കരുണയുടെ മുഖമുള്ള അജപാലകൻ
Friday, August 30, 2024 1:10 AM IST
പിതാവിന്റെ കാലത്ത് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്ക് വളരെ വളർച്ച നേടാൻ കഴിഞ്ഞു. മാർ കാവുകാട്ട് ജൂബിലി ബ്ലോക്ക്, മാർ പവ്വത്തിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്, വിവിധ പുതിയ ഡിപ്പാർട്ടുമെന്റുകൾ, കിഡ്നി ട്രാൻസ്പ്ലാന്റ്, കാർഡിയോളജി, കീമോതെറാപ്പി വിഭാഗങ്ങൾ, എസ്ടിപി പ്ലാന്റ്, ഓക്സിജൻ പ്ലാന്റ്, മറ്റു സ്ഥലങ്ങളിൽ സബ് സെന്ററുകൾ തുടങ്ങിയവ ആരംഭിച്ചു.
ഓരോ വർഷവും എട്ടു കോടിയോളം രൂപ ചികിത്സാരംഗത്ത് ചാരിറ്റിയായി ചെത്തിപ്പുഴ ആശുപത്രി ചെലവഴിക്കുന്നു. ആലപ്പുഴ സഹൃദയ ആശുപത്രി 2012ൽ അതിരൂപത ഏറ്റെടുത്തു, വലിയ വളർച്ച കൈവരിച്ചു. നാലു ബേസിക് ഡിപ്പാർട്ട്മെന്റുകൾ മാത്രമുണ്ടായിരുന്ന ആശുപത്രി ഇന്ന് 10 ബേസിക്, ആറ് മൾട്ടി, ഒമ്പത് സൂപ്പർ സ്പെഷാലിറ്റികളുമായി 50തിലധികം ഡോക്ടർമാരുമായി മുന്നോട്ടു പോകുന്നു. മണിമലയിൽ ഇൻഫന്റ് ജീസസ് ആശുപത്രി ആരംഭിച്ചു.
വൃദ്ധമാതാക്കളെ നിവസിപ്പിക്കുന്നതിനായി നെടുംകുന്നം മദർ തെരേസാ അമ്മവീട്, കോട്ടയം മെഡിക്കൽ കോളജിലെത്തുന്ന കിഡ്നി രോഗികളുടെ സഹായത്തിനായി അതിരന്പുഴ മദർ തെരേസ കെയർഹോം, ആലപ്പുഴ മെഡിക്കൽ കോളജിനോടനുബന്ധിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസത്തിനും ആശുപത്രിയിൽ സൗജന്യഭക്ഷണം നൽകുന്നതിനുമായി മദർ തെരേസ കെയർ ഹോം, ഓട്ടിസം ലക്ഷണങ്ങളുള്ള കുട്ടികളുടെ പരിശീലനത്തിനായി നെടുംകുന്നം പ്രഷ്യസ് സ്കൂൾ, സാമൂഹികസേവന വിഭാഗമായ ചീരഞ്ചിറ ചാരിറ്റി വേൾഡ്, ചീരഞ്ചിറ ജിംപെയർ ചൈൽഡ് ഡവലപ്മെന്റ് സെന്റർ, മാനസിക വെല്ലുവിളി നേരിടുന്നവർക്കായി പുനലൂർ സ്നേഹതീരം ആരംഭിക്കാൻ സിസ്റ്റേഴ്സിന് സഹായങ്ങൾ, നാലുകോടി പുതുജീവൻ ഏറ്റെടുക്കൽ, മാനസിക ഭിന്നശേഷിക്കാർക്കുള്ള ഇത്തിത്താനം ആശാഭവന്റെ നവീകരണം, ഫാത്തിമാപുരം സ്നേഹനിവാസ് ഓർഫനേജിനു പുതിയ കെട്ടിടം, കിടങ്ങറ പോപ്പ് ജോണ് 23 റീഹാബിലിറ്റേഷൻ സെന്റർ ഏറ്റെടുക്കൽ തുടങ്ങിയവ പെരുന്തോട്ടം പിതാവിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണങ്ങളാണ്.
കുട്ടനാട്ടിൽ 2018ലെ പ്രളയദുരിതത്തിൽപെട്ടവർക്കായി നടപ്പിലാക്കിയ 100 കോടി രൂപയുടെ ക്ഷേമപദ്ധതികൾ, കോവിഡ് കാലത്ത് നടപ്പിലാക്കിയ നിരവധി ക്ഷേമപദ്ധതികൾ, മുണ്ടക്കയം, കൂട്ടിക്കൽ, മണിമല പ്രദേശങ്ങളിലെ ഉരുൾപൊട്ടലിൽ നൽകിയ സഹായങ്ങൾ, ചാസ് വഴി നടത്തുന്ന നിരവധിയായ സാമൂഹിക ക്ഷേമപദ്ധതികൾ, ജീവകാരുണ്യനിധി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള കളർ എ ഡ്രീം വിദ്യാഭ്യാസ, കളർ എ ഹോം ഭവന നിർമാണ പദ്ധതികൾ, കാരിത്താസ് ചങ്ങനാശേരി ജീവകാരുണ്യ ഫണ്ട്, എസ്.കെ. ജൂബിലി ട്രസ്റ്റ് എന്നിവയും ഇതോടു ചേർത്തു വായിക്കണം.
മാർ ജോസഫ് പെരുന്തോട്ടം സപ്തതി സ്മാരക ഭവനനിർമാണ പദ്ധതി, മാർ തോമസ് തറയിൽ മെത്രാഭിഷേക സ്മാരക മാർ കാവുകാട്ട് പാലിയേറ്റീവ് കെയർ പദ്ധതി എന്നിവയും ഈ കാലയളവിൽ ആരംഭിച്ചു. കൊല്ലം മണ്റോതുരുത്തിലുള്ള CCCHI (Catholic Council for Children’s Home, India) ഏറ്റെടുത്തു. ഇപ്പോൾ വയനാട്, വിലങ്ങാട് പ്രളയദുരിതാശ്വാസ പദ്ധതികൾ പ്രാരംഭദശയിലാണ്.
എല്ലാവരെയും ചേർത്തുപിടിച്ച്
പിതാവ് വളരെ പ്രേഷിതതീക്ഷ്ണത പുലർത്തുന്ന വ്യക്തിയാണ്. രൂപതയ്ക്കുള്ളിലെ ചെറിയ സമൂഹങ്ങൾക്കുവേണ്ടിപ്പോലും ഇടവകകൾ ആരംഭിക്കുന്നതിനും അവർക്കു വൈദികരെ നൽകുന്നതിനും പിതാവ് ശ്രദ്ധ പുലർത്തിയിരുന്നു. ഇരുപതു വീട്ടുകാർക്കുവേണ്ടി 2011ൽ തുടങ്ങിയ പന്തളം ദനഹാ മിഷൻ ഇന്നു സ്വന്തമായി മനോഹരമായ പള്ളിയും പാരിഷ്ഹാളും വൈദികമന്ദിരവും സെമിത്തേരിയും പാർക്കിംഗ് സൗകര്യവുവുള്ള ഒരു അജപാലനകേന്ദ്രമായി രൂപപ്പെട്ടിരിക്കുന്നു എന്നത് ചെറിയ സമൂഹങ്ങളോടുള്ള പിതാവിന്റെ കരുതലിന്റെ മികച്ച ഉദാഹരണമാണ്.
കേരളത്തിനു പുറത്തുള്ള മിഷൻ രംഗങ്ങളിലും പിതാവ് ശ്രദ്ധ പുലർത്തി. ഇന്നു ഷംഷാബാദ് രൂപത എന്നറിയപ്പെടുന്ന ഹൈദരാബാദ് മിഷൻ പിതാവ് ആരംഭം കുറിച്ചതാണ്. രാജസ്ഥാനിലെ ജയ്പുർ മിഷനും പിതാവ് വളർത്തിക്കൊണ്ടുവന്നതാണ്. തമിഴ്നാട്ടിൽ തക്കല രൂപതയ്ക്കുള്ളിൽ വിരുദുനഗർ മിഷൻ ആരംഭിച്ചു.
യുകെ, അയർലണ്ട് തുടങ്ങിയ കുടിയേറ്റ മിഷനുകളെ വളർത്താനും പിതാവ് ശ്രദ്ധിച്ചു. സൗത്ത് ആഫ്രിക്ക, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലെ സീറോമലബാർ വിശ്വാസികൾക്കായി വൈദികരെ അയച്ചു. ക്രൈസ്തവവിശ്വാസം പുലർത്തുന്നത് ജീവനു ഭീഷണിയാകുന്ന രാജ്യങ്ങളിലേക്കുപോലും പിതാവ് സധൈര്യം വൈദികരെ അയയ്ക്കുക മാത്രമല്ല, അവരെ പോയി സന്ദർശിക്കുകയും അവരോടൊപ്പം താമസിക്കുകയും ചെയ്തിട്ടുണ്ട്.
പ്രവാസി, ടൂറിസം മിനിസ്ട്രി
ചങ്ങനാശേരി അതിരൂപതയിൽനിന്നു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പ്രവാസികളായിട്ടുള്ളവരുടെ അജപാലനം മുൻനിർത്തി ആരംഭിച്ച ഡിപ്പാർട്ട്മെന്റാണ് പ്രവാസി അപ്പൊസ്തലേറ്റ്. കേരളസഭയിൽ ഇപ്രകാരം ഒരു വിഭാഗം ആദ്യമായി ആരംഭിക്കുന്നത് ചങ്ങനാശേരി അതിരൂപതയിലാണ്. ഇതിന്റെ വളർച്ചയിൽ മാർ പെരുന്തോട്ടം നിർണായക പങ്കുവഹിച്ചു.
ഗൾഫ് മേഖലയിലും പാശ്ചാത്യരാജ്യങ്ങളിലുമുള്ള പ്രവാസികളുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്ക് ഈ ഡിപ്പാർട്ട്മെന്റ് നേതൃത്വം നൽകുന്നു. അവർക്ക് സാങ്കേതിക സഹായവും നിയമസഹായവും നൽകിവരുന്നു. കൂടാതെ, ടൂറിസം രംഗത്ത് ഹൗസ് ബോട്ട്, റിസോർട്ട് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കായി മീറ്റിംഗുകൾ സംഘടിപ്പിക്കുകയും ടൂറിസം രംഗത്ത് സഭയുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുന്നു.
എഴുത്തും വായനയും
അജപാലന ദൗത്യത്തിന്റെ തിരക്കുകൾക്കിടയിലും എഴുതാനും വായിക്കാനും സമയം കണ്ടെത്തുന്ന പിതാവ് ധാരാളം ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
1) പരിശുദ്ധ കുർബാന ചിത്രങ്ങളുടെ
2) അജപാലനശുശ്രൂഷ: ദർശനവും പ്രയോഗവും
3) ആരാധനക്രമ നവീകരണം സീറോമലബാർ സഭയിൽ
4) ആരാധനക്രമത്തിന് ആമുഖം
5) ആരാധനക്രമവും ഭക്താനുഷ്ഠാനങ്ങളും
6) Life Giving Paschal Lamb (Great Week Celebration in the East Syrian Liturgy)
7) മാർ ചാൾസ് ലവിഞ്ഞ്
8) മാർപാപ്പമാരും പൗരസ്ത്യ സഭകളും
9) മാർത്തോമ്മാ നസ്രാണി സഭ പ്രതിസന്ധികളിലൂടെ
10) മിശിഹാനുഭവം ആരാധനവത്സരത്തിലൂടെ
11) ഓർമ്മച്ചെപ്പ്, Memories
12) മാർത്തോമാ ക്രിസ്ത്യാനികളുടെ അധഃപതന കാലഘട്ടം (1712-1752)
13) Period of Decline of Marthoma Christians (1712-1752)
14) പിതാക്കന്മാർ സീറോമലബാർ കുർബാനക്രമത്തെക്കുറിച്ച്
15) മാർത്തോമ്മ നസ്രാണി പൈതൃകത്തിന്റെ തനതായ സവിശേഷതകൾ, അതിന്റെ സംരക്ഷണവും പ്രസക്തിയും വെല്ലുവിളികളും
16) Unique features of St Thomas Christian Heritage its Preservation, Relevance and Challenges
17) വിശുദ്ധ കുർബാന: കൂട്ടായ്മയുടെ ശക്തിയും സ്രോതസ്സും വാല്യം 1 & 2
18) വിശുദ്ധ കുർബാന ഒരു ലഘുപഠനം
19) യാമപ്രാർത്ഥനകൾ ഗാർഹികസഭയിൽ
20) ആത്മാവിലും സത്യത്തിലും: പ്രബോധനങ്ങളും ഇടയലേഖനങ്ങളും ( In Spirit and Truth , Teachings and Pastrol Letters)
21) മാർ ചാൾസ് ലവിഞ്ഞ്: ജീവചരിത്രവും ഇടയലേഖനങ്ങളും
22) യുഗപ്രഭാവനായ മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്ത Short Essays on Glitter of the Age of Mar Joseph Powathil
23) സീറോമലബാർ സഭയിൽ ആരാധനക്രമ നവീകരണത്തിന്റെ നാൾവഴികൾ
എന്നിവയാണ് പിതാവിന്റെ പ്രധാന പുസ്തകങ്ങൾ
മീഡിയാ വില്ലേജിനോടനുബന്ധിച്ച് റേഡിയോ മീഡിയ വില്ലേജ് എന്ന കമ്യൂണിറ്റി റേഡിയോ ആരംഭിച്ചു. MVTV, MACTV, MAC Radio തുടങ്ങിയ മാധ്യമങ്ങളും ആരംഭിച്ചു. പബ്ലിക്കേഷൻസ്, തിയറ്റർ, Film and Television Institute, My Parish Software എന്നിവയും ആരംഭിച്ചു.
വിശ്രമമില്ലാത്ത ഇടയൻ
മാർ പെരുന്തോട്ടം സഹായമെത്രാനായി ചുമതലയേറ്റെടുത്ത ആദ്യ രണ്ടുവർഷംകൊണ്ടുതന്നെ അതിരൂപതയിലെ എല്ലാ ഇടവകകളും സന്ദർശിച്ച് അജപാലന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകി. കൂടാതെ, തന്റെ മെത്രാപ്പോലീത്താ ശുശ്രൂഷാ കാലയളവിൽ പിതാവ് ഇടവകകളിലെ ഔദ്യോഗിക സന്ദർശനമായ പാസ്റ്ററൽ വിസിറ്റുകൾ 510 എണ്ണം നടത്തിയിട്ടുണ്ട്. പാസ്റ്ററൽ കൗണ്സിലിന്റെ മാതൃകയിൽ ഫൊറോനാ കൗണ്സിലുകൾ രൂപീകരിച്ചു.
രണ്ട് അതിരൂപതാ അസംബ്ലികൾ പിതാവിന്റെ കാലഘട്ടത്തിൽ നടത്തപ്പെട്ടു. അജപാലന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ തൃക്കൊടിത്താനം, കുടമാളൂർ, തുരുത്തി, ചെങ്ങന്നൂർ, മുഹമ്മ എന്നീ ഫൊറോനകൾ പുതുതായി രൂപീകരിച്ചു.
പുതുതായി 12 ഇടവകകളും മിഷൻ സ്റ്റേഷനുകളും അതിരൂപതയ്ക്കുള്ളിൽ ആരംഭിച്ചു. വലിയ ഇടവകകളെ ചെറുതാക്കി അജപാലനപ്രവർത്തനം ശക്തിപ്പെടുത്തുക എന്നതായിരുന്നു പിതാവിന്റെ കാഴ്ചപ്പാട്. ധാരളം പള്ളികൾ നവീകരിച്ചു പുനഃപ്രതിഷ്ഠിച്ചു. പള്ളിമേടകൾ, പാരിഷ് ഹാളുകൾ തുടങ്ങിയവയും ഇടവകകളിൽ ധാരാളം നിർമിക്കപ്പെട്ടു. അതിരൂപതയിലെ അജപാലനപ്രവർത്തനങ്ങളുടെ ഏകോപനവും തുടർച്ചയും ലക്ഷ്യംവച്ചുകൊണ്ട് ആരാധാനാവത്സരക്രമത്തോടു ചേർന്നുപോകുന്ന വിധത്തിൽ പഞ്ചവത്സര അജപാലനപദ്ധതി പ്രഖ്യാപിക്കുകയും ഓരോവർഷവും ഓരോ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ അജപാലന പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും ചെയ്തു. അതിരൂപതയിലെ വൈദികരുടെ എണ്ണം 507ലേക്ക് ഉയർന്നു. പിതാവ് 293 വൈദികർക്ക് ഇതുവരെ തിരുപ്പട്ടം നൽകിയിട്ടുണ്ട്.
അജപാലനമേഖലയിൽ ഉള്ള വെല്ലുവിളികൾ കണ്ടെത്തുന്നതിനും പരിഹാരങ്ങൾ നിർദേശിക്കുന്നതിനുമായി ജാഗ്രതാ സമിതി രൂപീകരിച്ചു. കുട്ടികൾ തീവ്രവാദം, പ്രണയക്കെണി, നിരീശ്വരവാദം തുടങ്ങിയവയിൽ അകപ്പെട്ടുപോകാതിരിക്കാൻ ബോധവത്കരണത്തിനായി വിശ്വാസബോധിനി എന്ന പരിപാടി ആരംഭിച്ചു.
ചങ്ങനാശേരി ആഗോള പ്രശസ്തിയിലേക്ക്
പൗരസ്ത്യ സുറിയാനി പാരന്പര്യത്തിനും സീറോമലബാർ ആരാധനാക്രമത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന മാർ പെരുന്തോട്ടം അതിരൂപതയുടെ സാരഥ്യം ഏറ്റെടുത്ത ഉടൻതന്നെ ആരാധനാവത്സര മാർഗരേഖ പുറത്തിറക്കി. പിന്നീട് നിരണം തീർഥാടനകേന്ദ്രത്തിന് അനുയോജ്യമായ പള്ളി നിർമിച്ചു. കരുവള്ളിക്കാട് കുരിശുമല ക്രമീകരിക്കുകയും നാല്പതാം വെള്ളി തീർഥാടനം നടത്തുകയും ചെയ്യുന്നു. ചന്പക്കുളം സെന്റ് മേരീസ് പള്ളി ബസിലിക്കയായി മാർപാപ്പ ഉയർത്തി. കുടമാളൂർ സെന്റ് മേരീസ് പള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. അരമനചാപ്പൽ നവീകരിച്ചു മനോഹരമാക്കി. പാറേൽ മരിയൻ തീർഥാടനകേന്ദ്രത്തിന്റെ നവീകരണപ്രവർത്തനങ്ങൾ നടന്നുവരുന്നു. അതിരൂപതാംഗങ്ങളായ അൽഫോൻസാമ്മയും ചാവറയച്ചനും വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടതു പിതാവിന്റെ കാലഘട്ടത്തിലാണ്. പുത്തൻപറന്പിൽ തൊമ്മച്ചൻ, മാർ മാത്യു കാവുകാട്ട്, മാർ തോമസ് കുര്യാളശേരി, മദർ ഷന്താൾ എസ്എബിഎസ് എന്നീ പുണ്യാത്മാക്കളുടെ നാമകരണ നടപടികൾ പുരോഗമിച്ചുവരുന്നു.
അല്മായ ശക്തീകരണത്തിൽ പ്രഥമശ്രദ്ധ
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി അതിരൂപതയിലെ പുന്നത്തുറ സെന്റ് തോമസ് ഇടവക പെരുന്തോട്ടത്തിൽ ജോസഫ്-അന്നമ്മ ദന്പതികളുടെ ആറു മക്കളിൽ ഏറ്റവും ഇളയ പുത്രനായി 1948 ജൂലൈ അഞ്ചിനാണ് ജനിച്ചത്. ബേബിച്ചൻ എന്നായിരുന്നു വിളിപ്പേര്. കൊങ്ങാണ്ടൂർ സെന്റ് തോമസ് എൽപി സ്കൂൾ, പുന്നത്തുറ സെന്റ് ജോസഫ് ഹൈസ്കൂൾ, ചങ്ങനാശേരി എസ്ബി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ചങ്ങനാശേരി പാറേൽ സെന്റ് തോമസ് മൈനർ സെമിനാരി, കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി എന്നിവിടങ്ങളിലെ വൈദികപഠനത്തിനു ശേഷം 1974 സിസംബർ 18ന് മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് കൈനകരി, പുളിങ്കുന്ന് പള്ളികളിൽ അസി. വികാരിയായി സേവനം അനുഷ്ഠിച്ചു.
അതിരൂപതാ മതബോധനകേന്ദ്രമായ സന്ദേശനിലയത്തിന്റെ ഡയറക്ടർ, ക്രിസ്ത്യൻ തൊഴിലാളി സംഘടനയുടെ ചാപ്ലയിൻ തുടങ്ങിയ നിലകളിൽ ശുശ്രൂഷചെയ്തു. ഈ കാലയളവിലാണ് ഇപ്പോഴും തുടരുന്ന സിഎൽടി എന്ന അധ്യാപക പരിശീലന പരിപാടി അദ്ദേഹം ആരംഭിക്കുന്നത്. 1983ൽ അദ്ദേഹം റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായി പോവുകയും സഭാചരിത്രത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു.
തിരികെ എത്തിയശേഷം വടവാതൂർ സെമിനാരി, മാങ്ങാനം എംഒസി എന്നിവിടങ്ങളിൽ പ്രഫസർ, കൊടിനാട്ടുകുന്ന് പള്ളി വികാരി എന്നീ ശുശ്രൂഷകളിൽ ഏർപ്പെട്ടു. പെരുന്തോട്ടം പിതാവ് കൊടിനാട്ടുകുന്നു പള്ളി വികാരിയായിരിക്കുന്പോഴാണ്, ഇന്ന് കുടുംബക്കൂട്ടായ്മകൾ എന്നറിയപ്പെടുന്ന BCC (Baisic Christian Communtiy) ക്ക് ആരംഭം കുറിക്കുന്നത്.
ഈ അവസരത്തിൽ തന്നെയാണ് വത്തിക്കാന്റെ അനുവാദത്തോടെ അല്മായർക്ക് ദൈവശാസ്ത്രത്തിൽ എംഎ വരെ പഠിക്കാനുതകുന്ന മാർത്തോമ്മാ വിദ്യാനികേതൻ ആരംഭിക്കാൻ അദ്ദേഹം പ്രേരകമാകുന്നതും അതിന്റെ ഡയറക്ടറായി ചുമതല ഏൽക്കുന്നതും. വിശ്വാസപരമായ സംശയങ്ങൾക്കു മറുപടി പറയാനായി സത്യദർശനം ദ്വൈവാരിക ആരംഭിച്ചതും ഇതോടനുബന്ധിച്ചാണ്.
മുകളിൽപറഞ്ഞ കൂട്ടായ്മകളിലൂടെയും മാർത്തോമ്മാ വിദ്യാനികേതനിലൂടെയുമാണ് ഇന്നു പ്രമുഖരായ പല അല്മായനേതാക്കളും പ്രസംഗങ്ങൾ പരിശീലിച്ചതും ദൈവശാസ്ത്രം അഭ്യസിച്ചതും. അദ്ദേഹം പൊങ്ങ മാർ സ്ലീവാ പള്ളി വികാരി, പാസ്റ്ററൽ കൗണ്സിൽ, പ്രസ്ബിറ്ററൽ കൗണ്സിൽ എന്നിവയുടെ സെക്രട്ടറി, സീറോമലബാർ സഭയിലും രൂപതയിലും ആരാധനക്രമപരമായ വിവിധ ചുമതലകൾ തുടങ്ങിയ കർത്തവ്യങ്ങളും നിർവഹിച്ചു.
വൈദികനായപ്പോൾ മുതൽ അല്മായ ശക്തീകരണമായിരുന്നു അദ്ദേഹത്തിന്റെ പ്രഥമശ്രദ്ധ. 2002 ഏപ്രിൽ 24ന് അദ്ദേഹം ചങ്ങനാശേരി അതിരൂപതാ സഹായമെത്രാനായി നിയോഗിക്കപ്പെട്ടു.
വിശ്വാസപരിശീലനത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട്
വിശ്വാസപരിശീലനത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മാർ പെരുന്തോട്ടം സ്വീകരിച്ചുപോന്നത്. വിദ്യാനികേതൻ, സന്ദേശനിലയം എന്നിവയിലൂടെ വിശ്വാസപരിശീലനം തുടർന്നുവരുന്നു. സന്ദേശനിലയം കെട്ടിടം നവീകരിച്ച് കൂടുതൽ സൗകര്യപ്രദമാക്കി. ഓരോ സംഘടനയും വിശ്വാസപരിശീലനവേദിയാണ് എന്ന കാഴ്ചപ്പാടാണ് പിതാവിനുള്ളത്. നൂറുമേനി വചനമനഃപാഠപദ്ധതി ആരംഭിച്ചു. അതിരൂപതാതല ബൈബിൾ കണ്വൻഷൻ 25 വർഷമായി നടത്തിവരുന്നു.
വിദ്യാഭ്യാസം
പുന്നപ്ര മാർ ഗ്രിഗോറിയസ് കോളജിന്റെ സ്ഥാപനം, തിരുവനന്തപുരം കുറ്റിച്ചൽ ലൂർദ് മാതാ എൻജിനിയറിംഗ് കോളജിന്റെ ഏറ്റെടുക്കൽ, എസ്ബി, അസംപ്ഷൻ കോളജുകൾക്കു ലഭിച്ച ഓട്ടോണമസ് പദവി തുടങ്ങിയവ പെരുന്തോട്ടം പിതാവിന്റെ കാലത്തെ പ്രധാന വിദ്യാഭ്യാസ നേട്ടങ്ങളാണ്. അതിരൂപതാ മാനവവിഭവശേഷി വികസന ട്രസ്റ്റ്, സിവിൽ സർവീസ് കോച്ചിംഗ് സെന്റർ എന്നിവയും പ്രവർത്തനമാരംഭിച്ചു. കുട്ടികളിൽ സർക്കാർ ജോലികളോട് ആഭിമുഖ്യം വളർത്താൻ അപ്പോസൽ, ദിശ എന്നീ പദ്ധതികൾ ആരംഭിച്ചു.