ആത്മകഥാംശത്തിന്റെ നേര്‍ക്കാഴ്ചയായി "ഓര്‍മ്മച്ചെപ്പ്'
ബെന്നി ചിറയില്‍
Friday, August 30, 2024 1:15 AM IST
ചങ്ങനാശേരി: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ആത്മകഥാംശം നിറഞ്ഞുനില്ക്കുന്ന "ഓര്‍മ്മച്ചെപ്പ്' അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാകുന്നു. പുന്നത്തുറയുടെ ഗ്രാമീണവിശുദ്ധിയും മാതാപിതാക്കളായ പെരുന്തോട്ടം ജോസഫ്-അന്നമ്മ ദമ്പതികളുടെ സ്നേഹപരിലാളനയും വിശ്വാസ തീക്ഷ്ണതയുമാണ് തന്നെ ദൈവവിളിയിലേക്കും പൗരോഹിത്യത്തിലേക്കും നയിച്ചതെന്ന് "ഓര്‍മ്മച്ചെപ്പി'ല്‍ പിതാവ് കുറിക്കുന്നു. ലളിതവും സരളവുമായ ഭാഷയാണ് ഓര്‍മ്മച്ചെപ്പിന്റെ മുഖ്യസവിശേഷത. ചിന്താമൃതങ്ങളായ ഒട്ടനവധി ആശങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
വളരെ ചെറുപ്പം മുതലേ അല്ത്താര ബാലനാകാന്‍ സാധിച്ചത് വിശുദ്ധ കുര്‍ബാനയെ ആഴത്തില്‍ സ്നേഹിക്കാനും വിശ്വാസ വഴികളില്‍ സഞ്ചരിക്കാനും കാരണമായി. സന്ദേശനിലയം ഡയറക്ടര്‍, തൊഴിലാളി പ്രസ്ഥാനത്തിന്റെ ഡയറക്ടര്‍, മാര്‍ത്തോമ്മാ വിദ്യാനികേതന്‍ ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്റെ കാഴ്ചപ്പാടുകൾക്കു ദിശാബോധം കൈവരിക്കുന്നതിന് ഉപകരിച്ചതായി അദ്ദേഹം സ്മരിക്കുന്നു.
പന്നഗം തോട്ടിലെ പുതുവെള്ളവും ഊത്തപിടിത്തവും സമീപവാസിയുടെ പുരയിടത്തില്‍നിന്ന് ആഞ്ഞിലിപ്പഴം പെറുക്കിയതും ഓണസ്മരണകളും തുടങ്ങി ജീവിതത്തിലെ ഓരോ അനുഭവവും എങ്ങനെയാണ് മറ്റ് മനുഷ്യരുടെ നന്മയ്ക്കായി വിനിയോഗിക്കേണ്ടതെന്ന നിരവധി പാഠങ്ങളും ആശയങ്ങളും മാര്‍ പെരുന്തോട്ടം പുതുതലമുറയ്ക്കായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്.
റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍നിന്നുള്ള സഭാചരിത്ര പഠനം തന്റെ അതിരൂപതയുടെയും സീറോമലബാര്‍ സഭയുടെയും ശൂശ്രൂഷാരംഗത്ത് കരുത്തായതായും അദ്ദേഹം വിശ്വസിക്കുന്നു. ഓര്‍മ്മച്ചെപ്പിലെ കുറിപ്പുകള്‍ ഭാവനകളല്ലെന്നും ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ചയാണെന്നും സാക്ഷ്യപ്പെടുത്തിയാണ് പുസ്തകരചന സമാപിപ്പിക്കുന്നത്.