘോഷിക്കുകയും ചെയ്തു.
►വൈദേകം റിസോർട്ട് വിവാദം◄
കണ്ണൂർ ബക്കളത്ത് വൈദേകം റിസോർട്ടിൽ ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയ്ക്കും മകൻ ജയ്സണും ഓഹരിപങ്കാളിത്തമുണ്ടെന്ന വാർത്തകൾ വലിയ വിവാദമായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജൻ ഈ ആരോപണം ഉന്നയിച്ചു എന്നായിരുന്നു വാർത്തകൾ. പി. ജയരാജൻ ഇതു നിഷേധിച്ചെങ്കിലും ബിസിനസ് ബന്ധം ഉണ്ടെന്ന ആരോപണം ശരിയെന്നു തെളിഞ്ഞു.
പിന്നീട് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി എത്തിയ അന്നത്തെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റുമായുള്ള ബിസിനസ് പങ്കാളിത്തവും ചർച്ചയായി. ചില ബിജെപി സ്ഥാനാർഥികൾ സമർഥരാണെന്നു തെരഞ്ഞൈടുപ്പുകാലത്ത് ഇ.പി. പരസ്യമായി പറഞ്ഞതും ബിജെപി ബന്ധം സ്ഥാപിക്കാൻ ഉപയോഗിക്കപ്പെട്ടു.
►പാർട്ടി പത്രത്തിലെ കച്ചവടബന്ധങ്ങൾ◄
വി.എസ്. അച്യുതാനന്ദൻ സർക്കാർ അന്യസംസ്ഥാന ലോട്ടറികൾക്കെതിരെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്പോൾ പാർട്ടി പത്രം സാന്റിയാഗോ മാർട്ടിനിൽനിന്നു രണ്ടു കോടി രൂപ വാങ്ങിയെന്ന വിവരം പുറത്തുവന്നു. അന്നു ജയരാജനായിരുന്നു പത്രത്തിന്റെ ജനറൽ മാനേജർ. ബോണ്ട് ആയി വാങ്ങിയെന്ന് ആദ്യം പറഞ്ഞു. പരസ്യത്തിന്റെ തുകയെന്നു പിന്നീട് മാറ്റിപ്പറഞ്ഞു. ഇക്കാര്യത്തിൽ ജയരാജനു ജാഗ്രതക്കുറവുണ്ടായി എന്നു പറഞ്ഞ പാർട്ടി, ജയരാജനെ ചുമതലയിൽനിന്നു മാറ്റി. എന്നാൽ പിന്നീട് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നു. എറണാകുളത്തെ ധനകാര്യസ്ഥാപനമായിരുന്നു ലിസിൽ നിന്ന് ഒരു കോടി രൂപ കൈപ്പറ്റിയെന്ന ആരോപണവും ഏറെനാൾ കത്തിനിന്നു.
പാർട്ടി സമ്മേളനത്തിന്റെ സമാപനദിവസം പാർട്ടി പത്രത്തിൽ വിവാദവ്യവസായി വി.എം. രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ ആശംസാപരസ്യം നൽകിയത് വിവാദമായി. പത്രത്തിന് ഏതു വ്യക്തിയുടെയും സ്ഥാപനത്തിന്റെയും കൈയിൽനിന്നു പരസ്യം വാങ്ങാമെന്നായിരുന്നു ജയരാജന്റെ ന്യായീകരണം. പിന്നീട് തിരുവനന്തപുരത്തു പാർട്ടി ഓഫീസ് പ്രവർത്തിച്ചിരുന്ന 32 സെന്റ് സ്ഥലം ഇതേ വ്യവസായിക്കു ബിനാമിയിലൂടെ വിൽപന നടത്തിയെന്ന വിവാദവും ഉയർന്നുവന്നു.
►പാപ്പിനിശേരിയിലെ വിവാദ പാർക്ക്◄
പാപ്പിനിശേരിയിൽ നിർമാണത്തിനു തുടക്കം കുറിച്ച തീം പാർക്കും വിവാദത്തിൽ പെട്ടു. പാർക്ക് നിർമിക്കുന്നതു കണ്ടൽക്കാടുകൾ നശിപ്പിച്ചുകൊണ്ടാണെന്നു പറഞ്ഞു പരിസ്ഥിതി പ്രവർത്തകർ രംഗത്തുവന്നു. കോണ്ഗ്രസും പ്രതിഷേധം കടുപ്പിച്ചു. ഈ വിഷയത്തിൽ പാർട്ടി ജയരാജനൊപ്പം നിന്നെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇടപെട്ട് പാർക്ക് അടച്ചുപൂട്ടിച്ചു.
►ബന്ധുനിയമന വിവാദം◄
ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ രണ്ടാമനായിരുന്നു ഇ.പി. ജയരാജൻ. എന്നാൽ സ്വന്തം വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ സ്വന്തക്കാർക്കു നിയമനം നൽകിയെന്ന വിവാദം കത്തിപ്പടർന്നപ്പോൾ ജയരാജനു മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. അധികാരത്തിലെത്തി അഞ്ചു മാസമായപ്പോഴായിരുന്നു പടിയിറക്കം. പിന്നീട് വിജിലൻസ് അന്വേഷണത്തിൽ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതിനെത്തുടർന്ന് 2018ൽ മന്ത്രിസഭയിൽ മടങ്ങിയെത്തി.
►അഞ്ജു ബോബി ജോർജ് വിവാദം◄
സ്പോർട്സ് കൗണ്സിൽ പ്രസിഡന്റ് ആയിരുന്ന അഞ്ജു ബോബി ജോർജിനെ സെക്രട്ടേറിയറ്റിൽ വിളിച്ചുവരുത്തി കായികവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ജയരാജൻ രൂക്ഷമായി ശാസിച്ചു. കൗണ്സിലിൽ ഉള്ളവരെല്ലാം അഴിമതിക്കാരാണെന്നു ജയരാജൻ പറഞ്ഞു. മന്ത്രി അപമാനിച്ചു എന്നു പറഞ്ഞ് അഞ്ജു ബോബി ജോർജ് മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. അന്നു പിണറായി അഞ്ജുവിനെ ആശ്വസിപ്പിച്ചു വിട്ടെങ്കിലും ഒടുവിൽ അഞ്ജുവിന്റെ രാജിയിൽ കാര്യങ്ങൾ എത്തിച്ചേർന്നു.
►നാക്കുപിഴകളും വീരകൃത്യങ്ങളും◄
ബോക്സിംഗ് ഇതിഹാസം മുഹമ്മദലി മരിച്ചപ്പോൾ അനുസ്മരണം ചോദിച്ചു വിളിച്ച സ്വകാര്യ ചാനലിന് ജയരാജൻ നൽകിയ പ്രതികരണം അന്നും ഇന്നും സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്നതാണ്. മുഹമ്മദലി കേരളത്തിനുവേണ്ടി മെഡലുകൾ നേടിയ മഹാനായ കായികതാരമാണെന്നായിരുന്നു ജയരാജൻ തട്ടിവിട്ടത്.
ജയരാജന്റെ ‘പരിപ്പുവടയും കട്ടൻചായയും’ പ്രയോഗം സിപിഎമ്മിനെ വിമർശിക്കാൻ എതിരാളികൾ ഇന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണ്. 2007ൽ മൊറാഴയിൽ നടന്ന ഒരു പൊതുസമ്മേളനത്തിലായിരുന്നു ജയരാജന്റെ പരാമർശങ്ങൾ. 50 വർഷം മുന്പത്തേതുപോലെ പരിപ്പുവടയും കട്ടൻചായയും കഴിച്ചു പാർട്ടി പ്രവർത്തനം നടത്താൻ ഇന്നത്തെ കാലത്തു സാധിക്കില്ലെന്നായിരുന്നു ജയരാജൻ പ്രസംഗിച്ചത്. അങ്ങനെ പോയാൽ പാർട്ടിക്കു കേഡറുകളെ കിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.
ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ തട്ടിത്തെറിപ്പിക്കുന്ന ജയരാജന്റെ പ്രകടനം ചെറുപ്പക്കാരെ പോലും അതിശയിപ്പിക്കുന്നതായിരുന്നു. കഴുത്തിനു പിന്നിൽ വെടിയുണ്ടയുമായി കഴിയുന്നു എന്നു പറയുന്ന ജയരാജനായിരുന്നു മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ വെടിച്ചില്ലായി മാറിയത്.
ജയരാജന്റെ പ്രകടനം പക്ഷേ വിമാനത്തിലെ നിയമങ്ങൾക്കു നിരക്കുന്നതായിരുന്നില്ല. അദ്ദേഹത്തിന് ഇൻഡിഗോ കന്പനി മൂന്നാഴ്ചത്തെ യാത്രാവിലക്ക് ശിക്ഷയായി വിധിച്ചു. ജയരാജനും വിട്ടുകൊടുത്തില്ല. അദ്ദേഹം ഇൻഡിഗോയെ വിലക്കി. ഇതുപോലെ വൃത്തികെട്ട, നിലവാരമില്ലാത്ത വിമാനക്കന്പനി വേറെയില്ലെന്നും പറഞ്ഞു.
ഒടുവിൽ ബിജെപി ബന്ധത്തിന്റെ പേരിലുയർന്ന വിവാദം പാർട്ടിക്കു വച്ചുപൊറുപ്പിക്കാവുന്നതായിരുന്നില്ല. അതു ജയരാജന്റെ പടിയിറക്കത്തിലേക്ക് എത്തിക്കുകയും ചെയ്തു.