മുകേഷ് രാജിവയ്ക്കണമോ?
അനന്തപുരി /ദ്വിജൻ
Sunday, September 1, 2024 12:06 AM IST
ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊടുങ്കാറ്റിൽ ഏറെ ആരോപണവിധേയനായ സിനിമാതാരം മുകേഷ് രാജിവയ്ക്കണമെന്ന് 100 സ്ത്രീപക്ഷ പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ ആരെങ്കിലുമായിരുന്നു പ്രതിയെങ്കിൽ സിപിഎം നിശ്ചയമായും ഉന്നയിക്കുമായിരുന്ന ഈ ആവശ്യം.
പക്ഷേ, മുകേഷിന്റെ കാര്യത്തിൽ സിപിഎം എങ്ങനെ പറയും? സ്ത്രീപക്ഷക്കാർ വളഞ്ഞിട്ട് ആക്രമിക്കുന്ന മുകേഷിനെക്കുറിച്ച് അദ്ദേഹത്തിന്റെ ആദ്യത്തെ ഭാര്യയും രണ്ടു മക്കളുടെ അമ്മയുമായ പ്രശസ്ത സിനിമാനടി സരിത അക്കാലത്ത് പരസ്യമായി എന്തെല്ലാം പറഞ്ഞതാണ്? അവരുടെ വാക്കുകൾ കേട്ടു റിക്കാർഡ് ചെയ്ത് പൊതുസമൂഹത്തിന് സമർപ്പിച്ചത് അന്ന് മാധ്യമപ്രവർത്തകയായിരുന്ന ഇന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജല്ലേ? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമയിലെ പവർ ഗ്രൂപ്പുകാർ ചെയ്യുന്നതായി പറയുന്ന, അവസരങ്ങൾ ഇല്ലാതാക്കുന്ന, പരിപാടി മുകേഷ് തന്നോടു ചെയ്തതായി സരിത വീണയോടു പറഞ്ഞതാണ്.
ഒന്പതു മാസം ഗർഭിണിയായിരുന്നു തന്നെ കായികമായി ഉപദ്രവിച്ച കഥയും അവർ വെളിപ്പെടുത്തിയിട്ടുണ്ട്. കരഞ്ഞപ്പോൾ “നല്ല നടിയല്ലേ, അഭിനയിച്ചോ അഭിനയിച്ചോ” എന്നാണ് മുകേഷ് പറഞ്ഞതെന്ന് സരിത പറയുന്നു. അന്യസ്ത്രീകളെ വീട്ടിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് അടക്കം എന്തെല്ലാം ആരോപണങ്ങൾ അവർ ഉന്നയിച്ചു. കേസിനു പോയാൽ, ജഡ്ജിമാരും പോലീസ് ഉദ്യോഗസ്ഥരുമെല്ലാം തന്റെ കൂട്ടുകാരാണെന്നും തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് ശരിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്ന് സരിത പറഞ്ഞില്ലേ? അതെല്ലാം അറിഞ്ഞുകൊണ്ടല്ലേ വലിയ സ്ത്രീപക്ഷക്കാരായ സിപിഎം മുകേഷിനെ കൊല്ലത്ത് സ്ഥാനാർഥിയാക്കിയത്. അതും ഗുരുദാസനെപ്പോലെ ഒരു നേതാവിനു പകരം!
സിപിഎമ്മിന് വിജയസാധ്യത ഇല്ലാത്ത സീറ്റ് പിടിച്ചെടുക്കാൻ ഒരു സിനിമാതാരത്തെ നിർത്തി പരീക്ഷിച്ചതല്ലല്ലോ? ഗുരുദാസൻ ജയിച്ചുകൊണ്ടിരുന്ന മണ്ഡലത്തിലല്ലേ സിപിഎം അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയത്. ഇപ്പോൾ പുതിയ കുറേ ആരോപണങ്ങൾ വന്നപ്പോൾ രാജിവയ്ക്കണമെന്ന് പറയാൻ പാർട്ടിക്ക് എങ്ങനെ സാധിക്കും. അദ്ദേഹത്തിന് രണ്ടുവട്ടം സീറ്റു കൊടുത്തവർക്കും തെരഞ്ഞെടുത്ത ജനത്തിനുപോലും എങ്ങനെ സാധിക്കും?
മുകേഷ് വോട്ട് ചോദിച്ചു വന്നപ്പോൾ ഈ സ്ത്രീപക്ഷക്കാർ എവിടെയായിരുന്നു? സരിതയുമായി വീണാ ജോർജ് നടത്തിയ അഭിമുഖം ഇപ്പോഴും യുട്യൂബിലുണ്ട്. അതു കാണുന്ന ആർക്കും ആ സ്ത്രീയുടെ ശാപം മുകേഷിനെ എക്കാലവും വേട്ടയാടുമെന്ന് തോന്നിപ്പോകില്ലേ? മുകേഷിന്റെ രണ്ടാം ഭാര്യയും അത്രനല്ല വാക്കുകളോടെ അല്ലല്ലോ പടിയിറങ്ങിയത്.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എത്രതവണ ആവർത്തിച്ചാവാശ്യപ്പെട്ടാലും മുകേഷ് എംഎൽഎസ്ഥാനം രാജിവയ്ക്കാനിടയില്ല. നേരത്തേ ഇത്തരം ആരോപണങ്ങൾക്കു വിധേയരായ നീലലോഹിതദാസൻ നാടാരോടോ ജോസ് തെറ്റയിലിനോടോ ഇടതുമുന്നണി എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നില്ല. അടുത്തകാലത്ത് പ്രതികളായ കോണ്ഗ്രസിലെ എൽദോസ് കുന്നപ്പള്ളിയോ എം. വിൻസന്റോ എംഎൽഎ സ്ഥാനം രാജി വയ്ക്കണം എന്ന സിപിഎം ആവശ്യം കോണ്ഗ്രസ് അംഗീകരിച്ചതുമില്ല. അവർക്കൊക്കെ എതിരേ ഉയർന്നത് ഒരാളുടെ ആരോപണമായിരുന്നെങ്കിൽ മുകേഷിനെതിരേ പലരുടെ ആരോപണം ഉയരുന്നു എന്ന സ്ഥിതിയുണ്ടെന്നു മാത്രം.
മുകേഷിനെ രക്ഷിക്കാനുള്ള നീക്കമാണ് സിപിഎമ്മിൽ നടക്കുന്നതെന്നു വ്യക്തം. കെ.കെ. ശൈലജയും പി.കെ. ശ്രീമതയും അടക്കമുള്ളവർ രാജിക്കാര്യത്തിൽ നടത്തുന്ന പ്രസ്താവനകൾ അത്തരം സൂചനയാണു തരുന്നത്. അപ്പോൾ പോളിറ്റ് ബ്യൂറോയിലെ വൃന്ദ കാരാട്ട് എന്തു പറഞ്ഞാലെന്ത്? സ്ത്രീകളോടുള്ള പെരുമാറ്റ കാര്യത്തിൽ ജനതാദളിന്റെയോ കോണ്ഗ്രസിന്റെതന്നെയോ നിലപാടാണോ സിപിഎമ്മിന് എന്നു ചോദിച്ചാൽ പീഡകരായ എത്രയോ പേരെ സംരക്ഷിച്ച് ഉന്നതപദവികളിൽ പുനഃപ്രതിഷ്ഠിച്ച ചരിത്രമുള്ള പാർട്ടിയാണ് സിപിഎം എന്നാവണം മറുപടി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ ഉണ്ടല്ലോ ഇത്തരം ആരോപണത്തിന്റെ പേരിൽ പാർട്ടി നടപടിക്കു വിധേയരായവർ. എങ്കിലും പലരുടെയും തലകൾ ഇനിയും ഉരുളാനുള്ള സാധ്യതകളാണ് ഇപ്പോഴുള്ളത്. ഹേമ കമ്മിറ്റി ചൂണ്ടിക്കാണിച്ച് 15 അംഗ പവർ ഗ്രൂപ്പിന്റെ പേരുകൾ പുറത്തുവരുന്പോഴെങ്കിലും വല്ലതും സംഭവിക്കില്ലേ? അവരുടെ ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷന്റെപോലും തല രക്ഷിക്കാനും ആയില്ല. അദ്ദേഹത്തെക്കുറിച്ചുതന്നെ പലതരം ആരോപണങ്ങളുമായി പലരും എത്തുന്നു.
സിനിമാതാരങ്ങളുടെ സംഘടന കഴുത്തൊടിഞ്ഞു നിലംപറ്റി. സംഘടനയിൽ തന്നെ രണ്ടു ചേരികൾ ഉണ്ടെന്നു വ്യക്തവുമായി. ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തിന് ഷാജി എൻ. കരുണിനെ പരിഗണിക്കുന്നു എന്ന വാർത്ത വന്നപ്പോൾ വിമൻ ഇൻ സിനിമാ കളക്ടീവ് എങ്കിലും ചോദിച്ചു, എന്തേ ആ പദവി ബീനാ പോളിനു കൊടുത്തുകൂടാ? ബീനയ്ക്ക് പദവി കിട്ടിയാലും ഇല്ലെങ്കിലും അങ്ങനെ ഡബ്ല്യുസിസി ഒരിക്കൽകൂടി അവരുടെ അസ്തിത്വപ്രസക്തി പ്രകടമാക്കി.
18 പരാതികൾ
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ് അടയിരുന്ന സർക്കാരിന് സിനിമാക്കാരെക്കുറിച്ച് ഉയരുന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കേണ്ടി വന്നു. അന്വേഷണസംഘത്തിന് രണ്ടു ദിവസംകൊണ്ട് 18 പരാതികൾ കിട്ടി, മൊഴിയെടുത്തു. പുതിയ ആരോപണങ്ങളുമായി പലരും രംഗത്തു വരുന്നു. മാധ്യമങ്ങളിൽ വിളിച്ചുപറയുന്ന വിവരങ്ങൾ പരാതിയായി അന്വേഷണസംഘത്തിനു കൊടുക്കുമോ എന്നു വ്യക്തമല്ല.
അന്തസിന്റെയും ഉറച്ച കുടുംബബന്ധങ്ങളുടെയും ഉടമകൾ എന്നു കരുതപ്പെട്ടിരുന്ന സിദ്ദിഖും ജയസൂര്യയും മണിയൻപിള്ള രാജുവും എല്ലാം വേട്ടക്കാരുടെ പട്ടികയിൽ പെട്ടിരിക്കുകയാണ്. ഇതോടെ ഈ മേഖലയിൽ നല്ലവരായി ഇനി ആരുണ്ട് എന്ന ചോദ്യമാണ് ഉയരുന്നത്. സിദ്ദിഖിന്റെ ആദ്യഭാര്യയുടെ ആത്മഹത്യ മുതലുള്ള കാര്യങ്ങളിൽ അദ്ദേഹം പറഞ്ഞതെല്ലാം സംശത്തിന്റെ നിഴലിലായി.
സിനിമാക്കാരുടെ സംഘടനാ പ്രസിഡന്റ് കിരീടം ഊരിവച്ച് പടിയിറങ്ങുന്നതിനു മുന്പ് പറഞ്ഞതായി പുറത്തുവന്ന ഒരു അപകടസൂചന വല്ലാത്തതാണ്. ഇനിയും ആക്രമണങ്ങൾ വരാം എന്നാണ് അദ്ദേഹം പറഞ്ഞതായി പ്രചരിക്കുന്നത്. അതായത്, അദ്ദേഹം പലതും ഭയപ്പെടുന്നുണ്ടെന്ന്. സ്ത്രീപീഡന കേസുകൾ അറിഞ്ഞാൽ പോലീസിൽ റിപ്പോർട്ട് ചെയ്യണം എന്ന നിയമം അദ്ദേഹം ലംഘിച്ചിരിക്കുന്നതായി കരുതാൻ ഉദാഹരണങ്ങളുണ്ട്. ആക്രമിക്കാൻ ഒരുന്പെട്ട നടനെ കരണത്തടിച്ച നടിയെ അദ്ദേഹം സമാധാനിപ്പിച്ചതായി അവർതന്നെ പറഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്പോൾ കൂടുതൽ പ്രതികളും കൂട്ടുപ്രതികളും ഉണ്ടാകാനാണിട.
ഇതൊന്നും ഹേമ കമ്മിറ്റി വകയല്ല!
വാസ്തവത്തിൽ മുകേഷിനെയോ രഞ്ജിത്തിനെയോ കുറിച്ച് അടക്കം ഇതുവരെ പുറത്തു വന്നതൊന്നും ഹേമ കമ്മിറ്റി കണ്ടെത്തിയ കഥകളാണോ എന്ന് ഉറപ്പില്ല. അല്ലാത്തവ എന്നു കരുതാനാണ് ന്യായം. എങ്കിൽ ഒളിച്ചുവച്ചിരിക്കുന്ന ആ 65 പേജും അതിലെ വില്ലന്മാരുടെ വിവരങ്ങളുംകൂടി പുറത്തു വരുന്പോഴോ? ആ പേജുകളെക്കുറിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങളിൽ സർക്കാരിലെ പ്രമുഖനും ഉണ്ട്.
ഓരോ വേട്ടക്കാരനെയുംകുറിച്ച് ചില ഇരകൾ പറയുന്നതു മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. അവർ ഇവരോടു മാത്രം മോശമായി പെരുമാറി എന്നും മറ്റുള്ള ആരോടും അങ്ങനെ പെരുമാറിയിട്ടില്ല എന്നും എങ്ങനെ കരുതും? അതായത്, മറിച്ചുള്ള സമ്മർദങ്ങളൊന്നും ഉണ്ടാകുന്നില്ലെങ്കിൽ ഇവരെക്കുറിച്ചുപോലും കൂടുതൽ ആരോപണങ്ങൾ വരാം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ചിലരെക്കുറിച്ച് വരുന്നുമുണ്ട്. പലരും മുൻകൂർ ജാമ്യത്തിനായി ഓട്ടം തുടങ്ങി. മുകേഷിന് ഏതാനും ദിവസത്തെ സാവകാശം കോടതിയിൽനിന്നു കിട്ടി. മുകേഷ് മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
പക തീർക്കുന്നവർ
കഴന്പുള്ള ആരോപണങ്ങളിൽ ശക്തമായ നടപടികൾ എടുക്കുന്നതുപോലെ പക തീർക്കാനും മറ്റും ആരോപണങ്ങൾ ഉന്നയിക്കുന്നവർ ഉണ്ടെങ്കിൽ അവർക്കെതിരേയും കർശനമായ നടപടികൾ ഉണ്ടാകണം. നിർമാതാവും നടനും സംവിധായകനുമായ വിജയ് ബാബുവിനെതിരേ ഉയർന്ന പരാതി അത്തരത്തിലുള്ളതായി കോടതി നിരീക്ഷിച്ചിട്ടുണ്ട്. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികവേഴ്ചയെ ബലാത്സംഗമായി കണക്കാക്കാനാവില്ല എന്ന് വ്യക്തമാക്കി. വിജയ് ബാബുവിനെതിരേ മറ്റൊരു വനിതാ നിർമാതാവും കായികമായ അതിക്രമത്തിന് ആരോപണം ഉന്നയിച്ചിരുന്നു.
ഒമർലുലു എന്ന സംവിധായകനെതിരേ വന്ന പരാതിയിൽ, ഒമർലുലു വിവാഹിതനാണെന്ന വിവരം ഒളിച്ചുവച്ച് തന്നെ വിവാഹം കഴിക്കാമെന്നു സമ്മതിച്ച് ലൈംഗികബന്ധത്തിനു പ്രേരിപ്പിച്ചതായും മയക്കുമരുന്ന് കലർത്തിയ പാനീയം തന്നതായും നടി ആരോപിച്ചു. 2022 മുതൽ തന്നോടൊപ്പം ഒരു അപ്പാർട്ട്മെന്റിൽ താമിസിച്ചിരുന്ന സ്ത്രീയാണ് പരാതിക്കാരി എന്ന് ഹൈക്കോടതിയിൽ ബോധ്യപ്പെടുത്തിയ ഒമർലുലുവിനും മുൻ കൂർ ജാമ്യം ലഭിച്ചു.
വിവാഹം കഴിക്കാം എന്ന് പുരുഷൻ നല്കുന്ന വാഗ്ദാനം വിശ്വസിച്ച് ലൈംഗികബന്ധത്തിന് സമ്മതിക്കുന്നു എന്നു പറയുന്നവർ കൂടിവരുന്നു. ഇത്തരം നിരവധി പരാതികൾ ഉയരുന്നുണ്ട്. നാലു അഞ്ചും വർഷം ഒന്നിച്ചു ജീവിച്ചശേഷം പിരിയുന്പോൾപോലും പറയുന്ന ന്യായമാണിത്.കോടതികൾ ഇക്കാര്യത്തിൽ പുരുഷന് അനുകൂലമായ നിലപാടാണ് പൊതുവെ സ്വീകരിക്കുന്നത്.
മയക്കുമരുന്ന്
ഹേമ കമ്മിറ്റി അഴിച്ചുവിട്ട കൊടുങ്കാറ്റ് മലയാളസിനിമയിലെ ലൈംഗിക പാപങ്ങളിൽ മാത്രം ഒതുക്കിനിർത്തരുത്. കമ്മിറ്റി ചൂണ്ടിക്കാണിച്ചതും മിക്കവാറും എല്ലാവരും കണ്ണടയ്ക്കുന്നതുമായ മാരകമായ മറ്റൊരു വിപത്തുണ്ട്. മയക്കുമരുന്ന് ഉപയോഗം. സമൂഹത്തെ, തലമുറയെ നശിപ്പിക്കുന്ന ഈ തിന്മയ്ക്കെതിരേ എന്തേ ഒരു നപടിയും ഇല്ല? ആരും ഒന്നും പറയുന്നില്ല? ഒരു അന്വേഷണവും നടക്കുന്നില്ല?
ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൽ, മയക്കുമരുന്നിന് അടിമകളായ നടന്മാരുടെ പേരില്ലെങ്കിൽ പൊതുസമൂഹത്തിൽ ഇക്കാര്യം തുറന്നുപറഞ്ഞ നടന്മാരുടെ പ്രസ്താവനകൾ തെളിവാക്കി അന്വേഷണം ആരംഭിച്ചാൽ ഇതിലെ കണ്ണികൾ ഒന്നൊന്നായി പുറത്തുവരില്ലേ? മയക്കുമരുന്ന് ഉപയോഗം വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ലല്ലോ. ഉത്പാദകനിൽനിന്ന് ഉപഭോക്താവിലേക്ക് എത്തിച്ചു കൊടുക്കുന്നവരുടെ കണ്ണികൾ വളരെ വലുതല്ലേ? ഈ കണ്ണികളെ പിടികൂടാനായാൽ സമൂഹത്തിലെതന്നെ മയക്കുമരുന്നു വ്യാപനത്തെ കാര്യമായി നിയന്ത്രിക്കാനാവും.
ലൈംഗിക ദുരുപയോഗങ്ങളുടെ കഥകൾ അന്വേഷിക്കുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്നതുപോലെ, മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കാനും ഒരു പോലീസ് ടീം ഉണ്ടാകണം. അവർക്ക് എല്ലാ സ്വാതന്ത്ര്യവും കൊടുക്കണം. സമൂഹത്തെ ഇല്ലാതാക്കുന്ന ഈ തിന്മകളടെ കണ്ണികൾ പുറത്തു വരട്ടെ.