സമുദായ ശക്തീകരണത്തിന്റെ മുന്നണി പോരാളി
ഫാ. ജയിംസ് കൊക്കാവയലിൽ, അഡ്വ. ജോജി ചിറയിൽ
Friday, August 30, 2024 12:31 AM IST
ചങ്ങനാശേരി ആർച്ച്ബിഷപ് എന്ന നിലയിലുള്ള ഔദ്യോഗിക ശുശ്രൂഷകളിൽനിന്നു വിരമിക്കുന്ന മാർ ജോസഫ് പെരുന്തോട്ടം സമുദായ ശക്തീകരണത്തിന് നൽകിയ സംഭാവനകൾ കേരള ക്രൈസ്തവർക്ക് വിസ്മരിക്കാനാവില്ല.
കേരള ക്രൈസ്തവർ സമുദായതലത്തിൽ അഭിമുഖീകരിക്കുന്ന എല്ലാ വിഷയങ്ങൾക്കും അദ്ദേഹം വളരെയധികം പ്രാധാന്യം കൊടുത്തു. കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ ക്രൈസ്തവർ നേരിടുന്ന വിവേചനങ്ങൾക്കെതിരേ (80:20) മെത്രാന്മാരുടെ ഇടയിൽനിന്ന് ആദ്യമായി ശബ്ദമുയർത്തിയത് പെരുന്തോട്ടം പിതാവാണ്. 2019 മാർച്ച് ഏഴിന് കോട്ടയം തിരുനക്കര മൈതാനിയിൽ ഈ വിവേചനങ്ങളെ അദ്ദേഹം പരസ്യമായി ചോദ്യം ചെയ്തു.
സമുദായമുന്നേറ്റം ലക്ഷ്യമാക്കി കേരളസഭയിൽ ആദ്യമായി ഒരു ഡിപ്പാർട്ട്മെന്റ് ആരംഭിച്ചത് ചങ്ങനാശേരി അതിരൂപതയിലാണ്. 2019 സെപ്റ്റംബർ 14 ശനിയാഴ്ച, വിശുദ്ധ കുരിശിന്റെ തിരുനാൾദിവസം ആരംഭിച്ച CARP - Department of Communtiy Awareness and Rights Protection എന്ന ഡിപ്പാർട്ട്മെന്റ് സമുദായ ശക്തീകരണം, ന്യൂനപക്ഷ ആനുകൂല്യങ്ങൾ, ഇഡബ്ല്യുഎസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ശക്തമായി പ്രവർത്തിക്കുന്നു. കേരള സർക്കാർ ഇഡബ്ല്യുഎസ് നടപ്പിലാക്കിയതിനെതിരേ പ്രതിഷേധം ശക്തമായപ്പോൾ സർക്കാർ നടപടിയെ പിന്തുണച്ചുകൊണ്ട് ‘സാന്പത്തിക സംവരണത്തെ ചൊല്ലി എന്തിന് അസ്വസ്ഥത?’ എന്ന പേരിൽ പിതാവ് 2020 ഒക്ടോബർ 28ന് ദീപികയിൽ എഴുതിയ ലേഖനം സകല പ്രതിഷേധങ്ങളുടെയും മുനയൊടിക്കാൻ പോന്നതായിരുന്നു. ഈ ലേഖനം കേരള സമൂഹത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു.
സുറിയാനി സഭകളിലെ നാടാർ ക്രിസ്ത്യൻസ്, കമ്മാളർ ക്രിസ്ത്യൻസ് എന്നിവർക്ക് ഒബിസി സംവരണം ലഭ്യമാക്കാൻ പിതാവ് മറ്റു പിതാക്കന്മാരോടു ചേർന്ന് കഠിനമായി പ്രയത്നിക്കുകയും നാടാർ ക്രൈസ്തവർക്ക് ഒബിസി സംവരണം ലഭ്യമാകുകയും ചെയ്തു. ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം നടപ്പിലാക്കണമെന്നതും പിതാവ് ശക്തമായി ഉന്നയിക്കുന്ന ആവശ്യമാണ്. ഇതിനായി ജസ്റ്റീസ് ബാലകൃഷ്ണൻ കമ്മീഷനിൽ പിതാവ് നിവേദനം സമർപ്പിച്ചിട്ടുണ്ട്. അതിരൂപതാ എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ 10 ശതമാനം അതിരൂപതാംഗങ്ങളായ ദളിത് ക്രൈസ്തവർ, നാടാർ, കമ്മാളർ ക്രൈസ്തവർ എന്നിവർക്കായി മാറ്റിവച്ചിരിക്കുന്നു.
ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കാൻ നിയമിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ പിതാവിന്റെ ആവശ്യപ്രകാരം കുട്ടനാട്ടിൽ പ്രത്യേക സിറ്റിംഗ് വയ്ക്കുകയും പിതാവ് നിവേദനങ്ങൾ നൽകുകയും ചെയ്തു. 2019 ഡിസംബർ 20ന് ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പഠിക്കാൻ ഒരു ജുഡീഷൽ കമ്മീഷനെ നിയമിക്കണമെന്നും ഇഡബ്ല്യുഎസ് കേരളത്തിൽ നടപ്പിലാക്കണമെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 എന്ന അനീതിപരമായ അനുപാതം അവസാനിപ്പിക്കണമെന്നും മറ്റും ആവശ്യപ്പെട്ട് ഒരുലക്ഷത്തിലധികം പേരുടെ ഒപ്പോടുകൂടിയ നിവേദനം മുഖ്യമന്ത്രിക്കു സമർപ്പിച്ചതും പിതാവാണ്.
2022ൽ അതിരൂപത മുഴുവനും സർവേ നടത്തുകയും സമുദായത്തിന്റെ നിജസ്ഥിതി മനസിലാക്കുകയും ചെയ്തു. സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയും ദീപികയുടെ വളർച്ചയ്ക്കായി നിർണായക പരിശ്രമങ്ങൾ നടത്തുകയും ചെയ്തു. ബിസിനസുകാർക്കായി CAB - Catholic Association of Businessmen എന്ന സംഘടന ആരംഭിച്ചു. Nest 2023, Wings 2.0 എന്ന സംരംഭകത്വ പരിശീലനപരിപാടികളുടെ പ്രേരകശക്തി പിതാവാണ്.
കുടുംബം, കൂട്ടായ്മ
കുടുംബപ്രേഷിതത്വം പിതാവ് പ്രത്യേകം ശ്രദ്ധ പതിപ്പിച്ച മേഖലയാണ്. 2014 കുടുംബ വിശുദ്ധീകരണ വർഷമായി ആചരിച്ചു. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹോളി ഫാമിലി ഫ്രട്ടേണിറ്റി എന്ന പേരിൽ അവർക്കായി ഒരു കൂട്ടായ്മ ആരംഭിക്കുകയും പിതൃസ്വത്തിലെ തന്റെ ഓഹരി വിറ്റുകിട്ടിയ 50 ലക്ഷം രൂപ ഈ പദ്ധതിക്കായി പിതാവ് സമർപ്പിക്കുകയും ചെയ്തു.
കുടുംബ കൂട്ടായ്മകളെ ശക്തിപ്പെടുത്താൻ അതിരൂപതാതലത്തിൽ പ്രത്യേക ഡിപ്പാർട്ട്മെന്റ് ആരംഭിച്ചതിന്റെ പിന്നിലെ പ്രേരകശക്തിയും പെരുന്തോട്ടം പിതാവായിരുന്നു. കൂട്ടായ്മ ലീഡേഴ്സിന്റെ പരിശീലനം ആരംഭിച്ചു. പാരീഷ് കൗണ്‍സിൽ അംഗങ്ങളെയും സംഘടനാ നേതാക്കളെയും തെരഞ്ഞെടുക്കുന്നത് കൂട്ടായ്മയുമായി ബന്ധപ്പെട്ടായിരിക്കണമെന്നു പിതാവ് നിഷ്കർഷിച്ചു. അല്മായ ശക്തീകരണത്തിൽ പിതാവ് എന്നും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു.
കൃഷി, പരിസ്ഥിതിസംരക്ഷണം
കൃഷിയെയും കർഷകരെയും പിതാവ് വളരെയേറെ സ്നേഹിക്കുകയും കുട്ടനാട്ടിലെ കർഷകർക്കുവേണ്ടി നിലകൊള്ളുകയും ചെയ്തു. കുട്ടനാടിന്റെ വികസനത്തിനു KRRIS സൊസൈറ്റി ആരംഭിച്ചു. ചാസിലൂടെയും ധാരാളം കൃഷി പ്രോത്സാഹനപദ്ധതികൾ നടത്തിവരുന്നു. തെക്കൻ മേഖലയിലെ കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി TAASC എന്ന സൊസൈറ്റിയും ആരംഭിച്ചു. 2020 ൽ ആലപ്പുഴയിൽ കർഷകസമരത്തിനു പിതാവ് നേതൃത്വം നൽകി. പിതാവ് പ്രകൃതിയെ വളരെയേറെ സ്നേഹിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നു. അതിരൂപതാഭവനവും ചുറ്റുപാടുകളും പരിസ്ഥിതി സൗഹൃദമാക്കുവാനും ജൈവവൈവിധ്യം രൂപപ്പെടുത്തുവാനും പിതാവ് പരിശ്രമിക്കുന്നു.
ചരിത്രത്തിന്റെയും പാരന്പര്യത്തിന്റെയും സംരക്ഷണം
മാർ മാത്യു കാവുകാട്ട് പിതാവിന്റെ ഓർമ നിലനിർത്താൻ ചങ്ങനാശേരിയിൽ കാവുകാട്ട് മ്യൂസിയം നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. കൂടാതെ, പ്രവിത്താനത്തുള്ള കാവുകാട്ടു പിതാവിന്റെ ജന്മഗൃഹം വാങ്ങി പരിരക്ഷിക്കുന്നു. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി സമുച്ചയത്തിലുള്ള കബറിടപ്പള്ളി പുനരുദ്ധരിച്ചു. അതിരൂപതയുടെ ശതോത്തര രജതജൂബിലി ആചരിക്കുകയും ചരിത്ര സ്മരണിക പുറത്തിറക്കുകയും ചെയ്തു. ചരിത്രസംരക്ഷണത്തിനായി ഹിസ്റ്ററി കമ്മീഷനും ഹിസ്റ്ററി ഡിപ്പാർട്ട്മെന്റും MARIOS ഉം ആരംഭിച്ചു.
ജീവിതരേഖ
ജനനം: 1948 ജൂലൈ അഞ്ച്
മാതാപിതാക്കൾ: ജോസഫ്-അന്നമ്മ
പൗരോഹിത്യം: 1974 സിസംബര്‍ 18
സഹായമെത്രാൻ: 2002 ഏപ്രില്‍ 24
ആർച്ച്ബിഷപ്: 2007 മാര്‍ച്ച് 19